ജീവിതം
നിനച്ചിരിക്കാതെ
കുടഞ്ഞെറിഞ്ഞ
മൗനം കൊണ്ടാണ്
ഞാൻ എനിക്ക് ചുറ്റും
ഒരു മൺകൂട് തീർത്തത്.
വെളിച്ചവും വായുവും
കടക്കാത്ത
ആ വാത്മീകത്തിൽ
നിന്നെയും കാത്താണ്
നിത്യവും ഞാൻ
തപസ്സു ചെയ്യുന്നത്.
എന്നെങ്കിലും നീ
വരുമെന്നും
ആ മൺപൂറ്റ്
കുത്തി പൊട്ടിയ്ക്കുമെന്നും
എനിക്കറിയാം.
മരണമേ
അപ്പോൾ നിനക്ക് നൽകാൻ
ഒരു നീർതുള്ളി പോലും
എന്നിൽ
ബാക്കിയുണ്ടാവില്ല.
വരും ജന്മത്തിലെങ്കിലും
തരുമോ
നീ എനിക്ക്
ഞാൻ മോഹിച്ച
മൺകുടിൽ?
സമയം തെറ്റാതെ
ആ മുറ്റത്തു
വിടരുന്ന
നാല് മണിപ്പൂവുകൾ?
പിറക്കാതെ പോയ
മകളുടെ
വെള്ളിക്കൊലുസ്സിട്ട പാദങ്ങൾ
അവളുടെ
മധുരലാസ്യനടനത്തിൽ
പാറിപ്പറക്കുന്ന
നീൾമുടിയിഴകൾ.
കിനാവിലെ നടുമുറ്റം
വെളിച്ചവും ഇരുട്ടും
പുണരുന്ന
അകത്തളങ്ങൾ
പുലരി കാണാതെ
കൂമ്പുന്ന
നിശാഗന്ധികളെ
ചുംബിക്കുന്ന
നിലാമഴത്തുള്ളികൾ?