Image

കവിതയിലെ ജനാധിപത്യം!(വിജയ് സി. എച്ച്)

Published on 08 June, 2024
കവിതയിലെ ജനാധിപത്യം!(വിജയ് സി. എച്ച്)

ഇന്ത്യൻ സാഹിത്യത്തിൻ്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷര വീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും, കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനുമായ സച്ചിദാനന്ദൻ ഇന്ന് ഏറെ പറയുന്നത് മലയാള കവിതയിൽ ഇക്കാലങ്ങളിൽ കണ്ടുവരുന്ന ജനാധിപത്യത്തെക്കുറിച്ചാണ്. എല്ലാവരും എഴുതട്ടെയെന്നും, നല്ല കവിത എന്നത് ഒരു ആത്മനിഷ്ഠ സങ്കൽപം മാത്രമാണെന്നും വിശ്വസിക്കുന്ന സച്ചിദാനന്ദൻ, തൻ്റെ കാവ്യ നിരീക്ഷണങ്ങളെല്ലാം ഇവിടെ പങ്കുവയ്ക്കുന്നു...


🟥 കവിത ആദ്യ ആവിഷ്കാരോപാധി
മലയാളത്തിൽ ഇന്ന് എല്ലാവരും കവികളാണെന്ന സ്ഥിതി ഒരു ചർച്ചാവിഷയമാണ്. കാരണം, ദിവസം തോറും നിരവധി പുതിയ കവികളും കവിതകളും പിറക്കുന്നു. ഇതിനുത്തരം എൻ്റെ നാട്ടുകാരനായിരുന്ന കവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, "കവിതയെഴുതിക്കൂട്ടുവിൻ, കൂട്ടുകാരേ"യെന്ന്! അത് പിന്നീട് അയ്യപ്പപ്പണിക്കർ തൻ്റെ പ്രവൃത്തികളിലൂടെ ആവർത്തിക്കുകയും ചെയ്തു. ഇന്ന് എഴുതിത്തുടങ്ങുന്നവരിൽ അധികം പേരും കവിതയെ തങ്ങളുടെ ആദ്യത്തെ ആവിഷ്കാരോപാധിയായി കാണുന്നു എന്നത് കവിത ജനാധിപത്യവൽകരിക്കപ്പെടുന്നു എന്നതിനു തെളിവാണ്. ഒപ്പം നമ്മുടെ സാക്ഷരതയുടെ വർധനവും അതിനു കാരണമാണ്. ‘നല്ല’ കവിത എന്നത് ഒരു ആത്മനിഷ്ഠ സങ്കൽപമാണ്. അതിൻ്റെ നിർവചനങ്ങൾ മാറിവരാം. കവിത ആവിർഭവിക്കുന്ന കാലത്തു തന്നെ അത് വിലയിരുത്തപ്പെട്ടുകൊള്ളണം എന്നില്ല. അത്തരം വിലയിരുത്തലുകൾ പലപ്പോഴും താൽകാലികം ആവുകയാണ് പതിവ്. ഞാൻ വിധിപ്രഖ്യാപനങ്ങൾക്ക് ആളല്ല. തീർചയായും എനിയ്ക്ക് ഇഷ്ടപ്പെട്ട ചില കവികൾ, കവിതകൾ, ആ കൂട്ടത്തിൽ ഉണ്ടെന്നു പറയുകയാവും കൂടുതൽ ശരി.


🟥 ആയിരത്തിൽ പത്ത്
എല്ലാവരും എഴുതട്ടെ, അത് അവരുടെ മൗലികാവകാശമാണ്. ചിലത് നിലനിൽക്കാം, ചിലത് വിസ്മൃതമായേക്കാം. പക്ഷേ, എഴുത്ത് അതെഴുതുന്നവർക്ക് ആഹ്ളാദം നൽകുന്നുവെങ്കിൽ അവർ എഴുതട്ടെ. ആയിരം കവിതകൾ എഴുതപ്പെടുമ്പോൾ അതിൽ പത്തെണ്ണം നല്ലതാണെങ്കിൽ നിരാശതയ്ക്ക് വഴിയില്ല, അത് എന്നും അങ്ങനെയായിരുന്നു. വിധിനിർണയം കാലത്തിനു വിടുക. കാലം എന്നു പറഞ്ഞാൽ, നിരൂപണത്തിൽ, മാറിമാറി വരുന്ന ഭാവുകത്വങ്ങൾ എന്നാണർഥം. ആ മാറ്റങ്ങൾക്കു മുൻപിലും പിടിച്ചു നിൽക്കാൻ കഴിയുന്ന കവിത നിലനിൽക്കും. അപ്പോഴും എഴുതുന്ന നിമിഷത്തിൽ കവി അനുഭവിക്കുന്ന ആനന്ദത്തിൻ്റെയോ വേദനയുടെയോ മൂല്യം തെല്ലും കുറയുന്നില്ലെന്നുകൂടി പറയുന്നു.


🟥 കവിത നിർവചനാതീതം
കവിതയെ എക്കാലത്തേയ്ക്കുമായി നിർവചിക്കുക പ്രയാസമാണ്. കവിത ഒരു തരത്തിൽ നോക്കിയാൽ നാലു മാനങ്ങളുള്ള ഒരു സംഭാഷണമാണ്: കവിയുമായി, സമൂഹവുമായി, പ്രകൃതിയുമായി, പ്രപഞ്ചവുമായി, ഉള്ള സംഭാഷണം. ഒരു കവിതയിൽ തന്നെ ഇത്രയും മാനങ്ങളെല്ലാം ഉണ്ടാകണം എന്നില്ല, പക്ഷേ ഏതു വലിയ കവിയുടെയും കവിതയെ സമഗ്രമായി പരിശോധിച്ചാൽ ഇവയെല്ലാം കാണാം. കവി തന്നോട് തന്നെ സ്വകാര്യങ്ങൾ പറയുന്നുണ്ട്, മറ്റുള്ളവരോട് അവരുടെ ജീവിതത്തെയും സംഘർഷങ്ങളെയും കുറിച്ചു പറയുന്നുണ്ട്, പ്രകൃതിയുമായി പല രീതികളിൽ സംവദിക്കുന്നുണ്ട്, അനേകം നക്ഷത്രയൂഥങ്ങൾ അടങ്ങിയ ഈ പ്രപഞ്ചത്തിൻ്റെ രഹസ്യം അന്വേഷിക്കുന്നുമുണ്ട്!


🟥 ആധുനികത, ആധുനികാനന്തരത
കവിത കവിതയായിരുന്നുകൊണ്ടു തന്നെ നിരന്തരം പരിണമിക്കുന്നു. ആ പരിണാമങ്ങൾക്ക് നാം പേരുകൾ ഇടുന്നു. ഇത് വിമർശകർക്കും അധ്യാപകർക്കും ഓരോ കാലത്തെയും കവിതയുടെ രൂപ-ഭാവങ്ങളിലെ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കാൻ അനിവാര്യമാണെന്നുവരാം. നാം മലയാള കവിതയെക്കുറിച്ചു പറയുമ്പോഴും ഭക്തികാലം, കാൽപനിക കാലം, ആധുനിക കാലം മുതലായ സംജ്ഞകൾ സാധാരണം എന്ന പോലെ ഉപയോഗിക്കാറുണ്ടല്ലോ, അതും പോരാതെ രണ്ടോ മൂന്നോ കവിത്രയങ്ങളെക്കുറിച്ചും (ചെറുശ്ശേരി-എഴുത്തച്ഛൻ-പൂന്താനം, ആശാൻ-വള്ളത്തോൾ-ഉള്ളൂർ, വയലാർ-പി.ഭാസ്കരൻ-ഒഎൻവി) പലരും പറയാറുണ്ട്‌, ഇവർക്ക് പൊതുവായി ഉള്ളതിനേക്കാൾ കൂടുതൽ വ്യത്യാസങ്ങളാണ് ഉള്ളതെന്ന് എൻ്റെ വായനയിൽ തോന്നിയിട്ടുണ്ടെങ്കിലും. ഇതു കൂടാതെയാണ് അറുപതുകൾ, എഴുപതുകൾ, എൺപതുകൾ, തൊണ്ണൂറുകൾ തുടങ്ങിയ ദശാബ്ദങ്ങൾ അടിസ്ഥാനമാക്കിയുള്ള വിഭജനങ്ങൾ. ഓരോ പ്രസ്ഥാനത്തിനും, അഥവാ കാലഘട്ടത്തിനും, നിരൂപകർ ലക്ഷണങ്ങൾ കൽപിച്ചു നല്കാറുമുണ്ട്. പക്ഷേ, ഈ അക്കാദമിക് സമീപനത്തിനും അപ്പുറം പോകുന്നതാണ് അനുവാചകരുടെ സമീപനം.


🟥 എൻ്റെ വായന
ഒരു വായനക്കാരൻ എന്ന നിലയിൽ പോയ നൂറ്റാണ്ടുകളിലെ പല കവികളും എന്നോട് സാർത്ഥകമായി സംവദിക്കുന്നുണ്ട്. ഞാൻ ഭക്തി-സൂഫി കവികളെക്കുറിച്ചു പലപ്പോഴായി കവിതകൾ തന്നെ എഴുതിയിട്ടുമുണ്ട്. മഹാമാരിയുടെ കാലം ഞാൻ പ്രധാനമായും ചിലവിട്ടത് അവരിൽ ചിലരുടെ കവിതകൾ പരിഭാഷ ചെയ്യാനാണ് -- അങ്ങനെ അഞ്ചു സമാഹാരങ്ങളും ഉണ്ടായി. കബീർ, മീരാബായ്, ബസവ, അക്കമഹാദേവി, ആണ്ടാൾ, ബുള്ളേ ഷാ തുടങ്ങിയവർ നമ്മോടെല്ലാം ആത്മീയ-നൈതിക മൂല്യങ്ങളെക്കുറിച്ചും സർവധർമസഹഭാവത്തെക്കുറിച്ചും മനുഷ്യസമത്വത്തെക്കുറിച്ചും, എല്ലാ ജീവികൾക്കും ഭൂമിയിലുള്ള അവകാശത്തെക്കുറിച്ചും പറയുന്നു. ഹോമർ, അഥവാ ഷേക്സ്പിയർ, അഥവാ വാല്മീകി, അഥവാ കാളിദാസൻ... ഇവരുടെയെല്ലാം കൃതികൾ ക്ലാസ്സിക്കുകൾ ആവുന്നത് അവർ എന്നത്തേയും മനുഷ്യരുടെ ജീവിതത്തെയും മരണത്തെയും ബാഹ്യവും ആഭ്യന്തരവുമായ സംഘർഷങ്ങളെയും സ്നേഹ-വൈരാഗ്യങ്ങളെയും അസ്തിത്വവ്യഥകളെയും കുറിച്ച് സംസാരിക്കുന്നതുകൊണ്ടാണ്. അങ്ങനെ എന്നോ എവിടെയോ ജീവിച്ച കവികൾ നമ്മുടെ സമകാലീനരായി മാറുന്നു. ഭൂമിയിലെ കവികൾ എല്ലാം ചേർന്നു ഒരു നീണ്ട കവിത എഴുതുകയാണെന്നും അതിൽ ഒരു വാക്കോ വരിയോ കൂട്ടിച്ചേർക്കുകയാണ് ഓരോ കവിയും ചെയ്യുന്നതെന്നും തിരിച്ചറിഞ്ഞാൽ നമ്മുടെ അഹന്തകൾ അസ്തമിക്കും.


🟥 കവിതയുടെ അനുസ്യൂതി
കവിതയുടെ രീതികൾ മാറിക്കൊണ്ടിരിക്കുന്നു. മാറുന്ന അനുഭവങ്ങൾക്കൊത്ത് ഭാവവും ഭാഷയുമെല്ലാം മാറുന്നു. അപ്പോഴും അത് കവിതയാണെന്നു തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്ന ഒരു ഘടകം നിലനിൽക്കുകയും ചെയ്യുന്നു. ഒരു കാലത്ത് പദ്യം, ഗദ്യം എന്ന വേർതിരിവുണ്ടായിരുന്നു. അതിപ്പോൾ ഇല്ല. പണ്ടും പദ്യത്തിൽ എഴുതപ്പെട്ടതെല്ലാം കവിതയായിരുന്നില്ല. ഓർക്കാൻ എളുപ്പത്തിനായി വൈദ്യവും, ജ്യോതിഷവും, തത്വചിന്തയുമെല്ലാം സംബന്ധിച്ച ഗ്രന്ഥങ്ങൾ പദ്യരൂപത്തിലാണ് എഴുതപ്പെട്ടിരുന്നത്. പക്ഷേ, അവയെ നാം 'കവിത' എന്നു വിളിക്കാറില്ലല്ലോ. ഇന്നും വൃത്തത്തിൽ എഴുതപ്പെടുന്നതെല്ലാം കവിതയാണെന്ന് പറയുക വയ്യ. കവിയും, പണ്ഡിതനും, ഇന്ത്യൻ ക്ലാസിക്കൽ സാഹിത്യത്തിലെ ആധികാരിക ശബ്ദവുമായിരുന്ന ഏ. കെ. രാമാനുജൻ പറയാറുള്ള ഒരു കന്നഡ നാടോടിക്കഥയുണ്ട്: ഒരു മരംവെട്ടുകാരൻ താൻ ഉപയോഗിക്കുന്ന മഴു അനേകം തലമുറകളായി തൻ്റെ വീട്ടിൽ ഉണ്ടായിരുന്നതാണെന്നു അവകാശപ്പെടാറുണ്ട്. എന്നാൽ, ഇത്രയേറെ കാലം അതിൻ്റെ പിടി നിലനിൽക്കുകയില്ലല്ലോയെന്നു പറയുമ്പോൾ, പിടി പല കുറി മാറിയെന്ന് അയാൾ സമ്മതിക്കുന്നു. അലകിനെക്കുറിച്ചു പറയുമ്പോഴും അത് തന്നെയാണ് അയാളുടെ ഉത്തരം. അലകും പിടിയും മാറുമ്പോഴും മഴുവിൻ്റെ അനുസ്യൂതി വിസ്മയകരമായി നിലനിൽക്കുന്നു! ഇതിലുണ്ട് കവിതയിലെ പാരമ്പര്യത്തിൻ്റെയും ആധുനികതയുടെയും രഹസ്യം.


🟥 ലാവണ്യ-നീതിബോധം ശക്തം
മലയാള കവിതയിൽ, ഒരു പക്ഷേ ഇന്ത്യൻ കവിതയിൽ തന്നെ, ഇപ്പോൾ ലാവണ്യബോധവും നീതിബോധവും കൂടുതൽ പ്രാവർത്തികമാണ്. രൂപം-ഭാവം, പഴമ-പുതുമ, വയ്യക്തികം-സാമൂഹ്യം, സമകാലികം-സാർവകാലികം എന്നൊക്കെയുള്ള ദ്വന്ദ്വങ്ങളിലൂടെയാണ് നാം പലപ്പോഴും കവിതയെക്കുറിച്ച് സംസാരിക്കുക പതിവ്. എന്നാൽ, കവിത വിസ്മയകരമായ രീതിയിൽ ഇവയെ സമന്വയിക്കുന്നതായാണ് അനുഭവം. ഇതിന്നർത്ഥം കവിത നിശ്ചലമായി നിൽക്കുന്നുവെന്നല്ല. അത് ഒഴുകിക്കൊണ്ടിരിക്കയും, നദിയായിത്തന്നെ കാണപ്പെടുകയും ചെയ്യുന്നു! ചില കാലങ്ങളിൽ ചില അംശങ്ങൾ മുന്നോട്ടു വരുന്നു. ഉദാഹരണത്തിന്, 'ആധുനികത'യെന്ന് നാം പേരിട്ട കാലത്ത് കവിതയുടെ രൂപപരമായ ഘടകങ്ങൾ മുന്നോട്ടു വന്നു, അതിനു പിറകിൽ അനുഭവപരമായ മാറ്റങ്ങൾ ഉണ്ടായിരുന്നപ്പോൾ തന്നെ. അതു പോലെ തന്നെയാണ് ഇതുവരെയും അദൃശ്യരോ നിശ്ശബ്ദരോ ആയിരുന്ന വിഭാഗങ്ങൾ കവിതയിലേക്കു വരുമ്പോൾ പുതിയ അനുഭവലോകങ്ങളും ഭാഷകളും ഉയർന്നുവരുന്നത്. സ്ത്രീ കവിത,

 

 ദളിത്‌ കവിത, ആദിവാസി കവിത, ട്രാൻസ്ജെൻഡർ കവിത, ന്യൂനപക്ഷ കവിത -- ഇവയെല്ലാം കവിതയുടെ അനുഭവലോകം വിസ്തൃതമാക്കി. ഒപ്പം അവർ തങ്ങൾക്കുവേണ്ട ഭാഷകളും രൂപങ്ങളും കണ്ടെത്തുകയും ചെയ്തു. ഇന്ന് കേരളകവിതയിൽ മാത്രമല്ല, ഇന്ത്യൻ കവിതയിൽ തന്നെ മാനകഭാഷയെ ഭേദിച്ചുകൊണ്ടു പ്രദേശഭാഷകളും, സമുദായഭാഷകളും, വംശഭാഷകളും, തൊഴിൽഭാഷകളും ഉയർന്നു വരുന്നതും ഭിന്നലിംഗങ്ങളിൽ പെട്ടവർ ഒരു പുതിയ ഭാഷ, അഥവാ പല ഭാഷകൾ, തേടുന്നതും നാം കാണുന്നു. അങ്ങനെ അവർ കവിതയിലും സമൂഹത്തിലും നിലനിന്ന ചില മൗനങ്ങളെ പൂരിപ്പിക്കുന്നു. വാമൊഴിയെ മാത്രം ആശ്രയിച്ചിരുന്നവർ വരമൊഴിയിലേക്കു കടന്നുവരുന്നു. നിലനിൽക്കുന്ന കാവ്യഭാഷ തങ്ങളുടെ അനുഭവാവിഷ്കാരത്തിനു പര്യാപ്തമല്ലെന്നു അവർ കണ്ടെത്തുന്നു. കവിതയിൽ ജനാധിപത്യം വികസിക്കുന്നത് ഇങ്ങനെയെല്ലാമാണ്!
 

കവിതയിലെ ജനാധിപത്യം!(വിജയ് സി. എച്ച്)കവിതയിലെ ജനാധിപത്യം!(വിജയ് സി. എച്ച്)കവിതയിലെ ജനാധിപത്യം!(വിജയ് സി. എച്ച്)കവിതയിലെ ജനാധിപത്യം!(വിജയ് സി. എച്ച്)
Join WhatsApp News
വേണുനമ്പ്യാർ 2024-06-08 08:07:58
ഒരു നല്ല കവിത പിറക്കാൻ ചിലപ്പോൾ നൂറ് കവിതകളെഴുതേണ്ടി വരും. അതിൽ നിരാശതയ്ക്ക് ഇടമില്ല. അപൂർവ്വമായെങ്കിലും ഒരു കവി ജനിക്കുന്നതു അയാളുടെ സ്വന്തം മരണത്തിനു ശേഷമാകും. ഈടുറ്റ ഒരു ലേഖനം തയ്യാറാക്കിയ ലേഖകനും പ്രസിദ്ധീകരിച്ച ഇമലയാളിക്കും അഭിനന്ദനങ്ങൾ! കവിതയിൽ താൽപ്പര്യമുള്ളവരും കവിതയെഴുതുന്നവരും ഈ ലേഖനം അർഹിക്കുന്ന പ്രാധാന്യത്തോടെ വായിച്ചില്ലെങ്കിൽ അത് അവർക്കൊരു നഷ്ടം തന്നെയായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക