Image

തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനത്തിൻ്റെ അപചയം   (ജോർജ്ജ് എബ്രഹാം)

Published on 26 May, 2024
തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനത്തിൻ്റെ അപചയം   (ജോർജ്ജ് എബ്രഹാം)

നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബിജെപി/ആർഎസ്എസ് അധികാരത്തിൽ വന്നതുമുതൽ നെഹ്‌റുവിയൻ-അംബേദ്കർ ദർശനത്തിന് കീഴിൽ കെട്ടിപ്പടുത്ത സ്ഥാപനങ്ങൾ  അടിച്ചമർത്തപ്പെടുകയോ  സമ്പൂർണ തകർച്ച നേരിടുകയോ ചെയ്യുകയാണ്. ഹിന്ദുത്വ തത്ത്വചിന്തയിൽ വേരൂന്നിയ ഒരു ഭൂരിപക്ഷ ഭരണത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള അവരുടെ നിരന്തരമായ പോരാട്ടത്തിൽ മറ്റ് പല സ്ഥാപനങ്ങൾക്കും  സംഭവിച്ച അതേ അവസ്ഥയാണ്, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മഹനീയ സ്തംഭങ്ങളിലൊന്നായ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷനും നേരിട്ടിരിക്കുന്നത് .

 ജവഹർലാൽ നെഹ്രുവിൻ്റെയും ബി.ആർ. അംബേദ്കറിന്റെയും ദാർശനികമായ നേതൃത്വത്തിൽ, എല്ലാവരുടെയും സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്ന സ്ഥാപനങ്ങളാണ് ഇന്ത്യയിൽ പടുത്തുയർത്തിയത്. നമ്മൾ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുകയാണെങ്കിൽ, ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും അവരുടെ പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി കാണാം. മറ്റുള്ളവർ പരാജയപ്പെട്ടപ്പോഴും, ഇന്ത്യ അക്കാര്യത്തിൽ വിജയിച്ചത് കാലത്തിൻ്റെ പരീക്ഷണങ്ങളെ  നേരിടാൻ തലയെടുപ്പോടെ ഈ  സ്ഥാപനങ്ങൾ നിലകൊണ്ടതുകൊണ്ട് മാത്രമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുകയും, ഓരോ തവണയും ജനവിധി നേടുന്ന വിജയികൾക്ക് സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പുനൽകുന്നതുമായ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന കാര്യത്തിൽ സംശയമില്ല.

 അധികാരത്തിന്റെ ഉത്തുംഗ ശ്രേണിയിൽ എത്തുന്നതുവരെ മാത്രമേ, ബിജെപി  സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളിൽ  താൽപ്പര്യം കാണിച്ചിരുന്നുള്ളു . താമസിയാതെ, അവർ എല്ലാ സ്ഥാപനങ്ങളിലും  കൈകടത്താൻ   തുടങ്ങി. സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും  മാധ്യമങ്ങളെ കബളിപ്പിച്ചും പൊതുസമൂഹത്തെ ഭീഷണിപ്പെടുത്തിയും  അവരുടെ അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്യാൻ സമ്മതിക്കാതെ, ദീർഘകാലത്തേക്ക് സമൂഹത്തിന്റെ എല്ലാ തലത്തിലെയും നിയന്ത്രണം കൈപ്പിടിയിലാക്കി.  വൻതോതിലുള്ള പണപ്പെരുപ്പം, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ അശാന്തി തുടങ്ങി രാജ്യത്തെ സമ്മർദത്തിലാഴ്ത്തുന്ന  പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർ വരുത്തിയ ഭീമമായ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ അധികാരം വീണ്ടും കയ്യാളാൻ അവർ ഉത്കണ്ഠാകുലരായിരുന്നുവന്നു വ്യക്തം.

അവസാനം, തിരഞ്ഞെടുപ്പ് കമ്മീഷനെക്കൂടി  കൈപിടിയിലാക്കിക്കൊണ്ട്  ജനാധിപത്യത്തിനും വ്യവസ്ഥാപിത ഭരണഘടനാ ക്രമത്തിനും നേർക്ക്  പ്രഹരം ഏല്പിക്കാനാണ്  അവർ തീരുമാനിച്ചിരിക്കുന്നത്. ജനാധിപത്യം എന്നാൽ ഒരു രാജ്യത്തിലെ എല്ലാ ആളുകളും അവരുടെ ജീവിതത്തെ ബാധിക്കുന്നസമസ്ത   മേഖലകളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഭാഗമാകുന്നു എന്നാണ്. ഭൂരിപക്ഷ ഭരണത്തിൽ വിശ്വസിക്കുന്ന ബി.ജെ.പിയെപ്പോലുള്ള ഒരു പാർട്ടിയുടെ വിയോജിപ്പും അതിനോടായിരുന്നു. തങ്ങൾ അധികാരം പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ ന്യായീകരിക്കുന്നതിനും ജനപിന്തുണ ഉറപ്പിക്കുന്നതിനും ഏകാധിപതികളും ഏകകക്ഷി ഭരണകൂടങ്ങളും പലപ്പോഴും ദുരുപയോഗം ചെയ്യുന്ന ഒരു വിവാദ ആശയം കൂടിയാണ് ജനാധിപത്യം.

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 324ൽ  ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിക്കുന്നതിനെപ്പറ്റിയും, ആർട്ടിക്കിൾ 327ൽ  തെരഞ്ഞെടുപ്പിൻ്റെ എല്ലാ വശങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങൾ നിർമ്മിക്കാൻ പാർലമെൻ്റിനെ അധികാരപ്പെടുത്തുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്വതന്ത്ര ജുഡീഷ്യറിയുടെ അവലോകനത്തിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് ആർട്ടിക്കിൾ 329 വാഗ്ദാനം ചെയ്യുന്നത്. എക്‌സിക്യൂട്ടീവിന്റെ ഇടപെടലിൽ നിന്ന് ഇലക്ഷൻ കമ്മീഷനെ സംരക്ഷിച്ചുകൊണ്ട് ഇസിഐ (ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ) -ക്ക്  സ്വയംഭരണവും സ്വാതന്ത്ര്യവും ഉറപ്പാക്കാനുള്ള ഭരണഘടനാ അസംബ്ലിയുടെ വ്യക്തമായ മുൻഗണനയാണ് ഈ ആർട്ടിക്കിളുകളിൽ പ്രതിഫലിപ്പിക്കുന്നത്. (ദേവി ആൻഡ് മെൻഡിറാട്ട, 2000). ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നായ  ഇന്ത്യയിൽ  സ്വാതന്ത്ര്യാനന്തരം  17 ദേശീയ തിരഞ്ഞെടുപ്പുകളും  370 സംസ്ഥാന തിരഞ്ഞെടുപ്പുകളും നടത്തുകയും അതിന്റെ സമഗ്രത ഉറപ്പാക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പൊതു സ്ഥാപനങ്ങളിലൊന്നായാണ് ഇസിഐ കണക്കാക്കപ്പെടുന്നത്.

എന്നാൽ, നിലവിലെ കമ്മീഷന്റെ  പ്രവർത്തനങ്ങൾ നിരീക്ഷിച്ചാൽ  ഈ തിരഞ്ഞെടുപ്പ് ചക്രത്തിൽ സംഭവിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിലും   നിഷ്പക്ഷമായ വിധി നടപ്പാക്കുന്നതിലും  ജനാധിപത്യത്തിൻ്റെ മുഖ്യ കാവൽക്കാരൻ എന്ന നിലയിലുള്ള പവിത്രമായ കടമ ഇലക്ഷൻ കമ്മീഷൻ കളങ്കപ്പെടുത്തിയതായി  കാണാം. സുപ്രീം കോടതിയുടെ സമക്ഷത്തിൽ, പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ചേർന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന പതിവിൽ നിന്ന് മാറി, ഇസിഐ പുനഃസംഘടിപ്പിക്കാനുള്ള നീക്കം നടന്നത് ഗുരുതരമായ പിഴവാണ്. തൽഫലമായി, ഇസിഐയുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണ്, രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള കീഴ്വഴക്കത്തിൻ്റെ ചരിത്രമുള്ള ഒരു ഭരണത്തിൻ്റെ കൈകളിലെ മറ്റൊരു ഉപകരണമായി അത് മാറി.

അതിന്റെ അനന്തരഫലം എന്നോണം, തിരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കുന്നതിൽ പാർട്ടികളോ അവരുടെ സ്ഥാനാർത്ഥികളോ നടത്തുന്ന ധാർമ്മിക പെരുമാറ്റച്ചട്ട ലംഘനങ്ങളെപ്പറ്റി തീർപ്പുകൽപ്പിക്കുന്നതിന് കോടതി സംവിധാനങ്ങൾ കൂടുതൽ മണിക്കൂറുകൾ ചിലവിടാൻ നിർബന്ധിതരായി. രാജ്യവ്യാപകമായി വിവിധ പരാതികൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിന് കോടതി തന്നെ  നേരിട്ട് ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചിട്ടുണ്ട്. പ്രചാരണ പ്രസംഗങ്ങളിൽ ന്യൂനപക്ഷ സമുദായത്തെ പ്രത്യക്ഷമായി ആക്ഷേപിച്ച് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് ഒരു മാസം പിന്നിട്ടിട്ടും പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികളിൽ   നടപടിയെടുത്തിട്ടില്ല. കുറ്റകരമായ പ്രസ്താവന നടത്തിയ വ്യക്തിക്കുപകരം ബിജെപി അധ്യക്ഷന്റെ പേരിലാണ് ഇലക്ഷൻ കമ്മീഷൻ  നോട്ടീസ് അയച്ചത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ , വർഗീയ പ്രസ്താവനകളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും തോത് മുൻകാലങ്ങളിലെ മറ്റേതൊരു തെരഞ്ഞെടുപ്പിനേക്കാളും വളരെ കൂടുതലാണെന്ന് ഏതൊരു സ്വതന്ത്ര നിരീക്ഷകനും വ്യക്തമാകും. ഇതിനെത്തുടർന്ന്,ഒരു കോൺഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുകയും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ട് തെറ്റായതും ഭിന്നിപ്പിക്കാൻ പ്രേരണ നൽകുന്നതുമായ പ്രസ്താവനകൾ നടത്തിക്കൊണ്ട്  സമാധാനം തകർക്കാനും പൊതുജനങ്ങളെ പ്രകോപിപ്പിക്കാനും ശ്രമിച്ച മോഡിയെ  വിമർശിച്ച്  മെമ്മോറാണ്ടം നൽകുകയും ചെയ്തതാണ്.

എല്ലാ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലും വിവിപാറ്റ് ചേർക്കണമെന്നാവശ്യപ്പെട്ട്    അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ നടപടി ദൗർഭാഗ്യകരമാണ്. വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലെ ഇ.സി.യിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്ന് ഇപ്പോൾ വ്യക്തമായി. രാജ്യത്തുടനീളം വോട്ടിങ് യന്ത്രങ്ങൾ തകരാറാവുന്നതും  തുടർന്ന്  വോട്ടെടുപ്പ് വൈകുന്നതായുമുള്ള നിരവധി റിപ്പോർട്ടുകൾ ഉണ്ട്. അസാധാരണമാംവിധം രണ്ടുമാസക്കാലം ഈ തിരഞ്ഞെടുപ്പ് ചക്രം നീണ്ടത് എന്തുകൊണ്ടാണെന്നും ആരുടെ സൗകര്യത്തിന് വേണ്ടി ആണെന്നതും ദുരൂഹമാണ്. സിസിടിവി ക്യാമറ തകരാറാകുന്ന  റിപ്പോർട്ടുകൾ  ഉയർന്നുവരുന്നതുകൊണ്ടുതന്നെ  വോട്ടെണ്ണൽ കഴിയും വരെ ഈ ഉപകരണം സ്ഥാപിക്കുന്നത് സുരക്ഷിതവും  സൂക്ഷ്മപരിശോധന സാധ്യമാകുന്നതുമായ സ്ഥലത്തായിരിക്കണം. ഒരു തിരഞ്ഞെടുപ്പ് നടത്താൻ രണ്ട് മാസമെടുക്കുന്നതെന്തുകൊണ്ട്, ആരുടെ സൗകര്യാർത്ഥം തുടങ്ങിയ കാര്യങ്ങളും ദുരൂഹമാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാണെന്നതിൽ സംശയമില്ല, ഇക്കാര്യത്തിൽ നീതിയും തുറന്ന നിലപാടും കൈക്കൊള്ളുമോ എന്നതുസംബന്ധിച്ച യഥാർത്ഥ ആശങ്ക, പൊതുസമൂഹ ചർച്ചകളിൽ മാത്രം ഒതുങ്ങേണ്ടതല്ല.

ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ, ജനങ്ങൾ വൻതോതിൽ വോട്ട് ചെയ്തിട്ടുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഗുർദീപ് സപ്പൽ പറഞ്ഞിരുന്നു. എണ്ണപ്പെടുന്ന വോട്ടുകളുടെ കണക്കായിരിക്കും ഫലം തീരുമാനിക്കുക. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ  ഉറപ്പാക്കേണ്ടതാണ്. നിർഭാഗ്യവശാൽ, ആ വിശ്വാസം നഷ്‌ടമായിരിക്കുന്നു. കമ്മീഷനിൽ എത്തുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ അവരുടെ ഡാറ്റ അനലിറ്റിക്‌സ് നടത്തണമെന്ന ഇ.സി.യുടെ വാദം അതിരുകടന്നതാണ്.  ഒരു പ്രത്യേക ദിവസം പോൾ ചെയ്ത വോട്ടുകളുടെ ഡാറ്റ പോലും നൽകാൻ ഇ.സി വിസമ്മതിക്കുന്ന ഒരവസ്ഥ ഈ രാജ്യത്ത് ഉണ്ടാകുമെന്ന് തങ്ങൾ ഒരിക്കലും കരുതിയിരുന്നില്ലെന്നും സപ്പൽ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലാണ്. അത് ഉൾക്കൊള്ളുന്ന മൂല്യങ്ങൾ-പ്രത്യേകിച്ച് ഒരു ഇലക്ഷനിൽ ഭരണകർത്താക്കൾ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശത്തിനുമേൽ ഇപ്പോൾ കൂച്ചുവിലങ്ങ് വീണിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സംവിധാനം തന്നെ തകർന്ന് ദുർബലമായ അവസ്ഥയിലാണ്. വലിയൊരു കൂട്ടം ആളുകൾ ഈ അപകടസാധ്യത മനസ്സിലാക്കിക്കൊണ്ട് ഇതിനെതിരെ ഉറക്കെയുള്ള ശബ്ദം എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ ഒരു സ്വതന്ത്ര സമൂഹമെന്ന നിലയിൽ ഇന്ത്യ ഉടൻ തന്നെ ഇല്ലാതാകുമെന്നതിൻ്റെ മറ്റൊരു അപായ സൂചനയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സാവധാനവും വേദനാജനകവുമായ അധഃപതനം.

# Decay of Election Commission

Join WhatsApp News
Mathai 2024-05-26 14:58:17
When Congress had won Karnataka, Telungana, and AAP in Punjab election commission was OK. But when BJP in Rajasthan and Madhya Pradesh, commission is corrupted. What a hypocrisy, Mr. George!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക