പൊന്നുകൊണ്ട് ഒരാള്‍രൂപം
ലോറി ഡ്രൈവറായ പൊയ്കയില്‍ തോമാച്ചേട്ടന്റെ മകന്‍ തങ്കപ്പന്‍ ഉഴപ്പനാണ്. പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് അടയ്‌ക്കേണ്ട ഫീസ് തോമാച്ചേട്ടന്‍ വളരെ ബുദ്ധിമുട്ടിയാണ് അവനു സംഘടിപ്പിച്ചുകൊടുത്തത്. പക്ഷേ തങ്കപ്പന്‍ ആ ഫീസുമായി മുങ്ങി. പിന്നെ പരീക്ഷ കഴിഞ്ഞാണു തിരിച്ചെത്തുന്നത്.
അന്നു തോമാച്ചേട്ടന്‍ ദേഷ്യം സഹിക്കവയ്യാതെ അവനെ പൊതിരെ തല്ലി. തങ്കപ്പന്‍ ബോധരഹിതനായി വീണപ്പോള്‍ പരിഭ്രാന്തനായ തോമാച്ചേട്ടന്‍ പാറേല്‍ മാതാവിനോടു പ്രാര്‍ത്ഥിച്ചു. ''അമ്മേ, അവന്‍ രക്ഷപെട്ട് പണ്ടത്തെപ്പോലെ ഓടിച്ചാടി നടന്നാല്‍ ഞാന്‍ പൊന്നുകൊണ്ട് ഒരാള്‍രൂപം പണിയിച്ച് അമ്മയ്ക്കു നല്‍കാം!''
അയാളുടെ പ്രാര്‍ത്ഥന ഫലിച്ചു. പക്ഷേ വര്‍ഷങ്ങള്‍ മൂന്നു കഴിഞ്ഞിട്ടും പള്ളിയില്‍ പൊന്നുകൊണ്ടുള്ള ആള്‍രൂപമുണ്ടാക്കിക്കൊടുക്കാന്‍ അയാളുടെ സാമ്പത്തികസ്ഥിതി അനുവദിച്ചില്ല.
തങ്കപ്പന്റെ ചട്ടമ്പിത്തരങ്ങള്‍ക്കും മാറ്റം വന്നില്ല. അവന്‍ അമ്മയോടു വഴക്കിട്ട് ഒരുനാള്‍ നാടുവിട്ടു പോവുകയും ചെയ്തു.
അന്നു തോമാച്ചേട്ടന്റെ വണ്ടി കയറി ചെറിയാന്‍ മേസ്തിരിയുടെ പട്ടിചത്തു. മേസ്തിരിയുടെ മകന്‍ തമ്പിച്ചനും, തോമാച്ചേട്ടന്‍ ഓടിക്കുന്ന ലോറിയുടെ ഉടമയായ കുര്യച്ചന്റെ മകള്‍ ഷീലാമ്മയുമായുള്ള വിവാഹാലോചന നടക്കുന്ന സമയമാണ്. തോമാച്ചേട്ടനോട് നേരത്തെ നീരസമുണ്ടായിരുന്ന ചെറിയാന്‍ മേസ്തിരി, കുര്യച്ചനെ സ്വാധീനിച്ച് അയാളെ ജോലിയില്‍ നിന്നു പിരിച്ചുവിടുന്നു. ഒപ്പം അയാള്‍ക്ക് അവരില്‍ നിന്ന് ശകാരവും തല്ലും ഏല്‍ക്കേണ്ടിവന്നു.
വിവരം തങ്കപ്പന്റെ ചെവിയിലും എത്തി. തന്റെ പിതാവിനെ മര്‍ദ്ദിച്ചതില്‍ പകരം വീട്ടാന്‍ തങ്കപ്പന്‍ മുതലാളിയുടെ വീട്ടിലെത്തി. അയാള്‍ അവിടെ ഇല്ലായിരുന്നതിനാല്‍ മകള്‍ ഷീലാമ്മയോട് അവളുടെ അപ്പന്റെ കൊടല് എടുക്കുമെന്നു പറഞ്ഞിട്ടു പോകുന്നു. ചട്ടമ്പിയെങ്കിലും ആ ചെറുപ്പക്കാരന്റെ അഴകും ആരോഗ്യവും തന്റേടവും കണ്ട ഷീലാമ്മയ്ക്ക് അവനോട് അടുപ്പം തോന്നി.
തോമാച്ചേട്ടന്റെ ഡ്രൈവര്‍ ജോലി നഷ്ടപ്പെട്ടതോടെ ആ വീട് ദാരിദ്ര്യത്തിലായി. ഭാര്യയും പെണ്‍മക്കളുമൊക്കെ പട്ടിണിയിലായി. മാത്രമല്ല വിവാഹിതയായ കത്രീന എന്ന മകള്‍ സ്ത്രീധനത്തിന്റെ ബാക്കിക്കുവേണ്ടി വീട്ടില്‍ വന്നു നില്‍ക്കുകയാണ്. കഷ്ടപ്പാടുകള്‍ അകറ്റാന്‍ തോമാച്ചേട്ടന്‍ പാറേല്‍ മാതാവിനോടു പ്രാര്‍ത്ഥിച്ചു. പക്ഷേ, ഫലമുണ്ടാകാത്തത് താന്‍ മാതാവിനു കൊടുക്കാമെന്നേറ്റ പൊന്നുകൊണ്ടുള്ള ആള്‍രൂപം നല്‍കാത്തതുകൊണ്ടാണെന്ന് അയാള്‍ വിശ്വസിച്ചു.
കത്രീനയുടെ മാല പൊട്ടിയത് നന്നാക്കാന്‍ അവള്‍ അച്ഛനെ ഏല്പിച്ചു. വീട്ടിലെ പട്ടിണി മാറ്റാനും മാതാവിന്റെ നേര്‍ച്ച നിറവേറ്റാനുമായി അയാള്‍ മാല വിറ്റു. പക്ഷേ, മറ്റു ചെലവുകള്‍ കാരണം നേര്‍ച്ചക്കടം വീട്ടാന്‍ അപ്പോഴും സാധിച്ചില്ല. അയാള്‍ ഷാപ്പില്‍ കയറി മടങ്ങിയ വഴി മാതാവിന്റെ നടയില്‍ കയറി ക്ഷമാപണവും നടത്തി.
കത്രീനയുടെ ഭര്‍ത്താവ് ദുമ്മിനി എത്തി. ബാക്കി സ്ത്രീധനത്തുകയ്ക്കുവേണ്ടി ബഹളം വച്ചു. കത്രീനയെ അയാള്‍ അടിച്ചപ്പോള്‍ തങ്കപ്പനും ഇടപെട്ടു. അതോടെ ഇനി ഈ വീട്ടില്‍ കാലുകുത്തില്ലെന്നും പറഞ്ഞ് ദുമ്മിനി പോയി.
കുര്യച്ചന്റെ വീട്ടില്‍നിന്ന് കയറുപൊട്ടിച്ചോടി പലരെയും ആക്രമിച്ച മൂരിക്കുട്ടനെ തങ്കപ്പന്‍ തനിയെ പിടിച്ചുനിര്‍ത്തിയപ്പോള്‍ ഷീലാമ്മയ്ക്ക് അവനോടുള്ള മതിപ്പ് ഏറി. ചട്ടമ്പിത്തരങ്ങളൊക്കെ നിറുത്തി നന്നാവാന്‍ അവള്‍ അവനെ ഉപദേശിച്ചു. തോമാച്ചേട്ടനും മകന്റെ സ്വഭാവം മാറാത്തതില്‍ ഏറെ ആകുലതയുണ്ട്.
അയാള്‍ക്ക് മറ്റൊരു ലോറിയില്‍ ഡ്രൈവറായി ജോലി കിട്ടി. എന്നാല്‍ ആ ലോറി കൊക്കയിലേക്കു മറിയുകയും തോമാച്ചേട്ടന്റെ ഒരു കാലിന് ഗുരുതരമായ പരിക്ക് ഏല്‍ക്കുകയും ചെയ്തതോടെ ജോലിയും നഷ്ടമായി. ആശുപത്രിച്ചെലവിന് ഷീലാമ്മ സഹായിച്ചെങ്കിലും വീട്ടില്‍ വീണ്ടും ദാരിദ്ര്യമായി. പട്ടിണി സഹിക്കാനാവാതെ കത്രീന പോലും ഭര്‍ത്താവിന്റെ പക്കലേക്കു പോയി.
മാതാവിനോടുള്ള നേര്‍ച്ചക്കടം വീട്ടാത്തതാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണമെന്ന് അയാള്‍ വിശ്വസിച്ചു. അതിനു വഴികാണാതെ നിസ്സഹായനായി അയാള്‍ കണ്ണീരൊഴുക്കി.
വീട്ടിലെ ദയനീയസ്ഥിതി കണ്ടതോടെ തങ്കപ്പനും മനംമാറ്റം ഉണ്ടായി. അവന്‍ കുര്യച്ചന്റെ പുരയിടത്തിലെ പറമ്പുകിളയ്ക്കുന്ന ജോലി ഏറ്റെടുത്തു. അവന്റെ മനംമാറ്റത്തില്‍ ഷീലാമ്മയ്ക്കും സന്തോഷമായി. നിര്‍ദ്ധനനെങ്കിലും സുന്ദരനായ ആ യുവാവിനോട് അവള്‍ക്ക് ആരാധനയായി.
തങ്കപ്പനോടൊപ്പം പണി ചെയ്തിരുന്ന ഔതച്ചേട്ടനും അവനോടു മമതയായി. തന്റെ മകള്‍ ഏലിയെ അവനു വിവാഹം ചെയ്തുകൊടുക്കാന്‍ അയാള്‍ ആഗ്രഹിച്ചു.
ഇതിനിടയില്‍ സഹോദരി കത്രീനയും തങ്കപ്പന് ഒരു വിവാഹാലോചനയുമായി എത്തി. നല്ല തുക സ്ത്രീധനം കിട്ടുമെന്നു കേട്ടപ്പോള്‍ തോമാച്ചേട്ടന് അതിനോടായി താല്‍പര്യം. കാരണം കത്രീനയുടെ സ്ത്രീധനക്കടവും മാതാവിന്റെ നേര്‍ച്ചക്കടവും വീട്ടാമല്ലൊ!
അങ്ങനെ ഭൂമിയില്‍ അവറാന്റെ മകള്‍ റോസയെ തങ്കപ്പന്‍ പോയി കണ്ടു. പെണ്ണിനെ അവന് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും കത്രീനയുടെയും അളിയന്റെയും നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സമ്മതം മൂളി.
തന്റെ മകളെ അവനെക്കൊണ്ടു വിവാഹം കഴിപ്പിക്കാന്‍ മോഹിച്ച ഔതച്ചേട്ടന്‍ അതോടെ നീറായി. അയാള്‍ മുതലാളിയായ കുര്യച്ചനെ കൂട്ടു പിടിച്ച് ആ വിവാഹം ഉഴപ്പാന്‍ ശ്രമിച്ചു. പക്ഷേ, കുര്യച്ചന്‍ പെണ്‍വീട്ടുകാരുടെ തല്ലു വാങ്ങിയതു മിച്ചം.
അതോടെ തങ്കപ്പനും കുര്യച്ചന്‍ മുതലാളിയുമായി മുഷിഞ്ഞു. ഔതച്ചേട്ടന്‍കൂടി എരിവുകയറ്റിയതോടെ അയാള്‍ അവനെ കൈകാര്യം ചെയ്യാന്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തി. പക്ഷേ ആ സംഭാഷണം ഷീലമ്മ ഒളിഞ്ഞു നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു.
തങ്കപ്പന് ഒരു വര്‍ക്കുഷോപ്പില്‍ ജോലികിട്ടി. അവന്‍ ഡ്രൈവിംഗും പഠിച്ചു. അതോടെ വീട്ടിലെ ദാരിദ്ര്യം മാറി. അവന്‍ ലോറിയും ഓടിച്ച് വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ തോമാച്ചേട്ടന് സന്തോഷമായി. കാലു സുഖപ്പെടുമ്പോള്‍ ഒരിക്കല്‍ക്കൂടി ലോറി ഓടിക്കണമെന്നതും, എത്രയും പെട്ടെന്ന് മാതാവിന് പൊന്നുകൊണ്ടുള്ള ആള്‍രൂപം നല്‍കണമെന്നുമാണ് ഇപ്പോള്‍ അയാളുടെ ആഗ്രഹങ്ങള്‍.
ഒരു രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തങ്കപ്പനെ കുര്യച്ചന്റെ ഗുണ്ടകള്‍ ആക്രമിച്ചു. എന്നാല്‍ തക്കസമയത്ത് അവിടെയെത്തിയ ഷീലമ്മ അവനെ രക്ഷിച്ചു.
അക്കാര്യങ്ങളൊക്കെ നാട്ടുകാര്‍ അറിഞ്ഞു. ആള്‍ക്കൂട്ടത്തിനു നടുവില്‍ വച്ച് താന്‍ തങ്കപ്പനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വിവരവും ഷീലമ്മ വെളിപ്പെടുത്തി. അതോടെ ജനം അവള്‍ക്കു സിന്ദാബാദ് വിളിച്ചു. അവളുടെ അച്ഛനും മാനസാന്തരം വന്നു. എന്നാല്‍ തന്റെ പിതാവ് പറഞ്ഞുറപ്പിച്ച ഭൂമിയില്‍ അവറാച്ചന്റെ മകള്‍ റോസമ്മയുമായുള്ള വിവാഹം തന്നെ നടക്കട്ടെ എന്നായിരുന്നു തങ്കച്ചന്റെ നിലപാട്. ഷീലമ്മയ്ക്ക് തന്നെക്കാള്‍ ഏറെ യോഗ്യനായ വരനെ കിട്ടും.
എങ്കിലും അവനെ മനസ്സില്‍ ആരാധിച്ചിരുന്ന ഷീലമ്മയ്ക്ക് അതൊരു ഷോക്കു തന്നെയായിരുന്നു. കുര്യച്ചന്‍ മുതലാളി തോമാച്ചേട്ടന്‍ ഓടിച്ചിരുന്ന ലോറി അവന് വിവാഹസമ്മാനമായി നല്‍കി. എല്ലാം മാതാവിന്റെ അനുഗ്രഹം!
തോമാച്ചേട്ടനും നവദമ്പതികളും ലോറിയിലെത്തി മാതാവിന്റെ നേര്‍ച്ചക്കടം വീട്ടി. പള്ളിയില്‍ നിന്നു വീട്ടിലേക്ക് തോമാച്ചേട്ടനാണ് ലോറി ഓടിച്ചത്.
നഴ്‌സിംഗിലൂടെ പുതിയൊരു ജീവിതത്തിനു തുടക്കം കുറിക്കാന്‍ ഷീലമ്മ ജര്‍മ്മനിക്കു പുറപ്പെടുമ്പോള്‍ അവളെ യാത്രയാക്കാന്‍ തങ്കപ്പനും എത്തിയിരുന്നു.
Read: https://emalayalee.com/writer/285