Listen differently for what I have to tell
(Only the Soul knows how to sing)
Listen differently for what I have to tell
Your descendant shall hear me
എനിക്ക് പറയാനുള്ളത് വ്യത്യസ്തമായി കേൾക്കുക
നിൻ്റെ പിൻഗാമികൾ എൻ്റെ വാക്കുകൾ കേൾക്കും
(Kamla Das)
എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ’ (Only The Soul Knows How to Sing) എന്ന കമലാദാസിൻ്റെ നോബൽ പുരസ്കാരനോമിനേഷൻ ലഭിച്ച ആംഗലേയ കവിതാസമാഹാരത്തിലെ 'വുഡ് ആഷ്' (Wood Ash) എന്ന കവിതയിലെ വരികളാണിത്. എന്നെ വ്യത്യസ്തമായി കേൾക്കൂ, നിനക്ക് പിന്നാലെ വരുന്നവർ എന്നെ തീർച്ചയായും കേൾക്കും എന്ന് പറയുന്ന കവിത.
In this new world i lack coherence
Listen differently for what i have to tell
Let your blood listen and from within
Your descendants shall hear me
……………………………………
I have learnt to listen to the thump of blood in my ear
I have learnt to brief language of sea mourns
ഈ ലോകത്തിൽ നിന്ന് യാത്രയായെങ്കിലും മാധവിക്കുട്ടിയുടെ രചനകൾ ഇന്നും വായിക്കപ്പെടുന്നു. മാധവിക്കുട്ടിയ്ക്ക് വേണ്ടി നട്ട നീർമാതളങ്ങളുടെ തണലിൽ ലോകം പ്രിയപ്പെട്ട എഴുത്തുകാരിയുടെ പിറന്നാൾ മാർച്ച് 31ന് ഇപ്പോഴും ആഘോഷിക്കുന്നു, വിയോഗദിനമായ മെയ് 31ന് വീണ്ടും അതേ നീർമാതളച്ചോടുകൾ മാധവിക്കുട്ടിയുടെ സാഹിത്യലോകത്തെ അനുസ്മരിക്കുന്നു.
'ഒരെഴുത്തുകാരി അപഹരിക്കപ്പെടുന്നു'
മാധവിക്കുട്ടിയ്ക്ക് വേണ്ടി പ്രശസ്ത എഴുത്തുകാരൻ സക്കറിയ എഴുതിയ കഥയാണിത്.
സക്കറിയയുടെ മൃഗ,പ്രാണി,പക്ഷി എന്ന കഥാസമാഹാരത്തിലാണ് ഈ കഥയുള്ളത്. 'പ്രണയത്തിൻ്റെ രാജകുമാരി' എന്ന ക്ളീഷേ എഴുത്തുകളിൽ നിന്ന് വ്യത്യസ്തമായി അതീവ ചാരുതയോടെ സർഗ്ഗാത്മകതയുടെ ശ്രേഷ്ഠഭാവത്തിലെഴുതിയ കഥയാണത്. ചിലന്തികൾ എഴുത്തുകാരിയെ അപഹരിക്കുന്ന കഥയാണത്.
ഭ്രാന്ത് എന്ന സൃഷ്ടി പമ്മൻ എന്ന ആർ.പി. പരമേശ്വരമേനോൻ എഴുതിയത് മാധവിക്കുട്ടിയെക്കുറിച്ചാണെന്ന് സംസാരമുണ്ടായി
വ്യക്തിഹത്യയും, സ്വഭാവഹത്യയുമായി ആ സൃഷ്ടി മാധവിക്കുട്ടിയെ വേട്ടയാടി. സദാചാരക്കാവലാളുകൾ സ്വന്തം തെറ്റുകുറ്റങ്ങളോർമ്മിക്കാതെ എഴുത്തുകാരിയുടെ മാനസികവ്യഥയെ ഇരട്ടിപ്പിച്ചു. പമ്മൻ സ്വന്തം മനോവ്യാപാരവും, നിലവാരവും കൊണ്ടാണ് എഴുതിയത് . അതേ മനോവ്യാപാരവും, നിലവാരമുള്ളവർ മാധവിക്കുട്ടിയെ നിരന്തരം വേട്ടയാടി.
സക്കറിയയുടെ 'ഒരെഴുത്തുകാരി അപഹരിക്കപ്പെടുന്നു' എന്ന കഥ സക്കറിയുടെ സർഗ്ഗപ്രതിഭ വെളിച്ചപ്പെടുത്തുന്നതാണ്. മാധവിക്കുട്ടി ‘വുഡ് ആഷ്’ എന്ന കവിതയിൽ പറഞ്ഞത് പോലെ പറഞ്ഞ ‘വ്യത്യസ്തമായി ചിന്തിക്കൂ’ എന്ന മാനവികഭാവം ഈ കഥയിൽ നിറഞ്ഞ് നിൽക്കുന്നു. സക്കറിയ മാധവിക്കുട്ടിയുടെ സർഗ്ഗചൈതന്യത്തെ ദർശിച്ചപ്പോൾ പമ്മൻ സ്വന്തം കണ്ണിലെ കോല് മറച്ച് മറ്റുള്ളവരുടെ കണ്ണിലെ കരട് തിരയുന്ന ദോഷൈദൃക്കായി മാറി..
കന്നഡയിൽ ഒരു പഴംചൊല്ലുണ്ട്. നിൻ്റെ ദോശയിലും കുഴിയുണ്ട്. സ്വന്തം പരിമിതികളറിയാതെ, സ്വന്തം തെറ്റുകുറ്റങ്ങൾ തിരുത്താതെ മറ്റുള്ളവരുടെ പോരായ്മകളെ കൂട്ടം കൂടി ആക്രമിക്കുന്നവർ.
മാധവിക്കുട്ടിക്ക് വേണ്ടി എഴുതിയ സക്കറിയയുടെ ക്രാഫ്റ്റിംഗിൻ്റെയും, കഥയുടെയും ക്ളാസിക് തലത്തെ സ്പർശിക്കുന്നുണ്ട്. മാർക്വസിൻ്റെ മാജിക്കൽ റിയലിസത്തിൻ്റെ ചില മിന്നലടരുകൾ സക്കറിയയുടെ പല കഥകളിലും ദർശിക്കാനാകും. അസാമാന്യമായ രചനാപാടവവും, കഥാതന്തുവിനെ വികസിപ്പിക്കുന്ന രീതിയും സക്കറിയയെ മികച്ച ഒരു സ്റ്റോറി ടെല്ലറാക്കുന്നു
കഥ തുടങ്ങുന്നതിങ്ങനെയാണ്
''അതീവസുന്ദരിയും, നീലക്കണ്ണുകളും, സ്ഫടിക്കാലുകളും ഉള്ളവളുമായ ഒരെട്ടുകാലി വലക്കണ്ണിയുടെ നീണ്ട ഊഞ്ഞാലിൽ ഞാന്നിറങ്ങി തൻ്റെ മുഖത്തിന് മുന്നിൽ തൂങ്ങിക്കിടന്ന് തന്നെ നോക്കി പുഞ്ചിരിക്കുകയും, കണ്ണുകൾ തിളക്കുകയും സ്ഫടികക്കാലുകളെ നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തതായി എഴുത്തുകാരി സ്വപ്നം കണ്ടു...
അതീവ ചാരുതയോടെ എഴുതപ്പെട്ട ഈ കഥയുടെ അവസാനം ഇങ്ങനെയാണ്
അനേകായിരം ഊഞ്ഞാലുകൾ അവളുടെ അടുത്തേക്ക് മെല്ലെ നീങ്ങിവന്ന് അവളെ വലയം ചെയ്തു.. പരിപൂർണ്ണനിശ്ശബ്ദത പരന്നു. എഴുത്തുകാരി അമ്പരപ്പോടെ ചുറ്റും നോക്കി. അപ്പോൾ നീലയും ചുമപ്പും വർണ്ണങ്ങളണിഞ്ഞ സുന്ദരിച്ചിലന്തി തൻ്റെ കണ്ണുകൾ തിളക്കിക്കൊണ്ട് ആദരപൂർവ്വം അവളോട് പറഞ്ഞു. ഞങ്ങളോട് ഒരു കഥ പറയാമോ? ഞങ്ങൾ അതിനാണ് നിന്നെ അപഹരിച്ച് കൊണ്ട് വന്നത്.
എഴുത്തുകാരി സ്നേഹത്തോടെ പറഞ്ഞു. പറയാം..
എന്ത് കഥയാണ് വേണ്ടത്? സന്തോഷമുള്ള കഥയോ, സങ്കടമുള്ള കഥയോ?
നിൻ്റെ കഥ,
ഊഞ്ഞാലുകളിൽ നിന്ന് അനവധി കാത്തിരിക്കുന്ന സ്വരങ്ങൾ ഒന്നിച്ച് പറഞ്ഞു
പക്ഷെ കഥ തീരുമ്പോൾ ഞാൻ കണ്ണുനീർ പൊഴിക്കും എഴുത്തുകാരി പറഞ്ഞു.
സാരമില്ല, ഊഞ്ഞാൽത്തുമ്പുകളിൽ നിന്ന് വീണ്ടും ഒന്നിച്ച് ശബ്ദമുയർന്നു. ആ കണ്ണുനീർ ഞങ്ങളേയും കൂടി ആശ്വസിപ്പിക്കട്ടെ.
(മാധവിക്കുട്ടിക്കായി എഴുതിയത്.)
ആരോപണങ്ങളുടെയും, പരിഹാസങ്ങളുടെയും കൂരമ്പുകളേറ്റ് തളർന്നെങ്കിലും ഒരെഴുത്തുകാരി അപഹരിക്കപ്പെടുന്ന കഥ പോലെ മാധവിക്കുട്ടിയുടെ ആത്മാവിൻ്റെ പ്രകാശം മനസ്സിലാക്കിയവർ അവരുടെ എഴുത്തിൻ്റെ മൂല്യം ദർശിച്ചു. അവരുടെ ചിന്തകളെ മനസ്സിലാക്കാതിരുന്നവരുടെ സാധാരണത്വത്തിനിടയിലൂടെ ആത്മാവിന് മാത്രമേ എങ്ങനെ പാടാനറിയൂ എന്ന കൃതിയുമായി നോബൽ പുരസ്കാരപരിഗണനയിലേയ്ക്ക് നടന്ന് കയറി. നിഘണ്ടുവിലെ വാക്കുകളെക്കാൾ ആത്മാവിൻ്റെ ഭാഷയുടെ നേര് കാണാൻ കഴിയുന്നവർക്ക് മാധവിക്കുട്ടിയുടെ എഴുത്തിലെ ദീർഘദർശനം മനസ്സിലാക്കാനാവും
മാധവിക്കുട്ടി മനുഷ്യഭാവത്തിലുള്ള സ്വന്തം ചിന്തകളെ അതേ പടി പകർത്തി. പതിഞ്ഞ ശബ്ദത്തിൽ നിറയുന്ന ഒരു ബ്ളൻ്റ് സ്റ്റൈൽ എന്ന് പറയാവുന്ന നേരിട്ടുള്ള സംവേദനശൈലിയായിരുന്നു മാധവിക്കുട്ടിയുടെ എഴുത്ത്.
ആമി, മാധവിക്കുട്ടി, കമലാദാസ്,, കമലാ സൂരയ്യ എന്നിങ്ങനെ വിവിധ പേരുകൾ ആഭരണം പോലെ അണിഞ്ഞെങ്കിലും ആത്യന്തതികമായി മാധവിക്കുട്ടിയുടെ എഴുത്ത് കൃത്രിമത്വമില്ലാത്ത ഹൃദയഭാഷയുടെ ലിപികളിലായിരുന്നു. ഗഹനമായ ചിന്തകളും, വായനയും, അതിൽ നിന്നുണർന്ന് വന്ന മൂല്യവത്തായ സാഹിത്യസൃഷ്ടികളും എഴുത്തിൻ്റെ തറവാടും കൂടെയുണ്ടായിരുന്ന മാധവിക്കുട്ടിയെ ഇടുങ്ങിയ മനോവ്യാപരങ്ങളാൽ അളന്ന് തീർക്കാതെ എഴുത്തുകാരി പറയും പോലെ തന്നെ വ്യത്യസ്തമായി കണ്ട് വായിക്കേണ്ടതാണ്.
Words are Birds
Words are birds
Where have they gone to roost
Wings tired
Hiding from the dusk?
Dusk is upon my hair
Dusk is upon my skin
When i lie down to sleep
I am not sure
That i shall see
The blessed dawn again
വാക്കുകൾ പക്ഷികളാണ്
വാക്കുകൾ പക്ഷികളാണ്, അവർ എവിടെ പോയിരിക്കുന്നു,
ചിറകുകൾ തളർന്ന് സന്ധ്യയിൽ നിന്ന് മറഞ്ഞിരിക്കുകയാണോ?
എൻ്റെ മുടിയിൽ സന്ധ്യ, എൻ്റെ തൊലിപ്പുറത്ത് സന്ധ്യ
ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ എനിക്ക് ഉറപ്പില്ല അനുഗൃഹീതമായ പ്രഭാതം ഞാൻ വീണ്ടും കാണുമെന്ന്..
ജീവിതത്തിൻ്റെ നൈമിഷകതിയിലും ജീവിതത്തെ സ്നേഹിക്കേണ്ടതെങ്ങനെയെന്ന്മാധവിക്കുട്ടിയൂടെ സൃഷ്ടികൾ വായനക്കാരോട് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നു.
പരിമിതികളെ, ആരോപണങ്ങളെ എങ്ങനെ നേരിടുന്നു എന്ന ഒരു ചോദ്യത്തിന് മാധവിക്കുട്ടി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്.
I have some courage to be what I am, and I don’t see my faults as faults — I see them as characteristics; strengths too. Why not, if you realise that you are only a human being?”
വ്യത്യസ്ത്മായി വായിക്കൂ.. ആരും പൂർണ്ണരല്ല, അപൂർണ്ണതയിൽ നിന്ന് പൂർണ്ണതയിലേക്കുള്ള ദൂരത്തിലെ ഇടത്താവളമാണ് ജീവിതം.. ആത്മാവിന് മാത്രമേ ഹൃദ്യമായി ഗാനമാലപിക്കാനാവൂ.
Listen differently for what i have to tell..