Image

നദി ഒഴുകുമ്പോള്‍ ( കവിത : രാധാമണി രാജ് )

Published on 13 May, 2024
നദി ഒഴുകുമ്പോള്‍ ( കവിത : രാധാമണി രാജ് )

നിറങ്ങള്‍ ചാലിച്ചെഴുതാനും
അക്കങ്ങളിട്ട് വരയ്ക്കാനുമാവാത്ത
ചില നദിയൊഴുക്കങ്ങളുണ്ട്

കുതിച്ചു ചാടിയ  തുടക്കങ്ങളോ
കിതപ്പാറ്റിയ തിരകളോ അല്ല
കടന്നുപോന്നവഴിത്താരകളും
തട്ടിത്തടഞ്ഞതും കാരമുള്ളുകള്‍ തറഞ്ഞതുമായ
ഇടങ്ങളാണ് 
ഭാണ്ഡക്കെട്ടിലുള്ളത്

കടലിന്‍റെ ആളങ്ങളില്‍
തപസ്സിരിക്കാനുള്ളവകയൊന്നുമേയില്ലയാ
ഭാണ്ഡത്തില്‍

തീരത്ത്
തലങ്ങനേം വെലങ്ങനേം 
വാരിവലിച്ചിട്ട്
മണല്‍ത്തരികളുമായി
ചങ്ങാത്തംകൂടിച്ച്
പൊട്ടുംപൊടിയും
തട്ടിക്കുടഞ്ഞുകളഞ്ഞ്
ഇരട്ടവരകള്‍ക്കുള്ളില്‍
മെനയായി ചേര്‍ത്തിളക്കി
കടലിന്‍റെയും കിഴവന്‍റെയും
കഥ പറഞ്ഞുറക്കണം

ആവതില്ലാതായാലും
എങ്ങനെയും
ഏന്തിവലിഞ്ഞ് ഒഴുകണം
രണ്ടുകരകളുമിങ്ങനെ
സ്നേഹത്തോടെ ഉറ്റുനോക്കുമ്പോള്‍

എത്രയൊക്കെ വറ്റിവരണ്ടാലും
അടിത്തട്ടിലുള്ള 
ഇത്തിരി  അലിവും പകുത്ത്
മെല്ലെയെന്നാലും.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക