Image

മോദിയുടെ ഏകാധിപത്യ പ്രവണത തകർത്ത രാഹുൽ ഇന്ത്യയുടെ പ്രതീക്ഷ (ജോയി ഇട്ടൻ)

Published on 11 June, 2024
മോദിയുടെ ഏകാധിപത്യ പ്രവണത തകർത്ത  രാഹുൽ ഇന്ത്യയുടെ പ്രതീക്ഷ (ജോയി ഇട്ടൻ)

ചരിത്രം ഒരിക്കൽ കൂടി രാഹുൽഗാന്ധിയുടെ പേര് ഇന്ത്യയുടെ രാഷ്ട്രീയ പുസ്തകങ്ങളിൽ എഴുതി വയ്ക്കുന്നു. ഒരിക്കലും തിരിച്ചു വരില്ല എന്ന് കരുതിയ ഒരു പാർട്ടിയെ അദ്ദേഹം  പൂർവാധികം ശക്തിയോടെ തന്റെ ജനതയ്ക്ക് മുൻപിൽ പുനർ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യം മൂല്യങ്ങളും സംരക്ഷിക്കാൻ, ഗാന്ധി കാണിച്ച മാർഗ്ഗങ്ങളിലൂടെ താഴെക്കിടയിലുള്ള മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് കാശ്മീരിലെ മഞ്ഞു വീഴുന്ന പകലുകളിൽ പോരാടുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഹുൽ ഇന്ത്യയുടെ വീണ്ടെടുപ്പുകളുടെ പ്രതീകമാണ്, പ്രതീക്ഷയാണ്.

2024 ലോക്സഭ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവരുടെ ചരിത്രം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു. മോദി എന്ന ഫാസിസ്റ്റ് അടക്കിവാണിരുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗാന്ധിയൻ ആദർശത്തിന്റെ വിത്തുകൾ വീണ്ടെടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ കൂടിയായിരുന്നു. കോൺഗ്രസ് നിരയിൽ ഈ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കാൻ പ്രാപ്തിയുള്ള ഒരേ ഒരാൾ രാഹുൽഗാന്ധി മാത്രമായിരുന്നു. ഒരുപക്ഷേ ഈ പോരാട്ടം അദ്ദേഹത്തിന്റെ  ജീനിൽ ഉറങ്ങിക്കിടക്കുന്നത് ആയിരിക്കാം. അതുമല്ലെങ്കിൽ കാലങ്ങളായി മോദി ഭരണകൂടത്തിന് മുൻപിൽ പോരാടികൊണ്ടേയിരിക്കുന്നവന്റെ മധുര പ്രതികാരമായിരിക്കാം. റായ്ബറേലിയിലും വയനാട്ടിലും ഒരുപോലെ രാഹുൽ ജയിച്ചു മുന്നേറിയപ്പോൾ തെളിഞ്ഞുനിന്നത് ജനങ്ങളുടെ ഭരണവിരുദ്ധ വികാരവും, രാഹുൽ ഗാന്ധി എന്ന യുവനായകനിൽ ഉള്ള വിശ്വാസവുമായിരുന്നു.  ബിജെപിയുടെ പല കോട്ടകളും കോൺഗ്രസ് തകർത്തെറിഞ്ഞു. ജയിക്കുമെന്ന് ഉറപ്പിച്ച പലയിടത്തും കോൺഗ്രസ് ഇന്ത്യ മുന്നണിക്കൊപ്പം നിന്നുകൊണ്ട് വിജയം കൈവരിച്ചു.

മൂന്നു ലക്ഷത്തിലധികം ഭൂരിപക്ഷമാണ് രാഹുൽഗാന്ധിക്ക് വയനാട്ടിൽ ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടുന്നത് കേരളം എന്തായാലും രാഹുലിനൊപ്പം ആണ് എന്ന് തന്നെയാണ്. റായ്ബറേലിയിലും  മികച്ച ഭൂരിപക്ഷം തന്നെയാണ് രാഹുൽ നേടിയെടുത്തത്. മോദി ഗവൺമെന്റിന്റെ നിരന്തരമായ വേട്ടയാടലുകൾ അകത്തും പുറത്തും നേരിട്ട രാഹുൽ ഗാന്ധി തുറന്നു വയ്ക്കുന്നത്  ഒരേകാധിപത്യത്തിൽ നിന്നും സ്വതന്ത്രമാകാൻ വേണ്ടിയുള്ള പുതിയ വാതിലുകളാണ്. ഇന്ത്യയുടെ ഒരു കോണിൽ നിന്നും മറ്റൊരു കോണിലേക്ക് രാഹുൽ ഗാന്ധി യാത്ര നടത്തിയപ്പോൾ ചിരിച്ചുതള്ളിയവരെല്ലാം തന്നെ 2004 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ രാഹുലിനെ അഭിവാദ്യം ചെയ്തുകൊണ്ട് പോസ്റ്ററുകൾ പങ്കുവെച്ചിരുന്നു. പ്രതീക്ഷയുടെ ഒരു മുഖം എന്നാണ് രാഹുൽഗാന്ധിയെ എല്ലാവരും വിലയിരുത്തിയത്. മോഡിയുടെ എല്ലാ തന്ത്രങ്ങളും പൊളിച്ചെഴുതി കൊണ്ടാണ് രാഹുൽഗാന്ധി ഇത്രത്തോളം ജനപ്രീതിയിലേക്ക് നടന്നു കയറിയതും ഇത്രത്തോളം ഭൂരിപക്ഷം തെരഞ്ഞെടുപ്പിൽ സ്വന്തമാക്കിയതും. ഒരു മോദി ഉണ്ടായിരിക്കും എന്ന് കരുതിയ തെരഞ്ഞെടുപ്പിൽ ഒരു രാഹുൽ ഇഫക്ട് ഉണ്ടാക്കിയെടുത്തതും അങ്ങനെ തന്നെയാണ്.

നമുക്കറിയാം ഹത്രസിൽ ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടപ്പോൾ യുപി ഗവൺമെന്റിന്റെ മുഴുവൻ എതിർപ്പുകളും അവഗണിച്ചുകൊണ്ട് അന്നാ കുടുംബത്തിനൊപ്പം നിന്നത് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആയിരുന്നു. ശീതീകരിച്ച മുറികളിൽ കിടന്നുകൊണ്ടല്ല രാഹുൽ ഈ വിപ്ലവ പോരാട്ടം നടത്തിയത് വെയിലും മഴയും മഞ്ഞും കൊണ്ട് സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി നടന്നിട്ട് തന്നെയാണ്. കളിയാക്കലുകളും കുത്തു വാക്കുകളും എല്ലാം അതിജീവിച്ച് രാഹുൽ മുന്നേറുമ്പോൾ  ഇന്ത്യൻ ജനതയുടെ മനസ്സിൽ ഇപ്പോഴും നിലകൊള്ളുന്ന ജനാധിപത്യ വിശ്വാസവും മതേതര മൂല്യങ്ങളും തന്നെയാണ് തെളിഞ്ഞുവരുന്നത്. അത് സംരക്ഷിക്കാൻ ഒരാളെ അവർ തിരഞ്ഞെടുക്കുകയാണ്. രാഹുൽ ഗാന്ധിയെ അവരുടെ പ്രതിപക്ഷ നേതാവായി കൊണ്ട് തന്നെ ജനങ്ങൾ ഈ വർഷം ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. മണിപ്പൂരിലെ കലാപ ഭൂമിയെ കുറിച്ച്, ഇന്ത്യയിൽ ജീവിക്കാൻ വേണ്ടി പോരാടുന്ന മനുഷ്യരെക്കുറിച്ച്, മോദി ഭരണത്തിനു കീഴിൽ ബുദ്ധിമുട്ടുന്ന ജനതയെക്കുറിച്ച്, അദാനിയുമായി രാജ്യം വിൽക്കാനുള്ള കരാറുകളും ഒപ്പിടുമ്പോൾ മോദി മറന്നുപോയ ഇന്ത്യയുടെ പൈതൃകത്തെയും സംസ്കാരത്തെയും മാനുഷിക മൂല്യങ്ങളെയും കുറിച്ച്  രാഹുൽ ഇന്ത്യയിൽ ഉടനീളം പത്തുവർഷത്തോളം പറഞ്ഞുകൊണ്ടേയിരുന്നു. കേൾക്കുന്ന ജനറേഷനുകൾ മാറി മറഞ്ഞു പോയിട്ടും രാഹുൽ എന്ന മനുഷ്യൻ അദ്ദേഹത്തിന്റെ  ജനാധിപത്യ ബോധ്യത്തെ ജനങ്ങളിലേക്ക് പകർന്നുകൊണ്ടേയിരുന്നു.

രാജ്യം കത്തി കൊണ്ടിരിക്കുമ്പോൾ യാഗം നടത്തുന്ന ഒരു മോദിയെ പോലെ ഒരു പ്രധാനമന്ത്രിയല്ല രാഹുൽ. ആ മനുഷ്യന് ഇപ്പോഴും പ്രാധാന്യം ഇന്ത്യയിലെ ജനങ്ങൾ തന്നെയാണ്. അവിടെ മതമോ വർണ്ണമോ വർഗമോ ഒന്നും ബാധിക്കില്ല. ചില്ലറ മാജിക്കുകൾ കാണിച്ച് കുഞ്ഞുങ്ങളെ കബളിപ്പിക്കുന്ന മോദിയുടെ വീഡിയോകളിൽ നിന്നും എത്രയോ വ്യത്യസ്തമാണ് അവരെ ചേർത്തുപിടിക്കുന്ന അവർക്കൊപ്പം ഇരുന്ന് സംസാരിക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ. ജനങ്ങളോട് സംസാരിക്കാൻ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ  അവർക്കൊപ്പം ഇരിക്കണം ഒപ്പം നടക്കണം ഒപ്പം നിൽക്കണം എന്ന സത്യം രാഹുലിന് തിരിച്ചറിയാം. ഇന്ത്യ മുന്നണി ഇന്ന് പ്രതിപക്ഷ സ്ഥാനത്തേക്ക് കടന്നുവരുമ്പോൾ രാഹുലിന്റെ ഈ തിരിച്ചറിവാണ് മുതൽക്കൂട്ടായത്. ഇതുവരെ കണ്ട രാഹുൽഗാന്ധിയെ ആയിരിക്കില്ല ഇനി മോദിയും ഇന്ത്യൻ ജനതയും കാണാൻ പോകുന്നത്. അയാൾ അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി  രാഹുൽ ഒരു മുഴുവൻ പൊതുപ്രവർത്തകനായി രൂപാന്തരപ്പെട്ടിരിക്കുന്നു. രാഹുലിന്റെ പ്രതിപക്ഷം വരാനിരിക്കുന്ന മോദി ഗവൺമെന്റിനെ  നേരെ നയിക്കുന്നതിൽ സഹായിക്കുമെന്ന് ഉറപ്പാണ്. ജനദ്രോഹമായ  ഒരു നയങ്ങളെയും അനുകൂലിക്കാതെ ഒരു ഫാസിസ്റ്റ് മനോഭാവത്തെയും പിന്തുണയ്ക്കാതെ രാഹുൽ ഇന്ത്യയ്ക്ക് വേണ്ടി മുന്നിലുണ്ടാകും.
 

Join WhatsApp News
Ben 2024-06-11 18:11:07
പരിഹസിച്ചവരോട് പോലും അസഹിഷ്‌ണത കാണിക്കാതെ നടന്നു നേടിയ ഒരു പ്രതീക്ഷ .. മനു ഷ്യത്വം ഉള്ള , സ്നേഹം ഉള്ള ഒരു നല്ല വ്യക്തിത്വം , അതാണ് രാഹുൽജി ...
Sunil 2024-06-11 21:17:59
I wish Rahul becomes the Prime Minister of India right now. That will be the end of Indian National Congress.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക