വാഷിംഗ്‌ടൺ: തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശ്രമങ്ങൾ അവസാനിപ്പിച്ചതിന് ശേഷം ആദ്യമായി പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ട് നയങ്ങൾ വ്യക്തമാക്കുകയായിരുന്ന മുൻ യു എൻ അംബാസിഡർ നിക്കി ഹേലി താൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് നോമിനി ആകാൻ സാധ്യതയുള്ള ട്രംപിന് വോട്ട് ചെയ്യും എന്ന് തുറന്നു പറഞ്ഞു. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റിൽ പങ്കെടുക്കുമ്പോൾ ട്രമ്പിനാണ് നോമിനേഷൻ ലഭിക്കുന്നതെങ്കിൽ താൻ ട്രംപിന് വോട്ടു ചെയ്യും എന്ന് ഹേലി പറഞ്ഞിരുന്നു. ഈ നയത്തിൽ ഇപ്പോഴും മാറ്റം ഉണ്ടായിട്ടില്ല എന്നാണ് ഇവരുടെ
പ്രസ്താവന ഉറപ്പിച്ചു പറയുന്നത്.
നിക്കി ഇനിയും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർ അവർ ട്രംപിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു ഉത്തരം. (പ്രസിഡണ്ട്) 'ബൈഡൻ ഒരു കൊടും വിപത്താണ്, അതിനാൽ ഞാൻ ട്രംപിന് വോട്ടു ചെയ്യും' എന്നായിരുന്നു വിശദീകരണം. കഴിഞ്ഞ വര്ഷം ഫെബ്രുവരിയിലാണ് ഇവർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്റെ പ്രചാരണം താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു. തന്റെ അനുയായികൾ ആർക്കു വോട്ടു ചെയ്യണമെന്ന് ഇത് വരെ പറഞ്ഞിട്ടില്ല. ട്രംപ് 15 പ്രൈമറികളിൽ 14 ലും ഇവരെ പരാജയപ്പെടുത്തിയപ്പോഴാണ് ഇവർ പിന്മാറിയത്. ട്രംപിന് എന്നെ സപ്പോർട്ട് ചെയ്ത വോട്ടർമാരെ സമീപിച് തനിക്കു വേണ്ടി വോട്ട് ചെയ്യുവാൻ പ്രേരിപ്പിക്കുവാൻ കഴിവുണ്ടെന്ന് ഹേലി പറഞ്ഞു.
തന്റെ പ്രസംഗത്തിൽ ബൈഡനെയും ഡെമോക്രാറ്റിക് പാർട്ടിയെയും പേരെടുത്തു പറഞ്ഞു വിമർശിച്ചുവെങ്കിലും ട്രംപിന്റെ പേര് പറഞ്ഞില്ല എന്ന് നിരീക്ഷകർ പ്രത്യേകം ശ്രദ്ധിച്ചു.
ഇതിനിടയിൽ ട്രംപ് വീണ്ടും ഡാലസിൽ എത്തുകയാണ്. നാഷണൽ റൈഫിൾ അസോസിയേഷൻ കൺവെൻഷനിൽ മുഖ്യ അതിഥി ആയി പങ്കെടുത്തതിന് ദിവസങ്ങൾക്കു ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണ ധനശേഖരണാർത്ഥം ട്രംപ് വീണ്ടും ഡാലസിൽ എത്തുന്നത്. കോൺവെൻഷനിൽ പ്രസംഗിക്കവെ താൻ ഒരു ദിവസം ടെക്സസിലേക്ക് മാറും എന്ന് ട്രംപ് പറഞ്ഞിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആയി താൻ തിരഞ്ഞെടുക്കുന്നത് ഒരു ഫ്ലോറിഡ സംസ്ഥാനക്കാരൻ ആണെങ്കിൽ ട്രംപ് ഒരു സംസ്ഥാന മാറ്റം ആലോചിച്ചു എന്ന് വരാം. അതിന്റെ സൂചനയാണോ നൽകിയത് എന്നറിയില്ല. ഫ്ലോറിഡ നിവാസി ആയ മാർക്കോ റുബിയോയെ ആണ് ട്രംപ് തന്റെ വിപി സ്ഥാനാർഥിയായി പരിഗണിക്കുന്നത്, അതിന്റെ സൂചനയാണോ ടെക്സസിലേക്ക് മാറും എന്ന പ്രഖ്യാപനം എന്നറിയില്ല.
ഡാലസിലെ ട്രംപിന്റെ ഫണ്ട് റെയ്സറിൽ 16 ആതിഥേയരാണ് ഉള്ളത്. വ്യവസായി ആയ റേ വാഷ്‌ബേൺ, അദ്ദേഹത്തിന്റെ ഭാര്യ ഹെതർ എന്നിവർ ആണ് ഏറ്റവും പ്രധാനികൾ. മറ്റൊരു വ്യവസായ പ്രമുഖൻ കെന്നി ട്രൗറ്റും ഭാര്യ ലിസയും, ഡാളസ് നിക്ഷേപകനും ജി ഓ പി ദാതാവുമായ ഡഗ് ഡീസൻ എന്നിവരും ആതിഥേയരാണ്. 'ട്രംപ് 47 കപ്പിൾസ്' എന്ന് പേരിട്ടിരിക്കുന്ന ദാതാക്കൾക്ക് 8,44 ,600 ഡോളർ വരെ സംഭാവന ചെയ്യാം. ഇതിനു താഴെ ൨൫൦൦൦൦ ഡോളർ നൽകി ഓരോ വ്യക്തിക്കും കോ-ചെയർ ആകാം. ഒരു സാധാരണ പ്രവേശനത്തിന് ഒരു ലക്ഷം ഡോളറാണ് ഫീ.
ഇതിനു മുൻപും ട്രംപ് ടെക്സസിൽ പല സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കിക്ക് ഓഫ് തന്നെ ടെക്സസിലെ വെക്കോയിൽ ആയിരുന്നു. ഒരു ദിവസം താൻ ലോൺ സ്റ്റാർ സ്റ്റേറ്റിലേക്ക് (ടെക്സസിലേക്ക്) മൂവ് ചെയ്യും എന്ന് എൻ ആർ എ കൺവെൻഷൻ പ്രതിനിധികൾക്കു ട്രംപ് കൊടുത്ത വാക്ക് പാലിക്കുമോ എന്നറിയാൻ കാത്തിരിക്കാം.
Nikki Haley will vote for Trump, but won't campaign (Abraham Thomas)