Image

ഗോപിനാഥ് മുതുകാട്: ജീവിതമെന്ന മാജിക്! (വിജയ് സി.എച്ച്)

Published on 08 May, 2024
ഗോപിനാഥ് മുതുകാട്: ജീവിതമെന്ന മാജിക്! (വിജയ് സി.എച്ച്)

അത്ഭുതങ്ങളുടെ യശസ്സുറ്റ ലോകത്തു നിന്നു ഭിന്നശേഷിക്കാരുടെ കയ്പേറിയ ജീവിത യാഥാർത്ഥ്യങ്ങളിലേയ്ക്കു ഗോപിനാഥ് മുതുകാട് പ്രയാണം ചെയ്തിട്ടു രണ്ടു വർഷം തികയുന്നു. 
നീണ്ട നാൽപത്തിയഞ്ചു വർഷം അമ്പത്തിയാറു രാജ്യങ്ങളിലെ എണ്ണായിരത്തിലേറെ വേദികളിൽ നല്ലൊരു മാജിക്  പെർഫോർമറായി പ്രകടനം കാഴ്ചവച്ചതിനൊടുവിൽ എത്തിയ മനം മാറ്റം, ആതുരസേവന രംഗത്തും അദ്ദേഹം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന വിശ്വാസമാണ് പൊതുവെ നൽകുന്നത്.
പ്രതിഫലം സ്വീകരിച്ചുകൊണ്ടുള്ള മാന്ത്രിക അവതരണങ്ങൾ ഉപേക്ഷിച്ചുവെങ്കിലും, ജീവിതമൊരു സുന്ദരമായ മാജിക്കാണെന്ന് ഇന്നും വിശ്വസിക്കുന്ന മുതുകാടിൻ്റെ പുതിയ പ്രവർത്തന മേഖലയിലൂടെ...


🟥 എൻഡോസൾഫാൻ വഴി മാറ്റി 
രാപ്പകൽ വ്യത്യാസമില്ലാതെ പല സ്ഥലങ്ങളിൽ അലഞ്ഞു നടന്നു, ജീവിതത്തിൽ ഒരുപാടൊരുപാടു കഷ്ടപ്പാടുകൾ സഹിച്ചതിനൊടുവിലാണ് ഞാൻ മേജിക്കിൻ്റെ രംഗത്തു പിടിച്ചുകയറിയത്. അങ്ങനെ മാന്ത്രികലോകത്ത് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നതിനിടയിൽ കാസർഗോഡ് ഒരു പരിപാടിയ്ക്കു പോയപ്പോഴുണ്ടായ സംഭവം എൻ്റെ ചിന്തകളെ മാറ്റിമറിച്ചു. അവിടെ ഒരു അമ്മ നിറകണ്ണുകളോടെ എന്നോടു പറഞ്ഞ കാര്യങ്ങളാണ് ആ വഴിത്തിരിവിനു ഹേതുവായത്. ജില്ലയിലെ ചില പ്രദേശങ്ങളിൽ എൻഡോസൾഫാൻ എന്ന മാരകമായ കീടനാശിനി വരുത്തിവച്ച ദുരന്തങ്ങൾക്ക് സമാനതകളില്ല. ബുദ്ധിമാന്ദ്യം, പക്ഷാഘാതം, അർബുദം, പ്രമേഹം, രക്തസമ്മർദം... ജീവനാശകമായ അസുഖങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ പിടിപെട്ടു അംഗപരിമിതി നേരിടുന്നവർ നിരവധി. ശരീരത്തിന് ആനുപാതികമല്ലാത്ത വലിപ്പത്തിൽ തലയും കൈകാലുകളുമുള്ളവരും ഏറെയുണ്ട്. കിടപ്പുരോഗികളും ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയാത്തവരുമായ ഏഴായിരത്തോളം വരുന്ന പാവം മനുഷ്യരുടെ ദുഃഖമത്രയും ഘനീഭവിച്ചിരുന്നു ആ അമ്മയുടെ വാക്കുകളിൽ.

താമസിയാതെ ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയായിരുന്ന ശൈലജ ടീച്ചറോടു സംസാരിച്ചു കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ മുഖേന 23 കുട്ടികളെ ഞാൻ കൊണ്ടുവന്നു. ആ കുട്ടികളെ മേജിക് പഠിപ്പിച്ചുകൊണ്ടു അവർക്കൊരു ഉപജീവന മാർഗം ഉണ്ടാക്കിക്കൊടുക്കണമെന്നാണ് ഞാൻ ആദ്യം ആലോചിച്ചത്. പിന്നീടാണ് ആ ചിന്തകൾ ഭിന്നശേഷിക്കാർക്കു തുണയാകുന്ന ഡിഫ്രൻ്റ് ആർട് സെൻ്ററിലേയ്ക്കും, യൂനിവേഴ്സൽ എംപവർമെൻ്റ് സെൻ്ററിലേയ്ക്കുമൊക്കെ എത്തിയത്. വളരെ വിപുലമായ രീതിയിൽ 'ഇൻ്റർനേഷനൽ ഇൻസ്റ്റിട്യൂട്ട് ഫോർ പ്യൂപ്ൾ വിത്ത് ഡിസെബിലിറ്റീസ്' എന്ന പുതിയ കേന്ദ്രം കാസർഗോഡുള്ള മടിക്കൈ എന്ന സ്ഥലത്ത് 20 ഏക്കർ ഇടത്ത് പ്ലേൻ ചെയ്തിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷി കുട്ടികൾക്കും ഒരു തൂവൽസ്പർശമാവുക എന്നതാണ് ഉദ്ദേശ്യം. ഇനിയും ഒത്തിരി ദൂരം താണ്ടാനുണ്ട്. മാന്ത്രിക ലോകം ഉപേക്ഷിച്ചു മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കൊപ്പം ചേർന്നിട്ട് ഇപ്പോൾ രണ്ടു വർഷമാകുന്നു. 2024, ഏപ്രിൽ പത്തിന് എനിയ്ക്ക് 60 വയസ്സ് തികയും. ആതുരസേവനത്തിനാവട്ടെ ഇനിയുള്ള കാലം!


🟥 അനുഭവം ഗുരു 
കഴിഞ്ഞ കാലങ്ങളിൽ എൻ്റെ ചിന്തയിലുണ്ടായിരുന്നത് മേജിക്കിനെ സംബന്ധിച്ച കാര്യങ്ങൾ മാത്രമായിരുന്നു. അനുഭവങ്ങളെല്ലാം മേജിക് കേന്ദ്രീകൃതവുമായിരുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്നവർ സമൂഹത്തിൽ ഉണ്ടെന്നു അറിയാമായിരുന്നുവെങ്കിലും, അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ വളരെ വേദനാജനകമാണെന്നും, അത്തരം കുഞ്ഞുങ്ങളുള്ള മാതാപിതാക്കളുടെ വേവലാതികൾ വീർപ്പുമുട്ടിക്കുന്നതാണെന്നും അടുത്തറിഞ്ഞത് അവരോടൊപ്പം ജീവിക്കാൻ തുടങ്ങിയതിനു ശേഷം മാത്രമാണ്. അനുഭവം ഗുരു എന്നാണല്ലോ. മാനസിക വെല്ലുവിളി ഒരു രോഗമല്ല, മറിച്ച് ഒരു അവസ്ഥയാണ്. പഠനം, സംസാരം, ആശയവിനിമയം, ഇടപഴകുന്നവരുടെ വൈകാരിക മാറ്റങ്ങളോട് പ്രതികരിക്കൽ മുതലായവയിൽ വൈഭവം കാണിക്കാൻ കഴിയാത്ത ഒരു മാനസികാവസ്ഥ. ഇത്തരം ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരെക്കുറിച്ചു പഠിയ്ക്കാൻ ജെപ്പാൻ, ആസ്റ്റ്രേലിയ, യു.കെ, അമേരിക്ക മുതലായ രാജ്യങ്ങളിലേയ്ക്കു ഇപ്പോൾ ഞാൻ നിരന്തരം യാത്രകൾ ചെയ്തുകൊണ്ടിരിയ്ക്കുന്നു. ആ രാജ്യങ്ങൾക്കു ഓട്ടിസം (ദിവാസ്വപ്ന പ്രകൃതം), സെറിബ്രൽ പാൾസി (മാനസിക വിമന്ദനം) മുതലായ അവസ്ഥകളോടുള്ള കാഴ്ചപ്പാടുകളും, അവിടെയുള്ളവർ എനിയ്ക്കു കാണിച്ചു തരുന്ന ദൃശ്യങ്ങൾ നൽകുന്ന വലിയ അനുഭവങ്ങളും ഉൾക്കൊണ്ടുകൊണ്ടു, ഏറ്റവും ഉചിതമായ ചികിത്സാ സമീപനങ്ങൾ കാസർഗോഡ് ആരംഭിക്കുന്ന പുതിയ കേന്ദ്രത്തിൽ നടപ്പാക്കണമെന്നാണ് ആഗ്രഹം.


🟥 രണ്ടും രണ്ടാണ് 
മാന്ത്രിക ലോകത്ത് സജീവമായിരുന്നപ്പോൾ ജീവിതം വളരെ വർണാഭമായിരുന്നു. പുതിയ രാജ്യങ്ങൾ, സൗഹൃദങ്ങൾ, അവരോടൊപ്പമുള്ള വിനോദ സഞ്ചാരങ്ങൾ, സൽക്കാരങ്ങൾ, വേദികളിൽ നിന്നു വേദികളിലേയ്ക്കുള്ള യാത്രകൾ, സഞ്ചാരമധ്യേ വീണുകിട്ടാറുണ്ടായിരുന്ന രസകരമായ അനുഭവങ്ങൾ, കർട്ടൻ ഉയർന്നു അവതരണങ്ങൾ കൊടുംപിരികൊള്ളുമ്പോൾ സദസ്യരുടെ കണ്ണുകളിൽ വിരിയാറുള്ള വിസ്മയങ്ങൾ, നീണ്ടുനിൽക്കാറുള്ള കരഘോഷങ്ങൾ, അതിനു ശേഷം അവർക്കിടയിലൂടെ നടന്നു പോകുമ്പോൾ ലഭിയ്ക്കുന്ന ഊഷ്മളമായ ചേർത്തുപിടിക്കലുകൾ, ഉടനെയെത്തുന്ന ഫോട്ടോ സെഷനുകൾ! മുപ്പത് അംഗങ്ങൾ വരെ ഉണ്ടാകാറുള്ള ട്രൂപ്പിനകത്തെ ആഹ്ളാദങ്ങൾ, തമാശകൾ, പൊട്ടിച്ചിരികൾ. വീടുകളിലേയ്ക്കുള്ള ഷണം സ്വീകരിച്ചു ചെല്ലുമ്പോൾ കുട്ടികളുടെ അപേക്ഷ മാനിച്ചു കാണിച്ചുകൊടുക്കേണ്ടിവരുന്ന പൊടിക്കൈകൾ കണ്ടു നിർത്താതെ ചിരിക്കുന്ന കുടുംബ സദസ്സുകൾ. കൗതുകങ്ങളുടേയും, കീർത്തിയുടേയും, അംഗീകാരങ്ങളുടേയും, പുരസ്കാരങ്ങളുടേയും, ആഘോഷങ്ങളുടേയും പോസിറ്റീവ് ഊർജംകൊണ്ടു ഉജ്ജ്വലമായിത്തീർന്ന, വർണശബളമായിരുന്ന, ഏറ്റവും രസകരമായിരുന്ന 45 വർഷങ്ങൾ! എല്ലാം പോയ് മറഞ്ഞു. ഞാൻ ഇപ്പോൾ പൂർണമായും പുതിയൊരു ലോകത്താണ്. വെളുപ്പിൽ നിന്നു കറുപ്പിലേക്കോ, അല്ലെങ്കിൽ, കറുപ്പിൽനിന്നു വെളുപ്പിലേക്കോ മാറിയ ഒരു സ്ഥിതിവിശേഷം. കുട്ടികളുടെ അവസ്ഥകൾ, വേദനകൾ, അമ്മമാരുടെ തേങ്ങലുകൾ, രക്ഷിതാക്കളുടെ പരാതികൾ, സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടിവരുന്ന അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തലുകൾ... വല്ലാത്ത, വല്ലാത്ത ഒരു അന്തരീക്ഷത്തിലേയ്ക്കു ജീവിതം മാറിക്കഴിഞ്ഞു. മാന്ത്രികൻ്റേതൊരു മായാപ്രപഞ്ചമായിരുന്നു! ആതുരസേവനവും, ഭിന്നശേഷിക്കാർക്കു തുണയാകുന്നതും തീർച്ചയായും വിപരീത ധ്രുവത്തിലാണ്. ബ്ലേക്കും വൈറ്റും പോലെ, രണ്ടും രണ്ടാണ്!


🟥 സൗഭാഗ്യ യാത്രകൾ 
ഞാനിതിനു മുമ്പും സമൂഹ നന്മ ഉദ്ദേശിച്ചുകൊണ്ടുള്ള ദൗത്യങ്ങളിൽ പങ്കുചേർന്നിട്ടുണ്ട്. കേരളത്തിൻ്റെ സമ്പൂർണ സാക്ഷരതാ യത്നത്തിൻ്റെ ഭാഗമായി 1990-ൽ നടത്തിയ അവതരണങ്ങളാണ് ഞാൻ പങ്കെടുത്ത ആദ്യത്തെ ജനകീയ പരിപാടി. അക്ഷരം പഠിയ്ക്കാനും പഠിപ്പിയ്ക്കാനുമായി തയ്യാറാക്കിയ 'അക്ഷരജാലം' എന്ന മേജിക് ഷോ, സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചു സംസ്ഥാനതലത്തിൽ തന്നെ അരങ്ങേറപ്പെട്ടു. 2003-ൽ, കേരളം നടുങ്ങിയ മാറാടു കലാപത്തിൻ്റെ തീ കെടുത്തി പ്രദേശത്തു സമാധാനം പുനഃസ്ഥാപിക്കാൻ അനുരഞ്ജന സന്ദേശമുള്ള മേജിക് ഷോയുമായി അവിടെ പോയിരുന്നു. കൂടാതെ, മദ്യത്തിനും, മയക്കുമരുന്നിനും, അന്ധവിശ്വാസങ്ങൾക്കുമെതിരെ പലതരം ഷോകൾ തയ്യാറാക്കി നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും അവിസ്മരണീയമായവയാണ് ഇന്നും അഭിമാനം തോന്നുന്ന നാലു ഭാരതയാത്രകൾ -- കന്യാകുമാരി മുതൽ കാശ്മീർ വരെ, കാശ്മീർ മുതൽ കന്യാകുമാരി വരെ! വിസ്മയ ഭാരത യാത്ര (2002), ഗാന്ധി മന്ത്ര (2005), വിസ്മയ സ്വരാജ് യാത്ര (2007), മിഷൻ ഇന്ത്യ (2010) എന്നിവ. ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ, പട്ടണങ്ങളിലൂടെ, കഷ്ടപ്പാടുകളിലൂടെ, സമ്പന്നതയിലൂടെ, അപാരമായ സംസ്കാരങ്ങളിലൂടെ നടത്തിയ യാത്രകൾ. ഇരുപത്തിയഞ്ചംഗ സംഘത്തോടൊപ്പം ഓരോ മേജിക് അവതരണ യാത്രയും നാലു മാസം നീണ്ടുനിന്നു. ഇത്തരമൊരു സൗഭാഗ്യം രാജ്യത്ത് മറ്റൊരു കലാകാരനും ലഭിച്ചുകാണില്ല!


🟥 ഉള്ളിൽ പോറലിട്ട സംഭവം 
ജാലവിദ്യാ കാലയളവിൽ അനുഭവങ്ങളുടെ പരമ്പരകളായിരുന്നു. സന്തോഷത്തിൻ്റെയും, ദുഃഖത്തിൻ്റെയും, അപ്രതീക്ഷിത സംഭവങ്ങളുടേയും തുടർച്ചകൾ. ഒരിയ്ക്കൽ പാലക്കാട്ടൊരു പരിപാടിയ്ക്കു പോയി. ടൗൺ ഹാളിൽവച്ചായിരുന്നു ഷോ. പോളിയോ ബാധിച്ചു, ഊന്നുവടി കുത്തി വരുന്നൊരു കുട്ടിയെ ആ വടിയുടെ മേൽ തന്നെ നിർത്തുകയും, അൽപ സമയത്തിനു ശേഷം താഴെ ഇറങ്ങുപ്പോൾ കാലുകൾക്ക് പൂർണ ആരോഗ്യം ലഭിച്ച കുട്ടി വടിയുടെ സഹായമില്ലാതെ നടന്നു പോകുന്നതുമായിരുന്നു മേജിക്കിൻ്റെ പ്രമേയം! പരിപാടി കഴിഞ്ഞു ഹോട്ടലിൽ എത്തിയപ്പോൾ, അവിടെ എന്നെ കാത്തു രണ്ടുപേർ ഇരിപ്പുണ്ടായിരുന്നു. ദീർഘനേരമായി അവർ എന്നെ പ്രതീക്ഷിച്ചിരിക്കുകയാണെന്നു റെസെപ്ഷനിലുള്ളവർ അറിയിച്ചു. പോളിയോ പിടിപെട്ടു ചലനശേഷി നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ മാതാപിതാക്കളാണ് തങ്ങളെന്നു സന്ദർശകർ സ്വയം പരിചയപ്പെടുത്തി. തങ്ങളുടെ മകളെ ഒരു നിമിഷം ഒന്നു നടത്തിക്കാണിക്കുമോയെന്ന് ദയനീയ സ്വരത്തിൽ അവർ അപേക്ഷിച്ചു. സ്റ്റേജിൽ കണ്ടതു മേജിക്കാണ്, യഥാർത്ഥ്യമൊന്നുമല്ലെന്നു ഞാൻ ഓർമിപ്പിച്ചപ്പോൾ, അവർ പറഞ്ഞു, "മേജിക്കാണെന്ന് അറിയാം, സാർ. അസുഖം ഭേദമാക്കുകയൊന്നും വേണ്ട, മോൾക്കു നടക്കുവാൻ കഴിയുന്നുവെന്ന ഒരു ഫീൽ മാത്രം ഞങ്ങൾക്ക് ഉണ്ടാക്കിത്തന്നാൽ മതി. അവൾ ഇത്തിരി നേരം നടന്നു കാണാൻ അത്രയ്ക്കു മോഹമാണ്..." നിസ്സഹായരായ ആ അച്ഛൻ്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാൻ ആകെ സ്തബ്ധനായിപ്പോയി! സാധാരണ മനുഷ്യരെ മേജിക് എത്രത്തോളം സ്വാധീനിക്കുന്നുവെന്നതിൻ്റെ സാക്ഷ്യപത്രമായി, ഉള്ളിൽ പോറലിട്ട ഈ സംഭവം, ഞാൻ എന്നും ഓർക്കാറുണ്ട്.


🟥 പ്രചോദന പ്രഭാഷണങ്ങൾ 
വാക്കുകളാണ് സൃഷ്ടിയുടെ താക്കോൽ എന്നാണല്ലൊ! ശ്രോതാക്കളിൽ കുറച്ചെങ്കിലും മാറ്റമുണ്ടാക്കാൻ പ്രചോദന പ്രഭാഷണങ്ങൾക്കു കഴിയുമെന്നു ഞാൻ കരുതുന്നു. അതു ശരിയെന്നു വിശ്വസിക്കാൻ എനിയ്ക്കു കുറേ അനുഭവങ്ങളുമുണ്ട്. സോഷ്യൽ മീഡിയയിലെ എൻ്റെ പ്രഭാഷണം കേട്ടതിനാലാണ് ആത്മഹത്യയിൽ നിന്നു പിൻതിരിഞ്ഞതെന്ന് ഒരു പരിപാടിക്കിടയിൽ, കുഞ്ഞിനെ എടുത്തുകൊണ്ടെത്തിയ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ഏറെ വൈറലായി മാറി ആ വിഡിയോ! സമാനമായ ധാരാളം സംഭവങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ചിലയിടങ്ങളിൽ ചെല്ലുമ്പോൾ പ്രചോദിപ്പിച്ച ചില വാക്കുകളെ എടുത്തുപറഞ്ഞുകൊണ്ടു സഹൃദയർ ഗാഢമായി ആശ്ലേഷിക്കുന്നു. പ്രതികരണങ്ങൾ പ്രോത്സാഹനമാണ്! അതിനാൽ വാക്കുകളെക്കൊണ്ടു പ്രകടിപ്പിക്കാൻ കഴിയുന്ന വിഷയങ്ങളൊക്കെ പ്രഭാഷണ രൂപത്തിൽ ഞാ൯ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. കഥകൾ പറയാൻ എനിക്കിഷ്ടമാണ്. നല്ലൊരു കഥ ശ്രദ്ധയിൽപെട്ടാൽ, അതിനെ ഒരു വിഷയവുമായി ബന്ധപ്പെടുത്തി സംസാരിക്കാറാണ് പതിവ്. വായനയിലൂടെയാണ് പറയാൻ ഇഷ്ടപ്പെടുന്ന പോയൻ്റുകളും, വിഷയങ്ങളും, കഥകളുമെല്ലാം ലഭിയ്ക്കുന്നത്. സ്റ്റേജിലാണെങ്കിൽ, ആ ചുറ്റുപാടുകളോടു അനുബന്ധിച്ചുള്ള ഒരു വിഷയം അവിടെ എത്തിയതിനു ശേഷം കണ്ടെത്തിയാണ് സംസാരിക്കുന്നത്. അപ്പപ്പോൾ മനസ്സിൽ വരുന്നതു പറയാനാണെനിക്കിഷ്ടം. നല്ല ഭാഷയോട് എനിയ്ക്കു പ്രിയമാണ്. അക്ഷരങ്ങൾ സ്ഫുടതയോടെ ഉച്ചരിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കാറുണ്ട്. മുൻകാലങ്ങളിൽ ഉച്ചാരണരീതി പരിശീലിച്ചിരുന്നു. ഇത്രയുമല്ലാതെ, പ്രഭാഷണ പാടവമൊന്നും പ്രത്യേകിച്ചു വളർത്തിയെടുത്തിട്ടില്ല.


🟥 എൻ്റെ സ്വപ്നം 
ഭിന്നശേഷി മേഖലയിലെ ഒരു സമൂല മാറ്റമാണ് എൻ്റെ സ്വപ്നം. ജെപ്പാൻ, യു.കെ, ഓസ്ട്രേലിയ മുതലായ രാജ്യങ്ങളൊക്കെ അംഗപരിമിതർക്കു വേണ്ടി മാതൃകാപരമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. സമൂഹവും സർക്കാരും വളരെ വാത്സല്യത്തോടെയാണ് അവരെ ചേർത്തുപിടിയ്ക്കുന്നത്. ഓട്ടിസവും, ജന്മനാലുള്ള അംഗപരിമിതിയും, സംസാരശേഷിയില്ലായ്മയും, അന്ധതയും, ബധിരതയും മറ്റും സ്വയം ചെയ്ത ഒരു തെറ്റുകൊണ്ട് ആർക്കും വന്നുചേരുന്നതല്ല. ആയതിനാൽ അവർക്കൊരു പിന്തുണയാവുക എന്നതാണ് നമ്മുടെ കടമ. എൻ്റെ ചിന്തയിൽ ഒരിക്കലും വരാത്തൊരു ചുവടുവയ്പാണ് ജെപ്പാനിൽ കണ്ടത്. ഇതുപോലെയുള്ള നവീനമായ ആശയങ്ങൾ അവർക്കെങ്ങനെ ലഭിയ്ക്കുന്നു എന്നോർത്തു ഞാൻ ശരിയ്ക്കും അതിശയിച്ചുപോയി. ജെപ്പാൻ്റെ തലസ്ഥാനമായ ടോക്കിയോ നഗരത്തിൽ മൾട്ടിപ്പ്ൾ ഡിസെബിലിറ്റിയും മറ്റും ബാധിച്ച കിടപ്പുരോഗികൾ ഒരു റസ്റ്റോറൻ്റ് നടത്തുന്നു! കസ്റ്റമേഴ്സിൽ നിന്നു ഓർഡർ എടുക്കുക, അവർക്കുവേണ്ട ഭക്ഷണം വിളമ്പുക മുതലായ എല്ലാ ജോലികളും ചെയ്യുന്നത് റോബോട്ടുകളാണ്. എന്നാൽ, കിലോമീറ്ററുകൾ ദൂരത്തുള്ള ഏതൊക്കെയോ ഗ്രാമങ്ങളിലെ ഭവനങ്ങളിൽ നിന്നു ഈ റോബോട്ടുകളെ നിയന്ത്രിക്കുന്നത് കിടപ്പുരോഗികൾ. അവരെയാണ് പതിവുകാർ കാണുന്നതും, അവരോടാണ് സംസാരിയ്ക്കുന്നതുമെല്ലാം. റസ്റ്റോറൻ്റിൽ നിന്നുള്ള വരുമാനത്തിൻ്റെ കൃത്യമായ വിഹിതം കിടപ്പുരോഗികൾക്കു നൽകുകയും ചെയ്യുന്നു. വ്യക്തമായും ഇതൊരു പുതുപുത്തൻ സംവിധാനം!


ഭിന്നശേഷിക്കാരുടെ വികസനാർത്ഥം ലോകരാഷ്ട്രങ്ങൾ പ്രാബല്യത്തിൽ വരുത്തികൊണ്ടിരിക്കുന്ന നവീനമായ പദ്ധതികൾ അവിടങ്ങളിൽ പോയി നേരിൽ കണ്ടു മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ് ഞാൻ. ഇത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിലും ചെയ്തുകാണിക്കുക എന്നതാണെൻ്റെ മോഹം. കാസർഗോഡു തുടങ്ങുന്ന പുതിയ കേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്കു അനുഗ്രഹമായിത്തീരുന്ന നിരവധി സംഗതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഉറങ്ങുന്നതൊഴിച്ചു ബാക്കി സമയമെല്ലാം അതിനുവേണ്ടി ചെലവഴിച്ചുകൊണ്ടിരിക്കുന്നു.


🟥 അതിശയം ഈ ജീവിതം 
പ്രതിഫലം സ്വീകരിച്ചുകൊണ്ടുള്ള ജാലവിദ്യകൾ ഉപേക്ഷിച്ചുവെങ്കിലും, 'ലൈഫ് ഈസ് എ ബ്യൂട്ടിഫുൾ മാജിക്' എന്നു ഞാൻ ഇന്നും വിശ്വസിക്കുന്നു. കാരണം, ഒറ്റ ജീവിതമാണ്. കോടാനുകോടി വർഷങ്ങൾക്കിടയിൽ നാം ഈ ഭൂമിയിൽ വന്നു പോകുന്നു! ജീവിതത്തെ സുന്ദരമായി കാണാൻ കഴിഞ്ഞില്ലെങ്കിൽ, അത് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിയ്ക്കും. ഇപ്പോൾ, ഇവിടെ, ഈ നിമിഷം സന്തോഷത്തോടു കൂടി ജീവിയ്ക്കുകയെന്നു ഓർമപ്പെടുത്തുകയാണ് ഈ ആപ്തവാക്യം. നിരവധി വിസ്മയങ്ങൾ ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്നു. അപ്രതീക്ഷിതമായ കാര്യങ്ങൾ, കാഴ്ചകൾ, കണ്ടുമുട്ടലുകൾ, അറിവുകൾ... സംശയമില്ല, ലൈഫ് ഈസ് എ ബ്യൂട്ടിഫുൾ മാജിക്! 
----------------------------- 

ഗോപിനാഥ് മുതുകാട്: ജീവിതമെന്ന മാജിക്! (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക