സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും തിളക്കമുള്ള പ്രതിപക്ഷം ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഇത്രയും വെറുക്കപ്പെട്ട ജയം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും അറിയില്ല. പതിനെട്ടാമതു ലോക സഭയിൽ സാങ്കേതികമായി ബിജെപി സർക്കാർ രൂപീകരിക്കുമെങ്കിലും ഒപ്പമുള്ള മുന്നണിയിലെ മുഖങ്ങൾ ഒരിക്കലും വിശ്വസിക്കാനാവാത്ത ചങ്ങാതികളാണ് എന്ന് എല്ലാവർക്കും അറിയാം. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും എപ്പോൾ ചതിച്ചു എന്ന് പറഞ്ഞാൽ മതി. ഈ നൂൽപ്പാലത്തിലൂടെ സർക്കാരിനെ നയിക്കാനുള്ള മെയ്വഴക്കം നരേന്ദ്ര മോഡിക്കുണ്ടൊ എന്ന് അത്ര നിശ്ചയമില്ല. എന്നാൽ അമിത്ഷായുടെ ചാണക്യതന്ത്രത്തിൽ ഇന്ത്യ മുന്നണിയിൽ വിള്ളലുകൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കാം. അതിലും അപകടത്തിലാണ് ബിജെപി യിൽ അമിത്ഷാ നേരിടുന്ന വെല്ലുവിളികൾ.
രാഹുൽഗാന്ധിയിൽ ഇന്ത്യ വിശ്വാസം അർപ്പിച്ചുകഴിഞ്ഞു. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്നുകഴിഞ്ഞു. മുതുമുത്തച്ഛനെപ്പോലെ എത്ര മനോഹരമായാണ് അയാൾ സംസാരിച്ചത്, ആളുകളെ ചേർത്തുനിറുത്തിയത്, ഇന്ത്യയിലെ ഓരോ തരിയിലും നടന്നുനീങ്ങിയത്, എത്ര കനലുകളിലൂടെയാണ് അയ്യാൾ ഒറ്റയ്ക്ക് സഞ്ചരിച്ചത്. രാജ്യത്തിനുവേണ്ടി ഒഴുക്കിയ മുത്തശ്ശിയുടെയും അച്ഛന്റെയും ചോരയുടെ മണം അയാൾക്ക് മറക്കാനാവുമോ. അയ്യാൾ ഒരു സംഭവമാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. അതാണ് ഇന്ത്യയുടെ നാളത്തെ പ്രതീക്ഷ.
ഇന്ത്യയിലെ ഗോഥിമീഡിയയെ അമ്പരപ്പിച്ചുകൊണ്ട് ഹിറ്റ്ലറുടെ ജർമനിയിൽ നിന്നും ഉദിച്ചുയർന്നു ദ്രുവ് റാത്തീ എന്ന ചെറുപ്പക്കാരൻ. ഇന്ത്യയിൽ കടന്നുവരാവുന്ന ഫാസിസ്റ്റു ഭരണത്തെക്കുറിച്ചുള്ള അയാളുടെ നിരന്തരമായ ഓർമ്മപ്പെടുത്തലുകളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമായി എന്ന് കരുതാം. അതാണ് ഇന്ത്യയുടെ ദ്രുവനക്ഷത്രം. ഇത്തരം നിരവധി സ്വതന്ത്ര യുട്യൂബ് ചാനലുകൾ കപടദേശീയതക്കും മത വിദ്വേഷങ്ങൾക്കും എതിരെ ഇന്ത്യയിലെ ഓരോ ഭാഷയിലും ചെറുതും വലുതുമായി നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. അവർ ഏകപക്ഷീയമായിട്ടല്ല സംസാരിച്ചുകൊണ്ടിരുന്നത്. അവർക്കു പറയാനുള്ള കാര്യങ്ങൾ ചുരുക്കമായി അവതരിച്ചശേഷം ആളുകളുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ടു മാറ്റങ്ങൾ ഓരോ നിമിഷവും നടക്കുന്ന ഒരു പുത്തൻ മുഴുകിയ മാധ്യമ സംസ്കാരം ഉടലെടുത്തു. ആളുകൾ കോർപ്പറേറ്റു മാധ്യമങ്ങളെ അവിശ്വസിച്ചു. അതിനു ഉത്തമ ഉദാഹരണമാണ് എക്സിറ്റ് പോൾ എന്ന തമാശ. ഇനിയും ആരെങ്കിലും എക്സിറ്റ് പോളുമായി വന്നാൽ ആളുകൾ വടിയെടുത്തു അടിച്ചോടിക്കും.
എന്തായാലും ഇവിഎം എന്ന കടംകഥയിൽ ഒരു തീർപ്പുണ്ടായി. എക്സിറ്റ് പോൾ രാഷ്ട്രീയമായി മാത്രം പാകം ചെയ്തതാണെന്നും, ഇലൿഷൻ കമ്മീഷൻ വെറും ഒരു പെട്ടിക്കടയാണെന്നും, നോർത്ത് സൗത്ത് ഇന്ത്യ വിഭജിയ്ക്കാൻ ഉള്ളതല്ല; പാകപ്പെടുത്താനുള്ള സംസ്കാരമാണെന്നും ഈ തിരഞ്ഞെടുപ്പിൽ മനസ്സിലായി. ജനാധിപത്യം ജാഗ്രതയോടെ പരിപാലിക്കപ്പെടണം, വിഭാഗീകത പരത്തുന്ന ഉഡായിപ്പുകൾ തല്ലിത്തകർക്കണമെന്നും, കോർപ്പറേറ്റ് മാധ്യമപ്പടയെ വിശ്വസിക്കരുത്, ജുഡീഷ്യറി പൊതുജനാഭിപ്രായത്തെ ജാഗ്രതയോടെ കാണുന്നു എന്നും, തെറ്റായ വിവരണങ്ങളും ഡീപ്-ഫേക്ക് എന്ന കടുത്ത നുണകളും നിറഞ്ഞ അന്തരീക്ഷത്തിൽ സത്യം എന്താണെന്നു നിരന്തരം അന്വേഷിക്കുന്ന ജാഗ്രത ഉണ്ടാവണമെന്നും നമ്മൾക്ക് ബോധ്യപ്പെട്ടു.
ലോകത്തിൽ ഏറ്റവും കൂടുതൽ ദരിദ്ര നാരായണമാർ ഉള്ള ഇന്ത്യയിൽ കോർപൊറേഷനുകൾ മാത്രം വികസിക്കുമ്പോൾ, വിദ്യഭാസമുള്ള തൊഴിൽരഹിതർ നെട്ടോട്ടം ഓടുമ്പോൾ, കടക്കെണിയിൽ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണംപോലും അറിയില്ല എന്ന സർക്കാർ, കലാപഭൂമിയിൽ തിരിഞ്ഞുനോക്കാത്ത, കലാപത്തിന്റെ വിത്തുകൾ നിർഭയം വിതറുന്ന ഇന്ത്യയുടെ മുഖം വികൃതമാണ്. മതവിദ്വേഷം മറയില്ലാതെ പറയുകയും മറ്റുദേവാലയങ്ങൾക്കു നേരേ പരസ്യമായി അമ്പ്എയ്യുകയും, കൂറ്റൻ അമ്പലങ്ങൾ ലോകത്താകമാനം ഉയർത്തി ഹിന്ദുവികാരം ഉണർത്താൻ ശ്രമിക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് സൂക്ഷിക്കുന്ന യഥാർത്ഥ ഹിന്ദു ലജ്ജിതനാകുകയാണ്.
ഇന്ത്യയിലെ ജനങ്ങൾ ഒരു സ്വേച്ഛാധിപതിക്ക് ചെക്ക് നൽകിയില്ല എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം. ജനങ്ങളെ ഭരിക്കാൻ ഇവിടെ ഒരു പുനഃസജ്ജീകരണം സംഭവിച്ചു, ധാർമ്മിക അധികാരമുള്ള ഒരു ജാഗരൂകമായ അധികാരം ജനകീയ നിയോഗമാണ്. അതാണ് പുതിയ സർക്കാർ നെഞ്ചിൽ ഏറ്റെടുക്കേണ്ടത്. സർക്കാരിന് ഹ്രസ്വകാല വെല്ലുവിളികളും ദീർഘകാല പ്രതിബദ്ധതകളുമുണ്ട്. വികസനം ജനങ്ങളുമായി പങ്കിടണം.