Image

കുറി വരച്ചാലൂം കുരിശു വരച്ചാലൂം കുമ്പിട്ടു നിസ്കരിച്ചാലും ഒന്നെന്ന് റായ്‌മോൺ (കുര്യൻ പാമ്പാടി)

Published on 05 May, 2024
കുറി വരച്ചാലൂം കുരിശു വരച്ചാലൂം കുമ്പിട്ടു നിസ്കരിച്ചാലും ഒന്നെന്ന് റായ്‌മോൺ (കുര്യൻ പാമ്പാടി)

മതത്തിന്റെ പേരിൽ പരസ്പരം പോരാടുകയും സാമ്രാജ്യങ്ങൾ പടുത്തുയർത്തുകയും  ഇടിച്ചു നിരത്തുകയും ചെയ്യുന്നതിന്റെ നിരർഥകതയെക്കുറിച്ചാണ് ബ്രിട്ടീഷ്‌കാരനായ എഡ്‌വേഡ്‌ ഗിബ്ബന്റെ ആറുവാല്യമുള്ള ദി ഹിസ്റ്ററി ഓഫ് ദി ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദി റോമൻ എമ്പയർ പറയുന്നത്. അമേരിക്കക്കാരായ  വിൽ ഡ്യൂറന്റും ഭാര്യ ഏറിയൽ ഡ്യൂറന്റും ചേർന്നെഴുതിയ ദി സ്റ്റോറി  ഓഫ് സിവിലൈസേഷൻ (സംസ് ക്കാരങ്ങളുടെ കഥ) എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ അന്തസത്തയും ഇതുതന്നെ.  11  വാല്യങ്ങൾ, 13,545 പേജുകൾ.  

റായ്‌മോൺ പണിക്കർ കേരളത്തിന്റെ കൊച്ചുമകൻ, വിശ്വപൗരൻ

റോമൻ സാമ്രാജ്യത്തിന് ശേഷം  കോൺസ്റ്റാന്റിനോപ്പിൾ ആസ്ഥാനമായി ഒട്ടോമൻ സാമ്രാജ്യം ഉണ്ടായി,  തകർന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞു മതത്തിന്റെ പേരുപറഞ്ഞുകൊണ്ടു തന്നെ തീവ്ര ജിഹാദിസ്റ് ഗ്രൂപ്പുകൾ ചേർന്ന് ഇസ്ലാമിക സ്റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടതും ആധുനിക ചരിത്രം.  

മത വിശ്വാസങ്ങൾ തമ്മിൽ വൈജാത്യമല്ല  സാധർമ്യമാമാണുള്ളതെന്നും  അവയുടെ ദർശനങ്ങൾ അനുപൂരകങ്ങളാണെന്നും സമർത്ഥിക്കുന്നു ലോക ദാർശനികരുടെ  മുൻപന്തിയിലുള്ള റായ്മോൺ പണിക്കർ. പാലക്കാടു നിന്ന് ഇംഗ്ലണ്ടിലെത്തി, അവിടെനിന്നു സ്‌പെയിനിലെത്തി  കാറ്റലോണിയക്കാരി കാർമെൻ മാഗ്‌ദlലേനയെ വിവാഹം ചെയ്ത രാമുണ്ണി പണിക്കരുടെ പുത്രനാണ് റായ്മോൺ എന്ന് എത്ര മലയാളികൾക്കറിയാം?  

ശിഷ്യൻ   ഡോ. വർഗീസ് മണിമല രചിച്ച ഓർമ്മപ്പുസ്തകം

ചരിത്രത്തെക്കുറിച്ചുള്ള ആ നിരക്ഷരത അഥവാ  അക്ഷന്തവ്യമായ അജ്ഞത അവസാനിപ്പിക്കാനുള്ള പരിശ്രമമാണ് ബാഴ്സിലോണയിൽ പോയി റായ്മോണിനോടൊപ്പം ജീവിക്കുകയൂം യൂറോപ്പിനും അമേരിക്കക്കും ഇന്ത്യയ്ക്കുമിടയിൽ  അദ്ദേഹം പണിത ധിഷണയുടെ പാലങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്ത വർഗീസ് മണിമല എന്ന കപ്പൂച്ചിൻ വൈദികൻ നിർവഹിച്ചിരിക്കുന്നത്. മണിമലയുടെ ഡോക്ടറൽ പ്രബന്ധവും  പണിക്കരുടെ ദർശനങ്ങളെപ്പറ്റി  മണിമല ചെയ്ത പോസ്റ് ഡോക്ടറൽ പഠനവും  പുസ്തകമാക്കിയപ്പോൾ ആമുഖങ്ങൾ  എഴുതിയതും ആ മഹാത്മാവ്  തന്നെ.

