മിന്റി റോസ് ഹാരിയറ്റ് ടബ്മാനായ കഥ
ആ ചെറുപ്പക്കാരന്റെ നോട്ടം തന്നെ പിന്‍പറ്റി തന്റെ പ്ലാന്റേഷനിലെ പണിസ്ഥലത്തോളം എത്തിയതറിഞ്ഞിട്ടും മിന്റി അയാളെ കണ്ടതായി നടിച്ചില്ല. പലദിവസങ്ങളിലെ കാഴ്ചയില്‍ അവരുടെ ഉള്ളിലെ മോഹങ്ങള്‍, എലി മാളത്തില്‍ നിന്നും തലപുറത്തേക്കു നീട്ടുന്നപോലെ പുറത്തേക്കു വന്നുകൊണ്ടിരുന്നു. അയാള്‍ വരുന്ന സമയം നോക്കി അവള്‍ പൊതുനിരത്തിനോടു ചേര്‍ന്ന സ്ഥലത്തു പണികണ്ടെത്തി. അവര്‍ ഒന്നോ രണ്ടോ വാക്കുകളില്‍ മിണ്ടി. പിന്നെ ആരും കാണുന്നില്ലന്നുറപ്പുവരുത്തി അവര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കൂടുതല്‍ പറഞ്ഞു. അയാള്‍ മോചന ദ്രവ്യം ആവശ്യമില്ലാതെ സ്വതന്ത്രനായ ഒരടിമയായിരുന്നു. അവള്‍ അയാളെ വീണ്ടും വീണ്ടും നോക്കി. സ്വതന്ത്രനായ ഒരടിമ! അവളുടെ കണ്ണുകളെ അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവളിലെ സ്വാതന്ത്ര്യ മോഹം ഒരുപടികൂടി ഉയരത്തിലേക്ക് കുതിച്ചുയര്‍ന്നു.പക്ഷേ അയാള്‍ക്ക് നിസംഗതയുടെ മുഖമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വിലയെന്തന്നായള്‍ അറിഞ്ഞിരുന്നോ എന്തോ. അയാളുടെ അമ്മ യജമാനന്റെ മരണത്താല്‍, വില്പത്രപ്രകാരം മോചിതയായവള്‍ ആയിരുന്നു. ഒരടിമയുടെ ജീവിതം അമ്മവഴിയാണുറപ്പിക്കുന്നത്. അപ്പന്‍ ഒരിക്കലും ഓര്‍ക്കപ്പെടാറില്ലായിരുന്നു. ചിലപ്പോള്‍ അയാളുടെ അപ്പന്‍ അമ്മയുടെ യജമാനന്‍ തന്നെ ആയിരുന്നിരിക്കാം. അതൊന്നും ആരും രേഖയില്‍ ആക്കാറില്ല. ജോണ്‍ ടബ്മാനെ സംബന്ധിച്ചിടത്തോളം എവിടെയും ഇറങ്ങി നടക്കാം എന്നുള്ളതായിരുന്നു സാതന്ത്ര്യം. എപ്പോഴും ആ സാക്ഷ്യപത്രം കൊണ്ടുനടക്കണമെന്നു മാത്രം.
മിന്റിയെ അയാള്‍ ആ പേപ്പര്‍കാണിച്ചത് ഏതോ സ്ലേവ് ഹണ്ടേഴ്‌സിനെ പേപ്പര്‍ കാണിക്കന്ന പേടിബഹുമാനങ്ങളോടായിരുന്നു. മനസ്സുകൊണ്ടയാള്‍ ഇന്നും ഒരടിമായണന്ന സത്യം അപ്പോള്‍ മിന്റിക്കു മനസ്സിലായില്ല. ജോണ്‍ തനിക്കും ഒരുമോചനമാര്‍ഗ്ഗം ഒരുക്കും എന്ന പ്രതീക്ഷയില്‍ മിന്റി അയാളുടെ ഭാര്യയായിരിക്കാമെന്നു സമ്മതിച്ചു. അന്നൊന്നും അടിമകള്‍ക്കിടയില്‍ വിവാഹം എന്നൊരു ചടങ്ങില്ല. പ്രത്യേകിച്ചും മറ്റൊരു പ്ലാന്റേഷനിലെ ജോലിക്കാരനാകുമ്പോള്‍, ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം കണ്ടുമുട്ടാനായി ഒത്തിരി സമയം നഷ്ടപ്പെടും എന്ന ചിന്തയില്‍ സാധാരണ യജമാനന്മാര്‍ ഒട്ടും സമ്മതം കൊടുക്കുക പതിവില്ല.മിന്റിയെ ആഴ്ചയില്‍ ഒരിയ്ക്കല്‍ ജോണിനു വന്നു കാണാനുള്ള അനുവാദത്തോടാണാ വിവാഹം നടന്നത്.വിവാഹം എന്നു പറയുമ്പോള്‍ ഇന്നത്തെ നമ്മുടെ രീതികളായിരിക്കും മനസ്സില്‍ വരുന്നതല്ലെ...?എന്നാല്‍ അങ്ങനെയൊന്നും ആയിരുന്നില്ല. ആഫ്രിക്കന്‍ ഗോത്രാചാരപ്രകാരം; പരികര്‍മ്മി എന്തൊക്കയോ പറഞ്ഞു. അമ്മകൊണ്ടുവന്ന ഒരു ചൂല്‍ രണ്ടുപേര്‍ചേര്‍ന്ന് മുട്ടോളം പൊക്കിപ്പിടിച്ചു. രണ്ടാളും ഒപ്പം ആ ചൂലിനു മുകളിലൂടെ ചാടി വിവാഹം ഉറപ്പിച്ചു. ആരൊക്കയോ കുരവിയിട്ട് അതുകരക്കാരെ അറീച്ചു. വിവാഹം എന്ന ചടങ്ങ് അത്രയെ ഉള്ളായിരുന്നുവെങ്കിലും, പള്ളിയിലെ പാസ്റ്റര്‍ നല്ലപുസ്തകത്തിലെ വചനങ്ങള്‍ വായിച്ചവരെ അനുഗ്രഹിച്ചു. വെളിയില്‍ നിന്നും പാസ്റ്ററും ഭാര്യയും വന്നത് ഏറെ സന്തോഷമായി.
ഇന്നത്തെപ്പോലെ ആദ്യരാത്രി എന്നൊരേര്‍പ്പാടൊന്നും അന്നില്ല. ഒരടിമയുടെ ജീവിതത്തില്‍ അല്ലെങ്കില്‍ ആദ്യരാത്രി എന്ന വക്കുതന്നെ ഇല്ലായിരുന്നു. എല്ലാം ഉടമയുടെ ദയയെ ആശ്രയിച്ചിരുന്നു. അയാളാണു തീരുമാനിക്കുന്നത്; ഒരടിമയുടെ ആദ്യരാത്രി എന്നായിരിക്കണമെന്നും, അതാരുടെ കൂടെ വേണമെന്നും. തീരെക്കുറഞ്ഞത് ഏഴാംവയസുമുതലെങ്കിലും ഒരടിമപ്പെണ്ണിന്റെമേലുള്ള പീഡനകാലം ആരംഭിക്കും. അതില്‍ ആരും തെറ്റോ അന്യായമോ കണ്ടില്ല. ഒരടിമപ്പെണ്ണ് എത്ര പെറുന്നോ ഉടമക്ക് അവളൊടത്രയും സന്തോഷമാണ്. മിന്റിയെക്കുറിച്ചുള്ള അത്തരം കഥകളൊന്നും കേട്ടിട്ടില്ല. മിന്റി പ്രത്യകതരം സ്വഭവത്തിന്റെ ഉടമയായിരുന്നു. അവളുടെ കണ്ണുകളിലെ നിശ്ചയദാര്‍ഡ്യവും, ഉറപ്പിച്ച നോട്ടവും അധികം ആരേയും അടുപ്പിച്ചിരുന്നില്ല.ജോണും മിന്റിയുമായുള്ള സംഗമവേളകളിലൊക്കെ അവള്‍ മോചനത്തെക്കുറിച്ചു പറഞ്ഞു. പക്ഷേ അയാള്‍ അതു കേള്‍ക്കയോ, അതിനെ ഗൗരവമായി എടുക്കുന്നതായോ അവള്‍ക്കു തോന്നിയില്ല. അയാള്‍ ഇന്നും മനസ്സുകൊണ്ടൊരടിമായണന്നവള്‍ ഉറപ്പിച്ചു.
ഉടമയുമായി അവള്‍ കലഹിച്ചു. അവള്‍ അടുത്തുവരുമ്പോള്‍ അകാരണമായ ഒരു ഭയം അയാളെ ബാധിക്കും. എന്തോകണ്ടു ഭയന്നപോലെ അയാളില്‍ നിന്നും ചില ശബ്ദങ്ങള്‍ പുറത്തുവരും. അവളെ മോചിപ്പിക്കാമെന്നയാള്‍ വീണ്ടും വാഗ്ദാനം ചെയ്ത് കൂടുതല്‍ പണിയെടുപ്പിച്ചു. പക്ഷേ മോചനം മാത്രം നടക്കുന്നില്ല. മൂന്നുനാലുവര്‍ഷം വീണ്ടുമവള്‍ കാത്തു. ഒടുവില്‍ അവള്‍ സ്വയം മോചിതയാകാന്‍ തീരുമാനിച്ചു.
മിന്റി റോസ്, ഹാരിയറ്റ് ടബ്മാന്‍ എന്ന പേരു സ്വീകരിച്ച് അതു രേഖകളില്‍ ആക്കി. ഹാരിയറ്റ് അമ്മയുടെ പേരായിരുന്നു. അതിനൊപ്പം ജോണ്‍ ടബ്മാന്റെ പേരുകുടി ഏച്ചുവെച്ചു.ഹാരിയറ്റ് ടബ്മാന്‍ എന്ന പോരാളിയുടെ ഉദയം കൂടിയായിരുന്നത്. അവള്‍ പേരു മറ്റിയെങ്കിലും ഉടമ ഇപ്പോഴും അവളെ മിന്റി എന്നാണു വിളിക്കുന്നത്. അതിനു കാരണം അവളിലെ മാറ്റം അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതുതന്നെയായിരിക്കാം. അതുമറച്ചു പിടിച്ച് അയാള്‍ അവളുടെ അദ്ധ്വാനത്തെ ചൂക്ഷണം ചെയ്തുകൊണ്ടിരുന്നു.ഒരു ദിവസം മുതലാളിയുടെ കൂട്ടുകാരൊക്കെ വന്ന് ജന്മദിനാഘോഷങ്ങള്‍ നടക്കവേ മുതലാളി എല്ലാവരോടുമായി പറഞ്ഞു എന്റെ പ്ലാന്റെഷനിലെ ഏറ്റവും കരുത്തുള്ള ആടിമ ആരാണെന്നറിയാമോ..? എല്ലാവരും പരസ്പരം നോക്കിയതെയുള്ളു. ആരും ഒന്നും പറഞ്ഞില്ല. അയാള്‍ മിന്റിക്കാളെയച്ചു. മിന്റിക്കൊപ്പം സ്ലേവ് ക്യാബിനുകളിലെ അന്തേവാസികളേയും അയാള്‍ കാഴ്ച്ചക്കാരായി വിളിച്ചു. എല്ലാവരും ഇനിയെന്തേ എന്നോര്‍ത്തു നില്‍ക്കുമ്പോള്‍ മുതലാളി അവളോട് അടുത്തുകിടക്കുന്ന കുതിരവണ്ടിമാറ്റി തട്ടുപുരയ്ക്കടുത്തിടാന്‍ പറഞ്ഞു. എല്ലാവരും ആകാംഷയോട് അവളെ നോക്കി. കുതിരകളെവിടെ എന്നവള്‍ നോക്കി. നോട്ടം മനസ്സിലാക്കിയിട്ടെന്നപോലെ വീണ്ടും പറഞ്ഞു.നിന്റെ കുതിരശക്തി എല്ലാവരുമൊന്നു കാണട്ടെ. മിന്റി ഒരു കുതിരയെപ്പോലെ നുകത്തിനുകീഴില്‍ കയറി. ഭാരമുള്ളവണ്ടി വലിച്ചു. നീങ്ങുന്നില്ല. ചെറിയകയറ്റത്തില്‍ അവള്‍ കിതച്ചു. മുതലാളി ഒരു പന്തയക്കാരനെപ്പോലെ കുതിരച്ചാട്ടകൊണ്ടവളെ അടിച്ചു. ജനം ഉറക്കെ ചിരിച്ച്, മുന്തിരിയുടെ ലഹരി നുകര്‍ന്നു.
മിന്റി യജമാനനെ തുളച്ചുകയറുന്ന ഒരു നോട്ടം നോക്കി കാലുകള്‍ മുന്നോട്ടുവെച്ചു. വണ്ടിയുടെ ഭാരം പുറകിലേക്കു വലിക്കുന്നു. ഒരടിമ തോറ്റവളല്ല. ഉള്ളില്‍ പക കത്താന്‍ തുടങ്ങി കാലുകള്‍ ഒരോന്നായി ഉറപ്പിച്ച് വണ്ടി വലിച്ച് ചെറിയകയറ്റം കയറി ഒതുക്കി എല്ലാവരേയും ഒന്നു നോക്കി, നുകം തോളില്‍ നിന്നും ഇറക്കി ഒരുകുതിരയാകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, വിചാരങ്ങള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് സ്വയം ഏങ്ങി. അന്ന് രാത്രി അവള്‍ തന്റെ സഹോദരന്മാരോടും, ഭര്‍ത്താവിനോടൂം ഒരൊളിച്ചോട്ടത്തെക്കുറിച്ചു പറഞ്ഞു. വളരെ നാളുകളായി ഉള്ളില്‍ വളര്‍ത്തുന്ന ഒരു പദ്ധതിയായിരുന്നത്. മോചനത്തിന്റെ സമയമായിരിക്കുന്നു. അവള്‍ തീര്‍ത്തു പറഞ്ഞു. എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കിയതെയുള്ളു. നമ്മള്‍ എങ്ങോട്ടു പോകും. എന്തു ചെയ്യും. മുതലാളി അറിഞ്ഞാലുള്ള ശിക്ഷ എന്തൊക്കെയായിരിക്കും. ജോണ്‍ തന്റെ വേവലാതികള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ഒരു ഭീരുവിനെപ്പോലെ ചുറ്റും നോക്കി. സഹോദരങ്ങളുടെ ഉള്ളിലും ഭയത്തിന്റെ പരത്തിപ്പാടങ്ങള്‍ അവള്‍ കണ്ടു. ജോണ്‍ ടബ്മാന്‍ തനിക്ക് മോചനത്തിന്റെ വഴികള്‍ ഒരുക്കുംഎന്ന വിചാരം അവള്‍ ഉപേക്ഷിച്ചു. അല്ലെങ്കില്‍ അയാള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതുതന്നെ തെറ്റായ ഒരു തീരുമാനമായിരുന്നുവോ എന്ന ചിന്ത ഉള്ളില്‍ ഇരുന്ന് ഉറുത്താന്‍ തുടങ്ങി. മനസ്സുകൊണ്ട് അടിമത്വം വരിച്ചവനെ എങ്ങനെ ബോധവല്‍ക്കരിക്കും. അന്നത്തെ ചര്‍ച്ച അവിടെ അവസാനിച്ചു.
സഹോരന്മാര്‍ രണ്ടുപേരെ ഒരു വിധം പറഞ്ഞു സമ്മതിപ്പിക്കാന്‍ പിന്നേയും കുറെ സമയം എടുത്തു. അമ്മയേയും അപ്പനേയും എവിടെയെങ്കിലും ഫ്രീ സ്റ്റേറ്റില്‍ ജിവിതം ഉറപ്പിച്ചിട്ട് കൂടെ കൂട്ടാം എന്ന വിചാരത്തില്‍ അവരോടൊന്നും പറയാതെ ഒരു രാത്രിയില്‍ അവര്‍ മൂന്നാളും കൂടി ഇരുട്ടിന്റെ മറവില്‍ പാത്തും പതുങ്ങിയും നടന്നു. ഏതാണ്ടു നേരം വെളുപ്പാകാറായപ്പോഴേക്കും സഹോദരന്മാരുടെ മട്ടും മാതിരിയും മാറാന്‍ തുടങ്ങി. അവരെ ഭയം ബാധിച്ചു. തങ്ങള്‍ പിടിക്കപ്പെടുമെന്നും, ചിലപ്പോള്‍ തൂക്കിക്കൊല്ലുമെന്നും അവര്‍ നിലവിളിച്ചു. അവരുടെ തിരിച്ചുപോകണമെന്ന നിലവിളിമടുത്ത് ഹാരിയറ്റ് ടബ്മാന്‍ എന്ന മിന്റി അവരേയും കൂട്ടി തിരിഞ്ഞു നടന്നു. ആര്‍ക്കും മുഖം കൊടുക്കാതെ രണ്ടുമൂന്നു ദിവസം കഴിഞ്ഞു. തങ്ങളുടെ ഒളിച്ചോട്ടം ആരും അറിഞ്ഞില്ല എന്ന ചിന്ത ഹാരിയറ്റിന്റെ ഉള്ളില്‍ ഒരു ചിരിയായി... എവിടെയൊക്കെയോ പഴുതുകള്‍ ഉണ്ടെന്ന തിരിച്ചറിവായിരുന്നാച്ചിരി. മൂന്നാം ദിവസം ചര്‍ച്ചിലെ പാസ്റ്ററിന്റെ കൂടെ വരാറുള്ള സ്ത്രി ഹാരിയറ്റിനോട് വെറുതെ വിശേഷങ്ങള്‍ ചോദിക്കാനെന്ന മട്ടില്‍ അവളുടെ പണിസ്ഥലത്തു നിന്നു. അവര്‍ അല്പനേരം വിശേഷങ്ങള്‍ പറഞ്ഞു. പോകാന്‍ നേരം അവര്‍ പറഞ്ഞു; കനാന്‍ ദേശം അങ്ങു വടക്കാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതും ഇടുങ്ങിയതുമാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വന്നു കാണണം. അവര്‍ ഒരുമൈലോളം അകലെയുള്ള അവരുടെ വീടിനെക്കുറിച്ചു പറഞ്ഞ്, അര്‍ത്ഥഗര്‍ഭമായൊന്നു ഇരുത്തിച്ചിരിച്ചു നടന്നു. അവരുടെ പോക്കും നോക്കി ഹാരിയറ്റ് അനക്കമില്ലാതെ ഏറെനേരം നിന്നു. അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണ്. എവിടെയാണു വടക്കുള്ള സ്വര്‍ഗ്ഗം ഏതാണ്. ദൈവം മറിയത്തിനു ഗെബ്രിയേല്‍ മാലാഖവഴി ദൂതുകൊടുത്തപോലെ തന്റെ മനസ്സറിഞ്ഞ രക്ഷകന്‍ ചിലപ്പോള്‍ ഇവരില്‍ക്കൂടി തന്നെ ദൂതറിയിച്ചതാകും. ഹാരിയറ്റ് അങ്ങനെതന്നെ വിശ്വസിച്ചു.അവള്‍ അമ്മയില്‍ നിന്നും കേട്ടിട്ടുള്ള ഒരാഫ്രിക്കന്‍ പാട്ടിന്റെ വരികള്‍ മൂളി. വേട്ടക്കു പോയി വിജയികളായി വരുന്നവരെ എതിരേല്‍ക്കാന്‍ ഗോത്ര വര്‍ഗ്ഗങ്ങള്‍ പാടുന്ന പാട്ടാണന്നമ്മ പറഞ്ഞതോര്‍ക്കുന്നു. എന്തിനിപ്പോള്‍ അതോര്‍മ്മവന്നെന്നവള്‍ സ്വയം ചോദിച്ച്, ടബ്മാനോട് ഒളിച്ചോട്ടത്തെക്കുറിച്ച് ഒന്നുകൂടി പറയാന്‍ അവള്‍ ഉറച്ചു.
സ്ലേവ് ക്യാബിനിലെ കച്ചിവിരിച്ച തറയില്‍ അയാളോടവള്‍ രക്ഷപെടാനുള്ള വഴികളെക്കുറിച്ചു ഒരിക്കല്‍ക്കുടി പറഞ്ഞു. അയാള്‍ ഒരു പൊട്ടനെപ്പോലെ മൂളിയതെയുള്ളു. 'സ്വാതന്ത്ര്യം മരണത്തേക്കാള്‍ വലുതാണ്' അവള്‍ തന്നത്താനെന്നപോലെ പറഞ്ഞ്, ആഴ്ചവട്ടത്തിലെ ഭാര്യയുടെമേലുള്ള തൃതിപ്പെടലും കഴിഞ്ഞ്,തിരിഞ്ഞുകിടന്ന് കൂര്‍ക്കംവലിച്ചുറങ്ങന്നവനെ അറപ്പോടൊന്നു നോക്കി ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് പുറത്തിറഞ്ഞി.നിലാവ് ഉദിച്ചുവരുന്നുണ്ട് എങ്കിലും എല്ലാം ഇരുളില്‍ ആയിരുന്നു. മുറ്റത്തെ വലിയ മരത്തിന്റെ ഇലകള്‍ കാറ്റില്‍ ഒന്നാടി. അവള്‍ നട്ടുനനച്ചു വളര്‍ത്തിയ ചോളത്തിന്റെ ഇലകള്‍ അവള്‍ക്ക് മംഗളങ്ങള്‍ നേരുന്നതുപോലെ. അവളില്‍ പെട്ടന്നാ ബോധം ഇരച്ചു. ഇതാണു സമയം. മുറ്റത്തേക്കിറങ്ങുമ്പോള്‍ അവളില്‍ ആ ബോധം ഇല്ലായിരുന്നു. ഇപ്പോള്‍ ചോള ഇലകള്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നപ്പോള്‍ അവര്‍ അറിഞ്ഞു സമയം ആയിരിക്കുന്നു. കുറെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്നതിലേക്കവള്‍ ഇറങ്ങി. ആരോടും യാത്ര ചോദിക്കാന്‍ ഇല്ലായിരുന്നു. ഭര്‍ത്താവ് തന്നെ ഒറ്റിക്കൊടുക്കുമോ എന്ന ഭയം ഉള്ളില്‍ നിഴലിക്കാതിരുന്നില്ല. സ്വാതന്ത്ര്യം മരണത്തെക്കാള്‍ വലതെന്നവള്‍ ഒരിക്കല്‍ക്കൂടി പറഞ്ഞുറപ്പിച്ച്, തനിക്കു ദൂതുതന്ന മാലാഖയുടെ വീടുതേടി നടന്നു.
എന്തിനങ്ങോട്ടു പോകുന്നു. അറിയില്ല ചിലപ്പോള്‍ അങ്ങനെയായിരിക്കാം എന്റെ നല്ല ദൈവത്തിന്റെ തീരുമാനം.അപ്പോള്‍ മുതല്‍ ആ നല്ല ദൈവം തന്നെ നയിക്കും എന്നൊരു വിശ്വാസവും ഉറച്ചു. അതോടുകൂടി ഉള്ളിലെ സംശയങ്ങളും നിരാശയും മാറി മുഖം പ്രകാശമാനമായി. ഒരു ചിമ്മിനിവിളക്ക് ഉമ്മറത്തു കത്തുന്ന വീടിന്റെ വാതിലില്‍ മെല്ലമുട്ടി. എന്താണോ തന്നെ കാത്തിരിക്കുന്നതെന്ന ആശങ്ക ഉള്ളില്‍ വളാരന്‍ തുടങ്ങിയെങ്കിലും, തണുത്ത അടുപ്പില്‍ എരിയുന്ന വിറകുകൊള്ളി തിരുകിക്കയറ്റുന്നപോലെ പ്രത്യാശയുടെ മറുചിന്തയാല്‍ മനസ്സിനെ ചൂടാക്കാന്‍ ശ്രമിച്ചു. ഒരു പക്ഷേ ഈ വീട്ടില്‍ തനിക്കൊരു കെണി ഒരുങ്ങുന്നുണ്ടെങ്കിലോ...? എന്റെ നല്ല രക്ഷകന്‍ എനിക്കൊപ്പം ഉണ്ടാകും. അതും ഒരുറപ്പായിരുന്നു. അവള്‍ രണ്ടാമതും മുട്ടി. മൂന്നാമത്തെ മുട്ടിന് കതക് മെല്ലെ തുറന്ന് ആ ചിരിക്കുന്ന മുഖം ആരെയോ പ്രതീക്ഷിക്കുന്നപോലെ മെഴുകുതിരിവെട്ടം മുഖത്തോടു ചേര്‍ത്തു. ഒട്ടും സമയം കളയാതെ ഹാരിയറ്റിനെ അവര്‍ അകത്തുകയറ്റി കതകടച്ചു. 'നീ വരുമെന്നെനിക്കറിയാമായിരുന്നെങ്കിലും ഇന്നു പ്രതീക്ഷിച്ചിരുന്നില്ല' അവര്‍ പറഞ്ഞു. വെളിയില്‍ ആരും അവരെ നിരീക്ഷിക്കുന്നില്ല എന്നു ജനല്പാളികളിലൂടെ നോക്കി ഉറപ്പുവരുത്തി.
ഉമ്മറത്തു കത്തുന്ന ആ ചിമ്മിനിവിളക്ക് ഒരു അടയാളമാണ്. വഴിയോരങ്ങളിലെ പലവീടുകളിലും രാത്രികാലങ്ങളില്‍ വെളിച്ചമായും, പകല്‍ സമയങ്ങളില്‍ ജനാലയുടെ കര്‍ട്ടന്‍, ഒരു പ്രത്യേമട്ടില്‍ മടക്കിയോ, ജനാലക്കമ്പിയില്‍ നിറമുള്ള റിബിണുകള്‍ കെട്ടിയോ അടയാളങ്ങള്‍ വെയ്ക്കും. അത്തരം വീടുകളില്‍ നിനക്ക് സഹായം ചോദിക്കാം. അവിടം സുരക്ഷിതമായിരിക്കും. അബോളിഷനിസ്റ്റുകളുടെയോ, അനുഭാവികളുടെയോ വീടുകളായിരിക്കുമത്. അതിനെ ഞങ്ങള്‍ സ്റ്റേഷന്‍ എന്നാണു വിളിക്കുന്നത്. ഒളിച്ചോട്ടക്കാര്‍ക്കു വെണ്ട സഹായങ്ങള്‍ ചെയ്യുക എന്നതാണ്. ഉദ്ദ്യേശം. അടിമകള്‍ക്ക് ഒളിച്ചോടാന്‍ സഹായിക്കുന്നവരും നിയമപ്രകാരം കുറ്റക്കാരാണെന്നു നിനക്കറിയാമല്ലോ.. എന്നാലും ദൈവ സ്‌നേഹത്താല്‍ ഞങ്ങള്‍ക്കതു ചെയ്യാതിരിക്കാന്‍ കഴിയുന്നില്ല. ഈ പ്രസ്ഥാനത്തിന്റെ രഹസ്യപ്പേര് അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡെന്നാണ്. എന്നേപ്പൊലെയുള്ള കണ്ടക്ടേഴ്‌സ് രക്ഷപെടാന്‍ താല്പര്യമുള്ളവര്‍ക്ക് വഴികള്‍ ഒരുക്കുന്നു. ഹാരിയറ്റ് പുതിയവാക്കുകളുടെ പൊരുള്‍ അറിയാതെ കുഴഞ്ഞെങ്കിലും, അവള്‍ക്ക് എന്തൊക്കയോ തെളിഞ്ഞുവരുന്നുണ്ടായിരുന്നു.
പിടിക്കപ്പെട്ടാല്‍ ഒരിക്കലും ഒറ്റുകാരിയാകരുത്. അതൊരു കരാര്‍ ആയിരുന്നു. പോകേണ്ടവഴികള്‍ വടക്കോട്ടെന്നവര്‍ പറഞ്ഞു. വടക്കുള്ള സ്വര്‍ഗ്ഗത്തെക്കുറിച്ചവര്‍ പറഞ്ഞതിന്റെ പൊരുള്‍ ഒന്നുകൂടി വ്യക്തമായി വരുന്നു. ഇവിടെനിന്നും ഫിലാഡല്‍ഫയില്‍ എത്തിയാല്‍ നീ സുരക്ഷിതയായി എന്നു പറയാം. അവിടെ ഫെഡ്രറിക് ഡക്ലസ്റ്റനെ കാണണം. അയാള്‍ സഹായിക്കും. പിന്നെ നിനക്ക് അവിടെനിന്ന് ന്യൂയോര്‍ക്കില്‍ എത്തി അവിടെനിന്ന് കാനഡക്ക് പോകം. അവിടൊക്കെ അടിമത്വം നിരോധിച്ച സ്ഥലമാണ്. ഇവിടെനിന്നും രണ്ടുമൈയില്‍ അപ്പുറത്ത് ആഴമുള്ള ഒരു പുഴയുണ്ട്. അതു കടന്നാല്‍ ഒന്നാം കടമ്പകഴിഞ്ഞു എന്നു കരുതാം. വഴികളില്‍ ധാരാളം ചതിക്കുഴികള്‍ കാണൂം. ഒപ്പം കാടും, മലകളും, ചതുപ്പുകളും ഒക്കെ കാണും. ഇനി ഒക്കെ നിന്റെ മനസ്സിന്റെ ഉറപ്പനുസരിച്ചിരിക്കും. വഴികള്‍ ചൂണ്ടിക്കാണിക്കാനെ ഞങ്ങള്‍ക്കു കഴിയു. നടന്നുകയറേണ്ടതു നീയാണ്.മതി അത്രയും മതി. ഇതുതന്നെ നിങ്ങളുടെയൊക്കെ മനസ്സിന്റെ വലുപ്പമെന്നു ഞാന്‍ അറിയുന്നു. വെളുത്തവരെല്ലാം, അടിമകളായ നീഗ്രോകളുടെ ശത്രുക്കള്‍ എന്ന പൊതു ധാരണ ഞാന്‍ തീരുത്തി എഴുതുന്നു. ഹാരിയറ്റിനങ്ങനെ പറയണമെന്നുണ്ടായിരുന്നു എങ്കിലും ഒന്നും പറയാതെ അവരുടെ വാക്കുകളെ ശ്രദ്ധിച്ചു. അവര്‍ തുണിയില്‍ പൊതിഞ്ഞ രണ്ടുദിവസത്തേക്കുള്ള കോണ്‍ബ്രഡും, അത്യാവശ്യം മാറിയുപയോഗിക്കാനുള്ള അവരുടെ തന്നെ തുണിയും കൊടുത്തു. ഇനി വൈകണ്ട. നേരം വെളുക്കുന്നതിനു മുമ്പ് പുഴകടക്കണം. പുഴക്കരയില്‍ ഒരു വള്ളം കെട്ടിയിട്ടിട്ടുണ്ടാകം. ചിലപ്പോള്‍ ആളുകാണും. ഇല്ലെങ്കില്‍ തനിയെ തുഴഞ്ഞക്കരെഎത്തി വള്ളം ഉപേക്ഷിക്കാം.ഇതിനെ ഞങ്ങള്‍ രക്ഷയുടെകടത്തെന്നാണു വിളിക്കുന്നത്.. ഹാരിയറ്റ് ഒന്നും പറഞ്ഞില്ല. കണ്ണുകള്‍ നിറയുന്നപോലെ. തിരിഞ്ഞു നോക്കാതെ നടന്നു. ഒരടിമ തിരിഞ്ഞുനോക്കാന്‍ പാടില്ല.
ആ നല്ല അയല്‍ക്കാരിയുടെ പേരെന്തായിരുന്നെന്ന് എത്ര ഓര്‍മ്മിച്ചിട്ടും കിട്ടുന്നില്ല. ക്ഷമിക്കണം. ചരിത്രത്തില്‍ ഇത്തരം മറവികള്‍ സാധാരണമാണ്. ഞങ്ങളുടെ വയ്ത്താരികളില്‍ അവരുടെ പേരുണ്ട്. അങ്കിള്‍ ടോം: ഹാരിയറ്റിനെ രക്ഷയുടെ പാതയിലെത്തിച്ച ആ നല്ല സ്ത്രീയുടെ പേരൊര്‍മ്മിക്കാന്‍ ശ്രമിച്ച് പരാജിതനായി, ഹാരിയറ്റു നടന്ന വഴിയിലേക്കു നോക്കി.പുഴയോരം വരെ എതാണ്ടു നാട്ടുപാതയായിരുന്നു. രാത്രിയില്‍ ഒളിച്ചോട്ടക്കാര്‍ തെളിഞ്ഞവഴിയിലൂടെ വരുമെന്ന് സ്ലേവ് ഹണ്ടേഴ്‌സ് ഒരിക്കലും ചിന്തിക്കില്ല അതിനാല്‍ മിക്കപ്പോഴും അവര്‍ കാട്ടുപാതിയിലായിരിക്കും വലവിരിക്കുക എന്നൊരു ചിന്തയാല്‍ ഹാരിയറ്റ് തെളിഞ്ഞ വഴിയിലൂടെ പുഴയോരയോരത്തേക്കു നടന്നു. രാത്രിയുടെ വെളിച്ചത്തില്‍ ഉള്ളം നിറഞ്ഞു. താന്‍ ഒരൊളിച്ചോട്ടക്കാരിയാണന്നു മറന്നപോലെ മനസ്സ് നിര്‍വികാരമായിരുന്നു. ഒന്നുരണ്ട് വീടുകള്‍ കഴിഞ്ഞപ്പോഴേക്കും ഇരൂളിന്റെ നിറം ഏറിയതുപോലെ. എവിടെയൊക്കയോ പട്ടികള്‍ കുരയ്ക്കുന്നു. ചിലപ്പോള്‍ ചെന്നായ്ക്കളെ കണ്ടിട്ടാകും. അതോ ഒരടിമയുടെ മണം അവ തിരിച്ചറിഞ്ഞോ.. ഉള്ളില്‍ ഒരു തരിപ്പ്. പെട്ടന്ന് ഇല്ലാതിരുന്ന ഒരു ഭയം നെഞ്ചിലേക്ക് ഇരച്ചുകയറുന്നു. കാലിനൊരു തളര്‍ച്ചപോലെ. മുന്നോട്ടുള്ള വേഗം കുറഞ്ഞപോലെ... സഹോദരന്മാരുമൊത്തുള്ള ആദ്യ ഒളിച്ചോട്ടത്തില്‍ അവര്‍ പറഞ്ഞതും അവരുടെ കാലുകള്‍ മുന്നോട്ടു വലിയുന്നില്ല എന്നാണല്ലോ എന്നോര്‍ത്ത് അവള്‍ ഒന്നു നെടുവീര്‍പ്പിട്ടു. ഒരടിമയുടെ വിധിയായിരിക്കും അത്. പക്ഷേ എന്തുവന്നാലും തിരിഞ്ഞോടില്ല എന്നവള്‍ ഉറച്ചു. ആകാശത്തിലെ നക്ഷത്രങ്ങള്‍ അവള്‍ കണ്ടു. സ്വാതന്ത്ര്യയത്തിലേക്കുള്ള വഴി ഇതാണന്നവര്‍ പറയുമ്പോലെ അവള്‍ കേട്ടു. മോശയൊട് യഹാവ സംസാരിക്കുന്നു; 'നീയിനി ഫറവോന്റെ അടിമയല്ല.' അതു മോശയോടായിരുന്നില്ല. തന്റെ ഉള്ളില്‍ നിന്നും ആരോ പറയുമ്പോലെ...അവളുടെ കാലുകള്‍ ബലപ്പെട്ടു.
പാതയോരത്തെ ഒരോചലങ്ങളും ശ്രദ്ധിച്ച് നടന്നു. അവള്‍ പുഴകണ്ടു. ഹൃദയത്തിനൊരു വേഗത. എന്തോ ഓര്‍ത്തിട്ടെന്നപോലെ പ്രധാനപാതയില്‍ നിന്നും ഇടത്തോട്ട്, കാട്ടുവള്ളികള്‍ക്കിടയിലൂടെ താഴേക്കിറങ്ങി. കടവില്‍ വള്ളം കിടക്കുന്നു. അതില്‍ അരും ഉള്ളതായി തോന്നുന്നില്ല. എങ്കിലും ഉറപ്പുവരുത്താനായി ചെറുശബ്ദങ്ങള്‍ ഉണ്ടാക്കി പ്രതികരണത്തിനായി കാത്തു. ഒന്നും കേള്‍ക്കുന്നില്ലെങ്കിലും, അദൃശ്യനായ ഒരെതിരാളി തന്നെ നോക്കുന്നപോലെ അവള്‍ക്ക് തോന്നി. ആ തോന്നല്‍ എപ്പോഴും അവളെ ജാഗ്രതയുള്ളവളാക്കി. അവള്‍ ഒരു ചെറിയ കല്ലെടുത്ത് വെള്ളത്തില്‍ എറിഞ്ഞ് ശബ്ദമുണ്ടാക്കി. ആരും ഇല്ലെന്നുറപ്പുവരുത്തി വള്ളത്തില്‍ കയറി. വള്ളം രണ്ടുകരയിലുമായുള്ള രണ്ടുമരങ്ങളിലായി കയറുകൊണ്ടു ബന്ധിച്ചിരുന്നു. തുഴയില്ലാതെ ഒരു വള്ളം എങ്ങനെ മുന്നൊട്ടുപോകും എന്നറിയില്ല. വള്ളവുമായി ബന്ധിച്ചിരിക്കുന്ന ഇരട്ടക്കയറുകളില്‍ നോക്കി അല്പം പകച്ചെങ്കിലും, അധിജീവിനത്തിന്റെ പ്രായോഗികബുദ്ധി ഉണരാന്‍ തുടങ്ങി. രണ്ടുകയറുകളില്‍ ഒന്നില്‍ പിടിച്ചു വലിച്ചപ്പോള്‍ വള്ളം കരയോട് അല്പം കൂടി ഉറച്ചപോലെ. ആ കയര്‍ അയച്ച് മറ്റേതില്‍ വലിച്ചപ്പോള്‍ വള്ളം പുഴക്ക് കുറുകെ ഓടാന്‍ തുടങ്ങി. ഹാരിയറ്റിന്റെ മുഖത്തൊരു ചിരിവിരിഞ്ഞിട്ടുണ്ടാകും. ഒരു പുതുതന്ത്രം തനിയെ തിരിച്ചറിഞ്ഞവളുടെ ചിരി. അതൊരു സ്വകാര്യ വള്ളം തനിക്കുവേണ്ടി ആരോ അവിടെ ബന്ധിച്ചിരുന്നപോലെ. തന്റെ ഒളിച്ചോട്ടം ഒന്നിലധികം പേര്‍ക്കറിയാമെന്നവള്‍ ഊഹിച്ചു. ശത്രുക്കളല്ല... അവര്‍ മറവിലെ മിത്രങ്ങളായിരിക്കാം. അവള്‍ പുഴകടന്ന് ഇനി എങ്ങോട്ടെന്നോര്‍ത്ത് ഒരു നിമിക്ഷം നിന്നു. വടക്കോട്ടു പോകണം. കാടാണ്. നേരം വെളുത്തുവരുന്നതിന്റെ ലക്ഷണം ആകാശത്ത് അടയാളങ്ങളാകുന്നതവള്‍ അറിഞ്ഞു.
ഇനിയുള്ള യാത്ര പരിസരം അറിഞ്ഞിട്ടെന്നവള്‍ ഉറച്ചു. പുഴക്കരയില്‍ വളരുന്ന കാടുകള്‍ അധികം മനുഷ്യ സഞ്ചാരമില്ലാത്ത ഇടത്തിന്റെ തെളിവായിരിക്കാം എന്നവള്‍ ഊഹിച്ചു. എങ്കിലും കൂടുതല്‍ സുരക്ഷിതമായ ഒരിടം തേടി അവള്‍ ഉയര്‍ന്ന പാറക്കെട്ടുകളെനോക്കി. വളര്‍ന്ന പുല്ലുകള്‍ വകഞ്ഞുമാറ്റി വനത്തിലേക്കവള്‍ കടന്ന്, മലയിടുക്കിലെ പാറക്കെട്ടുകള്‍ക്കിടയിലെ വിള്ളലില്‍ ഒളിത്താവളം കണ്ടെത്തി. ഒരാള്‍ ഇരുന്നാല്‍ കാണാതവണ്ണമുള്ള പാറകള്‍ക്കിടയിലെ വിള്ളല്‍ ആയിരുന്നത്. അവളുടെ മോചനയാത്രയിലെ കല്ലും മുള്ളും നിറഞ്ഞവഴികളുടെ ആരംഭമായിരുന്നു. വഴിയിലെ പാമ്പും പഴുതാരയും, കാട്ടുമൃഗങ്ങളും അവളെ ഭയപ്പെടുത്തിയില്ല. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന മനുഷ്യമൃഗങ്ങളെക്കുറിച്ചായിരുന്നു ആശങ്കയത്രയും. പിടിക്കപ്പെടുമോ എന്ന ഭയം ഉള്ളിലിരുന്നു മുറവിളി കൂട്ടുന്നു. എങ്കിലും ആ നല്ല ഇടയന്റെ നാമത്തില്‍ പൊരുതാനുള്ള വഴികള്‍ ആലോചിച്ചു. എന്തായാലും ഒരു തിരിച്ചുപോക്കിനി ഇല്ല അവള്‍ സ്വയം ഉറച്ച്, ഇതുവരെ പിന്നിട്ട വഴികളിലെ ഒരോ വിശദാംശങ്ങളേയും മനസ്സില്‍ കുറിച്ചു. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെക്കുറിച്ച് പെട്ടന്ന് ഓര്‍മ്മവന്നു. അയാള്‍ ഇപ്പോള്‍ എന്തെടുക്കുകയായിരിക്കും. തന്റെ ഒളിച്ചോട്ടം അയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ...? അയാള്‍ തന്നെ ഒറ്റിക്കൊടുക്കുമോ...? ആചാരപ്രകാരം അയാളെ വരനായി സ്വീകരിക്കുമ്പോള്‍ തന്റെ സ്വപ്നങ്ങളും, വേദനയും പങ്കുവെയ്ക്കാന്‍ ഒരാളെന്നു കരുതി. പക്ഷേ അയാള്‍ ഭീരുവും അടിമ മനസ്സിന്റെ ഉടമയും ആയിരുന്നു. വെറും മൃഗതൃഷ്ണക്കപ്പുറമൊന്നും അയാളില്‍ ഇല്ല. തിന്നും, ഉറങ്ങിയും ഭോഗിച്ചും ജീവിതത്തിന്റെ സത്തയെന്തറിയാതെ ജീവിക്കുന്നവന്‍. അവള്‍ ടബ്മാനെക്കുറിച്ച് വിലയിരുത്തിയതങ്ങനെയാണ്. അയാള്‍ മുതലാളികൊടുക്കുന്ന ഒരു നാണയത്തുട്ടിനു തന്നെ ഒറ്റിക്കൊടുക്കുമായിരിക്കും. ഇല്ല പിടികൊടുക്കില്ല. അവള്‍ ചിലതീരുമാനങ്ങളില്‍, ആ പാറയിടുക്കില്‍ ഉറങ്ങി.
ഫിലാഡല്‍ഫിയ എത്ര ദൂരെയെന്നറിയില്ല. എങ്ങനെ അവിടെ എത്തും എന്നറിയില്ല. തന്നെ ദൂതറീച്ച ആ നല്ല സ്ത്രീ കൊടുത്ത പൊതിയില്‍ നിന്നും കോണ്‍ബ്രഡിന്റെ ഒരല്പം ഭക്ഷിച്ച്, വിശപ്പിനോടു സന്ധിചെയ്യുമ്പോള്‍, പട്ടിണികിടന്ന അനേകം ദിനരാത്രങ്ങളുടെ ഓര്‍മ്മ അവളിലേക്കു വന്നു. ഒരടിമക്ക് ഓര്‍മ്മകള്‍ ഉണ്ടാകാന്‍ പാടില്ല. തനിക്ക് ഓര്‍മ്മകള്‍ ഉണ്ട്. പകയുണ്ട്, വികാരങ്ങള്‍ ഉണ്ട്. അതുകൊണ്ടായിരിക്കാം താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയായി അടിമത്വത്തോടു കലഹിക്കുന്നത്. ഓര്‍മ്മകളില്‍ മൂന്നു സഹോദരിമാരുടെ നിലവിളിയുണ്ട്. ഏഴോ എട്ടോ വയസിനു താഴെയുള്ളവരെ കച്ചവടക്കാര്‍ ചങ്ങലയില്‍ ബന്ധിച്ച് വലിച്ചിഴച്ചു കൊണ്ടുപോകുമ്പോള്‍ അവരില്‍ നിന്നും ഉയരുന്ന നിലവിളിയുടെ അര്‍ത്ഥം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും, ആ ശബ്ദം കാതുകളില്‍ മുഴങ്ങുന്നു. അവരെവിടെയാണ്. അവരെന്റെ സഹോദരങ്ങളല്ലെ... അവരെ എന്തിന് എങ്ങോട്ടു കൊണ്ടുപോയി. അന്നങ്ങനെയൊന്നും ചിന്തിക്കാനുള്ള പ്രായം ഇല്ലായിരുന്നെങ്കിലും, അവരുടെ കണ്ണുകളിലെ ഭീതി ഓര്‍മ്മയില്‍ വരുമ്പോഴോക്കെ നിരന്തം ചോദിക്കാന്‍ തുടങ്ങി. തന്നിലെ കലഹക്കാരി അന്നേ പിറവിയെടുത്തിട്ടുണ്ടാകും. അമ്മയും അപ്പനും ഞങ്ങളെന്തു ചെയ്യാനാ എന്നൊരു ഭാവത്തില്‍ ആയിരുന്നു. ഇതൊക്കെ കാലത്തിന്റെ നീതി എന്നൊരു ഭാവമായിരിക്കാം. ഞങ്ങളും ചരുക്കുകളായി ഞങ്ങളുടെ അമ്മയപ്പന്മാരെ അറിയാത്തവരായി തോട്ടങ്ങളില്‍ നിന്നും തോട്ടങ്ങളിലേക്ക് വില്‍ക്കപ്പെട്ടവരല്ലെ എന്നൊരു നിലപാടായിരുന്നിരിക്കാം. അവര്‍ക്കതെ കഴിയുമായിരുന്നുള്ളു. ഹാരിയറ്റ് അവരെയൊക്കെ രക്ഷപെടുത്താനുള്ള തന്റെ നിയോഗത്തെക്കുറിച്ച് ചിന്തിക്കാതെ നെടുവീര്‍പ്പിട്ട് യാത്രയെക്കുറിച്ച് ചിന്തിച്ചു.
രാത്രിയുടെ ഇരുണ്ടവെളിച്ചവുമായി ചെറുകാറ്റ് കാടുകളെ ഇളക്കി. പകലൊന്നും അതുവഴി ആരും വന്നതായി കാറ്റുപറഞ്ഞില്ല. ശബ്ദങ്ങള്‍ക്കായി അവള്‍ കാതോര്‍ക്കുന്നണ്ടായിരുന്നു. ഇതു നടപ്പാതയല്ലെന്ന തിരുച്ചറിവിനാല്‍ മെല്ലെ പാറയുടെ വിള്ളലില്‍ നിന്നും പുറത്തേക്കു വന്നു. പണ്ട് യജമാനന്റെ പഞ്ചസാരപാത്രത്തില്‍ നിന്നും ഒരു നുള്ളു തൊട്ടുനക്കിയതിനു കിട്ടിയ അടിയില്‍ പ്രതിക്ഷേധിച്ച് ഒരു പാറയുടെ വിള്ളലില്‍ ഒളിച്ചതും, യജമാനന്റെ വേട്ടപ്പട്ടി തന്നെ കണ്ടെത്തിയതും ഓര്‍ത്തവള്‍ ഒന്നു ചിരിച്ചു. ഇന്ന് ഏതുവേട്ടപ്പട്ടിയെയും വലിച്ചുകീറാനുള്ള കരുത്ത് തന്റെ കൈകള്‍ക്കുണ്ടല്ലോ എന്നോര്‍ത്തായിരുന്നു ആ ചിരി. കാട്ടിലെ വലിയ മരങ്ങളും അവളുടെ ചിന്തകളെ ഏറ്റെടുത്തിട്ടെന്നപോലെ ഒന്നാടിയുലഞ്ഞു. അവളിലേക്കൊരു വെളിച്ചം വീശി. പണ്ട് അവള്‍ കുഞ്ഞായിരുന്നപ്പോള്‍ പണിയിടങ്ങളില്‍ അപ്പന്‍ പറഞ്ഞുകൊടുത്ത പാഠങ്ങള്‍ ആയിരുന്നു അത്. വലിയ മരങ്ങളില്‍ വളരുന്ന ഇത്തിള്‍ക്കണ്ണികള്‍ മരങ്ങളുടെ വടക്കുഭാഗത്താണു വളരുന്നത്. അത് വടക്കോട്ടുള്ള ദിശാസുചികളാണ്. പിന്നെ ആകാശത്തിലെ നോര്‍ത്ത്സ്റ്റാര്‍ അല്ലെങ്കില്‍ വാല്‍നക്ഷത്രവും വടക്കിന്റെ വഴികള്‍ പറയും എന്നപ്പന്‍ പറഞ്ഞിരുന്നു. ആ നക്ഷത്രങ്ങളെ എങ്ങനെ തിരിച്ചറിയും. അതു അപ്പന്‍ കാണിച്ചു തന്നു. ആകാശത്തില്‍ സൂക്ഷിച്ചു നോക്കുക. നാലുനക്ഷത്രങ്ങളില്‍ നിന്നും അല്പം അകന്ന് മറ്റതിന്റെ വാലുപോലെ ഒരു ഒറ്റയാന്‍ അതു തരുന്ന ദിശ വടക്കാണ്. പിന്നെ അപ്പന്‍ കാട്ടിലെ ഏതെല്ലാം ഇലകളും, കിഴങ്ങുകളും ഭക്ഷിക്കാമെന്നും ഏതെല്ലാം കഴിക്കരുതെന്നു പറഞ്ഞു. ഒരടിമക്ക് എപ്പോഴും പ്രകൃതിയില്‍ നിന്നും ഭക്ഷിച്ചെ മതിയാകു. യജമാനന്റെ അടുക്കള തരുന്ന വിഹിതം ഒരിക്കലും തികയുമായിരുന്നില്ല. ഔഷതഗുണമുള്ള ഇലകളും, ലഹരിയുടെ ഇലകളും വെവ്വേറെ കാട്ടിത്തന്നു. ഇത്തരം കാട്ടിലകളുടെ ലഹരിയും ചവച്ചായിരുന്നു അവന്റെ അടിമത്വം അവന്‍ മറന്നിരുന്നത്. അന്ന് അപ്പന്‍ തനിക്ക് ഇന്നിലേക്കുള്ള അതിജീവന മാര്‍ഗ്ഗങ്ങളാണല്ലോ കാട്ടിത്തന്നതെന്നോര്‍ത്തു.
Read: https://emalayalee.com/writer/119