ആഭ്യന്തരയുദ്ധം
അമേരിയ്ക്കയുടെ പതിനാറമതു പ്രസിഡന്റായി തെരഞ്ഞടുക്കപ്പട്ട ഏബ്രഹാം ലിങ്കനോപ്പം പ്രതിസന്ധികളും വാളെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പുതന്നെ ആദ്യത്തെ പ്രഹരവുമായി സൗത്ത് കരോളിനാ കളത്തിലിറങ്ങി. അവര്‍ യൂണിയനില്‍ നിന്നും പുറത്തുപോകുന്നതായി പ്രഖ്യാപിച്ചു. ലിങ്കന്റെ പ്രഖ്യാപിത നയമായ അടിമകളോടുള്ള സഹാനുഭൂതി അവരെ സംശയാലുക്കളാക്കി. പല സ്റ്റേറ്റുകളും അവരെ പിന്തുടരും എന്ന ഭീതിയാല്‍ പലരും പല ഒത്തുതീര്പ്പുവ്യസ്ഥകളുമായി മുന്നോട്ടു വന്നു. അതില്‍ ഏറ്റവും പ്രധാനം സുപ്രധാനമായ രണ്ടു ഭരനഘടനാ ഭേദഗതികളായിരുന്നു. ഒന്ന് ഇപ്പോള്‍ സ്ലേവറി നിലനില്‍ക്കുന്ന സ്റ്റേറ്റുകളില്‍ എന്നന്നേക്കും അതുനിലനിര്‍ത്തുക. രണ്ട്;സ്ലേവ് സ്റ്റേറ്റുകളും ഫ്രീ സ്റ്റേറ്റുകളും തമ്മിലുള്ള അതിരുകള്‍ നിജപ്പെടുത്തി സ്ഥിരമായി അതിരുകള്‍ ഇടുക. ഒന്നാമത്തതിനോട് ലിങ്കനെതിരുള്ളതായി പറഞ്ഞില്ലെന്നു മാത്രമല്ല അതിനെ അനുകൂലിക്കയും ചെയ്തു. എന്നാല്‍ രണ്ടാമത്തേത് ദൂരെവ്യാപകമായ ദോഷം ചെയ്യും എന്ന് ഒരു നിയമവിദക്ദ്ധനായ ലിങ്കണ് തിരിച്ചറിഞ്ഞ് അതിനെ എതിര്‍ക്കാനായി ഇല്ലിനൊയിസിലെ സെനറ്ററന്മാരെ കൂട്ടുപിടിച്ച് അതിനെ തോല്പിച്ചു.
രണ്ടാമത്തെ ഭാഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്; സ്ലേവറി നിലനിര്‍ത്താനും, അടിമവ്യാപരം നിരോധിച്ചിടത്തോക്കെ അതു വീണ്ടും തുടങ്ങാനും, പ്ലന്റേഷന്‍ ഉടമകളായ ബൂര്‍ഷകള്‍ക്ക് അത് അവസരം കൊടുക്കുകയും, അമേരിക്കയുടെ അതിരുകളിലൊക്കെ അവര്‍ അടിമക്കച്ചോടത്തിന്റെ സാമ്യാജ്യങ്ങള്‍ സ്ഥാപിക്കയും ചെയ്യും എന്നണ്.ആ ഒരൊറ്റ ചിന്തയാണ് ലിങ്കണെ ഇപ്പോഴും ഞാനിഷ്ടപ്പെടാന്‍ കാരണം. അടിസ്ഥാനപരമായി ലിങ്കണ് അടിമവ്യവസ്ഥിതി ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും പ്രത്യക്ഷത്തില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നത്, ചുറ്റുമുള്ള സമൂഹം മാറിച്ചിന്തിക്കാന്‍ ഒട്ടും വളര്‍ന്നവര്‍ ആയിരുന്നില്ല എന്ന തിരിച്ചറിവിലായിരുന്നിരിക്കാം. പക്ഷേ ബില്ലു സഭയില്‍ പരാജയപ്പെട്ടപ്പോള്‍ സൗത്ത് കരോളിനായിക്കൊപ്പം മറ്റ് ആറ് സംസ്ഥാങ്ങള് കൂടി ചേര്‍ന്ന് കോണ്‍ഫഡറേറ്റ് സേറ്റ്സ് ഓഫ് അമേരിയ്ക്ക സ്ഥാപിച്ചു. അത് സ്ലേവറിയെ അനുകൂലിക്കുന്നവരുടെ ഒരു പുതിയ അമേരിയ്ക്ക ആയിരുന്നു. അതൊരുവലിയ തിരിച്ചടിയും തിരിച്ചറിവും ആയിരുന്നു.പിന്നീട് പതിനൊന്ന് സംസാനങ്ങളായി അതു വളര്‍ന്നു.സൗത്ത് വെസ്റ്റ് എന്നറിയപ്പെടുന്ന ആ സംസ്ഥാനങ്ങളില്‍ ഇന്നും വെളുത്തവന്റെ ആധിപത്യമാണ്. കുടിയേറ്റക്കാര്‍ക്കും തൊലിയുടെ നിറം ഇരുണ്ടവര്ക്കും ഇന്നും വിവേചനം നേരിടെണ്ടി വരുന്നു. അപ്പോള്‍ അന്നത്തെ കഥ പറയാനുണ്ടോ..നോര്‍ത്ത് കരോളീനാ, മിസ്സസ്സിപ്പി, ഫ്ളോറിഡ, അലബാമാ, ജോര്‍ജ്ജിയ, ലൂസിയാനാ, ടെക്സാസ്, വെര്‍ജീനിയ, ആര്‍ക്കന്‍സാസ്, ടെന്നസി,നോര്‍ത്ത് കരോളീന എന്നി യാഥാസ്ഥിതകരുടെ (കണ്‍സര്‍വേറ്റീവ്) അധിവാസകേന്ദ്രങ്ങള്‍ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
അമേരിയ്ക്ക രണ്ടാകുന്ന കാര്യം എബ്രഹാം ലിങ്കണു ചിന്തിക്കാന്‍ കഴിയുന്ന കാര്യം അല്ലായിരുന്നു. എങ്കിലും യുദ്ധത്തിലെമരണവും നിലവിളിയും വല്ലാതെ അലോസരപ്പെടുത്തി. ഒരു മാസത്തോളം ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ അടയിരുന്നു. പിന്നെ തക്കസമയത്തു തീരുമാനം എടുക്കാത്തതിന്റെ പേരില്‍ ഒരു രാജ്യം വിഭജിക്കപ്പെടുമല്ലോ എന്ന ചിന്തയില്‍ യുദ്ധം പ്രഖ്യാപിക്കയായിരുന്നു. യുദ്ധത്തിന്റെ വില എന്തായാലും സ്ലേവറി നിയമപരമായി അംഗീകരിച്ചാല്‍ ദൈവത്തിന്റെ മുന്നില്‍ താന്‍ എന്നും കുറ്റക്കാനായിരിക്കും എന്ന മനസാക്ഷിയുടെ ഓര്‍മ്മപ്പെടുത്തലിനെ കേട്ടില്ലന്നു നടിക്കാനും കഴിയില്ലായിരുന്നു. യുദ്ധം അടിച്ചേല്പിക്കപ്പെട്ടതാണ്. സൗതേണ്‍ മനോഭാവം എന്നറിയപ്പെടുന്ന വരേണ്യവര്‍ഗ്ഗ മനോഭാവം ആയിരിക്കാം അവരെക്കൊണ്ട് അതു ചെയ്യിച്ചത്. ആ മനോഭാവത്തിനാക്കം കൂട്ടിയതില്‍ ഒരു പ്രധാന കാരണങ്ങളില്‍ ഒന്ന് ആയിരത്തി എണ്ണൂറ്റി അമ്പത്തി ഒമ്പതിലെ (1859) ജോണ്‍ ബ്രൗണിന്റെ ഹാര്‍പ്പര്‍ ഫെറി ആക്രമണവും, തുടര്‍ന്ന് ജോണ്‍ ബ്രൗണിനെ തൂക്കിലേറ്റിയതും ആകാം.അബോളിഷ്മെന്റെ മൂവിന് എതിര്ക്കുന്നവരില്പ്പോലും അയാളെ തൂക്കിലേറ്റണ്ടായിരുന്നു എന്നൊരു മനോഭാവം വളരുകയും, അത് സ്ലേവവറിയെ എതിര്‍ക്കുന്നവരുടെ ഇടയില്‍ ഒരു ചലനം സൃഷ്ടിക്കയും ചെയ്തിരുന്നു. ഒപ്പം സ്ലേവറിയെ എതിര്‍ക്കുന്ന ഏബ്രഹാം ലിങ്കന്റെ പ്രസിിഡന്റു പദവിയിലേക്കുള്ള വിജയവും, സ്ലേവ് അനുകുലികളെ വിരളിപിടിപ്പിച്ചിരിക്കാം. തെക്കും വടക്കും എന്നുള്ള വിഭജനം അനിവാര്യമായിരുന്നുവോ...? വടക്കുള്ളവര്‍ കൂടുതലും, വ്യവസായവല്‍ക്കരണത്തിലൂടെയും, മറ്റു തൊഴില്‍ മേഖലയിലൂടെയും തങ്ങളുടെ വരുമാന സ്രോതസ് വളര്‍ത്താന്‍ അധികം തൊഴിലാളികളുടെ ആവശ്യം ഇല്ലായിരുന്നു. അതേസമയം ആയിരക്കണക്കിനേക്കര്‍ കൃഷിഭൂമിയുള്ള തെക്കര് തീര്‍ത്തും കൃഷിയിലും, അടിമകളിലും ആശ്രയിച്ചായിരുന്നു അവരുടെ സമ്പത്ത്. അടിമകളെ മോചിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല എന്നു മാത്രമല്ല അവര്‍ അതിനെ അഭിമാനപോരാട്ടവുമായി കണ്ടു. ഒന്നരമില്ല്യന്‍ ആളുകളെങ്കിലും യുദ്ധത്തില്‍ മരിച്ചു എന്നാണു കണക്ക്.
ആയിരത്തി എണ്ണുറ്റി അറുപത്തി ഒന്ന് (1861) ഏപ്രില്‍ പന്ത്രണ്ടിന് സൗത്ത് കരോളിനായിലെ ഫോര്‍ട്ട് സമ്പ്റ്ററില് തുടങ്ങിയ യുദ്ധത്തിലെ ആദ്യവെടിപൊട്ടിച്ചത് കോണ്ഫഡറെറ്റാര്മിയാണ്. അതല്ലെങ്കില്‍ യുദ്ധം തുടങ്ങിവെച്ചത് സതേണേഴ്സാണന്നു പറയാം. യുദ്ധം ഒരോ ദിവസവും പുതിയ വിജയങ്ങളും പരാജയങ്ങളും രണ്ടുകൂട്ടര്‍ക്കും മാറിമാറി കൊടുത്തുകൊണ്ടിരുന്നുവെങ്കിലും വിജയം ആരുടേതെന്നു തീരുമാനിക്കപ്പെട്ടിരുന്നില്ല. യൂണിയന് ആര്‍മിക്ക് കൂടുതല്‍ ആള്‍ബലം ഉണ്ടായിരുന്നെങ്കിലും, തെക്കന്‍ ആര്‍മിയുടെ യുദ്ധപരിചയവും, പണവും അവര്‍ക്കില്ലായിരുന്നു. യൂണിയന് ആര്‍മിക്ക് ലോകത്തിന്റെ പൊതുപിന്തുണയുണ്ടായിരുന്നു. കൂടാതെ അബോളിഷ്ണിസ്റ്റുകളുടെ സഹായം അവര്‍ക്കു കിട്ടുന്നുണ്ടായിരുന്നു. യുണിയന്‍ ആര്‍മിയുടെ ഒരു കമാണ്ടര്‍ ഹാരിയറ്റ് ടബ്മാനുമായി ബന്ധപ്പെട്ട് സഹായം ചോദിച്ചതായി പറയുന്നു. യുദ്ധാനന്തരം സ്വാതന്ത്ര്യം എന്ന വാഗ്ദാനത്താല്‍ ധാരാളം അടിമകളെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ച് യൂണിയന് ആര്‍മിയില്‍ ചേര്‍ത്തതായി പറയുന്നു. അവര്‍ എണ്ണത്തില്ഒരുലക്ഷത്തി അറുപത്തി എണ്ണായിരത്തോളം ഉണ്ടായിരുന്നു. യൂണിയന് ആര്‍മിക്ക് അതൊരു വലിയ മുതല്‍ക്കൂട്ടായിരുന്നു. കൂടാതെ ഹാരിയറ്റിനെപ്പോലെയുള്ളവര് ആര്‍മിയിലെ നേഴ്സായും, ചാരവനിതയായും ഒരേസമയം പ്രവൃത്തിച്ചു. ഒരു അടിമസ്ത്രീയെ ആരും സംശയിച്ചില്ല. അവര്‍ സതേണ്‍ ആര്‍മിയില്‍ മുറിവേറ്റവരെ സഹായിക്കനും, പട്ടാളത്തിന് ആഹാരം കൊടുക്കുവാനും ഒക്കെയായി കയറിയിറങ്ങി, അവരുടെ വിശ്വാസം പിടിച്ചുപറ്റി. അന്ന് അവരുടെ തലക്ക് നാല്പതിനായിരം ഡോളര്‍ വിലയുണ്ടായിരുന്നു എന്നോര്‍ക്കണം. സ്വന്തം ജീവന് അപകടത്തില്‍പ്പെടുത്തിയുള്ള ഒരു കളിയായിരുന്നു അത്. ആള്‍മാറാട്ടത്തിന്റെ പരിചയവും, അടിമകളെ മോചനവഴികളിലേക്കു കടത്തിക്കൊണ്ടുവന്നതിന്റെ പരിചയവും അവരെ തുണച്ചു. പട്ടാളക്കാര്‍ പരസ്പരം പറയുന്ന വിവരങ്ങളില്‍ നിന്നും പട്ടാളത്തിന്റെ ഒരോ നീക്കങ്ങളും യുണിയന്‍ അര്‍മിയെ അപ്പപ്പോള്‍ അറിയിച്ചിരുന്നതിനാല്‍, കൊണ്ഫഡറെറ്റാര്മിയെ വഴിയില്‍ ഒളിഞ്ഞിരുന്ന് ആക്രമിക്കാനും ഇല്ലാതാക്കാനും കഴിഞ്ഞു. ആഭ്യന്തരയുദ്ധത്തില്‍ യൂണിയന് ആര്‍മിയുടെ വിജയത്തില്‍ അടിമകളുടെ പങ്കിനെ എടുത്തു കാണിച്ചില്ലെങ്കില്‍, സ്വാതന്ത്ര്യം കൊതിച്ച് യുദ്ധത്തില്‍ പങ്കാളികളായവരോടു കാണിക്കുന്ന അനീതിയായിരിക്കും അത്.
ആയിരത്തി എണ്ണുറ്റി അറുപത്തിമൂന്നില്‍ (1863) യുദ്ധതന്ത്രത്തിന്റെ ഭാഗമായി നടത്തിയ 'എമാനിസിപ്പേഷന് പ്രൊക്ലമേഷന്‍ അതിിന്റെ കരടുരുപത്തില് പ്രഖ്യാപിച്ചത് അടിമകള്‍ക്ക് വലിയ തോതില്‍ പുത്തന്‍ ആശ നള്‍കി. ജാനുവരി ഒന്നുമുതല്‍ റിബലിയന്‍ സ്റ്റേറ്റുകളിലുള്ള എല്ലാ അടിമകളും സ്വതന്ത്രരായിരിക്കും എന്ന നിയമം ആയിരത്തി എണ്ണുറ്റി അറുപത്തിമൂന്നില്‍ (1863) പ്രഖ്യാപിക്കുമ്പോള്‍ യുദ്ധം അവസാനിച്ചിരുന്നില്ലെങ്കിലും, തെക്കരുടെമേല് ലിങ്കണ് ബോധപൂര്‍വ്വം നടത്തിയ ഒരു വിജയപ്രഖ്യാപനം കൂടിയായിരുന്നു അത്. അതൊടുകൂടി തെക്കരുടെ ആത്മവീര്യം ചോരാന്‍ തുടങ്ങി. മാത്രമല്ല യൂണിയന് ആര്‍മിയിലേക്ക് കൂടുതല്‍ ആളൂകള് ചേരുകയും, തെക്കന്‍ ആര്‍മിയിലെ മരണനിരക്കിനൊപ്പം പുതിയ ആളുകളെ കണ്ടെത്താനും കഴിയാതെ വന്നു. അനേകം പേരുടെ മരണത്തിനിടയാക്കിയ സിവില്‍ വാര് ആയിരത്തി എണ്ണൂറ്റി അറുപത്തഞ്ച് (1865) ഏപ്രില്‍ ഒമ്പതിന്, കോണ്‍ഫെഡറേറ്റ് ജനറല്‍ ലീ , യുണിയന്‍ ആര്‍മി ജനറല്‍ ഗ്രാന്റിന് കീഴടങ്ങിയതോട് തത്വത്തില്‍ അവസാനിച്ചുവെങ്കിലും, ഇന്നും അതിന്റെ തിരുശേഷിപ്പുകള്‍ മുറിവുകളായി തെക്കരുടെ തലമുറകള്‍ കൊണ്ടു നടക്കുന്നു. ഇന്നും നീഗ്രോകളെ മനുഷ്യരായി അംഗീകരിക്കാന്‍ അവരില്‍ പലരും തയ്യാറല്ല. പലകലാപങ്ങളും തുടങ്ങന്നതവിടെ നിന്നുമാണ്.ലിങ്കണു കൊടുക്കേണ്ടി വന്ന വില എങ്ങനെ ഓര്‍ക്കാതിരിക്കും.
ലിങ്കന്റെ രണ്ടാം ഊഴം വാശിയേറിയ മത്സരമായിരുന്നിട്ടും, സിവില്‍ വാറിലെ വിജയം രണ്ടാം വിജയം കൊടുത്തു. അന്നത്തെ പ്രസംഗത്തില്‍ അദ്ദേഹം യൂണിയന് ഒന്നായി അമേരിക്കക്കാരെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആഹാനം ചെയ്തു. കൂടാതെ യുദ്ധത്തില്‍ താറുമാറായതെക്കിനെ പുനദ്ധരിക്കാന് പ്രതിഞ്ജയെടുക്കയും ചെയ്തു. 'ആരോടും വിദ്ദ്വേഷവും പകയും ഇല്ലാതെ എല്ലാവര്ക്കും ഒരുപോലെ നീതി ലഭിക്കുന്ന ഒരു ഭരണം' ലിങ്കന് വാഗ്ദാനം ചെയ്തു. അത് ആയിരത്തി എണ്ണുറ്റി അറുപത്തഞ്ച് (1865)മാര്‍ച്ച് നാലിനായിരുന്നു. ഏപ്രില്‍ പതിനൊന്നിന് അദ്ദേഹത്തിന്റെ വിജയം ആഘോഷിക്കാനെത്തിയവരോട്, വൈയിറ്റ് ഹൗസിന്റെ മുറ്റത്തുവെച്ച്, പറഞ്ഞത്.'ഇനി ഇവിടെ തെക്കും വടക്കുമില്ല. നാം ഒന്നായി അവരെ നമ്മോടൊപ്പം ചേര്‍ത്ത്, അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ നികത്തി രാജ്യത്തെ പുനര്‍നിര്‍മ്മിക്കണം' എന്നാണ്.
പക്ഷേ അതിനുള്ള അവസരം അദ്ദേഹത്തിനു കിട്ടിയില്ല. അതിനുമുമ്പേ അദ്ദേഹം കൊല്ലപ്പെട്ടു. വധിക്കപ്പെടുന്ന ആദ്യത്തെ അമേരിയ്ക്കന്‍ പ്രസിഡന്റ്. ഏറ്റവും ആദരിക്കപ്പെട്ട പ്രസിഡന്റ് എന്തിനു കൊല്ലപ്പെട്ടു. അടിമകളൊടുള്ള അദ്ദേഹത്തിന്റെ സഹാനുഭൂതിയും, അവരും മനുഷ്യരാണെന്ന പരിഗണനയും ആയിരുന്നു അതിനു കാരണം. ‘എമാന്‍സിപേഷന്‍ പ്രൊക്കളമേഷന്‍’ അദ്ദേഹം തന്നെ അദ്ദേഹത്തിനെതിരായി പുറപ്പെടുവിച്ച മരണ വാറണ്ടായിരുന്നു.ഏപ്രില്‍ പതിനാലിനു വൈകിട്ട്, തിരക്കുകളൊക്കെ മാറ്റിവെച്ച് ഭാര്യക്കൊപ്പം വഷിംഗ്ടന് ഡി. സിയിലെ ഫോര്‍ഡ് തീയേറ്ററില്‍ കണ്ടുകൊണ്ടിരുന്ന നാടകത്തില്‍ ലയിച്ചിരിക്കവേ ലിങ്കന് വധിക്കപ്പെട്ടു. ജോണ്‍ വില്കസ് ബൂത്ത് എന്ന അതേതിയേറ്ററിലെ നടനും, കോണ്‍ഫഡറേറ്റ് അനുഭാവിയും ആയവന് നാടകത്തിനിടയില്, പ്രസിഡന്റിനായി പ്രത്യേകം ഒരുക്കിയ ബോക്സില്‍ നുഴങ്ങു കയറി, തലയ്ക്കു പുറകില്‍, തോക്കു ചേര്‍ത്തു വെടിവെച്ചു. പഴുതുകള്‍ അടച്ചുള്ള ഒരു കൊലപാതകം ആയിരുന്നത്. അതില്‍ എത്രപേര്‍ക്കു പങ്കുണ്ട്... ഇന്നും തെളിയ്ക്കപ്പെടാത്ത രഹസ്യങ്ങള്‍.
ലിങ്കണ് എന്നും ഒരു കാര്യത്തില്‍ ആകുല ചിത്തനായിരുന്നു. ഈ രാജത്തിന്റെ ജനാധിപത്യവും, ഭരണഘടനയും എന്നും നിലനിര്‍ത്താന്‍ കഴിയുമോ.ഒരു പക്ഷേ ഞാന്‍ അതിനുവേണ്ടി നിയോഗിക്കപ്പെട്ടവനായിരിക്കാം. അദ്ദേഹം കുറിച്ചു. അതു ശരിയായിരുന്നു. ആഭ്യന്തര യുദ്ധത്തില്‍ ഈ രാജ്യത്തെ ഒന്നായി, ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അമേരിക്കയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന പ്രസിഡന്റന്മാര് ഒന്നാം പ്രസിഡന്റെ് ജോര്‍ജ്ജ് വാഷിംഗടനും, പതിനാറം പ്രസിഡന്റ് എബ്രഹാം ലിങ്കനും തന്നെയാണ്. ലിങ്കന്റെ മരണത്തില്‍ അമേരിയ്ക്ക ഒന്നായി കരഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയുടെ ട്രെയിന്‍ ഒട്ടുമിക്ക സ്റ്റേറ്റുകളിലും പൊതുദര്‍ശനത്തിനായി നിര്‍ത്തി.അയിരങ്ങള്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിച്ചു.ചരിത്രത്തിലെ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു അതൊക്കെ. ഒരു സ്ലേവായിപ്പിറന്ന ഞാന്‍ എന്തിനു ലിങ്കണെ ഇത്ര വിശദമായി ഓര്‍ക്കണമെന്നു നിങ്ങള്‍ ചോദിച്ചാല്‍ ഒന്നേ പറയാനുള്ളു; ഒരടിമഎന്നും അദ്ദേഹത്തിനോടു കടപ്പെട്ടിരിക്കുന്നു.
നിങ്ങള്‍ ഒരു പക്ഷേ ചോദിച്ചേക്കാം അബ്രഹാം ലിങ്കണ് എന്തുകൊണ്ട് നിലവിലുള്ള എല്ലാ അടിമകളേയും തോട്ട ഉടമകളില്‍ നിന്നും വിടുവിക്കാന്‍ ഉത്തരവിറക്കിയില്ല. ലിങ്കന്റെ ഉത്തരം സമയമായില്ല എന്നായിരിക്കാം. ചിലപ്പോള്‍ അവരെപ്പൊലെയുള്ളവര്ക്ക് സമയം ആയിരുന്നിട്ടുണ്ടാവില്ല. അമേരിക്ക എന്ന രാജ്യത്തെ ഒന്നിച്ചു നിര്‍ത്താന്‍ മനസാക്ഷിയെ മാറ്റിവെച്ചിട്ടുണ്ടാകാം. എന്നാലും അദ്ദേഹം ഒരു തുടക്കം കുറിച്ചില്ലെ... ഫെഡറിക് ഡഗ്ലസനുമായിട്ടൊക്കെ ഒത്തിരി കൂടിയലോചനകള്‍ നടത്തിയിട്ടുണ്ട്. ചിലപ്പോള്‍ സമയം കിട്ടിയിരുന്നുവെങ്കില്‍ അദ്ദേഹം എല്ലാ അടിമകള്‍ക്കും ഒരു വിടുതല്‍ പ്രഖ്യപിച്ചിരുന്നേനെ എന്നു ഞാന്‍ കരുതുന്നു. അടിമവ്യാപാരം നിരോധിച്ചതിനുശേഷവും, ഒരോ പ്ലാന്റേഷന് ഉടമകള്‍ തമ്മിലുള്ള കൈമാറ്റക്കച്ചോടം തുടര്‍ന്നു. അപ്പോഴും അടിമ അടിമതന്നെ അയിരുന്നു. പിന്നിടു വന്ന ഭരണാധികാരികള്‍ ഒക്കെ സ്വന്തം അടിമകളുടെ ക്രയവിക്രയത്തില്‍ ലാഭം നേടിയവരായിരുന്നിരിക്കാം.സ്വന്തമായി അടിമകള്‍ ഇല്ലാത്തവര്‍ എത്രപേര്‍ ഈ രാജ്യത്തിന്റെ പ്രസിഡന്റന്മാരായി...തീരെക്കുറഞ്ഞത്, അയിരത്തി തൊള്ളായിരത്തി അറുപത്തി മുന്ന് (1963) നവംബര്‍ പന്ത്രണ്ടു വരെയെങ്കിലും…ആ കണക്കു പറഞ്ഞത് അന്നാണ് അടിമകളെ സഹാനുഭൂതിയോട് കണ്ടതിന്റെ പേരില്‍ മറ്റൊരു പ്രസിഡന്റ് കൊല്ലപ്പെട്ടത്. അതു മറ്റാരുമല്ല ജോണ്‍ എഫ് കെന്നഡി. അതൊക്കെ നിങ്ങള്‍ അറിഞ്ഞകഥകള് ആയിരിക്കുമല്ലോ...ഒരോ നൂറുവര്‍ഷത്തിലും ചരിത്രം ഇവിടെ ആവര്‍ത്തിക്കുന്നു.
അങ്കിള്‍ ടോം കാലബോധം ഇല്ലാത്തവനായി, രാത്രിയുടെ നിഴലില്‍ ഒന്നിലും വ്യക്തത കിട്ടാതെ പിച്ചും പേയും പറയുന്നതായി സാം കേട്ടു. രാത്രിയുടെ ഏതോയാമത്തില്‍ ലഹരിവിട്ടുണര്ന്ന് ചുറ്റിനും നോക്കിയ സാം. അവിടെ മറ്റാരേയും കാണുന്നില്ല. അപ്പോള്‍ ഇതുവരെ തന്നോടൊപ്പം ഉണ്ടായിരുന്ന അങ്കിള്‍ ടോം ഏവിടെ.? അതൊരു തോന്നലായിരുന്നുവോ...? അപ്പോള്‍ കേട്ട കഥകളോ..? ഒരു പിന്നണി സംഗീതോപകരണത്തില്‍ നിന്നെന്നപോലെ അങ്കിള്‍ ടോമിന്റെ ശബ്ദം തന്നെ പിന്തുടരുന്നു.റീനയും അതു കേട്ടിരുന്നുവല്ലോ.. തെരേസ അങ്കിള്‍ ടോം എന്നു വിളിക്കുന്നതു താന്‍ കേട്ടതാണല്ലോ...ലെമാറിന്റെ ഫൂണറല്‍ സര്വ്വീസിനിടയില്താന് കേട്ട കഥകളും, റീനയെ അപ്പാര്‍ട്ടുമെന്റില്‍ ഇറക്കിയശേഷം തന്നോടൊപ്പം കാറില്‍ ആരും ഇല്ലായിരുന്നുവോ? ഈ മുറിയില്‍, ഈ സോഫയില്‍ ആരും ഇല്ലായിരുന്നുവോ.?.
എല്ലാം തോന്നലുകള്‍ മാത്രമോ... അല്ല അങ്കിള്‍ ടോം ഉണ്ടായിരുന്നു. ലെമാര്‍ അങ്ങനെ ഒരാളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ആ ഓര്‍മ്മകള്‍ ആയിരിക്കും.സാം പൂര്‍ണ്ണമായും ഉണര്‍ന്നവനായി, ചുറ്റിനും നോക്കി, ആരും കൂടെയില്ലെന്നുറപ്പുവരുത്തി, വിശപ്പിനെക്കികുറിച്ച് ഓര്‍ത്ത് ഫ്രിജ് തുറന്ന് ഹാംബര്‍ഗ്ഗര്‍ സാന്‍വിച്ച് മൈക്രോവേവില്‍ വെച്ച് ചൂടാക്കി കഴിച്ച്, സിക്സ് പാക്കിലെ മിച്ചമുണ്ടായിരുന്ന ഒരു ബീയറും കുടിച്ച്, ഒന്നൂറിച്ചിരിച്ച്, രാത്രിയുടെ ബാക്കിയായ ഉറക്കത്തെ തിരികെപ്പിടിക്കാന്‍ ശ്രമിച്ചു.
Read: https://emalayalee.com/writer/119