"അല്പസമയത്തിനുള്ളിൽ ഡെൽറ്റ എയർലൈൻസ് 118 ലോസ്ആഞ്ചലസ് ഇൻറ്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതാണ്" പൈലറ്റിൻറ്റെ അറിയിപ്പ് കേട്ടാണ് സമാന്ത സ്വപ്നത്തിൽ നിന്നുണരുന്നത് . “ Mam, Can you please buckle up? “ ആ ചോദ്യം വീണ്ടും പരിസരബോധം ഉളവാക്കി .പഞ്ഞിക്കെട്ടുകൾ പോലെ മേഘങ്ങൾ.തമോവൃതമായ ആകാശത്തട്ടനിടയിലൂടെ അമ്മയുടെ മുഖം തെളിയുന്നതും പോലെ .സമാന്ത മേഘങ്ങളെ നോക്കിയിരുന്ന ചിത്രകഥകൾ വരയ്ക്കുമായിരുന്നു . മേഘങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നത് ,കൊടുങ്കാറ്റ് സൃഷ്ടിക്കാതെ ജീവിതത്തിന് മഴവിൽ നിറങ്ങൾ നൽകാനാണ് എന്ന് സാമന്ത വിശ്വസിച്ചിരുന്നു. ആഷാഢമേഘങ്ങൾക്കിടയിലൂടെ വിമാനം താഴേക്ക് ചരിഞ്ഞു ഇറങ്ങുമ്പോൾ അവൾ കാർമേഘങ്ങൾ നിറഞ്ഞ കുട്ടിക്കാലത്തെ കുറിച്ച് ഓർത്ത് പോയി. വീണ്ടും വീണ്ടും ഓർമിക്കുവാൻ നല്ല ഓർമ്മകൾ ആയിരുന്നില്ല ഓർമ്മകൾ ഹൃദയത്തിൻറ്റെ കാലാതീതമായ നിധികളാണ്
എങ്കിലും സാമന്തയുടെ ഇന്നിന് അതെ അനുഭവങ്ങൾ നിറമേകി, ജീവനേകി, ഫീനിക്സ് പക്ഷിയെ പോലെ ചിറകുകൾ നൽകി . അമ്മയുടെ ഗർഭപാത്രത്തിൽ കഴിയുമ്പോഴേ മദ്യം തലച്ചോറിൻറ്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയിരുന്നു .സാധാരണ കുട്ടികളെ അപേക്ഷിച്ച് തലച്ചോറിലെ കോശങ്ങൾ പ്രവർത്തിച്ചിരുന്നില്ല എങ്കിലും അക്ഷരങ്ങളും സംഖ്യകളും അവളിൽ മാറ്റങ്ങൾ സൃഷ്ടിച്ചു .കഥകൾ അവൾക്ക് പ്രിയപ്പെട്ടവയായിരുന്നു . പുസ്തകങ്ങളിലെ ചിത്രങ്ങൾ ,ചിത്രകഥകൾ ആയിരുന്നു അവളെ കൂടുതൽ ആകർഷിച്ചിരുന്നത് .
സാമന്തയുടെ അമ്മ ഒരു വെഡിങ് പ്ലാനർ ആയിരുന്നു. രണ്ടു പെൺമക്കളെ നന്നായി വളർത്തുവാൻ അവർ പരിശ്രമിക്കുന്നുണ്ടായിരുന്നു.മദ്യപാന ശീലം മാറ്റുവാൻ ശ്രമം നടത്തുന്നുവെങ്കിലും ചിലപ്പോഴൊക്കെ നിയന്ത്രിക്കുവാൻ പറ്റിയിരുന്നില്ല . സാമന്തയെ ഗർഭിണിയായിരുന്നപ്പോൾ മദ്യപാനം അമിതമായി എന്ന പേരിലാണ് ഭർത്താവ് ഉപേക്ഷിച്ച് എന്ന് പറയപ്പെടുന്നു.ജീവിതം ഒരു വിധത്തിൽ പോരാടി അവർ മുൻപോട്ടു പോകുമ്പോൾ ആയിരുന്നു കോവിഡ് എന്ന മഹാമാരിയുടെ രൂപത്തിൽ ജീവിതനൗക ആടിയുലഞ്ഞത് . അവരുടെ വരുമാനം കുറഞ്ഞു, ബിസിനസ് തകർന്നു. സാമന്തയുടെ അമ്മ ക്രിസ്റ്റിൻ നിരാശയിലേക്ക് ആഴ്ന്നുപോയി. കൊച്ചുകുട്ടിയെങ്കിലും അമ്മയുടെ നിരാശ അവൾക്കു മനസ്സിലായി. നോട്ടത്തിലൂടെ മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള കഴിവ് ദൈവം അവൾക്കു നൽകിയിരുന്നു .അവൾ എപ്പോഴും അമ്മയുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു.
ക്രിസ്തുമസ് അടുത്തുവരുന്നു കുട്ടികൾക്ക് എന്തെങ്കിലും വാങ്ങണം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും കുട്ടികൾ സാന്താക്ലോസിനു എഴുതിയ കത്തിൽ പറഞ്ഞിരുന്ന കുറച്ച് സമ്മാനങ്ങൾ വാങ്ങുവാൻ തീരുമാനിച്ചു . പിറ്റേന്ന് രാവിലെ ടാർഗറ്റ്ൽ പോയി സമ്മാനങ്ങൾ വാങ്ങി ഇറങ്ങി .കുട്ടികളെ അമ്മയെ ഏല്പിച്ചിട്ടാണ് പോയത് . സമ്മാനങ്ങൾ ബാഗിലാക്കി കാറിൻറ്റെ ട്രങ്കിൽ വെച്ചു .ക്രിസ്മസ് രാത്രിയിൽ ട്രീയുടെ കീഴിൽ സാന്താക്ലോസ് കൊണ്ടുവച്ച് എന്ന് ധരിപ്പിക്കണം , ഇവയെല്ലാം മനോമുകുരത്തിൽ ചിന്തിച്ച് ക്രിസ്റ്റിൻ തിരിച്ചു വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു അപ്പോഴാണ് സാമന്ത കേക്ക് ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞത് .കടയിൽ കയറി കേക്കിനുള്ള കൂട്ടുകൾ വാങ്ങി. നല്ല തലവേദനയും ചുമയും ഉണ്ടായിരുന്നു രാത്രിയായപ്പോൾ ചെറിയ പനിയും. പിറ്റേന്ന് രാവിലെ ഡിസംബർ 22ന് മരുന്നുകൾ കഴിച്ചു, പനി വകവെയ്ക്കാതെ , കേക്കുണ്ടാക്കാൻ ആരംഭിച്ചു. പെൺകുട്ടികൾ രണ്ടും സഹായിക്കുന്നുണ്ട് എന്തോ ഒരു വല്ലായ്മ .എങ്കിലും കേക്ക് ഓവനിൽ വെച്ചതിനുശേഷം ഐസിങ് നോക്കിയപ്പോൾ തികയില്ല സമാന്തയ്ക ക്രിസ്തുമസ്സിന്റ്റെ നിറങ്ങളായ ചുവപ്പും പച്ചയിലും ബട്ടർ ഐസിങ് വേണമെന്ന് ഒരേ നിർബന്ധം . സാമന്ത ഒരു വാശിക്കാരി ആയിരുന്നില്ല . മൂത്തമകൾ ഒരു സുഹൃത്തിൻറ്റെ ബർത്ത് ഡേ പാർട്ടി പോകുവാനൊരുങ്ങുന്നു. ക്രിസ്ത്യൻ സമാന്തയെയും കൊണ്ട് കടയിൽ പോയി . കോവിഡ് ഒന്ന് ടെസ്റ്റ് ചെയ്താലോ എന്ന് ചിന്തിക്കാതിരുന്നില്ല .കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറത്തിറങ്ങി തിരിച്ചു കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു വരുംപ്പോൾ സാമന്തയുടെ ഇഷ്ടഗാനമായ "ലെറ്റ് ഇറ്റ് ഗോ " കേട്ട് അമ്മയോടെപ്പം ചിരിച്ചു കളിച്ചു കാറിൽ വരുന്നതും ഒരു ട്രക്ക് അതിവേഗം എതിർദിശയിൽ വരുന്നതും മാത്രമേ സാമന്ത ഓർമിക്കുന്നുള്ളൂ . എന്ത് സംഭവിച്ചു എന്ന് ഇപ്പോഴുംഅവൾക്കു അറിയില്ല.
വീണ്ടും കണ്ണുതുറക്കുമ്പോൾ അവൾ ആശുപത്രിയിലാണ് .അമ്മയെ തിരഞ്ഞു .അവിടെയെങ്ങും കാണുന്നില്ല. മുത്തശ്ശിയും നഴ്സുമാരും 'അമ്മ ICU വിൽ എന്ന് പറഞ്ഞു. സാമന്ത പലതും ഓർക്കാൻ ശ്രമിച്ചിട്ടും ചില ഓർമകൾ തലച്ചോറിൽനിന്നു മാഞ്ഞുപോയി . തൻറ്റെ തലച്ചോറിനും , ഓർമകൾക്കും,ജീവിതത്തിനും എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു എന്ന് സമാന്ത മനസ്സിലാക്കിയിരുന്നു . അവളുടെ മുത്തശ്ശിയോടും അമ്മാവൻ മാരോടും ഡോക്ടർമാർ പറയുന്നത് അവൾ കേൾക്കുന്നുണ്ട് .ആശുപത്രി മുറിക്കുള്ളിലെ ചില എഴുത്തുകൾ അവൾ ശ്രദ്ധിച്ചു .'അമ്മ എവിടെയാവും കിടക്കുന്നതു എന്ന ആകാംഷയോടു ശ്രദ്ധിച്ചതാണ് .ചില അക്ഷരങ്ങൾ, അക്കങ്ങൾ അവള്ക്ക് മനസ്സിലാകുന്നില്ല. ആറു വയസ്സുള്ള സാമന്ത ഇവയൊക്കെ പഠിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുവെങ്കിലും എന്തോ ഒരു മങ്ങൽ പോലെ .
ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ അവൾ തൻറ്റെ ഭവനത്തിലെ ചില മാറ്റങ്ങൾ ശ്രദ്ധിച്ചു .അമ്മയുടെ ചിത്രം, പുഷ്പങ്ങൾ എന്നിവയൊക്കെ കണ്ടു ആ കുഞ്ഞു മനസ്സ് പിടഞ്ഞു . അവൾക്ക് നല്ല നിരീക്ഷണപാടവം ഉണ്ടായിരുന്നു .അവൾ ആ ദുഃഖ സത്യം മനസ്സിലാക്കി, അമ്മ ഈ ലോകത്തോട് വിടപറഞ്ഞു .അതൊരു കാർ അപകടം ആയിരുന്നു .ആ അപകടത്തിൽ അമ്മയുടെ സ്നേഹം നിലച്ചതിനൊപ്പം ,അവളുടെ തലച്ചോറിൻറ്റെ ചില കോശങ്ങളുടെ പ്രവർത്തനവും നിലച്ചു. Diffuse axonal injury മസ്തിഷ്കത്തിൻ്റെ നീളമുള്ള ബന്ധിപ്പിക്കുന്ന നാഡി നാരുകളുടെ (ആക്‌സോണുകൾ) കീറൽ ആണ്. ഡിഫ്യൂസ് ആക്‌സോണൽ പരിക്ക്, ഇത് തലച്ചോറു , തലയോട്ടിക്കുള്ളിൽ മാറുകയും കറങ്ങുകയും ചെയ്യുമ്പോൾ തലച്ചോറിന് പരിക്കേൽക്കുമ്പോൾ സംഭവിക്കുന്നു. തലച്ചോറും സാധാരണ പ്രവർത്തിക്കുകയില്ല. കുഞ്ഞു സാമന്തയുടെ ജീവിതം അക്ഷരാർത്ഥത്തിൽ മാറിമറിഞ്ഞു. അക്ഷരങ്ങളും. അക്കങ്ങളും, ചിഹ്നങ്ങളും ഒക്കെ തലച്ചോറിൽ നിന്നും മായപ്പെട്ടെങ്കിലും , അമ്മയെ കുറിച്ചുള്ള ഓർമ്മകൾ മാഞ്ഞുപോയില്ല.ഒരു മനുഷ്യൻ ഓർമ്മയിൽ മാത്രം ഉൾപ്പെടുന്നില്ല.അവനു വികാരം,ഇച്ഛാശക്തി ,സംവേദനക്ഷമത ,ധാർമികത,ഇവയെല്ലാം ഹൃദയത്തിൽ കുടിയേറിയിട്ടുണ്ട് .അവളിൽ ഇവയെല്ലാം സ്നേഹമായി ഹൃദയത്തിൻറ്റെ ആഴമേറിയ ഉള്ളിൽ പതിഞ്ഞിരുന്നു.
സാമന്ത തൻറ്റെ മുറിയിലുള്ള അലമാരയിൽ നോക്കുമ്പോൾ താൻ സാന്താക്ലോസിനെ അയച്ച കത്തിൽ പറഞ്ഞിരുന്നു കളിപ്പാട്ടങ്ങൾ, ചായക്കൂട്ടുകൾ, ഫ്രോസൺ എന്ന സിനിമയിലെ എൽസയുടെ ചിത്രമുള്ള ഉടുപ്പ് എല്ലാമുണ്ടായിരുന്നു .ഇവയെല്ലാം അപകടത്തിൽ പെട്ട അമ്മയുടെ കാറിൽ അമ്മ വെച്ചിരുന്നു എന്ന മുത്തശ്ശി പിന്നീട് പറയുന്നത് കേട്ടു. അവൾ പൊട്ടിക്കരഞ്ഞു. സ്വർഗ്ഗത്തിന് സന്ദർശന സമയം ഉണ്ടായിരുന്നു എങ്കിൽ എനിക്ക് പോയി അമ്മയെ കാണാമായിരുന്നു എന്ന സാമന്ത ആഗ്രഹിച്ചു . ഒരു വർഷം കുട്ടികൾ അമ്മാവനോടൊപ്പം മുത്തശ്ശിക്കൊപ്പം നിന്നു .അവർക്കും ബുദ്ധിമുട്ടുകൾ ആയി. അമ്മാവൻ ഫ്രെഡി പോലീസ് സഹായത്തോടെ കുട്ടികളുടെ പിതാവിൻറ്റെ ഫോൺ നമ്പർ കണ്ടെത്തി .
ക്രിസ്റ്റിൻറ്റെ മരണവും, സാമന്തയുടെ അവസ്ഥയും ഉൾപ്പെടെ ഫ്രഡി പിതാവിനെ കാര്യം ധരിപ്പിച്ചു. കുട്ടികളെ ഏറ്റെടുത്തില്ലെങ്കിൽ അനാഥാലയത്തിൽ നിർത്തുകയെ വഴിയുള്ളു എന്ന് സൂചിപ്പിച്ചു. അദ്ദേഹം വന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി .സമാന്തയുടെയും സഹോദരിയുടെയും ജീവിതത്തിന് പുതിയ വഴിത്തിരിവുണ്ടാക്കിയത് അവരുടെ പുതിയ സ്കൂളും അധ്യാപകരും ആയിരുന്നു. സാമന്ത തൻറ്റെ സഹപാഠികളിൽ നിന്നും വളരെ വ്യത്യസ്‌തയായിരുന്നു . കാരണം അവളുടെ തലച്ചോറിൻറെ പ്രവർത്തനങ്ങൾ വളരെ വിചിത്രമായിരുന്നു. ചില അക്ഷരങ്ങളും, അക്കങ്ങളും ,അവരുടെ തലച്ചോറിൽ ഇല്ല .പക്ഷെ കഥകൾ സൃഷ്ടിക്കുവാനും , കഥകൾ ശ്രവിക്കുവാനും ,കഥകൾ ചിത്രങ്ങളിലൂടെ ആവിഷ്കരിക്കാനും വിവരണാതീതമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. അവളുടെ അധ്യാപകർ അക്കങ്ങളും, അക്ഷരങ്ങളും കഥകളിലൂടെയും, ചിത്രങ്ങളിലൂടെയും അവളുടെ മസ്തിഷ്കത്തിലെ നിഷ്പ്രഭമായ സ്‌മൃതിപഥത്തെ ഉത്തേജിപ്പിച്ചു . മൂന്ന് അധ്യാപികമാർ ആയിരുന്നു അവൾക്ക് പ്രിയപ്പെട്ടവർ. മിസ്സ് ഐമി, മിസ് മരിയ ,മിസ്സ് പമേല . ക്വാർട്ടർ (25 അമേരിക്കൻ നാണയം ), നിക്കൽ (5 അമേരിക്കൻ നാണയം) എന്നീ നാണയങ്ങൾ അവളുടെ തലച്ചോറിൽ പതിപ്പിക്കുവാൻ അവർ ആരും പരീക്ഷിക്കാത്ത തന്ത്രങ്ങൾ മെനഞ്ഞു .ചിലതൊക്കെ പ്രായോഗികമാക്കി . അങ്ങനെ ചിത്രങ്ങളിലൂടെ കഥകൾ മെനഞ്ഞ്, കവിതകൾ സൃഷ്ടിച്ചു , ശാസ്ത്ര വും ,കണക്കും അവളിൽ ഹൃദ്യസ്ഥമാക്കി .എങ്കിലും ചില അക്ഷരങ്ങൾ അവളുടെ തലച്ചോറിൽ പതിഞ്ഞില്ല .ആ കോശങ്ങളിൽ എല്ലാം അവളുടെ അമ്മയുടെ ഓർമ്മകൾ മാത്രം . അവ മറ്റൊന്നുകൊണ്ടും മായ്ക്കുവാൻ അവളുടെ ഹൃദയം തയ്യാറായില്ല .തലച്ചോറും ഹൃദയവും മത്സരിക്കുന്നത് പോലെ .അവൾക്ക് ചുറ്റുമുള്ള രാത്രികളിൽ അവൾ അമ്മയെ കുറിച്ച് ഓർത്തു. കടൽ കാണുമ്പോൾ ഓർമ്മകളുടെ നദി അതിൻറ്റെ ശാഠ്യമായ വിലാപം കടലുമായി കലർത്തി.
ബാല്യത്തിലെ ഓർമ്മകൾ മൂടൽമഞ്ഞു പോലെ മനതാരിൽ കാണാൻ പറ്റുന്നുള്ളൂ. അവളുടെ ആത്മാവ് മുറിവേറ്റു പല ഓർമ്മകളും അസ്തമിച്ചു. ആഗ്രഹങ്ങൾ മുറുകെപ്പിടിച്ച് ഓർമ്മകൾ സ്തംഭിച്ചു .എല്ലാം പ്രതീക്ഷകളും അവളിൽ അസ്തമിച്ചിരുന്നു . മറവിയുടെ കരാളഹസ്തങ്ങൾ അവളെ പിന്നിലേക്ക് വലിച്ചിഴച്ചപ്പോൾ ,ചിത്രങ്ങളിലൂടെ, ശബ്ദങ്ങളിലൂടെ ,വിവരണങ്ങളിലൂടെ,വര്ണങ്ങളിലൂടെ അമ്മയുടെ ഓർമ്മകൾക്കൊപ്പം അധ്യാപികമാർ അവളുടെ ആഗ്രഹത്തിന് അപ്പുറം നടത്തി .വർഷങ്ങൾക്ക് ശേഷം ഗ്രാഫിക് നോവലുകളുടെ പുലിസ്റ്റർ അവാർഡ് ,ഹ്യൂഗോ അവാർഡ് ഒക്കെ വാങ്ങി കൂട്ടുമ്പോൾ ഈ അധ്യാപികമാരോട് അവൾ മനസ്സിൽ നന്ദി പറഞ്ഞിരുന്നു.
ഇന്ന് ചലച്ചിത്രലോകത്തിലെ ഏറ്റവും വലിയ അംഗീകാരമായ ഓസ്കാർ അവാർഡ് നിശയിൽ പങ്കെടുക്കുവാൻ, ഹോളിവുഡിലെ ഡോൾബി തീയേറ്ററിലേക്ക് ഭർത്താവിനൊപ്പം സാമന്ത പോവുകയാണ്. ലോകത്തിലെ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരോടൊപ്പം നടന്ന തിയേറ്ററിൽ കയറി .അവാർഡനിശാ ആരംഭിച്ചു." ബെസ്റ്റ് ആനിമേഷൻ മൂവി" നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ തൻറ്റെ പേര് പ്രഖ്യാപിച്ച പ്പോൾ ഹൃദയം പെരുമ്പറ മുഴങ്ങി . അച്ഛനും, സഹോദരിക്കൊപ്പം പ്രിയപ്പെട്ട അധ്യാപികമാരെയും ക്ഷണിച്ചിരുന്നു .പെട്ടെന്ന് മിസ്സ് മരിയയുടെ വാക്കുകൾ ഓർമ്മവന്നു ". നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുക, വിശ്വസിക്കുക, നിങ്ങൾ ഇഷ്ടപ്പെടുന്നത് ചെയ്യുക, ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് നേടുവാനും മറ്റുള്ളവരാൽ താഴ്ത്തപ്പെട്ടാലും , നിങ്ങൾക്ക് ചിറകുകൾ വിരിക്കുവാൻ അവകാശമുണ്ടെന്നും സ്വയം വിശ്വസിക്കുക .നിങ്ങളുടെ ശക്തി അറിയുക. നിങ്ങളുടെ ഉള്ളിലെ പ്രകാശം കെടുത്തുവാൻ ആരെയും അനുവദിക്കരുത്." ഒരു നിമിഷം സാമന്തയ്‌ക്ക് സത്യമോ മിഥ്യയോ എന്ന് സന്ദേഹം.ഏറ്റവും മികച്ച അനിമേഷൻ ചിത്രത്തിൻറ്റെ കഥയ്ക്കുള്ള ഓസ്കാർ അവാർഡ് ,"സാമന്ത കിംഗ് " ശരിക്കും തലകറങ്ങുന്നതുപോലെ അവാർഡ് വാങ്ങി നന്ദിപ്രസംഗം പറയുവാൻ തുടങ്ങുപ്പോൾ അവൾ തൻറ്റെ അമ്മയെ ഓർമിച്ചു , തന്നെ ഈ നിലയിൽ എത്തിച്ച തൻറ്റെ അധ്യാപകർക്ക് നന്ദി പറഞ്ഞതിന് ശേഷം മിസ് മരിയ പ്രചോദനം നൽകുവാനായി പറഞ്ഞിരുന്ന ചില കാര്യങ്ങൾ സ്വീകാരപ്രസംഗത്തിൽ അവൾ കണ്ണുനീരോടെ സദസിനു മുൻപിൽ പറഞ്ഞു .” അവൾ കരുത്താണ് ,തളരില്ല അവൾ ശക്തിയാണ,സ്നേഹത്തിൻ സാഗരം അവൾ ,തിരമാലകളിൽ അവൾ പതറില്ല,വേലിയേറ്റങ്ങളിൽ തകരില്ല അവൾ
അവൾ തീക്ഷ്ണമാണ് ,ആരോഹണ അവരോഹണങ്ങൾ തീവ്രമെങ്കിലും.അവൾ ഓജസ്സിയാണ്,തമസ്സിൻറ്റെ മറവിൽ മിഴിനീരെങ്കിലും
വാസ്‌തവികമാം പുഞ്ചിരി ,ഭൂതകാലത്തെ അപാരതയിൽ
മഹനീയമാം ആത്മാവാണ് അവൾ, ശോകത്തിൻ കനലിൽ അന്യർക്കായി അവൾ നീഹാരമായി മായും പ്രതീക്ഷകൾക്ക് വർണ്ണമേകി
ജീവാത്മാവായിടും അവൾ, അവൾ സ്പുടം ചെയ്ത സ്വർണം …..
ആ ജ്യോതി നീയാണ്, നിന്നിലെ നീയാവുന്നു
നിൻ സ്വപ്നവും നിന്നിലെ അന്തരാത്മാവും
അവൾ ജ്യോതി ..തീക്ഷ്ണമാം ജ്യോതി.. തൻറ്റെ ഉള്ളിലെ തീക്ഷ്ണമായ ജ്യോതിയെ അണയാൻ അനുവദിക്കാതെ , തൻറ്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നല്കിയവർക്ക് നന്ദി പറഞ്ഞു, പ്രസംഗം അവസാനിപ്പിക്കുമ്പോൾ സദസ്സ് മുഴുവനും ആദരവോടെ എഴുന്നേറ്റുനിന്നു അവളെ വണങ്ങി.പലരുടെയും കണ്ണിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു
രാത്രി ഓസ്കാർ ഗവർണർ ബോളിനു ശേഷം( ഓസ്കാർ അവാർഡിന് ശേഷമുള്ള അത്താഴവിരുന്ന്) കടൽക്കരയിലെ ഹോട്ടൽ റൂമിലെ ബാൽക്കണിയിൽ നിന്ന് ആകാശത്തേക്ക് അവൾ നോക്കി .രണ്ട് ലാവൻഡർ (ഇളം വയലറ്റ് നിറം) നക്ഷത്രങ്ങൾ അവളെ നോക്കിമിന്നുന്ന പോലെ തോന്നി .അമ്മയുടെ മരണശേഷം, അമ്മയെ പോലെ അവളെ സ്നേഹിച്ചിരുന്ന അവളുടെ അമ്മയുടെ പ്രിയപ്പെട്ട നിറമായ ലാവൻഡറിനെ സ്നേഹിച്ചിരുന്ന മിസ് മരിയയായിരുന്നു . അവർ ഒരിക്കൽ പറയുകയുണ്ടായി,"അമ്മ നക്ഷത്രം പോലെയാണ് അവർ ഇരുട്ടിലൂടെ നമ്മെ വഴി നയിക്കും, നക്ഷത്രങ്ങളെ സ്നേഹിക്കുവാനും രാത്രി ആകാശത്തിൻറ്റെ സൗന്ദര്യത്തെ അഭിനന്ദിക്കാനും അവർ അവളെ പഠിപ്പിച്ചു. ഈ നിമിഷം അമ്മമാരുടെ സാന്നിധ്യം അവൾ അനുഭവിക്കുന്നു. നക്ഷത്ര സമൂഹങ്ങളിലെ ആൻഡ്രോമിഡയും കാസിയോപിയും ഗ്രീക്ക് മിത്തോളജിയിലെ രണ്ട് സുന്ദരിമാരായ അമ്മമാരുടെ പേരിൽ അറിയപ്പെടുന്നതുപോലെ അവൾക്ക് ജന്മം നൽകി, ഒരു ജന്മം മുഴുവൻ നൽകേണ്ട സ്നേഹവും വാത്സല്യവും ആറു വർഷങ്ങൾ നൽകി വിടപറഞ്ഞ സ്വന്തം അമ്മയും, അക്ഷരങ്ങളും വാക്കുകളും, ഓർമിക്കുവാൻ തലച്ചോർ വിസമ്മതിച്ചപ്പോൾ ചിത്രങ്ങളിലൂടെയും വർണങ്ങളിലൂടെയും അവളെ പഠിപ്പിക്കുവാൻ , പഠിക്കുന്നത് ഓർമ്മയിൽ നിലനിർത്തുവാനുള്ള മാർഗങ്ങൾ ഉറക്കമൊഴിച്ചിരുന്ന് ഗവേഷണം നടത്തിയിരുന്ന അപൂർവമായ ലാവൻഡർ നക്ഷത്രത്തെ പോലെ, നീഹാരം പോലെ അവളുടെ ജീവിതത്തിലേക്ക് എത്തിയ മിസ് മരിയേയും ഓർമിച്ചുകൊണ്ട്, കരയിലൂടെ ആത്മാവിനെ സ്വാന്തനപ്പെടുത്തികൊണ്ടു നക്ഷത്രങ്ങളെ നോക്കി ആ വെളിച്ചത്തിലൂടെ നടന്നു .
തീക്ഷ്ണമാം ജ്യോതി വീണ്ടും ഉള്ളിൽ കൂടുതൽ ജ്വലിച്ചു....