എന്തായാലും പെണ്ണുങ്ങടെ പൂച്ചു പുറത്തായി ..എന്തൊക്കെയായിരുന്നു ഇതുവരെ..ഓക്കാനം,ചര്‍ദ്ദി,തലകറക്കം,പുളിതീറ്റ,വ്യാക്കൂണ്‍ ...ഗര്‍ഭിണിയെ പരിചരിക്കാന്‍ ഉത്സാഹകമ്മിറ്റിക്കാരുടെ നീണ്ട പടതന്നെയായിരുന്നു ഇതുവരെ. ഇതൊന്നുമില്ലെങ്കിലും ഗര്‍ഭിണിക്ക് സുഖപ്രസവം നടക്കുമെന്ന് എറണാകുളത്തൊരു പെണ്‍കുട്ടി തെളിയിച്ചുകഴിഞ്ഞു.പത്തുമാസം ഒരേ വീട്ടില്‍ കഴിഞ്ഞിട്ടും സ്വന്തം അമ്മപോലുമറിഞ്ഞില്ല മോള്‍ക്കു വിശേഷമുണ്ടെന്ന സത്യം.അവള്‍ക്കൊരു തലകറക്കവും ഉണ്ടായില്ല,മനംപുരട്ടലുമില്ല.വിറ്റാമിന്‍ ഗുളികകള്‍,മാസാമാസം പരിശോധനകള്‍,സ്‌കാനിംഗ് ,അതിനു പുറമേ രണ്ടുതലയിണ വച്ചായിരുന്നു ഉറക്കം.പ്രസവമുറിയില്‍ ഭര്‍ത്താവിനെ ഒപ്പം കയറ്റി ഉറക്കെനിലവിളിച്ച് നാടിളക്കിയാലേ ചിലര്‍ക്ക് മന:സമാധാനം കിട്ടൂ.പ്രസവത്തിനു സാക്ഷിയായതിന്റെ ഫലമായി തലകറങ്ങിതാഴെവീണ ഭര്‍ത്താവിനെ പരിചരിക്കാന്‍ വേറെ നഴ്‌സുമാരെ വിളിക്കേണ്ടി വന്നതും ചരിത്രം.ഇതൊക്കെ പാഴ്പണിയാണെന്നും ഒരു ശുചിമുറിമാത്രം മതി ഒരു പെണ്ണിന് ആരുമറിയാതെ പ്രസവിക്കാനെന്ന് ഇപ്പം എല്ലാവര്‍ക്കും മനസ്സിലായി..
കാര്യമിങ്ങനൊക്കെയായാലും യുവതി അവശേഷിപ്പിച്ച കുറേ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു.പത്തുമാസം ഒരേ കൂരയുടെ കീഴില്‍ കഴിഞ്ഞിട്ടും മകള്‍ ഗര്‍ഭിണിയാണെന്ന പരമ സത്യം അമ്മച്ചിക്കു മനസ്സിലാകാതിരുന്നത് എന്തു മറിമായമാണ്.മോളൂട്ടി അമ്മച്ചിയുടെ കണ്ണു കെട്ടിയത് എങ്ങനെ ?. എത്ര ഇറുക്കി വയര്‍ മസ്സിലു പിടിച്ചാലും ഒമ്പതുമാസത്തെ വളര്‍ച്ച പേറുന്ന ഉന്തിയ വയറിനെ എങ്ങനെ തളയ്ക്കാന്‍ പറ്റി ?..എന്തുതരം ഡ്രസ്സാണ് മാനം രക്ഷിച്ചത് ?.പൊക്കിള്‍ക്കൊടി മുറിക്കാനൊക്കെ എങ്ങനെ പഠിച്ചു ?.സംശയങ്ങളുടെ ഉത്തരം തേടി മാപ്രകള്‍ എറണാകുളം പനമ്പള്ളിനഗറില്‍ കറങ്ങിനടക്കുകയാണെന്നു കേള്‍ക്കുന്നു.എന്തായാലും ഒരു കാര്യം ഉറപ്പാണ് .ആ വീട്ടില്‍ മാതാപിതാക്കളും മകളും തമ്മില്‍ യാതൊരു ആശയവിനിമയവും അടുപ്പവും ഇല്ലെന്ന സത്യം .പ്രത്യേകിച്ച് അമ്മ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ തന്നെയാണ്.മക്കള്‍ക്കു തോന്നുമ്പോള്‍ വന്നു വീട്ടില്‍ കയറാനും ഇഷ്ടമുള്ളപ്പോള്‍ ഇറങ്ങിപ്പോകാനും അനുവാദമുള്ള ,സ്വാതന്ത്ര്യമുള്ള അന്തരീക്ഷത്തിലേക്ക് മലയാളി വീടുകളും മാറിക്കഴിഞ്ഞെന്നു സാരം.ഒരു അബദ്ധം സംഭവിച്ചാല്‍ അമ്മയോടു തുറന്നുപറയുന്ന അടുപ്പം എപ്പോഴോ നമ്മള്‍ക്കു കൈമോശം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.അമ്മയ്ക്കും മകള്‍ക്കുമിടയില്‍ അപരിചിതത്വത്തിന്റെ തിരശീല വീണു കഴിഞ്ഞിരിക്കുന്നു.വളര്‍ത്തി വലുതാക്കാന്‍ മാത്രമുള്ള യന്ത്രങ്ങള്‍ മാത്രമാണ് അച്ഛനമ്മമാര്‍ എന്ന തോന്നലുള്ള മക്കളുടെ കാലം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.അതുകൊണ്ട് ഇനി വൈകരുത്.വിദേശരാജ്യങ്ങളിലെ അമ്മമാരെപ്പോലെ നമ്മള്‍ ബുദ്ധിമതികളാവണം.മകള്‍ ഋതുമതിയായാല്‍ ഗര്‍ഭധാരണം തടയാനുള്ള ഉപാധികളെപ്പറ്റി അവളെ മനസ്സിലാക്കണം.കോണ്ടവും ടാബ്ലറ്റുകളും വാങ്ങി മകളുടെ മുറിയില്‍ സ്‌റ്റോക്കു ചെയ്യണം.രാവിലെ സ്‌കൂളിലോ കോളേജിലോ പോകുംമുമ്പ് അന്നന്നത്തേക്കുള്ളത് മറക്കാതെ എടുക്കാന്‍ ഓര്‍മിപ്പിക്കണം.അമ്മയെന്ന നിലയ്ക്ക് അത്രയുമെങ്കിലും ചെയ്യാന്‍ അമ്മമാര്‍ ബാധ്യസ്ഥരാണ്.അല്ലെങ്കി്ല്‍ ഈ മകളെപ്പോലെ അച്ഛനമ്മമാരെ സമൂഹമധ്്യത്തില്‍ നാറ്റിക്കും.എന്തായാലും നവജാതശിശുവിനെ കൊന്നതിന് യുവതി ജയിലില്‍ പോകേണ്ടി വരും.
18 വര്‍ഷം മുമ്പ് ഞാന്‍ സാക്ഷിയായ ഒരു അവിഹിതഗര്‍ഭത്തിന്റെ കഥ പറയാം.അന്നു ഞാന്‍ കോഴിക്കോട് മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകയാണ്.താമസിക്കുന്നത് കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു ഹോസ്റ്റലില്‍.വിശാലമായ ആ വളപ്പിന്റെ ഒരു വശത്ത് അവര്‍ വിവിധസേവനങ്ങളും ചെയ്തിരുന്നു.അനാഥരായ പെണ്‍കുഞ്ഞുങ്ങളെയും മാനസ്സിക വളര്‍ച്ച അല്‍പ്പം കുറഞ്ഞ പെണ്‍കുട്ടികളെയും സംരക്ഷിച്ചിരുന്നു.അവരെ മനോഹരമായി കൈത്തുന്നലൊക്കെ ചെയ്യാന്‍ പഠിപ്പിച്ച് തൊഴില്‍ നല്‍കി.അതിന്റെ വരുമാനംകൊണ്ട് അവരെ പോറ്റി വളര്‍ത്തി.ആ കുട്ടികളൊക്കെ സ്ഥിരം കാണുന്ന ഞങ്ങള്‍ അന്തേവാസികളെ സ്‌നേഹത്തോടെ കൈയ്ക്കുപിടിച്ച് സംസാരിക്കാന്‍ ഓടിവരും.നമ്മുടെ ഒരു ചിരി,ഒരു കുശലം അവരെ എത്ര ആനന്ദിപ്പിക്കുന്നു എന്ന് അനുഭവിച്ചറിഞ്ഞ നാളുകള്‍.അതേ വളപ്പിലെ മറ്റൊരു കെട്ടിടത്തില്‍ എപ്പോഴും കുറെ യുവതികളും പാര്‍ത്തിരുന്നു. മാറിമാറി പുതുമുഖങ്ങള്‍ വന്നുപോകുന്ന പാര്‍പ്പിടം.ആ യുവതികള്‍ എല്ലാവരും ഗര്‍ഭിണികളായിരുന്നു. അവര്‍ ഞങ്ങളില്‍നിന്ന് മുഖം തിരിച്ചുനിന്നു.വൈകുന്നേരങ്ങളില്‍ ഹോസ്റ്റലില്‍ എത്തുമ്പോള്‍ എങ്ങോട്ടെന്നില്ലാതെ വെറുതേ പുറത്തേക്കുനോക്കിയിരിക്കുന്ന ആ പെണ്‍കുട്ടികളെ കാണാം.ശോകം നിറഞ്ഞ മുഖങ്ങളോടെ ,ഒരു ചിരി തിരിച്ചുതരാന്‍പോലും താത്പ്പര്യപ്പെടാത്ത അവരൊക്കെ ആരാണെന്നായി എന്റെ സംശയം.ഹോസ്റ്റലിന്റെ ചുമതലയുള്ള സാമൂഹ്യപ്രവര്‍ത്തന തല്‍പ്പരയായ ചെറിയ കന്യസ്ത്രീയോട് ഞാന്‍ അവരെപ്പറ്റി അന്വേഷിച്ചു.ബലാല്‍സംഗത്തെത്തുടര്‍ന്നും പ്രണയച്ചതിവില്‍പ്പെട്ടും ഗര്‍ഭിണികളായ പെണ്‍കുട്ടികളാണവര്‍.പല നാടുകളില്‍നിന്നുള്ളവര്‍.മഠത്തിന്റെ ഒരു നന്‍മയായിട്ടാണവരെ പോറ്റുന്നത്.മാനക്കേടു ഭയന്ന് ആത്മഹത്യ ചെയ്യുമായിരുന്ന എത്രയോ പെണ്‍കുട്ടികളെ രക്ഷിച്ച നന്‍മ.സാമൂഹ്യപ്രവര്‍ത്തകര്‍ വഴി ആരുമറിയാതെ ഇവിടെത്തി ഒളിച്ചുപാര്‍ത്ത് പ്രസവം കഴിഞ്ഞ് തിരിച്ചുപോകുന്നു.നവജാതശിശുഹത്യയില്‍നിന്ന് അമ്മ രക്ഷപ്പെടുന്നു.കുഞ്ഞിനെ അഡോപ്ഷന്‍ സെന്ററിന് നിയമപ്രകാരം കൈമാറാം.കുഞ്ഞിനെ വേണമെന്നുള്ളവര്‍ക്ക് കൊണ്ടുപോകാം.രണ്ടുജീവനുകളെ രക്ഷിക്കുന്ന സല്‍പ്രവര്‍ത്തിയായിട്ടാണ് ഞാനതിനെ കണ്ടത്.ഞാന്‍ കമ്മിറ്റിഅംഗമായിട്ടുള്ള സ്ത്രീസംരക്ഷണ കേന്ദ്രത്തിലെ ഡയറക്ടറോട് മഠത്തിന്റെ ഈ സേവനത്തെപ്പറ്റി ഒരിക്കല്‍ ഞാന്‍ പറഞ്ഞു.അവിടെ വരുന്ന ഇത്തരം അവസ്ഥയുള്ള ഏതെങ്കിലും സ്ത്രീകള്‍ക്ക് താമസിക്കണമെങ്കില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും അറിയിച്ചു.
അങ്ങനിരിക്കെ എന്റെ കൂട്ടുകാരികൂടിയായ സ്ത്രീസംരക്ഷണ കേന്ദ്രം ഡയറക്ടര്‍ ആനി എന്നെ വിളിച്ചു.ഒരു കേസ് എത്തിയിട്ടുണ്ട്.കോഴിക്കോട്ടെ മഠത്തില്‍ അവര്‍ക്ക് താമസം ശരിയാക്കണം.രണ്ടു ദിവസത്തിനുള്ളില്‍ ആ യുവതി അവിടയെത്തി.ഏഴുമാസം ഗര്‍ഭിണിയാണ്.വീട്ടുകാര്‍ക്ക് യാതൊന്നും അറിയില്ല.ഒരു ബന്ധുവിനു മാത്രമാണ് വിവരം അറിയാവുന്നത്.അവര്‍ വഴിയാണ് സ്ത്രീസംരക്ഷണ കേന്ദ്രത്തിലെത്തിയത്.ഇടയ്ക്കിടെ ഞാനാ യുവതിയെ കാണും,വിശേഷം ചോദിക്കും.പ്രസവം അടുത്തപ്പോള്‍ ഞാന്‍ അവളേടു ചോദിച്ചു,''കുട്ടീ പേടിയുണ്ടോ ''എന്ന്.ഒരക്ഷരം ഉരിയാടാതെ അവള്‍ എന്നെ നോക്കിനിന്നു.'' അമ്മയെ കാണാണമെന്നുണ്ടോ..''ഞാന്‍ വീണ്ടും ചോദിച്ചു.അവള്‍ പൊട്ടിക്കരഞ്ഞു.ആ മനസ്സിലെ കുറ്റബോധവും ഭയവും ആകുലതയും എനിക്കു മനസ്സിലായി.അതിനടുത്തൊരു ദിവസം അവളെ പ്രസവത്തിന് ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തതായി കന്യാസ്ത്രീ എന്നെ അറിയിച്ചു.പെണ്‍കുട്ടിക്ക് ഒരാപത്തും സംഭവിക്കരുതേയെന്ന് ഉള്ളുരുകിത്തന്നെ ഞാന്‍ പ്രാര്‍ത്ഥിച്ചു.പിറ്റേന്ന് സുഖപ്രസവം നടന്ന വിവരം കന്യാസ്ത്രീ എന്നെ അറിയിച്ചു.രണ്ടുനാള്‍ കഴിഞ്ഞ് ഓഫീസിലെ ടെലിഫോണ്‍ ഓപ്‌റേറ്റര്‍ എന്നെ വിളിച്ചുപറഞ്ഞു. സന്ദര്‍ശകരുണ്ട് ,താഴേക്കു വരണമെന്ന്.ഞാന്‍ ചെന്നപ്പോള്‍ ആ യുവതിയുടെ ബന്ധുവാണ് കാണാനെത്തിയിരിക്കുന്നത്. പുറത്ത് റോഡിലേക്ക് ചെല്ലാമോ എന്ന് അവരെന്നോട് ചോദിച്ചു.അവിടെ ഓട്ടോറിക്ഷയില്‍ ടര്‍ക്കിടവ്വലില്‍ പൊതിഞ്ഞ് ഒരു ചോരക്കുഞ്ഞുമായി അവള്‍ കാത്തിരിക്കുന്നു.പ്രസവം കഴിഞ്ഞതിന്റെ ക്ഷീണമൊക്കെയുണ്ടെങ്കിലും പ്രകാശമുള്ള ഒരു പുഞ്ചിരി അവളുടെ മുഖത്ത് തെളിഞ്ഞു.
''പോവാണ്,ചേച്ചിയെ കുഞ്ഞിനെ ഒന്നു കാണിക്കാന്‍ വന്നതാണ് '',അവള്‍ പറഞ്ഞു.കുഞ്ഞിനെ അഡോപ്ഷനു കൊടുക്കാന്‍ അവള്‍ക്കു മനസ്സുവരുന്നില്ല എന്നെനിക്കു മനസ്സിലായി.
എങ്ങോട്ടാണ് കുഞ്ഞുമായി പോകുന്നതെന്ന് ഞാന്‍ തിരക്കി.തമിഴ്‌നാട്ടിലേക്കാണ്.അവിടെ ഒരു ജോലി ശരിയായിട്ടുണ്ടേ്രത.അഞ്ചാറുമാസം കഴിഞ്ഞാല്‍ ജോലിക്ക് കയറാനാവും.എല്ലാം കേട്ടുനിന്ന ബന്ധുവാണത് പറഞ്ഞത്.ഓട്ടോ വിടുംമുമ്പ് അവള്‍ ശബ്ദം താഴ്തി ഇത്രയും കൂടെ പറഞ്ഞു.'' പോകട്ടെ,ചേച്ചി,ഇനി നമ്മള്‍ കണ്ടെന്നു വരില്ല,എല്ലാറ്റിനും നന്ദിയുണ്ട്.ഇത് രഹസ്യമാക്കി വയ്ക്കണേ ''.
'' നല്ലതു വരട്ടെ,സന്തോഷമായിരിക്കൂ ..'',ഞാനവളെ സമാധാനിപ്പിച്ചു.
മകള്‍ മറ്റൊരുസംസ്ഥാനത്ത് ജോലി ചെയ്യുകയാണെന്നു കരുതി ആശ്വാസത്തോടെയിരിയിരിക്കുന്ന ആ അച്ഛനമ്മമാരെപ്പറ്റിയാണ് ഞാന്‍ ചിന്തിച്ചത്.പെണ്ണിന് എന്തൊരു ധൈര്യം !.എന്തായാലും കുഞ്ഞിനെ വലിച്ചെറിഞ്ഞില്ല,ഞെക്കിക്കൊന്നില്ല,ദത്തിനു നല്‍കിയുമില്ല.അമ്മ ആത്മഹത്യയില്‍നിന്നും അപമാനത്തില്‍നിന്നും രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.
ആ കുഞ്ഞിനിപ്പോള്‍ 18 വയസ്സായിട്ടുണ്ടാവും.ഈ പനമ്പള്ളിനഗറിലെ സംഭവം വായിച്ചപ്പോള്‍ മനസ്സില്‍ ചാരംമൂടിക്കിടന്ന പഴയ കാര്യങ്ങള്‍ ഓര്‍മയില്‍ വന്നു എന്നു മാത്രം. അവിഹിതഗര്‍ഭം സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ എത്രയോ വഴികള്‍ മുന്നിലുണ്ട്..നവജാത ശിശുവിനെ ഇല്ലായ്മചെയ്ത് പിടിക്കപ്പെടുന്നതിനേക്കാള്‍ ആ കുഞ്ഞിനെ ജീവിക്കാന്‍ അനുവദിക്കുന്നതല്ലേ നല്ലത്.സാമൂഹ്യപ്രവര്‍ത്തകര്‍,അമ്മത്തൊട്ടില്‍ ,അഡോപ്ഷന്‍ സെന്ററുകള്‍ ഒക്കെ സഹായത്തിനുള്ള നാടാണിത്.ഇനി അതേപ്പറ്റിയാണ് നമ്മുടെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കേണ്ടത്.അല്ലെങ്കില്‍ നവജാത ശിശുഹത്യ പെരുകും,ജയിലുകള്‍ പെണ്‍പിള്ളാരെക്കൊണ്ടു നിറയും.
പിന്നെ,പ്രണയത്തിന്റെയോ കാമത്തിന്റെയോ നിമിഷങ്ങളില്‍ പരസ്പരധാരണയോടെ ശരീരം പങ്കുവച്ചശേഷം ഗര്‍ഭം ഉണ്ടാവുമ്പോള്‍ അതിജിവിതയുടെ മുഖം മൂടി അണിയരുത്.എന്റെ ശരീരം എന്റെ അവകാശം എന്നു പറയുന്ന അതേ വീറോടെ ' എന്റെ ശരീരം ,എന്റെ അവകാശം ,എന്റെ ഗര്‍ഭം ' പറയാനുള്ള ചങ്കൂറ്റം പെണ്ണുങ്ങള്‍ കാണിക്കണം.
വാല്‍ക്കഷണം.
ഇതിനു മുമ്പ് ഇങ്ങനെ നവജാതശിശുക്കളെ കൊന്ന യുവതികളുടെ ഫോട്ടോ പത്രങ്ങളില്‍ ഒരു കോളത്തിലൊക്കെ അച്ചടിച്ച ഉത്സാഹം ഇത്തവണ കണ്ടില്ല.നാടും പഞ്ചായത്തും വീട്ടുപേരും വരെ അച്ചടിച്ച് മാലോകരെ അറിയിക്കുന്ന ശുഷ്‌കാന്തി എവിടെപ്പോയോ ആവോ .. യുവതി അതിജീവിതയാണെന്നും പീഡനത്തെ തുടര്‍ന്നുണ്ടായ ഗര്‍ഭമാണെന്നും പൊലിസുകാര്‍ വെളിപ്പെടുത്തുന്നു.അവര്‍ വെളിപ്പെടുത്തുന്നതാണല്ലോ അതിന്റെയൊരു ഇത്.വെള്ളംകൂട്ടാതെ നമ്മളതങ്ങു വിഴുങ്ങുക മാത്രമേ ചെയ്യാനുള്ളൂ.എന്തായാലും പെണ്‍കുട്ടി തന്റെ ഗര്‍ഭത്തിനുത്തരവാദിയെ ഇതുവരെ കുറ്റവാളിയാക്കിയിട്ടില്ല.