പിതാവ്  രാമുണ്ണി പണിക്കർ,  അമ്മ കാർമെ, മക്കൾ സാൽവദോർ, മെഴ്‌സെദസ്, റായ്‌മോൺ, ജോസഫ്  

ഡാൻ ബ്രൗണിന്റെ 'ഡാവിഞ്ചി കോഡി'ലൂടെ പ്രസിദ്ധമായ റോമിലെ ഓപ്പൂസ് ദേയ് വൈദിക സമൂഹത്തിൽ അംഗമായിരുന്നു  റായ്മോൺ പണിക്കർ.  അദ്ദേഹം എങ്ങിനെ ആ സമൂഹത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചു സ്വതന്ത്രനാവുകയും പിതൃഗൃഹമായ ഇന്ത്യയിൽ വന്നു ബനാറസിലും മൈസൂറിലും കൊടൈക്കനാലിലും താമസിച്ചുകൊണ്ടു ഹിന്ദു മതത്തെയും ബുദ്ധമതത്തെയും ക്രിസ്തുമതത്തെയും കൂട്ടി യിണക്കുന്ന വഴിത്താര കണ്ടെത്തുകയും ചെയ്തതെന്ന് ഫാ. മണിമല എഴുതിയ പുതിയ പുസ്തകം വെളിപ്പെടുത്തുന്നു

മൂന്ന് ഡോക്ട്രേറ്റുകളുമായി അധ്യാപനം, എഴുത്ത്, പ്രഭാഷണം, സംവാദം എന്നിങ്ങനെ 92 വയസ് വരെ നീണ്ടു നിന്നു റെയ്മോണിന്റെ ജീവിതം.  'റായ്മോൺ പണിക്കർ: ജീവിതവും ചിന്താശകലങ്ങളും' എന്ന 476 പേജുള്ള പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം എംജി യൂണിവേഴ്‌സിറ്റിയിലെ 'ഗാന്ധി ഭവനി'ൽ നടന്നു.

 ബാഴ്‌സിലോണ ആശ്രമത്തിൽ റായ്മോണുമൊത്ത് ഫാ. മണിമല; യുഎസ്  സുഹൃത്തും ഭാര്യയും

നൂറിലേറെ അദ്ധ്യായങ്ങൾ,  37  ചിത്രങ്ങൾ (പലതും എഴുത്തുകാരൻ എടുത്തവ) റായ്മോണിന്റെ ജീവിതം (1918-2010), ചിന്താധാരകൾ  എന്നിവ ക്രോഡീകരിക്കാൻ മണിമല ഒരു പതിറ്റാണ്ടെടുത്തു. റായ് മോണിന്റെ ആരാധകൻ കേരള ഹൈക്കോടതി  മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ്  അലക്‌സാണ്ടർ തോമസിന്റേതാണ് അവതാരിക.

പണിക്കരുമായി സ്പെയിനിലും ഇന്ത്യയിലുമുള്ള 25 വർഷത്തെ ആത്മബന്ധം പുസ്തക രചനക്ക് കരുത്തേകി. അസോസിയേഷൻ ഓഫ് ക്രിസ്ത്യൻഫിലോസഫേഴ്സ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി എന്നനിലയിൽ മണിമല സംഘടിപ്പിച്ച പല സമ്മേളനങ്ങളിലും റെയ്‌മോൺ പങ്കാളിയായി.  തിരുവനന്തപുരത്തെ കാർമൽ ഇന്റർനാഷണൽ പബ്ലിഷിങ് ഹൗസ്  ആണ് പ്രസാധകർ.

പ്രകാശന സദസ്-ജോസ് ചാത്തുകുളം, ഫാ.  കെഎം ജോർജ്, ഫാ.സേവ്യർ തറമേൽ; ജൂബിലി കേക്ക് മുറിക്കുന്നു.

മണിമല പുലിക്കല്ലു കൂനംകുന്നേൽ  ജനിച്ച ഫാ. മണിമല, 78, പൗരോഹിത്യം സ്വീകരിച്ചിട്ടു അര നൂറ്റാണ്ടായി. കോഴിക്കോട്  സർവകലാശാലയിൽനിന്ന് മാസ്റ്റേഴ്സ്, മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നു  ഫിലോസഫിയിൽ പിഎച്ച്ഡി. നിയമബിരുദവുമുണ്ട്. അദ്ധ്യാപകനും  റെക്ടറൂമായി സേവനം ചെയ്തു. ആന്ധ്രയിൽ  പഞ്ചായത്ത് അംഗമായിരുന്നു. അദ്ദേഹം ഏലൂരിൽസ്ഥാപിച്ച ഫിലോസഫി  കോളജിനു  ആന്ധ്രാ യൂണിവേഴ്‌സിറ്റി അംഗീകാരം നൽകി.

പാലക്കാട്ടു നിന്ന് 24  കി മീ വടക്കു കരിമ്പപഞ്ചായത്തിൽ മേനകത്തു അള്ളമ്പാടത്തു രാമുണ്ണി പണിക്കരുടെ (1885-1954)  മകനാണ് റായ്മോൺ.  രാമുണ്ണി ഇംഗ്ളണ്ടിലെ ലീഡ്‌സിലും ലണ്ടനിലും ജർമനിയിലെ ഹൈഡൽബർഗിലും പഠിച്ച കെമിക്കൽ എൻജിനീയർ. ലണ്ടനിൽ ബ്രിട്ടീഷ് പാസ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരസമരത്തോട് അനുഭാവം പ്രകടിപ്പിച്ചതിന്റെ പേരിൽ  തനിക്കെതിരെ നടപടിവരും മുമ്പ് രാമുണ്ണി സ്പെയിനിലേക്കു കടന്നു.

അമ്മ സമ്മാനിച്ച ബൈക്കിൽ അമ്മയുമായി റായ്‌മോൺ  ബനാറസ് തെരുവിലൂടെ

മദ്രാസ് സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ സ്വർണമെഡൽ നേടിയ ആളായിരുന്നു രാമുണ്ണി. കൂടെപഠിച്ച  സിവി രാമൻ ഫിസിക്സിലും ഒന്നാമതെത്തി.ആ രാമനാണ് 1930ൽ  ഫിസിക്സിനുള്ള നൊബേൽ  സമ്മാനം നേടിയത്.  

ബാഴ്‌സിലോണയിൽ ഒരു ജർമ്മൻ കെമിക്കൽ കമ്പനിയുടെ  പ്രതിനിധിയായി  ജോലി ആരംഭിച്ച രാമുണ്ണി നഷ്ടത്തിലോടിയിരുന്ന ഒരു പ്രൈവറ്റ് ലെതർ കമ്പനിയെ  തന്റെ എൻജിനീയറിങ് വൈഭവം കൊണ്ട്  ലാഭത്തിലേക്കു നയിച്ചു. കാറ്റലോണിയയിലെ ഒരു  പ്രഭുകുടുംബമായിരുന്നു ഉടമകൾ. അവരുടെ മകൾ കാർമെൻ  മാഗ്‌ദലേന അലമാഞ്ഞി രാമുണ്ണിയെ പ്രേമിച്ചു വിവാഹം ചെയ്തു. അവർക്കുണ്ടായ നാലു മക്കളിൽ ആദ്യജാതനാണ്‌ റായ്‌മോണ്ടു അഥവാ റെയ്‌മോൺ. മെഴ്‌സെദസ് സഹോദരിയും  ജോസഫ് മരിയ, സാൽവദോർ എന്നിവർ സഹോദരന്മാരും.

കുർത്തയും കാഷായ വസ്ത്രവുമായി  കാശിയിൽ

ബാഴ്സിലോണയിലെ ജെസ്വിറ്റ്‌ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാഭ്യാസം ആരംഭിച്ച റായ്‌മോൺ  ബാഴ്‌സിലോണ, മാഡ്രിഡ്, ബോൺ സർവകലാശാലകളിൽ കെമിസ്ട്രിയും ഫിലോസഫിയും പഠിച്ചു. 1946ൽ മാഡ്രിഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ട്രേറ് നേടിയ അദ്ദേഹം 1956ൽ അവിടെനിന്നു തന്നെ കെമിസ്ട്രിയിൽ രണ്ടാമത്തെ ഡോക്ടർ ബിരുദം നേടി. 1958ൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് തിയോളജിയിൽ മൂന്നാമത്തെ ഡോക്ട്രേറ്റും.

മൂന്നാമത്തേതാണ്‌ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വിശുധ്ധ തോമസ് അക്വിനാസിന്റെ ദർശനവും എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ കാലടിയിൽ ജനിച്ച ആദി ശങ്കരന്റെ ബ്രഹ്മസൂത്ര വ്യഖ്യാനവും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു അത്.

1946ൽ കത്തോലിക്കാ സഭയിൽ വൈദികനായി ചേർന്ന  റായ്മോൺ മാഡ്രിഡ്  യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫി പ്രൊഫസറായി  അദ്ധ്യാപന ജീവിതം ആരംഭിച്ചു. 1954ൽ  ആദ്യമായി ഇന്ത്യ സന്ദർശിച്ച അദ്ദേഹം ബനാറസ്, മൈസൂർ സർവകലാശാലകലയിൽ  ഭാരതിയ  ദർശനങ്ങളെക്കുറിച്ച് ഗവേഷണ പഠനം നടത്തി. അന്ന്  മൂന്നര വർഷം  ഇന്ത്യയിൽ ചെലവഴിച്ചു.

ഇംഗ്ളീഷ്‌കാരനായ ഇന്ത്യൻ സന്യാസി ബീഡ് ഗ്രിഫിത് സിനോടൊപ്പം  

ക്രിസ്തീയ വിശ്വാസത്തെ ഭാരതീയ ജീവിതവുമായി സമഞ്ജസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ബീഡ് ഗ്രിഫിത് സ്  തുടങ്ങിയ പാശ്ചാത്യ സന്യാസിമാരുമായി  അദ്ദേഹം സമ്പർക്കത്തിലായി. വാഗമണ്ണിലെ കുരിശുമല ആശ്രമവും തൃശ്ശിനാപ്പള്ളിയിലെ സച്ചിതാനന്ദ ആശ്രമവും  സ്ഥാപിച്ച ആളാണ് ഇംഗ്ലണ്ടിൽ  ജനിച്ച ഗ്രിഫിത് സ്.

'ഞാൻ യൂറോപ്പ് വിട്ടു വന്നത് ഒരു ക്രിസ്ത്യാനിയായിട്ടാണ്. ഒരു ഹിന്ദുവാണെന്ന് തിരിച്ചറിഞ്ഞ ഞാൻ ക്രിസ്ത്യാനിയായി തുടർന്നു കൊണ്ട്   ബുദ്ധമത വിശ്വാസിയായി മടങ്ങി,' പണിക്കർ എഴുതി.

1966ൽ അദ്ദേഹം ഹാർവാർഡ് ഡിവിനിറ്റി സ്‌കൂളിൽ വിസിറ്റിംഗ് പ്രൊഫസർ ആയി. 1972ൽ സാന്താ ബാർബറയിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ റിലീജിയസ് സ്റ്റഡീസ് പ്രൊഫസറും.

1987 ൽ സ്‌പെയിനിൽ മടങ്ങിയെത്തിയ റായ്‌മോൺ  ബാഴ്‌സലോണക്ക് വടക്കു ടവർടെറ്റ് മലയിൽ സ്വന്തം ആശ്രമം  സ്ഥാപിച്ചു. അവിടെ  റായ്‌മോൺ  ഫൗണ്ടേഷൻ ഫോർ  ഇന്റർ കൾച്ചറൽ സ്റ്റഡീസും. ഫാ. വർഗീസ് അവിടെ  താമസിച്ചുകൊണ്ടാണ് പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയത്. ആ വീട്ടിലെ അംഗത്തെപോലെ അവിടെ കഴിഞ്ഞു.

റായ്മോണും സഹോദരി മെർസെദസും പാലക്കാട്ട് പിതാവിന്റെ ആദ്യഭാര്യയിലെ മകൻ  മാധവമേനോനും കുടുംബവുമൊത്ത്

ഇന്ത്യയിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ ദാരിദ്ര്യം അകറ്റാനുള്ള ആർബർ  എന്ന പരിപാടിക്കു 2005ൽ പണിക്കർ തുടക്കം കുറിച്ചു. റായ്മോണിന്റെ സഹോദരി മെഴ്‌സിദസും ഇന്ത്യയെ സ്നേഹിച്ച ആളാണ്‌. ജർമ്മനിയിൽ പഠിച്ച അവർ യൂറോപ്യൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ആയിരുന്നു. സഹോദരനോടൊപ്പം  പാലക്കാട്ടു പിതൃഗൃഹം സന്ദർശിക്കുകയൂം കേരളത്തിലെ  കുട്ടികളെ സഹായിക്കാൻ   40  ലക്ഷം രൂപ സംഭാവന ചെയ്യുകയും ഉണ്ടായി.

രാമുണ്ണിയുടെ അമ്മ വീടായിരുന്നു  കരിമ്പയിലെ  മേനകത്ത് അള്ളംപാടത്ത്. അച്ഛൻ പാലക്കാടു പുത്തൂർ വെള്ളോലി കുടുംബാംഗം. രാമുണ്ണി ജനിച്ച വീടും പുരയിടവും കൈമാറ്റം ചെയ്യപ്പെട്ടു. എങ്കിലും പണിക്കർ കുടുംബത്തിലെ ശങ്കരനാരായണനും ബാംഗളൂരിൽ ഡിജിറ്റൽ മാർക്കറ്റിങ് ചെയുന്ന മകൾ എഴുത്തുകാരി ബിന്ദു പി മേനോനുമായി ഞാൻ സംസാരിച്ചു. 28  വർഷം മുമ്പ്  മകൾ മെഴ്‌സിദസ് തറവാട്ടിൽ വന്ന ഓർമയുണ്ട് ബിന്ദുവിന്.

1998 അച്ഛന്റെ ഓർമ്മക്കായി രാമുണ്ണി പണിക്കർ ഉദ്ബോധൻ ട്രസ്റ്റ് എന്നൊന്ന്  രൂപികരിച്ചു. എം.ടി.  വാസുദേവൻ നായരാണ് ഉദ്‌ഘാടനം ചെയ്തത്. ഒലവക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രസ്റ്, പാലക്കാട്, എറണാകുളം ജില്ലകളിലെ ഒട്ടേറെ വിദ്യാർത്ഥികൾക്ക് ധനസഹായം ചെയ്യുന്നുണ്ടെന്ന് ട്രസ്റ്റി പിടി നരേന്ദ്ര മേനോൻ ട്രസ്റ്റിന്റെ രജതജൂബിലി സമ്മേളനത്തിൽ അറിയിച്ചു.

രാമുണ്ണി ട്രസ്റ് ജൂബിലി; പണിക്കർ കുടുംബത്തിലെ ശങ്കരനാരായണൻ, ശാന്തകുമാരി, മകൾ ബിന്ദു പി. മേനോൻ 

ഫോറിൻ സെക്രട്ടറിയായിരുന്ന കെപിഎസ് മേനോൻ ജൂനിയർ ആയിരുന്നു ട്രസ്റ്റിന്റെ ആദ്യ പ്രസിഡന്റ്. കുടുംബാംഗവും വിക്ടോറിയ കോളജ് പ്രൊഫസറുമായ മോഹൻദാസ്  സെക്രട്ടറിയും.  ഉദ്‌ഘാടനത്തിൽ റായ് മോണും സുഹൃത്ത് നിത്യ ചൈതന്യയതിയും പങ്കെടുത്തിരുന്നു.

റായ് മോണും സഹോദരി  മെർസെയും വരുമ്പോഴൊക്കെ തന്റെ അതിഥികൾ ആയിരുന്നുവെന്നു മോഹൻദാസ് പറഞ്ഞു. മെർസെ യും അന്തരിച്ചു. അവരുടെ മകൻ ആൽബർട്ട് പണിക്കരും മകൾ മാർ പെലാത്ത് പണിക്കരും അടുത്ത കാലത്ത് വന്നിരുന്നു. ബാഴ്സിലോണയിൽ അവർക്കു അള്ളംപാടത്ത് എന്ന പേരിൽ ഒരു വേനൽക്കാല വസതിയും ഉണ്ട്.

സ്വാമി വിവേകാനന്ദൻ പ്രസംഗിച്ച ചിക്കാഗോയിലെ ലോക പാർലമെന്റ് ഓഫ് റിലീജിയൻസിനെക്കുറിച്ച് മലയാളികൾ കേട്ടിട്ടുണ്ട്. അതിന്റെ തുടർച്ചയായി ബാഴ്‌സിലോണയിൽ നടന്ന പാർലമെന്റ് ഉദ്ഘാടനം ചെയ്തത് റെയ്‌മോൺ പണിക്കർ ആണ്. സമാപനപ്രഭാഷണവും അദ്ദേഹം  ചെയ്യേണ്ടിയിരുന്നു. പക്ഷെ മാതാ  അമൃതാനന്ദമയി എത്തിച്ചെർന്നതിനാൽ ആ ബഹുമതി  അദ്ദേഹം അവർക്കു കൈമാറി.

അറുപത്തിരണ്ടാം  വയസിൽ, നാൽപ്പതു വർഷമായി ബാഴ്സിലോണയിൽ തനിക്കടുത്തറിയാവുന്ന മരിയ ഗോൺസാലസ് ഗാബയെ അദ്ദേഹം വിവാഹം ചെയ്തു. സിവിൽ മാരിയേജ്.  അന്നവർക്ക് പത്തു വയസ് ഇളപ്പം. മാർപാപ്പ ഫ്രാൻസിസ് ആയി ഉയർന്ന  റാറ്റ് സിംഗറുടെ കീഴിൽ  ജർമനിയിലെ മ്യൂണിക്കിൽ പഠിച്ചു ഫിലോസഫിയിൽ ഡോക്ട്രേറ് നേടിയ ആളായിരുന്നു മരിയ. കത്തോലിക്കാ വൈദികർക്ക് വിവാഹം നിഷിദ്ധമാണല്ലോ. അതിനോടുള്ള പ്രതിഷേധമാണ് തന്റെ വിവാഹം എന്ന് അദ്ദേഹം വ്യക്തമാകുകയും ചെയ്തു.

 'ബീങ്, പേഴ്സൺ ആൻഡ് കമ്മ്യൂണിറ്റി' എന്ന മണിമലയുടെ ഡോക്ടറൽ പ്രബന്ധം പുസ്തകമാക്കിയപ്പോൾ  അവതാരിക എഴുതിയത് റായ്‌മോൺ ആണ്. അത് വാങ്ങാൻ കൊടൈക്കനാലിൽ അവർക്കുണ്ടായിരുന്ന വീട്ടിൽ എത്തിയപ്പോൾ സ്വീകരിച്ചത് മരിയ  ആയിരുന്നുവെന്നു മണിമല ഓർമ്മിക്കുന്നു. സുന്ദരിയും കുലീനയുമായ സ്ത്രീ. അവർ മനോഹരമായി പിയാനോ വായിക്കുന്നത് ബാഴ്സിലോണയിലെ ആശ്രമത്തിൽ വച്ച്  കേൾക്കാനും  കഴിഞ്ഞു.  2010ൽ 92ആം വയസിൽ റായ്‌മോൺ അന്തരിച്ചു. പിറ്റേ വർഷം മരിയയും.

റായ്മോൺ  പണിക്കർ അമ്പതിലേറെ പുസ്തകങ്ങളും 900ൽ പരം പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.  ദി ഇൻട്രാ റിലീജിയസ് ഡയലോഗ്, ദി അൺനോൺ ക്രൈസ്റ്റ് ഒഫ് ഹിന്ദുയിസം,  ഇനിഷിയേഷൻ ടു ദി വേദാസ്, കൾച്ചറൽ ഡിസ്ചാർമമെന്റ് തുടങ്ങിയവ പ്രധാനം. 1989ൽ അദ്ദേഹം ചെയ്ത ഗിഫോഡ് പ്രഭാഷണങ്ങൾ ക്രോഡീകരിച്ച്  ഇറക്കിയ പുസ്തകം 'ദി റിഥം ഓഫ് ബീങ്' പ്രസിദ്ധമാണ്‌. 12  ഭാഷകളിലേക്ക് ഈ പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്.

മലയാളികളുടെ അജ്ഞതയെപ്പറ്റി പറയാതിരിക്കുന്നതാണ് ഭേദം. റായ്‌മോൺ പണിക്കർ ഇന്ത്യയിലുണ്ടെന്നും  അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടുവന്നു ആദരാഞ്ജലി അർപ്പിക്കണമെന്നും  മലയാള മനോരമയിൽ സീനിയർ സഹപ്രവർത്തകനായിരുന്ന ഒരു വ്യക്തിയോടു ഞാൻ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. കോളജ്‌ പ്രൊഫസറും സാഹിത്യ അക്കാദമി പ്രസിഡന്റുമായിരുന്ന ആളാണ്‌. "ആരാ അയാൾ?' എന്നായിരുന്നു മറുചോദ്യം. അത് എന്നെ പരിഹസിക്കാനായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം.

ഏതായാലും മലയാളികൾ ഒരിക്കലും മറക്കരുതാത്ത ആ മഹാപ്രതിഭയുടെ ഇംഗ്ലീഷ്‌കാരനായ സുഹൃത്ത്  പണിത ഒരു വീട് എനിക്കുണ്ട്, വാഗമണ്ണിൽ.  ഗ്രിഫിത് സ്  കോട്ടേജ് എന്നാണ്  ഞങ്ങൾ അതിനു പേരിട്ടിരിക്കുന്നത്. ബീഡ്  ഗ്രിഫിത് സ്‌  തൃശ്ശിനാപ്പപള്ളിക്കു 40  കിമീ അകലെ കുഴിത്തലയിൽ സ്‌ഥാപിച്ച സച്ചിതാനന്ദാശ്രമത്തിലും ഞാൻ പോയിട്ടുണ്ട്. അവിടെ വിളഞ്ഞ ഒരുകൂട നിറയെ മാമ്പഴവും താൻ എഴുതിയ ദി ഗോൾഡൻ സ്ട്രിങ്സ്, ദി മാര്യേജ് ഓഫ് ഈസ്റ്റ് ആൻഡ് വെസ്റ്റ്, എ ന്യൂ വിഷ്യൻ  ഓഫ് റിയാലിറ്റി എന്നീ പുസ്തകങ്ങളും അദ്ദേഹം എനിക്ക് സമ്മാനിച്ചു.

പൗരോഹിത്യ സുവർണജൂബിലി പ്രമാണിച്ച് ഫാ, വർഗീസിന്റെ മൂന്ന് പുസ്തകങ്ങളാണ് ഒന്നിച്ച് പ്രകാശനം ചെയ്തത്. എംജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സാബു  തോമസ് ആയിരുന്നു മുഖ്യാതിഥി. ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ചെയർ പദവി വഹിക്കുന്ന ഫാ. ഡോ. കെ എം ജോർജ്, സ്‌കൂൾഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. പിപി നൗഷാദ്‌,  റെയ്‌മോൺ പണിക്കരെപ്പറ്റി പഠനഗവേഷണം നടത്തി ബെർമിങ്‌ഹാം യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ട്രേറ് നേടിയ സേവ്യർ തറമേൽ എസ്‌ജെ, കപ്പുച്ചിൻ പ്രൊവിൻഷ്യൽ ഫാ. ജോർജ് ആന്റണി  എന്നിവർ പങ്കെടുത്തു.
 
കിഴക്കും പടിഞ്ഞാറുമുള്ള വിശ്വാസങ്ങളുടെ  അന്തസത്ത ഒന്നുതന്നെ. വ്യത്യസ്ത വീക്ഷണങ്ങൾ ഉള്ളവർ പരസ്പര ബഹുമാനത്തോടെ സംവാദം  (ഡയലോഗ്) നടത്തി സമരസം   കണ്ടെത്തണം എന്നതാണ് തിയോകോണ്ടറലിസം എന്ന റായ്മോൺ പണിക്കരുടെ സിദ്ധാന്തത്തിന്റെ കാതൽ.  

മറ്റെങ്ങും പോകേണ്ട. എംഡി രാജേന്ദ്രൻ എഴുതി, സംഗീതം പകർന്നു യേശുദാസ് പാടി ലോകത്തെ കോരി ത്തരിപ്പിച്ചിട്ടുള്ള  ഈ വരികൾ മലയാളികൾ മറക്കാതിരുന്നാൽ  മതി:

'കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും, കാണുന്നതും ഒന്ന്, കേൾക്കുന്നതും ഒന്ന്, കരുണാമയനാം ദൈവമൊന്ന്, ദൈവമൊന്ന്, ദൈവമൊന്ന്...'

(രാമുണ്ണി പണിക്കർ ജനിച്ച പാലക്കാട് കരിപ്പ പഞ്ചായത്തിൽ മെമ്പർമാർ ആയിരുന്ന പി.കെ ജയശീ, ജിമ്മി മാത്യു എന്നിവരുടെ സഹായത്തിനു നന്ദി. ജയശ്രീ ഇപ്പോൾ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത് അംഗമാണ്. കല്ലടി അബ്‌ദു ഹാജി ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപികയും. കോട്ടയം ഉഴവൂർ ജനിച്ച ജിമ്മി കല്ലടിക്കോട്  കോഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായി റിട്ട. ചെയ്തു)   

Join WhatsApp News
കോരസൺ 2024-05-05 18:17:17
അടുത്തുകാലത്തു വായിച്ച ഈടുറ്റ ലേഖനം.
abdul 2024-05-05 18:39:22
Kurian sir, it's fascinating that you are searching for these kinds of scholars and introducing to us.
Bindu P. Menon 2024-05-06 05:34:12
എന്റെ അച്ഛന്റെ കുടുംബമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മേനകത്ത് തറവാട്. ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അള്ളംപാടത്ത് രാമുണ്ണി പണിക്കർ പതിനെട്ടാം നൂറ്റാണ്ടിൽ മേനകത്ത് ജനിച്ച ക്രാന്തദർശിയായ കർമയോഗിയാണ്. അദ്ദേഹത്തിന്റെ പിൻതലമുറക്കാരിൽ ഒരാളെന്ന അഭിമാനത്തോടുകൂടിത്തന്നെ പറയട്ടെ, ശ്രീ റായ്മോൺ പണിക്കരെ കുറിച്ചുള്ള ഈ ലേഖനം ഒരു വലിയ പാരമ്പര്യത്തിലേക്കുള്ള നേർക്കണ്ണാടിയാണ്. ലോകമറിയുന്ന ഒരു വലിയ ദാർശനികനെക്കുറിച്ച് അടുത്ത തലമുറയിലേക്ക് കൈമാറാനൊരു വിലയേറിയ ചരിത്രലേഖനം. ഹൃദയംനിറഞ്ഞ നന്ദി കുര്യൻ സർ. Bindu P. Menon
Dr. Jos Chathukulam 2024-05-06 07:55:21
കുര്യൻ പാമ്പാടിയുടെ ലേഖനം ഉജ്വലമായിരിക്കുന്നു . പ്രൊഫസർ റെയ്‌മോൻ പണിക്കരെക്കുറിച്ചുള്ള ഒരു പുസ്‌തകം നമ്മുടെ കുട്ടികൾക്ക് ആവശ്യമാണ്. അങ്ങനെ ഒരു ശ്രമം നടത്തുവാൻ എനിക്ക് ആഗ്രഹമുണ്ട് . ഡോ വര്ഗീസ് മണിമലയുടെയും കുര്യൻ പാമ്പാടിയുടെയും സഹായം ഇതിലേക്ക് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു .
Rekha 2024-05-06 08:15:19
വളരെ നല്ല ലേഖനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക