" സംസാരിക്കാൻ ആളെ ആവശ്യമുണ്ട് " പത്രത്തിൽ ഇങ്ങനൊരു വാർത്ത വന്നാലോ? വായിക്കുമ്പോൾ ചിരി വരുമെങ്കിലും,ഒന്നാലോചിച്ചു നോക്കിയെ. എഴുതിയിരിക്കുന്നത് വളരെ ശരിയാണ്. ആരാ കുറച്ച് നേരം കൂടെയിരുന്നു സംസാരിക്കാനുള്ളത്? എല്ലാവരും തിരക്കിലാണ്, സമയമില്ല അതാണ് കാര്യം.ഒരു ടെൻഷനുമില്ലാതിരുന്ന കുട്ടിക്കാലത്ത് കേൾക്കാനും പറയാനും സമയമുണ്ടായിരുന്നു. വീട്ടിലുള്ളവർക്കും, കൂട്ടുകാർക്കും, നാട്ടുകാർക്കും എല്ലാം. വഴിവക്കിൽ ഒരു പരിചയക്കാരനെ കണ്ടാലോ, അയലത്തെ വീട്ടിലെ ആരെ കണ്ടാലും മതി എന്തോരം കാര്യങ്ങളുണ്ടായിരുന്നു അങ്ങോട്ടുമിങ്ങോട്ടും പറയാനും കേൾക്കാനും ഉണ്ടായിരുന്നത്.
വീട്ടിലാണെങ്കിലോ ഊണ് കഴിക്കുമ്പോ, പ്രത്യേകിച്ച് അത്താഴം കഴിക്കാനിരിക്കുമ്പോ ആകെ ഒരു ബഹളമാണ്. അയലത്തെ വിശേഷങ്ങൾ അമ്മയും, നാട്ടിലെ വിശേഷങ്ങൾ അച്ഛനും, കോളേജിലെ വിശേഷങ്ങൾ ചേട്ടനും ചേച്ചിയും, ഇതിനിടയിൽ പഴയ കടങ്കഥകളും, പഴം പുരാണങ്ങളുമായി മുത്തശ്ശിയും.....
ഇന്ന് ലോകം വലുതാവുകയും, മനുഷ്യൻ ചെറുതാവുകയുമാണോ എന്നറിയില്ല, ഒക്കെ മാറിപ്പോയിരിക്കുന്നു. ലോകത്തിൻ്റെ മാറ്റമാണോ, അതോ മനുഷ്യർ മാറിപ്പോയതാണോ അതുമറിയില്ല.അപരിചിത നഗരങ്ങളിൽ അന്യരായി ചെന്ന് അവിടുള്ളവരായി മാറിയിരിക്കുന്നു ഏറിയ പങ്കും. കൂടുതൽ ജീവിത സൗകര്യങ്ങൾ, ജീവിക്കാനുള്ള പുതിയ മാർഗങ്ങൾ അതൊക്കെ തേടിപ്പോയതാകാം..പക്ഷേ... വിജ്ഞാനത്തിൻ്റെ പുതിയ മേഖലകൾ തുറന്നു കിട്ടിയപ്പോൾ നമ്മളൊക്കെ എത്തിപ്പെട്ടത് വേറൊരു ലോകത്തല്ലെ?
ചുറ്റിനും ആളുകളാണ്. ഒരു പ്രത്യേകതയുള്ളത് മുഖത്ത് നോക്കാൻ പോലും ആർക്കും സമയമില്ല എന്നുള്ളതാണ്. എല്ലാവരുടേയും കണ്ണുകൾ ഏതെങ്കിലും മീഡിയയിൽ ആകും. TV, laptop, Mobile... മുൻപ് ഒരു മനുഷ്യന് ജീവിക്കാൻ വേണ്ടത് വായു, വസ്ത്രം, ആഹാരം ഇതായിരുന്നുവെങ്കിൽ ഇന്ന് അതു പോലെ ആവശ്യം മറ്റു പലതുമായിരിക്കുന്നു... എന്താല്ലേ?
സൗഹൃദങ്ങളാണ് പലപ്പോഴും തണലാവുക. പക്ഷേ അതിലും തുടക്കത്തിലുള്ള ഒരു പരിഗണന എപ്പോഴും ഉണ്ടാകണമെന്നില്ല, പുതിയ സൗഹൃദങ്ങൾ കിട്ടുമ്പോൾ പഴയ കൂട്ടുകാരെ അവഗണിക്കുന്നു... മനുഷ്യരല്ലേ മാറും സാഹചര്യങ്ങൾക്കനുസരിച്ച്... പിന്നെ ഫോൺ ചെയ്താലും പതിവു ചോദ്യം... 'സുഖമല്ലേ', "അതേ എന്താ ഇപ്പ അസുഖം", അല്ല പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതുപോലെ... എത്ര അടുത്താലും സൗഹൃദങ്ങൾ ഒരു പരിധി കഴിഞ്ഞാൽ അകന്നുപോകുന്നതു പോലെ.
ഒരിക്കലും ഒന്നും പഴയതുപോലെ ആകില്ല എന്നറിയാമെങ്കിലും ഈ മനസ് വല്ലാത്തൊരു സ്വപ്നക്കൂട്ടിലാണ്. പിന്നെ വളരെ ചുരുക്കം ചിലരുണ്ടാകും, എപ്പഴും ആരേലുമൊക്കെ കൂടെ വേണം എന്നു കരുതി ഇങ്ങോട്ട് സംസാരിച്ചില്ലേലും അങ്ങോട്ട് വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർ.
ആരും പറയാനും കേൾക്കാനുമില്ലാതെ വരിക എത്ര വലിയ സങ്കടമാണ്. ഇന്ന് ഒട്ടുമിക്ക പേരും ഏതോ സാങ്കൽപ്പിക ലോകത്തിലാണ്. ചുറ്റും നടക്കുന്നതൊക്കെ കാണാതെ, ചുറ്റിലുമുള്ളവരെ അറിയാതെ എല്ലാവരും എങ്ങനെയൊക്കെയോ ജീവിച്ചു തീർക്കുന്നു. .. ഇതൊക്കെ നമുക്ക് തരുന്നത് വലിയൊരു തിരിച്ചറിവാണ്, വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ആരും ഒന്നും പഴയതുപോലെ ആകില്ല എന്ന തിരിച്ചറിവ്...
നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഒരു കാര്യമേ ഉള്ളു നമ്മുടെ കൂടെയുള്ളവരോട്, നമ്മുടെ സാമീപ്യം കൊതിക്കുന്നവരോട് അവരുടെ അടുത്തിരുന്ന്, ഒന്ന് ചേർത്തു പിടിച്ച് കൂടെ നിർത്താം, ഒരു വാക്കിലൂടെ, ഒരു ചിരിയിലൂടെ അങ്ങനെയുള്ളവർക്കായി സമയം കണ്ടെത്താം, ഇല്ലെങ്കിൽ ആ നാളുകൾ വിദൂരമല്ല..... " സംസാരിക്കാൻ ആളെ ആവശ്യമുണ്ട് " എന്ന ഒരു വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കാൻ.......