മത സൗഹാർദ്ദപരമായ ഐതിഹ്യങ്ങളിൽ അർത്തുങ്കൽ പള്ളിയെ മുൻനിർത്തി അയ്യപ്പന്റേയും വാവരുടേയും അടുത്ത സുഹൃത്തായിരുന്നു വിശുദ്ധ ആൻഡ്രൂ പുണ്യാളനായ അർത്തുങ്കൽ വെളുത്തച്ചനെന്നു ഞാൻ ഓർമ്മവെച്ച കാലം മുതൽ കേട്ടുകേൾവി ഉണ്ടായിരുന്നു. ആദ്യമായി ശബരിമലയിൽ പോയ സമയത്തു എരുമേലിയിൽ പെട്ട തുള്ളി വാവരുടെ പള്ളിയിൽ കയറിയതും ഈ ഐതീഹത്തിന്റെ ചരടിലാണെന്നു ഞാൻ വിശ്വസിക്കുകയും ചെയ്തിരുന്നു. എല്ലാ വർഷവും ജനുവരി 10-ന് ആരംഭിക്കുന്ന അർത്തുങ്കൽ പള്ളിയിലെ തിരുനാൾ ജനുവരി 27 വരെ നീണ്ടു നിൽക്കും. പെരുന്നാൾക്കാലത്ത് എല്ലാ മത വിഭാഗങ്ങളിലുമുള്ള ധാരാളം ജനങ്ങൾ അർത്തുങ്കൽ പള്ളിയിൽ എത്തിച്ചേരുമ്പോൾ പ്രദേശവാസികളായ ജങ്ങൾക്കും ഒരു ഉത്സവകാലം തന്നെയായിരുന്നു.
അർത്തുങ്കൽ പള്ളി വക സ്കൂളിൽ പ്ലസ് ടു കോഴ്സിന് ചേർന്ന് പഠിക്കുന്നതിനുള്ള അപേക്ഷ ഫോം വാങ്ങുന്നതിനു ഞാനും ബിനീഷും കൂടി സ്കൂളിലേക്ക് പോയി. നിരവധി തവണ കുടുംബ സമേതം ഞാൻ പെരുന്നാൾ ദിനത്തിൽ പോകുകയും കടൽപ്പുറത്തുപോയി കൂട്ടുകാരുമൊത്തു കടൽമണ്ണിനാൽ വീടും മൽസ്യകന്യകയെയും നിർമ്മിക്കുകയും കല്ദാൽ തീരത്തു കടലമ്മ കള്ളിയാണെന്നു എഴുതി കീർക്കുമ്പോൾ നിമിഷ നേരം കൊണ്ട് തിരമാലകൾ കലിപൂണ്ടു എഴുതിയതൊക്കെ മരിക്കുന്നതും എല്ലാം ഒരു മിന്നായം പോലെ സ്കൂൾ വരാന്തയിൽ അപേക്ഷ ഫോം വാങ്ങാൻ നിന്ന സമയത്തു കാൽപാദങ്ങൾ തിരമാലകൾ വന്നു തഴുകിയപോലെ കടന്നുപോയി.
അപേക്ഷ ഫോം വാങ്ങി മതിൽ കെട്ടിന് പുറത്തു ലോക്കിട്ടു നിർത്തിയിരുന്ന സൈക്കിൾ എടുത്തു ഞാനും ബിനീഷും മുന്നോട്ടു ചവിട്ടി തുടങ്ങി. മൽസ്യ ബന്ധനം ഉപജീവനമാക്കിയ ചേട്ടന്മാർ വലയുമായി കടൽക്കരയിലേക്കു പോകുന്നത് കണ്ടു. ഉപ്പുകാറ്റിന്റെ മണം ഞങ്ങളെ പതിയെ തഴുകും വിധം വീശിയപ്പോൾ ശ്രദ്ധ സമീപത്തുണ്ടായിരുന്ന ഉക്കമീൻകടയിലെക്കു നീണ്ടു. കണ്ണുകൾ തുറിച്ചു ചത്ത് ഉണങ്ങിയ മൽസ്യ കൂമ്പാരത്തിനുള്ളിൽ നിന്നും ജീവനുള്ള മനുഷ്യന്റെ കറുപ്പും വെള്ളയും നിറമുള്ള പൂക്കളെപ്പോലെ കണ്ണുകൾ വിടർത്തി ഞങ്ങൾക്ക് നേരെ പുഞ്ചിരി സമ്മാനിച്ചു. ചിരികൾ മനുഷ്യായുസ്സ് വർധിപ്പിക്കുമെന്ന പ്രമാണത്തേയൂന്നി തിരിച്ചു സൈക്കിൾ ബെല്ലിന്റെ അകമ്പടിയോടെ ഞങ്ങൾ ആ ചേട്ടനെ നോക്കി പുഞ്ചിരിച്ചു. അർത്തുങ്കൽ വെളുത്തച്ചനെ കാണുന്നതിനായി പള്ളി ഗ്രൗണ്ടിലെ വാകമരത്തിന്റെ ചുവട്ടിലേക്ക് റോഡ് മുറിച്ചു കടന്നു. പള്ളിയുടെ അകത്തേക്ക് ഞങ്ങൾ കയറി. ഓട്ടോഗ്രാഹിൽ വരച്ചിരുന്നു ചുവന്ന ഹൃദയത്തിൽ അമ്പുകൾ തുളച്ചു കയറ്റിയ ചിത്രംപോലെ വെളുത്തച്ചന്റെയും ഹൃദയത്തിൽ അമ്പുകൾ കുത്തിനിർത്തി മരക്കൊമ്പിൽ ബന്ധനസ്തനാക്കിയ രൂപം ചില്ലുകൂട്ടിലടയ്ക്കപ്പെട്ട നിലയിലായിരുന്നു. തെറ്റ് ചെയ്യാത്ത മനുഷ്യൻ നാട്ടിൽ ക്രൂശിക്കപ്പെടുന്നു പിന്നെയാണോ ദൈവം എന്ന മട്ടിൽ ഞാൻ ആ തിരുസ്വരൂപത്തിന് മുന്നിൽ "ലോക സമസ്താ സുഖിനോ ഭവന്തു:" എന്നു കണ്ണടച്ച് പ്രാർത്ഥിച്ചു. അല്പനേരത്തിനു ശേഷം കണ്ണ് തുറന്നപ്പോഴേക്കും ബിനീഷ് വലതു വശത്തുക്കൊടി പുറത്തേക്കു പോകുന്നത് കണ്ടു. ഞാനും അവന്റെ പുറകെ പുറത്തേക്കിറങ്ങി.
പള്ളിയുടെ പുറകിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ അവനെ വിളിച്ചു. ആരെയോ ധൃതിയിൽ കാണാനുണ്ടെന്ന ഭാവേന അവൻ മുന്നോട്ടു നടന്നു. അൽപ ദൂരെ മതിൽ കെട്ടിന് മുന്നിൽ ഞാൻ നോക്കി നിന്നു. കൈവിരലുകൾ ചൂണ്ടി പച്ചപ്പ് മറാത്താ മണ്ണുകൂനകളുടെ എണ്ണമെടുക്കുന്നതു കണ്ടു. അവിടെ നിന്നും തിരിച്ചു വരുന്ന വഴി ഒരു മൺകൂനയുടെ മുകളിൽ നിന്നും മഞ്ഞുതുള്ളികൾപോലെ വെള്ളം പറ്റിപ്പിടിച്ച ചുവന്ന പനിനീർപ്പൂക്കൾ കെട്ടിൽ നിന്നും അഴിച്ചെടുത്തു. ബിനീഷിനു ചുവന്ന റോസാപ്പൂക്കൾ വളരെയധികം ഇഷമായിരുന്നെന്നകാര്യം എനിക്ക് അറിയാമായിരുന്നു. അവൻ എന്റെ അടുത്തെത്തിയപ്പോൾ ആ പൂക്കൾ ആർക്കുവേണ്ടിയാണെന്നോ എന്തിനു വേണ്ടിയാണെന്നു ഞാൻ അവനോടു ചോദ്യങ്ങളുന്നയിച്ചു അവന്റെ സന്തോഷത്തെ അലോസരപ്പെടുത്തിയില്ല. നിത്യ ശാന്തിയിലെന്നപോലെ പതിമൂന്നുപേർ പുതിയ മണ്ണുമെത്തയിൽ ഉറങ്ങുന്നുണ്ട്. ആരും ശല്യപ്പെടുത്താനില്ലാതെ എത്ര സുഗമമായി ഉറങ്ങുകയാണവർ അല്ലേ.. വിഷ്ണു... അവന്റെ ഭ്രാന്ത് പറച്ചിലിന് വിഘ്‌നമിട്ടു ഞാൻ പറഞ്ഞു. നീ വന്നേ നമുക്ക് വീട്ടിലേക്കു പോകാം. എന്റെ നേർക്ക് ചിരിച്ചു ബിനീഷ് ആ പൂക്കളെ പതിയെ ചുംബിച്ചു പറഞ്ഞു. ഒരുനാൾ നമ്മളും ഈ മണ്ണിൽ അലിഞ്ഞു ചേരേണ്ടവരാണ്.
പള്ളി ഗ്രൗണ്ടിൽ നിന്നും സൈക്കിൾ എടുക്കുന്നതിനു മുൻപ് സമീപത്തുണ്ടായിരുന്ന ബേക്കറിക്കടയിൽ നിന്നും ഞങ്ങൾ ഓരോ സർബത്തും പപ്സും കഴിച്ചു. അപേക്ഷ ഫോം വാങ്ങാൻ തന്നിരുന്ന കാശിൽ നിന്നും ചിലവാക്കി ഞങ്ങൾ വീട്ടിലേക്കു യാത്രയായി. വൈകുന്നേരം പാടത്തു ക്രിക്കറ്റ് കളിക്കാൻ വരുമ്പോൾ കാണാമെന്നു പറഞ്ഞു പുതിയവാവ് കവലയിൽ നിന്നും ഞങ്ങൾ രണ്ടു വീട്ടിലേക്കു തിരിഞ്ഞു. ദീർഘ ദൂരം സൈക്കിൾ ചവിട്ടിയതിനാൽ വിശപ്പിന്റെ സംഗീതം വയറ്റിൽ നിന്നും പതിയെ കേട്ട് തുടങ്ങിയിരുന്നു. ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ സമായതിനാൽ ചോറും കറികളും തയ്യാറായിരുന്നു. വീട്ടിലെത്തി കയ്യും കാലും കഴുകി മത്തി വറുത്തതും കപ്പയ്ങ്ങ തോരനും മോരുകാരിയും രാവിലത്തെ ഇഢലിക്കും മിച്ചം വന്ന സാമ്പാറും കൂട്ടി വയറു നിറയെ ഊണ് കഴിച്ചു. ഉച്ചമയക്കം പതിവില്ലെങ്കിലും പിന്നീട് അൽപനേരം വിശ്രമിക്കാമെന്ന വിധം ഞാൻ മുറിയിലേക്ക് കടന്നു. പുതുമഴയുടെ സുഗന്ധം മണ്ണിൽ നിന്ന് ഉയർന്നു കഴിയുമ്പോൾ പൂക്കുകയും എന്നാൽ ഒരാഴ്ചക്കുള്ളിൽ നിലം പതിക്കുകയും ചെയ്യുന്ന നീർമാതളപ്പൂക്കളെപ്പോലെ ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ "നീർമാതളം പൂത്ത കാലം" എന്ന പുസ്തകം എന്നിലേക്ക് സുഗന്ധം പരത്തി. നീർമാതള പൂക്കളെ കയ്യിലെടുക്കുന്നവണ്ണം ഞാൻ ആ പുതകത്തിന്റെ പുറംചട്ടയിൽ കൈവിരലുകൾ തലോടി മനസ്സിൽ മന്ത്രിച്ചു "നീർമാതളം പൂത്ത കാലം" മാധവിക്കുട്ടി.
തലയിണ ഭിത്തിയോട് ചേർത്തുവെച്ചു ഞാൻ പുസ്തകം വായിക്കാൻ തുടങ്ങി. തുടക്കം നിർജീവമെന്നു തോന്നിയെങ്കിലും പതിയെ നീർമാതളം നിറഞ്ഞുപൂക്കുന്നത് അറിഞ്ഞു, നനുത്ത മണ്ണിന്റെ ഗന്ധത്തോടെ നീർമാതളത്തിന്റെ പൂക്കൾ എവിടെയോ കൊഴിഞ്ഞുവീഴുന്നതറിഞ്ഞു. നാലപ്പാട്ട് തറവാട് നൽകിയ സ്നേഹവും സുരക്ഷിതത്വവും മാത്രം അവരെ നിലനിർത്തി, നിഷ്കളങ്കതയുടെ, ഒറ്റപ്പെടലിന്റെ, ഗൃഹാതുരത്വത്തിന്റെ, ഒരു തുറന്നെഴുത്ത്. "വെറും നയന സുഖമാണ് മനുഷ്യന് വിധിച്ചിട്ടുള്ളത്. ഈ നിലാവെളിച്ചവും ഈ കാറ്റും സുഖവും ഒന്നും വിലക്ക് വാങ്ങാൻ കഴിയില്ല" ചരിത്രവും ഓർമകളും രാജകന്മാരുടെയും യുദ്ധങ്ങളുടെയുo സാഹസികതയുടെയും മാത്രം കഥയല്ല. സ്‌നേഹിച്ചവരുടെയും സാധാരണ മനുഷ്യരുടെയും കഥയാണ്. വാക്കുകള അന്വർഥമാക്കി കഥാപാത്രങ്ങളുടെ കുത്തൊഴുക്ക് തന്നെ ആയിരുന്നു "നീർമാതളം പൂത്തകാലം"
പതിനഞ്ചാം താളിൽ കുറിക്കപ്പെട്ട "പ്രകടമാവാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യ ശേഖരം പോലെ ഉപയോഗശൂന്യം" എന്നെഴുതിയ വാചകം ഒരു മാത്രനേരം എന്നിലേക്ക് സിമിയുടെ ഇഷ്ടത്തെക്കുറിച്ചു ഓർമ്മപ്പെടുത്തി. എന്റെ പ്രണയം ഞാൻ തുറന്നു പറഞ്ഞിട്ടും അവൾ അത് എന്നോട് പ്രകടമാക്കാതിരുന്നതിന്റെ ഉദ്ദേശം എനിക്ക് മനസിലായില്ലായിരുന്നു. പ്രണയമെന്നത് പ്രകടമെന്നാനുള്ളതല്ലേ അല്ലാതെ ശവക്കല്ലറയിൽ കരുതിവെയ്ക്കേണ്ട ഓർമപ്പൂക്കളാണോ? സിമിത്തേരിയുടെ കവാടത്തിനു മുന്നിൽ വെച്ച് ബിനീഷ് പറഞ്ഞ വാചകം ജാലക വാതിലൂടെ ഒരു കുഞ്ഞു തെന്നലായി ഒഴുകിയെത്തി "ഒരുനാൾ നമ്മളും ഈ മണ്ണിൽ അലിഞ്ഞു ചേരേണ്ടവരാണ്." കൊടുക്കുവാൻ സമൃദ്ധമായി സ്നേഹം എന്റെ പക്കൽ ഉണ്ടായിരുന്നു... സ്വീകരിക്കാൻ തയ്യാറായി സിമി മുന്നോട്ടു വരുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു.
(തുടരും.....)
വിനീത് വിശ്വദേവ്
https://emalayalee.com/writer/278