Image

നരേന്ദ്ര മോദിക്ക് എന്ത് പറ്റി? (നടപ്പാതയിൽ ഇന്ന് -109:ബാബു പാറയ്ക്കൽ)

Published on 08 June, 2024
നരേന്ദ്ര മോദിക്ക് എന്ത് പറ്റി? (നടപ്പാതയിൽ ഇന്ന് -109:ബാബു പാറയ്ക്കൽ)

പലരുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വലിയ ക്ഷതമേൽപ്പിച്ചാണ് ജനങ്ങൾ വിധിയെഴുതിയത്. ഭരണകക്ഷിയായിരുന്ന ബിജെപി സഖ്യത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു തോൽവി. 'ചാർ സൗ പാർ' (400 കടന്ന്) എന്ന മുദ്രാവാക്യവുമായി ജനങ്ങളിലേക്കിറങ്ങിയ പ്രധാനമത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അതൊക്കെ സാധിക്കണമെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടായേ മതിയാകുമായിരുന്നുള്ളൂ.

കഴിഞ്ഞ പത്തു വർഷത്തിൽ ആദ്യത്തെ അഞ്ചു വർഷം പറഞ്ഞതുപോലെയുള്ള കാര്യങ്ങൾ പലതും ചെയ്യാൻ സാധിച്ചില്ല. ഉദാഹരണത്തിന് ഓരോ കുടുംബത്തിന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ സർക്കാർ ഡിപ്പോസിറ്റ് ചെയ്യും എന്ന് പറഞ്ഞത്. അതൊക്കെയായിട്ടും ജനങ്ങൾ വീണ്ടും പൂർണ്ണമായ ഭൂരിപക്ഷം നൽകി വീണ്ടും മോദിജിയെ തന്നെ ഭരണം ഏൽപ്പിച്ചു. അതിനു മുഖ്യമായും പ്രേരകമായത് രാജ്യ സുരക്ഷയും വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ മതിപ്പുയർന്നതുമായിരുന്നു.

നുഴഞ്ഞു കയറ്റം സ്ഥിരം കലാപരിപാടിയായിരുന്ന അതിർത്തിയിൽ കർട്ടൻ വലിച്ചിട്ടതും ഭീരാക്രമണം അഴിഞ്ഞാടിയ കാശ്‌മീരിൽ സമാധാനം കൈവരിച്ചതും ജനങ്ങളിൽ സുരക്ഷാ ബോധം വളർത്തി. കാശ്മീരിന്റെ സ്വയംഭരണാവകാശം ഉറപ്പു നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് മതേതര ബോധമുള്ള ദേശസ്നേഹികൾ കരഘോഷത്തോടെ അംഗീകരിച്ചു. കാശ്‌മീർ സമാധാനപരമായി മുൻപോട്ടു നീങ്ങി. അറുപതുകളിലും എഴുപതുകളിലും വിനോദ സഞ്ചാരികളുടെ പറുദീസയായിരുന്ന കാശ്‌മീർ പിന്നീട് തീവ്രവാദികളുടെ താവളമായി മാറി. എന്നാൽ മോദിയുടെ നിശ്ചയദാർഢ്യം കാഷ്മീരിനെ വീണ്ടും വിനോദ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യയെ ലോകരാജ്യങ്ങൾക്കു മുൻപിൽ തലയുയർത്തി നിർത്താൻ കഴിഞ്ഞു എന്നത് സംശയമില്ലാത്ത കാര്യമാണ്. വിദേശ നയങ്ങളിൽ അസൂയാർഹമാം വിധം എടുത്ത തീരുമാനങ്ങൾ രാജ്യത്തിന്റെ യശസ്സ് വർദ്ധിപ്പിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷക്കും ഭീഴണി ഉയർത്തിയ വിഘടനവാദികൾ പലരും വിദേശത്തു ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ആഭ്യന്തരമായി ഉത്പാദന മേഖല അഭിവൃദ്ധിപ്പെട്ടു. സാമ്പത്തിക മേഖല മെച്ചപ്പെട്ടു. പ്രതിരോധ രംഗം നവീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഗ്രാമങ്ങളെപ്പോലും നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും സഹസ്രകോടികൾ ഒഴുക്കി. ഡൽഹി മുതൽ കന്യാകുമാരി വരെയുള്ള റോഡുകൾ വിദേശരാജ്യങ്ങളിലെ പോലെ വിപുലീകരിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചു. ചാന്ദ്ര പേടകം ആരും കടന്നു ചെല്ലാത്ത ചന്ദ്രന്റെ വിദൂര മേഖലയിൽ ഇറങ്ങി പര്യവേക്ഷണം നടത്തി ലോകത്തെ വിസ്മയിപ്പിച്ചു.

വ്യാവസായിക രംഗത്ത് പ്രത്യേകിച്ച് ഉത്പാദന മേഖലയിൽ ഗണ്യമായ കുതിച്ചു ചാട്ടം ഉണ്ടായി. വൻകിട വിദേശ സംരംഭകരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. കുടത്തിൽ നിന്നും തുറന്നു വിട്ട ഭൂതം പോലെ ആഭ്യന്തര തലത്തിൽ സമൂഹത്തിനു ഭീഷണിയായി വളർന്ന ഇസ്‌ലാമിക തീവ്രവാദത്തെ ധൈര്യപൂർവ്വം പിടിച്ചു കെട്ടാൻ ബിജെപി സർക്കാരിന് കഴിഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പക്ഷം ചേരാതെ നിന്ന് റഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങി കോടികളുടെ സാമ്പത്തിക ലാഭം കൊയ്തു. അയൽരാജ്യങ്ങളുമായുള്ള ബന്ധം വഷളാകാതെ സൂക്ഷിച്ചു.

അങ്ങനെ പല മേഖലകളിലും നവീന ഭാരതം കുതിച്ചു ചാട്ടം നടത്തിയതിന്റെ കേന്ദ്ര ബുദ്ധി നരേന്ദ്ര മോദി തന്നെയായിരുന്നു. അടുത്ത അഞ്ചു വർഷം കൊണ്ട് ഇന്ത്യയെ ലോകരാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തെത്തിക്കുക എന്ന സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെടുക എന്ന ആത്മവിശ്വാസത്തിൽ അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചു. പല കാര്യങ്ങളും ചെയ്യണമെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ ഭരണഘടന ഭേദഗതി വേണ്ടിവരുമെന്ന് അദ്ദേഹത്തിനു മനസ്സിലായി. അങ്ങനെയാണ് 'ചാർ സൗ പാർ' മുദ്രാവാക്യവുമായി ജനങ്ങളുടെ മുൻപിലേക്കിറങ്ങിയത്. പൂർണ്ണ ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്രമോദിക്ക് പക്ഷേ സ്വപ്‌നത്തിൽ വിചാരിക്കാത്ത തിരിച്ചടിയാണുണ്ടായത്. കേവല ഭൂരിപക്ഷം പോലും നേടാൻ ആയില്ല. നരേന്ദ്ര മോദിക്കെന്താണ് പറ്റിയത്?

2014 ൽ അധികാരത്തിൽ വന്നിട്ട് രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നോട്ടു നിരോധനം നടപ്പിലാക്കിയത്. മറ്റുള്ള രാഷ്ട്രീയ പാർട്ടികളുടെ, പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയുടെ, അടിത്തറയിളക്കുവാൻ അത് സാധിച്ചു. ഫണ്ടില്ലാതെ വന്നതിനാൽ ആ പാർട്ടിയിൽ നിന്നും പലരും ബിജെപി യിലേക്ക് ചേക്കേറി. ഇന്ത്യയുടെ ജനസംഖ്യയിൽ ഭൂരിഭാഗം ഹിന്ദുക്കളായതിനാൽ ആർ എസ് എസിന്റെ 'ഹിന്ദുത്വ അജണ്ട' നടപ്പിലാക്കിയാൽ അങ്ങനെ സ്ഥിരമായി അധികാരത്തിൽ തുടരാം എന്ന വിഡ്ഢികളായ ഉപദേശകരുടെ അഭിപ്രായം ശിരസാ വഹിച്ചാണ് പിന്നീട് മുന്നോട്ടു പോയത്. തുടർഭരണം കിട്ടിയതോടെ പരോക്ഷമായിരുന്ന ഹിന്ദുത്വ അജണ്ട പരസ്യമായി നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. മതേതരത്തിന്റെ അടിത്തറയിൽ ജാതി മത ഭേദമില്ലാതെ എല്ലാ പൗരന്മാർക്കും സമത്വം അനുശാസിക്കുന്ന ഒരു ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നതായി സാധാരണ ജനങ്ങൾക്കു തോന്നിത്തുടങ്ങി.

ഈ അവസരത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രണ്ടു ഡസൻ പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ചു കൊണ്ട് ഒരു ഇന്ത്യാ (I.N.D.I.A) സഖ്യം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു. അധികാരം നഷ്ടപ്പെട്ടവരും അധികാരം സ്വപ്നം കാണുന്നവരുമായ ഒരു കൂട്ടം ചെറുകിട പാർട്ടികളുടെ ഒരു കൂട്ടായ്മ! ‘അവർ എതിരായി നിന്നാൽ ബിജെപി യുടെ സഖ്യത്തിന് എന്തു സംഭവിക്കാൻ’ എന്ന ചിന്ത നരേന്ദ്രമോദി എന്ന വിഗ്രഹത്തിനു മുൻപിൽ ഒരു ചോദ്യമായി പോലും വന്നില്ല. എന്നാൽ കോൺഗ്രസ് പാർട്ടിക്കു നേതൃത്വം നൽകുന്ന ശാന്തനായ രാഹുൽ ഗാന്ധിയെ 'പപ്പു' എന്ന് വിളിച്ചു കഴിവുകെട്ടവനായി മുദ്രകുത്തി ബിജെപിയും അനുയായികളും പരിഹസിച്ചപ്പോൾ അദ്ദേഹം കന്യാകുമാരിയിൽ നിന്നും കാശ്‌മീർ വരെയുള്ള 4000 ൽ പരം കിലോമീറ്റർ ദൂരം നടന്ന് ഗ്രാമീണരെയും നഗരവാസികളെയും ഒരുപോലെ കണ്ടു സംവാദിച്ചു കൊണ്ട് ഭാരതത്തിന്റെ ഉള്ളറിയുവാൻ ശ്രമിച്ചു. അതേ സമയം നരേന്ദ്രമോദി എതിരാളികളെ ഒന്നൊന്നായി ശ്വാസം മുട്ടിക്കുകയായിരുന്നു. കോൺഗ്രസ് പാർട്ടി ശരിയായ സമയം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്‌തില്ല എന്ന കാരണത്താൽ അവരുടെ അക്കൗണ്ട് മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും എടുക്കാനാവാതെ കോൺഗ്രസ് പാർട്ടി അക്ഷരാർത്ഥത്തിൽ കുഴഞ്ഞു.

തെരഞ്ഞെടുപ്പ് ഫണ്ട് സാമാഹരിക്കാനായി 'ഇലക്ടറൽ ബോണ്ട്' എന്ന ഓമനപ്പേരിൽ വലിയ കോർപറേഷനുകളിൽ നിന്നും ബിജെപി ഒൻപതിനായിരം കോടി രൂപ വാങ്ങി. പകരം അവർക്കൊക്കെ എന്ത് ഉപകാരം വഴിവിട്ടു ചെയ്തുകൊടുത്തു എന്നത് ആരും അറിഞ്ഞില്ല. എന്നാൽ തുക നൽകാതിരുന്നവരും ഭരണത്തെ വിമർശിച്ചവരുമായ പല കോർപ്പറേഷനുകളും ഇ.ഡി. യുടെ നിരന്തരമായ റെയ്‌ഡിന്‌ പാത്രമായി. കള്ളക്കേസുകളിൽ കുടുക്കി പല എതിരാളികളെയും ജയിലിൽ അടച്ചു. രാഹുൽ ഗാന്ധി എം.പി. യെ ‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു’ എന്ന് പറഞ്ഞു പാർലമെന്റിൽ നിന്നും പുറത്താക്കി. എന്നാൽ കോടതി അദ്ദേഹത്തെ തിരിച്ചു കയറ്റി. പാർട്ടി ഫണ്ടിലേക്ക് പിൻവാതിലിൽ കൂടി 143 കോടി വാങ്ങിയ ഡൽഹി മുഖ്യമന്ത്രി കേജരിവാളിനെ ഇ.ഡി. യെക്കൊണ്ട് പൊക്കി ജയിലിൽ അടപ്പിച്ചു. സംസ്ഥാന ഭരണത്തിൽ ഭൂരിപക്ഷത്തിനു വേണ്ടി കോടികൾ മറിച്ചുകൊണ്ടു കുതിരക്കച്ചവടം ശീലമാക്കി. പ്രാദേശിക പാർട്ടികൾ വോട്ടുബാങ്കിനു വേണ്ടി ന്യുനപക്ഷ പ്രീണനം നടത്തിയപ്പോൾ മോദി ഭൂരിപക്ഷ പ്രീണനം നടത്തി ആർ.എസ്.എസിന്റെ 'ഹിന്ദു രാഷ്ട്ര' സങ്കൽപം നടപ്പിലാക്കാൻ അതിന്റെ വക്താവായി മാറി.

മണിപ്പൂരിൽ ദശാബ്ദങ്ങളായി ഉറങ്ങിക്കിടന്ന ഗോത്രവൈര്യം ആളിക്കത്തിയപ്പോൾ ഉത്തരവാദപ്പെട്ട ഭരണയന്ത്രം ആ കലാപം  നിർത്താൻ നോക്കിയില്ലെന്നു മാത്രമല്ല, അധികാരവും ആയുധങ്ങളും നൽകി ഒരു വർഗ്ഗത്തിനെ പിന്തുണച്ചു. വംശീയമായി തുടങ്ങിയ കലാപം വർഗ്ഗീയമായി മാറാൻ ഇത് കാരണമായി. ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട നൂറു കണക്കിന് കുക്കികൾ കൊലചെയ്യപ്പെട്ടപ്പോൾ നോക്കുകുത്തികളായി നിലകൊണ്ട സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ന്യുനപക്ഷങ്ങൾ സംശയദൃഷ്ടിയോടെ വീക്ഷിച്ചു. ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി അത് വ്യാഖ്യാനിക്കപ്പെട്ടു.

അയോധ്യയിൽ ക്ഷേത്രം പണിതു. എയർപോർട്ട് ഉണ്ടാക്കി. റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചു. ഹിന്ദുത്വത്തിന്റെ വക്താവ് മാത്രമല്ല,  മറിച്ച്‌, താൻ ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്നു പോലും പരസ്യമായി പറഞ്ഞു. തെരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രധാനമന്ത്രി പറഞ്ഞത് തന്റെ ഭരണം നാടിനുണ്ടാക്കിയ നേട്ടങ്ങളോ ഇനി ചെയ്യാൻ പോകുന്ന കാര്യങ്ങളോ അല്ല, അവതരിപ്പിച്ചത് വിദ്വേഷ പ്രസംഗങ്ങളായിരുന്നു. സത്യത്തെ വളച്ചൊടിച്ചു ഭൂരിപക്ഷ പ്രീണനത്തിനാണ് അദ്ദേഹം ശ്രമിച്ചത്. വർഗ്ഗീയ വിഷം വാരി വിതറി ജനങ്ങളെ ഭിന്നിപ്പാനാണ് ശ്രമിച്ചത്. ഇത്, ആരുടെ ഉപദേശത്താലായാലും അവർ മറന്നു പോയ ഒരു കാര്യം, ഇന്ത്യയിലെ ഹിന്ദുക്കൾ ഭൂരിഭാഗവും മഹത്തായ ഹിന്ദു സംസ്ക്കാരത്തിൽ വിശ്വസിക്കുന്നവരും മാനവികതയ്ക്കു മുൻ‌തൂക്കം നൽകി സ്നേഹവും സഹിഷ്‌ണതയും ഇഷ്ടപ്പെടുന്നവരുമാണെന്നതാണ്. ക്യാൻസർ പോലെ ഭാരതത്തിൽ വളരാൻ ശ്രമിക്കുന്ന തീവ്രവാദ ഭീഷണി യാഥാർഥ്യമാണെങ്കിലും അധികാരത്തുടർച്ചയ്ക്കു വേണ്ടി ഒരു സമൂഹത്തെ മുഴുവനായി ഇടിച്ചു താഴ്ത്താൻ അവർ അനുവദിക്കില്ല.

മോദിയുടെ ഭരണം അംബാനി-അദാനിമാർക്കു നൽകിയത് ആയിരം ഇരട്ടി വരുമാനമായപ്പോൾ സാധാരണക്കാരന് 600 രൂപയ്ക്കു കിട്ടിയ ഗ്യാസ് സിലിണ്ടറിന് 1200 ആയതും 70 രൂപയ്ക്കു കിട്ടിയ പെട്രോളിന് 107 ആയതും അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കോർപ്പറേറ്റുകൾ കോടികൾ കൊയ്യുന്നതും കാണാതെ പോയി. 'മോദി ഗാരന്റി'യിലൂടെ തന്റെ വ്യക്തിപ്രഭാവം വർദ്ധിപ്പിക്കാൻ മാത്രം നോക്കിയത് കൂടെയുള്ളവരെ ചൊടിപ്പിച്ചു. അച്ചടി-ദൃശ്യ മാധ്യമങ്ങൾക്കു വൻ തുകയ്ക്കു പരസ്യം നൽകി പി. ആർ. വർക്ക് പൊടി പൊടിപ്പിച്ചു. പല സർക്കാർ ഡോക്യൂമെന്റുകളിലും നരേന്ദ്ര മോദിയുടെ ഫോട്ടോ പതിപ്പിച്ചു. വിമർശിക്കുന്നവരുടെ വായ് അടപ്പിച്ച്‌ ഒരു ഏകാധിപതിയുടെ സ്ഥാനം ഉറപ്പിക്കുകയാണോ എന്ന് പലരും സംശയിച്ചു. 400 ൽ പരം സീറ്റുകൾ നേടിയാൽ ഭരണഘടന അടിമുടി മാറ്റും എന്നും വ്യക്തി സ്വാതന്ത്ര്യം വിദൂര സ്വപ്നം മാത്രമായി മാറുമെന്നും ജനങ്ങൾ ഭയപ്പെട്ടു. അപ്പോൾ പിന്നെ അവരെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പാണ് ഇതിനു തടയിടാനുള്ള സുവർണ്ണാവസരം എന്നവർ ചിന്തിച്ചു.. ഇപ്പോൾ മറ്റുള്ളവരുടെ ഔദാര്യത്തിൽ കഷ്ടിച്ച് പ്രധാനമന്ത്രിക്കസേരയിൽ വീണ്ടും നരേന്ദ്ര മോദി ഇരുന്നേക്കാം. പക്ഷേ, ഡെമോക്ലസിന്റെ വാൾ പോലെ തലയ്ക്കു മുകളിൽ ഘടക കക്ഷികൾ തൂക്കിയിട്ടിരിക്കുന്ന ഭീഴണി മോദിയുടെ ഉറക്കം കെടുത്തുമെന്നു തീർച്ച.
______________
 Election Review babu parackel

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക