ഹൃദയാഴങ്ങളിൽ തൊട്ട് തൊടുന്ന
പ്രണയ ലഹരിയിലായിരുന്നു
അവളവന്റെ ചുംബനം കൊതിച്ചിരുന്നത്....
ഹൃദയ തന്ത്രിയിലാരോ മീട്ടും
വീണ പോലെ
അവനവളിലേക്ക് പടർന്നു കയറിയപ്പോഴായിരുന്നു
അവൾ പൂത്തുലഞ്ഞിരുന്നത്...
ചുണ്ടുകളുടെ മൃദുലത നുണയാതെ
സ്പർശനത്താൽ ഉയർന്നു താഴുന്ന
വേലിയേറ്റമില്ലാതെ
കാതങ്ങൾ താണ്ടിയെത്തുന്ന
സ്വരമാധുരിമയിൽ കുളിർന്നു കൊണ്ട്
ഹൃദയം ഹൃദയത്തെ പുണരുന്ന
സുന്ദര നിമിഷത്തിലായിരുന്നു
അവരൊന്നായിരുന്നത് ...
ഇഷ്ടവും സ്നേഹവും
ഭ്രാന്തമായവനിലേക്ക് മാത്രമായൊഴുകിയപ്പോൾ
അവളെപ്പോഴോ ഒരുന്മാദിനിയായി...
ഭ്രാന്തു പുലമ്പുന്നവളിൽ
അതൃപ്തനായവന്റെ പ്രണയം
ദിശ മാറിയൊഴുകി...
തിരസ്കരിക്കപ്പെട്ടവൾ...
ഇനിയവന്റെ മറ്റൊരു പ്രണയത്തിന്
സാക്ഷിയാവാതിരിക്കാൻ
ചിതലെടുക്കാത്ത ഓർമ്മകളുമായി
എങ്ങോട്ടെന്നറിയാതെ...
അവൾ യാത്രയിലാണ്...
തമ്മിൽ കണ്ടുമുട്ടരുതെന്ന
പ്രാർഥനയോടെ ...