Image

ഒരു കുടയും കുഞ്ഞുപെങ്ങളും (മുട്ടത്തുവര്‍ക്കിക്കഥകള്‍- ഭാഗം-7: അന്ന മുട്ടത്ത്)

Published on 04 May, 2024
ഒരു കുടയും കുഞ്ഞുപെങ്ങളും (മുട്ടത്തുവര്‍ക്കിക്കഥകള്‍- ഭാഗം-7: അന്ന മുട്ടത്ത്)

ഒരു കുടയും കുഞ്ഞുപെങ്ങളും


സഹോദരസ്‌നേഹത്തിന്റെയും കൗമാരസ്വപ്നങ്ങളുടെയും സ്വര്‍ണ്ണനൂലിഴകള്‍ കൊണ്ട് കോര്‍ത്തിണക്കിയ മുട്ടത്തുവര്‍ക്കിയുടെ ഏക ബാലനോവലാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. ആറാം സ്റ്റാന്‍ഡാര്‍ഡില്‍ ഈ നോവല്‍ ഉപപാഠപുസ്തകമാക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ടി.വി. സീരിയലായി എത്തിയപ്പോഴും ഏറെ ആസ്വാദകശ്രദ്ധ നേടി.
സ്ലേറ്റും പുസ്തകങ്ങളും അടുക്കിപ്പിടിച്ചുകൊണ്ട് സ്‌കൂളില്‍ പോവുകയായിരുന്നു ബേബിയും അവന്റെ കുഞ്ഞുപെങ്ങളായ ലില്ലിയും. അപ്പോഴാണു പെട്ടെന്നു മഴയുടെ വരവ്.
നാട്ടിലെ കുബേരകുമാരിയായ ഗ്രേസി മുന്നാലെ ഒരു കുടയും ചൂടി പോകുന്നുണ്ട്. വേഗം ചെന്ന് അവളുടെ കുടക്കീഴില്‍ കയറിക്കൊള്ളാന്‍ ബേബി അനുജത്തിയോടു പറഞ്ഞു. പിന്നീട് മഴയും നനഞ്ഞ് അവന്‍ മുന്നോട്ട് ഓടിപ്പോവുകയും ചെയ്തു.
സഹപാഠിയൊക്കെയാണെങ്കിലും തണ്ടുകാരിയായ ഗ്രേസി പാവപ്പെട്ടവളായ ലില്ലിയെ തന്റെ കുടക്കീഴില്‍ കയറ്റിയില്ല. ആകെ നനഞ്ഞൊലിച്ച് കണ്ണീര്‍തൂകിയാണ് ലില്ലി ക്ലാസ്സില്‍ കയറിയത്.
ആ അമര്‍ഷം ബേബി മനസ്സില്‍ സൂക്ഷിച്ചു. അന്നു വൈകുന്നേരം തൊട്ടടുത്ത വീട്ടിലുള്ള ഗ്രേസിയുടെ വീട്ടിലെത്തി അവളുടെ തലയ്ക്കിട്ട് ഒരു ഏറു വച്ചു കൊടുത്തു ബേബി. അവളുടെ തലപൊട്ടി രക്തം ഒഴുകി. പൂമംഗലത്തെ പണിക്കാര്‍ കല്ലെറിഞ്ഞ പയ്യനെ പിടിക്കാന്‍ പുറകെ ഓടിയെങ്കിലും ബേബി രക്ഷപ്പെട്ടു.
ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ബേബിയും ലില്ലിയും ക്രൂരയായ തങ്ങളുടെ പേരമ്മ മാമ്മിച്ചേടത്തിയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ആ സ്ത്രീയാകട്ടെ പൂമംഗലത്തെ അടുക്കളക്കാരിയും. അതിനാല്‍ ബേബി കാണിച്ച വികൃതിയുടെ പേരില്‍ ലില്ലിക്കും പേരമ്മയില്‍ നിന്ന് പൊതിരെ തല്ലുകിട്ടി.
പകല്‍ മുഴുവന്‍ ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ബേബി രാത്രിയായപ്പോള്‍ തന്റെ കുഞ്ഞനുജത്തിയെ കാണാനെത്തി. നാട്ടില്‍ നിന്നാല്‍ പോലീസ് തന്നെ അറസ്റ്റു ചെയ്‌തേക്കുമെന്നായിരുന്നു അവന്റെ ഭയം.
''ഞാന്‍ പോയേച്ചുവരുമ്പം എന്റെ ലില്ലിമോള്‍ക്ക് ഒരു കൊട കൊണ്ടുവന്നു തരാം കേട്ടോ.'' അവന്‍ വാഗ്ദാനം ചെയ്തു.
''ആ ഗ്രേസിടത്തറ ഒരു കൊച്ചു കൊട, കേട്ടോ ഇച്ചായാ'' ലില്ലിയും പറഞ്ഞു.
അകലെ ഒരു പട്ടണത്തില്‍ എത്തിച്ചേര്‍ന്ന ബേബി ബസ്സ്റ്റാന്‍ഡില്‍ ചുമട്ടുകാരനായി പുതിയ ജീവിതം ആരംഭിച്ചു. അങ്ങനെ കിട്ടുന്ന ചില്ലറ നാണയങ്ങള്‍ സ്വരുക്കൂട്ടി വച്ച് ഒരു കൊച്ചുകുട വാങ്ങണമെന്നാണ് അവന്റെ മോഹം. അതുമായി തന്റെ കുഞ്ഞുപെങ്ങളെ കാണണം.
പക്ഷേ, പേരമ്മയില്‍നിന്നുള്ള ശകാരവും മര്‍ദ്ദനവും സഹിക്കാനാവാതെയായപ്പോള്‍ ലില്ലിയും ഒരുനാള്‍ ആ വീടുവിട്ടിറങ്ങിയിരുന്നു.
ഇതിനിടെ ബേബി കഷ്ടപ്പെട്ട് കുഞ്ഞുപെങ്ങള്‍ക്ക് കുട വാങ്ങുവാന്‍ സ്വരൂപിച്ചിരുന്ന പണം ആരോ മോഷ്ടിച്ചുകൊണ്ടുപോയി. ആ കുഞ്ഞുമനസ്സിലെ ഒരു വലിയ സ്വപ്നമാണ് അതോടെ പൊലിഞ്ഞുപോയത്.
വീടുവിട്ടിറങ്ങിയ ലില്ലിക്ക് സമ്പന്നരും നല്ലവരുമായ ഡോ. ജോണും ഭാര്യ ശോശാമ്മയും അഭയം നല്‍കി. അവരുടെ മക്കളായ ജോയിയുടെയും മോളിയുടെയും ഒപ്പം രാജകുമാരിയെപ്പോലെ അവളും ജീവിച്ചു.
പണ്ടൊരിക്കല്‍ ബേബി വഴിയില്‍ കിടന്നുകിട്ടിയ പേഴ്‌സ് അതിന്റെ ഉടമയായ സൗദാമിനിക്കു കൈമാറിയിരുന്നു. ഇപ്പോള്‍ ജോലിയില്ലാതെ അലഞ്ഞ അവനെ സൗദാമിനി വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ചില്ലറ പണികള്‍ ഏല്പിച്ചു. തുടര്‍ന്ന് അവള്‍ വിവാഹിതയായപ്പോള്‍ അവനെ പുതിയ താമസസ്ഥലത്തേക്കു കൊണ്ടുപോയി.
സ്‌കൂളിലെ സംഗീത ടീച്ചറായ സൗദാമിനി ലില്ലിയെയും മോളിയെയും പാട്ടു പഠിപ്പിക്കുന്നതിനുവേണ്ടി ഡോക്ടര്‍ ജോണിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു.
ബേബി തന്റെ കുഞ്ഞുപെങ്ങളെ തേടി അലഞ്ഞുതിരിഞ്ഞു. ഒരിക്കല്‍ നഗരത്തിലെ എക്‌സിബിഷന്‍ കാണാന്‍ ബേബിയും പോയി. ജനത്തിരക്കിനിടയില്‍ കാറില്‍ കയറിപ്പോയ ഒരു പെണ്‍കുട്ടിയെ അവന്‍ അവ്യക്തമായി കണ്ടു. അവള്‍ക്ക് ലില്ലിയുടെ മുഖച്ഛായ തോന്നിച്ചു.
അതോടെ ബേബിക്കു ജിജ്ഞാസയായി. അവന്‍ പലവട്ടം ആ നീലനിറമുള്ള കാറുതേടി നഗരത്തില്‍ അലഞ്ഞു. അതിനിടയില്‍ വീട്ടില്‍ കള്ളന്‍ കയറി സൗദാമിനി അലമാരയില്‍ വച്ചിരുന്ന മാല മോഷ്ടിച്ചു. സൗദാമിനി അവനെ സംശയിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു.
രാത്രിയില്‍ പേമാരിയും കൊടുങ്കാറ്റും ഉണ്ടായി. തന്റെ മരിച്ചുപോയ സഹോദരനോടു രൂപസാദ്യശ്യമുള്ള ബേബിയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതില്‍ സൗദാമിനിക്ക് കുറ്റബോധമായി. എങ്കിലും നേരം പുലര്‍ന്നപ്പോള്‍ കടുത്ത പനിയുമായി ബേബി വീടിന്റെ വരാന്തയില്‍ കിടക്കുന്നതാണു കണ്ടത്.
ഡോക്ടര്‍ ജോണിന്റെ ചികിത്സയുടെ ഫലമായി അവന്റെ അസുഖം മാറി. എങ്കിലും ഡോക്ടര്‍ സഞ്ചരിക്കുന്ന നീലക്കാര്‍ കണ്ടപ്പോള്‍ വീണ്ടും അവന്റെ മനസ്സില്‍ തന്റെ കുഞ്ഞുപെങ്ങളെക്കുറിച്ചുള്ള വ്യാമോഹങ്ങള്‍ ഉണര്‍ന്നു.
ഒരു പഴയ പത്രത്താളില്‍ ബേബി എന്ന കുട്ടിയെ കണ്ടവരുണ്ടോ എന്ന അന്വേഷണവുമായി ഡോക്ടര്‍ ജോണ്‍ നല്‍കിയിരുന്ന പരസ്യം സൗദാമിനി വായിക്കാനിടയാകുന്നു. അതില്‍ പറയുന്ന കുട്ടിയാണ് തന്നോടൊപ്പം കഴിയുന്ന ബേബി എന്ന് അവള്‍ അത്ഭുതത്തോടെ തിരിച്ചറിയുന്നു.
അവള്‍ ബേബിയെയും കൊണ്ട് ഡോക്ടറുടെ ബംഗ്ലാവില്‍ എത്തി. അവിടെ അവന്റെ കുഞ്ഞുപെങ്ങള്‍ ലില്ലി ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നില്‍നിന്ന് പിരിഞ്ഞുപോയ സഹോദരനെക്കണ്ട് അവള്‍ ആവേശപൂര്‍വ്വം ഓടിയടുത്തു. ആ സഹോദരങ്ങള്‍ കെട്ടിപ്പുണര്‍ന്ന് ആനന്ദാശ്രുക്കള്‍ പൊഴിച്ചു. ആ ദൃശ്യം കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു.
വര്‍ഷങ്ങള്‍ കടന്നുപോയി.
ശ്മാശനത്തിലെ കാറ്റാടിമരത്തിനു സമീപമുള്ള മാര്‍ബിള്‍ കുടീരത്തില്‍ മഹാനായ ഡോക്ടര്‍ ജോണ്‍ നിത്യമായി വിശ്രമിക്കുന്നു. അവിടെ ഡോക്ടര്‍ ബേബിയും അവന്റെ പ്രിയപത്‌നി മോളിയും പുഷ്പഹാരങ്ങള്‍ അര്‍പ്പിച്ചു.
അന്നുതന്നെ ഒരു യുവതിയും അവളുടെ ഭര്‍ത്താവും ഡോക്ടര്‍ ബേബിയെ കാണാന്‍ വന്നു. വിജയകരമായ ഒരു ശസ്ത്രക്രിയയിലൂടെ ആ യുവതിയുടെ അസുഖം ഡോക്ടര്‍ ബേബി ഭേദപ്പെടുത്തിയിരുന്നു. അതിനു പ്രത്യുപകാരമായി ഒരുകെട്ടു നോട്ടുകള്‍ അവള്‍ ഡോക്ടറുടെ നേര്‍ക്കു നീട്ടി.
''എനിക്കിതു വേണ്ട. എന്തെങ്കിലും തരണമെന്നു നിര്‍ബന്ധമാണെങ്കില്‍ ഒരു കൊച്ചു കുട വാങ്ങിച്ചു തന്നാല്‍ മതി'' ഡോ. ബേബി പറഞ്ഞു.
അന്നു സായാഹ്നത്തില്‍ ലില്ലി വന്നു. മനോഹരമായ ഒരു കുടയുമായി ആ യുവതിയും എത്തി.
''ലില്ലീ, ഇതാ ഞാന്‍ പണ്ടു പറഞ്ഞിരുന്ന കൊച്ചുകുട. വാങ്ങിക്കൊള്ളൂ'' ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. 
ലില്ലി അമ്പരപ്പോടെ ആ കുടെ വാങ്ങി, അവള്‍ക്കൊന്നും മനസ്സിലായില്ല. ''ഈ നില്‍ക്കുന്ന ഗ്രേസിയെ നീ അറിയില്ലേ? പൂമംഗലത്തെ!'' ഡോക്ടര്‍ പറഞ്ഞു.
''സൂക്ഷിച്ചു നോക്ക്. ഞാന്‍ പണ്ടു കല്ലെടുത്തെറിഞ്ഞതിന്റെ പാട് ഇപ്പോഴും കാണാം.''
''ബേബി!'' ഗ്രേസിയുടെ അധരങ്ങള്‍ മന്ത്രിച്ചു. 
''അതേ ആ ബേബിയും ആ ലില്ലിയും തന്നെ!''
ജോയിയുടെയും ലില്ലിയുടെയും വിവാഹദിവസം അനേകം ഭിക്ഷക്കാര്‍ക്കു ധര്‍മ്മം നല്‍കപ്പെട്ടു. ആ കൂട്ടത്തില്‍ ഒരു പടുവൃദ്ധയും ഉണ്ടായിരുന്നു. താന്‍ ഒരിക്കല്‍ അടിച്ചിറക്കിവിട്ട പെണ്ണാണു മണവാട്ടിയെന്ന് ഭിക്ഷക്കാരിയോ, തന്റെ പേരമ്മയാണ് ആ ഭിക്ഷക്കാരിയെന്ന് മണവാട്ടിയോ അറിഞ്ഞില്ല.


Read: https://emalayalee.com/writer/285

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക