ആറാം പ്രമാണം
മനുഷ്യര്‍ ഭൂമിയില്‍ സദ്‌വൃത്തരായി ജീവിക്കുന്നതിന് ദൈവം മോശ വഴി പത്തു കല്പനകള്‍ നല്‍കി. അതില്‍ 'വ്യഭിചാരം ചെയ്യരുത്' എന്ന ആറാം പ്രമാണത്തെ ആധാരമാക്കി മുട്ടത്തുവര്‍ക്കി അതേപേരില്‍ നോവല്‍ രചിച്ചിരിക്കുന്നു.
റിട്ട. അദ്ധ്യാപകനായ സെബാസ്റ്റ്യന്‍ സാറിന്റെ മകന്‍ ജോസ് സത്‌സ്വഭാവിയാണ്. തനി ഗ്രാമീണന്‍. മദ്യപാനവും പുകവലിയും മാത്രമല്ല വിവാഹം, പെണ്ണ് തുടങ്ങിയ വിഷയങ്ങള്‍ പോലും അവന് ഇഷ്ടമല്ല, അങ്ങനെയാണ് കൂട്ടുകാര്‍ക്കിടയില്‍ അവന് പുണ്യാളന്‍ ജോസ് എന്ന പേരു വീണത്.
അയല്‍വക്കത്തുള്ള രജിസ്ട്രാര്‍ വറുഗീസിന്റെ മകള്‍ ലില്ലി അവന്റെ കളിക്കൂട്ടുകാരിയാണ്. ജോസിനോടൊത്തുള്ള വിവാഹ ജീവിതം അവള്‍ സ്വപ്നം കാണുന്നു. ഇരുവീട്ടുകാര്‍ക്കും ജോസും ലില്ലിയും തമ്മില്‍ വിവാഹിതരാകുന്നതില്‍ താല്‍പര്യമേയുള്ളൂ. അതിനിടയിലാണ് പെണ്ണ് നിഷിദ്ധമാണെന്നും വിവാഹമേ വേണ്ടെന്നുമൊക്കെയുള്ള ജോസിന്റെ കടുംപിടിത്തം.
സെബാസ്റ്റ്യന്‍ സാറും രജിസ്ട്രാര്‍ വര്‍ഗീസും കൂടിയാലോചിച്ച് പട്ടണത്തിലേക്ക് ജോസിനെ അയച്ചാല്‍ അവന്റെ സ്വഭാവരീതികളില്‍ മാറ്റം വരുമെന്നു കണ്ടെത്തി. അവര്‍ നഗരത്തിലെ ഒരു പ്രൈവറ്റ് ബാങ്കില്‍ കാഷ്യറായി അവന് ജോലിയും വാങ്ങിക്കൊടുത്തു. പാപങ്ങളുടെയും പ്രലോഭനങ്ങളുടെയും കൂടാരത്തിലേക്കാണ് താന്‍ പോകുന്നതെന്നു തോന്നിയെങ്കിലും മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിക്കാതിരിക്കാന്‍ അവനു കഴിയുമായിരുന്നില്ല.
ബാങ്കര്‍ തോമസിന്റെ പുത്രി റൂബിയാണ് ആദ്യമായി അവനൊരു പ്രണയാഭ്യര്‍ത്ഥനയുമായി എത്തുന്നത്. അവളുടെ ശ്രമഫലമായി ജോസ് മോഡേണ്‍ വസ്ത്രധാരണ രീതികളും സ്വീകരിച്ചു. പിന്നീട് ബാങ്കിലെ സഹപ്രവര്‍ത്തകയായ കൊച്ചുത്രേസ്യായും അവനോട് അടുപ്പം കാട്ടി.
തോട്ടുവക്കത്തുള്ള ഒരു വാടകവീട്ടില്‍ ജോസ് താമസം തുടങ്ങി. അതിന്റെ നാലാം പക്കം അടുത്ത വീട്ടിലും പുതിയ താമസക്കാരെത്തി. ഒരു അമ്മയും അവരുടെ അതിസുന്ദരിയായ മകള്‍ ഉഷയുമായിരുന്നു ആ വീട്ടിലെ താമസക്കാര്‍. തമ്മില്‍ പരിചയപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ ഒരുനാള്‍ രാത്രി ഭക്ഷണത്തിന് ക്ഷണിച്ചു. സുന്ദരിയായ ഉഷയും മകളേക്കാള്‍ സുന്ദരിയായ അമ്മയും ചേര്‍ന്ന് ജോസിനെ ജീവിതത്തില്‍ ആദ്യമായി മദ്യപിപ്പിച്ചു. ഒപ്പം അസാന്മാര്‍ഗ്ഗികളായ ആ അമ്മയും മകളും മദ്യപിച്ചു. ഒടുവില്‍ ജോസ് അവിടെത്തന്നെ ബോധം കെട്ടുവീണു കിടന്നുറങ്ങി. പ്രലോഭനങ്ങള്‍ ഉണ്ടായെങ്കിലും അവന്‍ 'ആറാം പ്രമാണം' ലംഘിച്ചില്ല.
ഭര്‍ത്താവ് വിദേശത്തുള്ള കൊച്ചുത്രേസ്യായും അവനെ പലവട്ടം വീട്ടിലേക്കു ക്ഷണിക്കുന്നുണ്ട്. പക്ഷേ ആ കെണിയില്‍ നിന്ന് അവന്‍ ഒഴിഞ്ഞുമാറി.
എന്തായാലും നഗരജീവിതം അവനില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തിയിരിക്കുന്നു. പാപത്തിന്റെ കൂടാരമാണ് സ്ത്രീ എന്ന അവന്റെ ധാരണ മാറി. വിവാഹം വിശുദ്ധമായ ഒരു കൂദാശയാണെന്നും ഇനി വിവാഹം ആകാമെന്നുമാണ് ഇപ്പോള്‍ അവന്റെ തീരുമാനം. പക്ഷേ ആരെ വിവാഹം കഴിക്കണം എന്നത് ഒരു ചിന്താക്കുഴപ്പമായിരിക്കുന്നു. ഗ്രാമവിശുദ്ധിയുടെ പ്രണയപുഷ്പങ്ങളുമായി നാട്ടില്‍ ലില്ലി അവനെ കാത്തിരിക്കുന്നു. ബാങ്കറുടെ മകള്‍ റൂബിയ്ക്കും അവനോടുള്ള വികാരം വ്യത്യസ്തമല്ല. സുന്ദരിയായ കൊച്ചുത്രേസ്യായും അവനെ കാത്തിരിക്കുന്നു. മനോഹരിയായ ഉഷയുടെ രൂപവും അവന് മറക്കാനാവില്ല.
അയല്‍വാസിയായ ഉഷയുടെ വീട്ടില്‍ വേറെയും ചെറുപ്പക്കാര്‍ എത്തുന്നത് അവന്‍ കണ്ടു. രാത്രിയില്‍ അവരെ അവര്‍ എവിടേയ്‌ക്കോ കൂട്ടിക്കൊണ്ടു പോകുന്നതുകൂടി കണ്ടപ്പോള്‍ ജോസിന് ആകെ നിരാശയായി. കാരണം ഉഷയുടെ സര്‍പ്പസൗന്ദര്യത്തില്‍ അവന്‍ അത്രയേറെ ആമഗ്നനായിപ്പോയിരിക്കുന്നു. ബോധം നശിക്കുവോളം അവന്‍ മദ്യപിച്ചു.
ഇതിനിടെ ബാങ്കര്‍ തോമസ് മകള്‍ റൂബിക്കുവേണ്ടി വിവാഹാലോചന നടത്തിയെങ്കിലും ജോസ് ഒഴിഞ്ഞുമാറി.
അവനെ മാത്രം മനസ്സില്‍ ധ്യാനിച്ചുകൊണ്ടു കഴിയുന്ന ലില്ലിയുടെ കത്തും നാട്ടില്‍നിന്ന് എത്തിയെങ്കിലും അവന്‍ മറുപടി അയച്ചില്ല.
കൊച്ചുത്രേസ്യായുടെ കടക്കണ്ണേറുകളിലും അവന്‍ വീണില്ല.
അവന്റെ മനസ്സില്‍ ഉഷ എന്ന നര്‍ത്തകിയുടെ രൂപം മാത്രം. ഉഷ സ്ഥലത്തില്ലാതിരുന്ന ഒരുനാള്‍ കുഞ്ഞച്ചന്‍ എന്നയാള്‍ അവളുടെ ഭര്‍ത്താവാണെന്നും പറഞ്ഞ് എത്തി. പക്ഷേ ഉഷ അയാളെ തള്ളിപ്പറഞ്ഞു. എങ്കിലും അസാന്മാര്‍ഗ്ഗികളായ ആ അമ്മയെയും മകളെയും തേടി ഒട്ടേറെ പുരുഷന്മാര്‍ ആ വാടകവീട്ടില്‍ എത്തിക്കൊണ്ടിരുന്നു.
അപഥസഞ്ചാരിയാണെന്നു മനസ്സിലാക്കിയിട്ടും ഉഷയെ അവനു മറക്കാന്‍ കഴിഞ്ഞില്ല. ആ അമ്മയെയും മകളെയും നേര്‍വഴിയിലേക്കു നയിക്കാനായിരുന്നു. അവന്റെ ശ്രമം. അതിനുവേണ്ടി അവളുടെ നൃത്തപരിപാടിക്കുള്ള യാത്രകള്‍ അവന്‍ അവസാനിപ്പിക്കുകയു വീട്ടുചെലവിനുള്ള തുക സ്വന്തം കൈയില്‍നിന്ന് നല്‍കുകയും ചെയ്തു. സാരിയും സ്വര്‍ണ്ണവുമൊക്കെ ഉഷ അവനെക്കൊണ്ടു വാങ്ങിപ്പിച്ചു.
ജോസിനോടു സ്‌നേഹം നടിക്കുകയും അവന്റെ പണം കൈക്കലാക്കുകയും ചെയ്യുമ്പോള്‍തന്നെ ഉഷ തന്റെ രഹസ്യബന്ധങ്ങളും തുടര്‍ന്നു. ഒടുവില്‍ വ്യഭിചാരക്കുറ്റത്തിന് ആ അമ്മയെയും മകളെയും പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതും അവന് കാണേണ്ടിവന്നു. പിന്നെ കുറേനാള്‍ അവന്‍ അവരോടു പിണങ്ങി നടന്നു.
പിന്നീടൊരുനാള്‍ അമ്മയുടെ സമ്മര്‍ദ്ദഫലമായി താന്‍ പിഴച്ച വഴികളിലേക്കു തിരിഞ്ഞതിനെക്കുറിച്ചും അവള്‍ ജോസിനോടു വിശദീകരിച്ചു. അതോടെ ജോസിന് അവളോടു സഹതാപമായി. അവളുടെ തെറ്റുകള്‍ ആ പുണ്യാളന്‍ ക്ഷമിച്ചു. ആ സര്‍പ്പസൗന്ദര്യത്തെ വീണ്ടും അവന്‍ ആരാധിച്ചു. എങ്കിലും ആറാം പ്രമാണം ലംഘിച്ചില്ല.
നാട്ടില്‍നിന്ന് ലില്ലിയുടെ കത്തു വന്നു. തന്നെ ഒരു സഹോദരനായി കാണണമെന്നും ലില്ലി ഒരു കന്യാസ്ത്രീയാകണമെന്നും പറഞ്ഞ് അവന്‍ മറുപടി അയച്ചു. ഉഷയെ താന്‍ സ്‌നേഹിക്കുന്ന വിവരവും അറിയിച്ചു.
പരിഷ്‌കാരിയാകാന്‍ പട്ടണത്തിലേക്കു പറഞ്ഞയച്ച മകന്‍ വഴിപിഴച്ചതറിഞ്ഞ് ജോസിന്റെ അച്ഛന്‍ അവനെ തേടിയെത്തി. ലില്ലിയുമായുള്ള വിവാഹത്തിന് അവന്‍ സമ്മതിക്കാത്തതിനാല്‍ അയാള്‍ അവനുമായി പിണങ്ങിപ്പിരിഞ്ഞു.
ബാങ്കില്‍നിന്നു പണം തട്ടിപ്പു നടത്തി അവന്‍ ഉഷയ്ക്കു രത്‌നമാല വാങ്ങിക്കൊടുത്തു. ബാങ്കിലെ കണക്കില്‍ വലിയ കൃത്രിമം കാട്ടിയതിനെത്തത്തുടര്‍ന്ന് ജോസിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.
ജോസ് ഉഷയുടെ വീട്ടിലെത്തി. ആ രാത്രി അവളുടെ ഭര്‍ത്താവാണെന്നും പറഞ്ഞ് കുഞ്ഞച്ചനും അവിടെ വന്ന് ബഹളമുണ്ടാക്കി. ഉഷയുടെ അമ്മയുടെ കൈകൊണ്ടാണ് അയാള്‍ മരിച്ചത്. ഒടുവില്‍ മൃതദേഹം ഒരു താമരക്കുളത്തില്‍ കൊണ്ടിട്ടു.
ഉഷ കുഞ്ഞച്ചന് എഴുതിയ ഒരു കത്തില്‍നിന്നും തന്റെ പണം പിടുങ്ങുക മാത്രമായിരുന്നു അവളുടെ ഉദ്ദേശ്യമെന്നും ജോസ് തിരിച്ചറിയുന്നു. മാത്രമല്ല കുഞ്ഞച്ചന്റെ കൊലക്കുറ്റവും അവന്റെ ചുമലില്‍ ചാര്‍ത്താന്‍ അവര്‍ ശ്രമം നടത്തി.
ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ജോസ് അറസ്റ്റു ചെയ്യപ്പെട്ടു. ആ വിവരമറിഞ്ഞ ഷോക്കില്‍ അവന്റെ അച്ഛന്‍ മരിച്ചു. അമ്മ കിടപ്പിലായി. അവനെ മാത്രം മനസ്സില്‍ ആരാധിച്ചിരുന്ന ലില്ലിക്കുട്ടി കണ്ണീര്‍ക്കയത്തിലുമായി.
ഉഷ, കൊച്ചുത്രേസ്യ, റൂബി... അവനെ കാമിച്ചതോ സ്‌നേഹിച്ചതോ ആയ യുവതികള്‍ ഓരോരുത്തരായി ജോസിന് നഷ്ടമാവുകയാണ്.
ആകെ നിരാശനായ ആ ചെറുപ്പക്കാരന്‍ ആറാം പ്രമാണം ലംഘിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു വേശ്യാലയത്തില്‍ എത്തിച്ചേരുന്നു. ഒരു ചതിവില്‍ കുടുങ്ങി അവിടെ എത്തിയ ലില്ലിക്കുട്ടിയാണ് അവിടെ അവന്റെ കിടപ്പറയിലേക്ക് ആനയിക്കപ്പെട്ട പെണ്‍കുട്ടി. ഒരു സംഘട്ടനത്തിലൂടെ ജോസ് അവളെ അവിടെനിന്നും മോചിപ്പിക്കുന്നു.
തനിക്കുവേണ്ടി എന്നും കാത്തിരുന്ന ഗ്രാമവിശുദ്ധിയുടെ പര്യായമായ ലില്ലിക്കുട്ടിയുടെ കരങ്ങളില്‍ ജോസ് മുറുകെപ്പിടിക്കുന്നു. അപ്പോള്‍ പള്ളിയില്‍ നിന്നും ഒരു മണിനാദം ഉയര്‍ന്നു. ആ മണിനാദം ഗ്രാമത്തിലെ വിശുദ്ധമായ അന്തരീക്ഷത്തിലൂടെ മന്ദമായി, മൃദുവായി ഒഴുകി.
Read: https://emalayalee.com/writer/285