മാനത്ത് മഴവില്ല്
കുട്ടി ആഹ്ലാദിച്ചു....
ഏഴു സ്വപ്നങ്ങൾ നിറച്ച്
കുട്ടിയുടെ മനസപ്പാടെ
മഴവില്ല് കവർന്നു.
മഴയും വെയിലും
കുസൃതി കാട്ടുമ്പോൾ
ആകാശം
മലഞ്ചെരുവിലിരുന്ന്
പുഞ്ചിരിച്ചപ്പോഴാണ്
മഴവില്ല്
വിരിഞ്ഞതെന്നും
കണ്ടാനന്ദിച്ച്
മതിയാകും മുമ്പേ
അത് മായുമെന്നും
കുട്ടിക്കറിയില്ലായിരുന്നു.
മഴവില്ല് മാഞ്ഞ
ആകാശം നോക്കി
കുട്ടി സങ്കടപ്പെട്ടു.
പുതിയതൊന്ന്
തെളിയുവാൻ
ഇനിയൊരു മഴക്കും
മഴക്ക് പിമ്പേ
വരുന്ന വെയിലിനും
വേണ്ടി കാത്തിരുന്നു.
മഴ വന്നു
കുട്ടിയെ നനച്ചു.
വെയിൽ വന്നു
കുട്ടിയെ പൊള്ളിച്ചു.
ഉള്ളിലൊളിപ്പിച്ച
വർണ്ണങ്ങൾ
പുറത്തെടുക്കാതെ
മഴയും വെയിലും
വന്നും പോയുമിരുന്നു.
കുട്ടിയും
ഉള്ളിൽ നിറച്ച സ്വപ്നങ്ങളും
കാത്തിരുന്നു.....
കുന്നിൻ ചെരുവിലെ
ആകാശം പോലെ
വെളുത്തും ഇരുണ്ടും
പിന്നെ ചുവന്നും
അവിടെയങ്ങനെ....