Image

നിന്നിലേക്ക് ചായുമ്പോൾ ( കവിത : പി. സീമ )

Published on 31 May, 2024
നിന്നിലേക്ക് ചായുമ്പോൾ ( കവിത : പി. സീമ )

കാലം തെറ്റിവന്ന 
മഴയിൽ 
ഓർമ്മ
ഒരു മുറിവായി വിങ്ങുന്നു

പുത്തൻകുടയും 
പുസ്തകസഞ്ചിയും 
നനയ്ക്കാൻ 
വേനലറുതിയിൽ 
കാത്ത് കാത്തിരുന്നു 
പെയ്യുന്ന   ഇടവമഴയല്ലിത് 

അന്നത്തെ ഞാനും 
അന്നത്തെ മഴയും 
എന്നേ 
മരിച്ചു കഴിഞ്ഞിരിക്കുന്നു 

ഇപ്പോൾ 
നീ ഉപേക്ഷിച്ച് പോയ 
പകലുകളിലേക്കും 
നീ ചേർത്ത് പിടിച്ച 
രാവുകളിലേക്കുമാണ്.
ഈ മഴ മുറിവായി പെയ്യുന്നത്.

ചിറകുകൾ ആകെ 
നനഞ്ഞുവെങ്കിലും 
ഇനിയും   കൊഴിയാത്ത 
തൂവലുകൾ 
ഓരോന്നായി 
കുടഞ്ഞുണക്കുന്ന 
പക്ഷിയാകണം.

മരങ്ങളും മലകളും 
പുഴകളും 
പിന്നിട്ട് 
നീ കൂടു കൂട്ടിയ 
നിലാച്ചില്ലയിലേക്കുള്ള 
വഴിയറിയാതെ 
പറന്നലയണം 

മറവി കൊണ്ടു മൂടാതെ 
ചുഴികളിൽ വട്ടം ചുറ്റി 
മരിച്ചു   ജീവിച്ച്‌ 
കരഞ്ഞുചിരിച്ച് 
ഈ നീയില്ലായ്മയുടെ 
മഴയിലും ആളുന്ന 
തീയായ് 
മഞ്ഞിലും പൊള്ളുന്ന 
കനലായ് 
നീ ഉറങ്ങുന്ന 
മധുരശൈത്യത്തെ
മാറോട് ചേർത്ത് 
ഞാൻ 
എന്നിട്ടും
നിന്നിലേക്ക്‌ 
മാത്രം ചായുന്ന 
നിഴലായിങ്ങനെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക