എൺപതുകൾ അമേരിക്കയിൽ വലിയ സാമ്പത്തിക ദുരവസ്ഥയുടെ കാലഘട്ടമായിരുന്നു. പ്രസിഡന്റ് റെയ്ഗന്റെ ഭരണ തുടക്കത്തിൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തുന്ന കാലം. രാജ്യത്താകമാനം അതിന്റെ അലയടികളും പ്രതിഫലനങ്ങളും. അമിത പലിശക്കടം കയറി കർഷകർക്ക് കൃഷിസ്ഥലങ്ങൾ നഷ്ടപ്പട്ടു കൊണ്ടിരിക്കുന്നു. ലോൺ തിരിച്ചടക്കാനാവാതെ കച്ചവടം പൊട്ടിയ ബിസിനസുകാർ. തൊഴിലില്ലായ്മ അതിന്റെ മൂർദ്ധന്യത്തിൽ. കുതിച്ചുയരുന്ന മോർട്ടഗേജ് നിരക്കും അമിത പലിശ നിരക്കും. ഇക്കാരണത്താൽ കിടപ്പാടമില്ലാതായവരുടെയും വീട് വാങ്ങാനാവാത്തവരുടെയും എണ്ണവും കൂടി വന്നു. റിപ്പബ്ലിക്കൻസും ഡെമോക്റാറ്റ്സും ഒറ്റക്കെട്ടായി നിന്ന് റെയ്ഗണോമിക്സിനെ നിശിത വിമർശനം നടത്തിയിരുന്ന കാലം. അമേരിക്കക്കാർക്ക് റെയ്ഗൻ ഭരണകൂടത്തിനോട് വിശ്വാസം നശിച്ചു കൊണ്ടിരുന്ന കാലം. സാമ്പത്തിക പ്രശനങ്ങളുടെ മൂര്ധന്യത്തിലായിരുന്നു അമേരിക്കയുടെ എൺപതുകൾ.
ഈ പശ്ചാത്തലത്തിലാണ് അഭ്യസ്തവിദ്യരായ രണ്ടു പേരെ, കേരളത്തിൽ മര്യാദക്ക് സർക്കാർ ജോലി ചെയ്തിരുന്നവരെ, അത്യാവശ്യം നെല്ലും തേങ്ങയും കൃഷിയും ഉണ്ടായിരുന്നവരെ, തരക്കേടില്ലാതെ കുടുംബം പുലർത്തിയിരുന്നവരെ, സ്വന്തം വീടുണ്ടായിരുന്നവരെ, ജീവിക്കാൻ അത്യാവശ്യ ചുറ്റുപാടുകളൊക്കെ ഉണ്ടായിരുന്ന ഒരപ്പനെയും അമ്മയെയും കൊണ്ട് ഞങ്ങൾ അമേരിക്കക്കു വന്നിരിക്കുന്നത്. അല്ലങ്കിൽ അവർ ഞങ്ങളെ കൊണ്ട് വന്നിരിക്കുന്നത്. ഭീകരം!
വരുമ്പോൾ അപ്പന്റെ പേഴ്സിൽ ഇരുപതു ഡോളറുണ്ട്.
കൊച്ചമ്മയുടെ വീട്ടിലെ ഒരു മാസത്തെ സ്വർഗതുല്ല്യമായ താമസത്തിനു ശേഷം എല്ലാവരുടെയും സഹായത്തോടെ ഞങ്ങൾ ഒരു അപ്പാർട്മെന്റിലേക്കു താമസം മാറി. മൂന്നാഴ്ച്ച കൊണ്ട് സോഷ്യൽ സെക്യൂരിറ്റി കാർഡും ഗ്രീൻ കാർഡും തപാലിൽ വന്നു. അന്നൊക്കെ ഇവ കിട്ടാൻ വലിയ കാലതാമസമില്ല.
പേപ്പറുകൾ കിട്ടിയതോടെ ജോലിക്ക് അപേക്ഷിച്ചു തുടങ്ങി. അന്ന് പതിന്നാലു വയസു മുതലൊക്കെ പാർട്ട് ടൈം ജോലിക്കെടുക്കും. നാൽപ്പത് മണിക്കൂർ തികച്ചു തരില്ല. ഒരാഴ്ച്ച മുപ്പത്തി എട്ടു മണിക്കൂറൊക്കെ കിട്ടും. സമ്മർ വെക്കേഷന് നല്ല ശതമാനം അമേരിക്കൻ പിള്ളേരും ജോലിക്ക് പോകും.
ഇന്റർവ്യുവിനു മദാമ്മ ചോദിച്ചത് ഒരക്ഷരം മനസിലായിരുന്നില്ലങ്കിലും അമ്മയുടെ സഹോദരിയുടെ ശുപാർശ ഉണ്ടായിരുന്നതിനാൽ ജോലി തരപ്പെട്ടു. അവരും അവിടെയാണ് ജോലി ചെയ്യുന്നത്. അമ്മയുടെ എല്ലാ സഹോദരങ്ങളും ഞങ്ങളെ ഓരോ രീതിയിൽ സഹായിച്ചു കൂടെ നിന്നു.
ഒരു ബന്ധുവിന്റെ ശുപാർശയിൽ അപ്പന് കെന്റക്കി ഫ്രൈഡ് ചിക്കനിൽ ചിക്കൻ വറക്കുന്ന പണി കിട്ടി. ഒരു മടിയും കൂടാതെ അപ്പനാ ജോലിക്കു പോയിത്തുടങ്ങി. ഞാനും അമ്മയും സഹോദരനും മലയാളികൾ ധാരാളം പേര് ജോലി ചെയ്യുന്ന നാഷണൽ ബാനർ എന്ന ഫ്ലാഗ് കമ്പനിയിൽ കയറി. അമ്മയുടെ മറ്റൊരു സഹോദരിയാണ് ഞങ്ങൾക്ക് റൈഡ് തരുന്നത്. അവരും ആ കമ്പനിയിൽ തന്നെ.
രാവിലെ അവരുടെ കാറിൽ പോകാൻ കുമ്പനാട്ടുകാരായ രണ്ടു മലയാളി സ്ത്രീകൾ കൂടിയുണ്ട്.
.
അഞ്ചുമണി രാവിലെ എഴുന്നേറ്റാലെ ആറ് മണിക്ക് ജോലിക്കു കയറാൻ കഴിയു. ചെറിയ ഒരു ഷെവി കാറിൽ ഞങ്ങൾ ആറു പേർ ഞെങ്ങി ഞെരുങ്ങി ഒരുവിധത്തിൽ ഇരിക്കും. കുമ്പനാട്ടുകാരികൾ രണ്ടും നല്ല വർത്തമാനക്കാരികൾ. അവരുടെ പ്രത്യേക രീതിയിലുള്ള വർത്തമാനം കേട്ട് ഉറക്കം മാറിയിട്ടില്ലാത്ത കണ്ണുകളോടെ ഞാനും സഹോദരനും പുറത്തേക്കു നോക്കി തൂങ്ങിപ്പിടിച്ചിരിന്നു കാഴ്ച്ചകൾ കാണും. കാരോൾട്ടൻ സിറ്റി ഉണർന്നു വരുന്നതേയുള്ളു. കാപ്പിക്കടകൾ സജീവം. വഴിയിലെങ്ങും ഒരു മനുഷ്യ ജീവി യെ കാണാനില്ല. എല്ലാവരും കാറിൽ. ട്രക്കിൽ. പിക്ക് അപ്പിൽ. വണ്ടികളുടെ ഒഴുക്കാണ്. നിർത്താത്ത ഒഴുക്ക്. ഈ മനുഷ്യരൊക്ക എവിടെ നിന്ന് വരുന്നു? എങ്ങോട്ടു പോകുന്നു ? ആ ?
കമ്പനിയിൽ ചെന്ന് കഴിഞ്ഞാൽ ഒരു മെഷിനിൽ പഞ്ചു ചെയ്തു വേണം അകത്തോട്ടു കയറാൻ. എല്ലാവരും അവരവരുടെ വർക്ക് ഏരിയയിൽ നിൽക്കും. ആറു മണിക്ക് നീണ്ട ബെല്ലോട് കൂടി ആ ദിവസത്തെ നാടകം ആരംഭിക്കും. പരിപൂർണ്ണ നിശബ്ദതയെ ഭേദിച്ചു തയ്യൽ മെഷിനുകളുടെ കട കട ശബ്ദം. തുണി വെട്ടുന്ന ശബ്ദം. അമ്മയെ കൊടി തയ്ക്കാനും അനുജനെ വെയർഹൌസിലുമായി നിയമിച്ചു. തയിച്ച കൊടികൾ മടക്കി പെട്ടിയിൽ വെച്ച് അഡ്രസ് എഴുതി ഒട്ടിക്കലായിരുന്നു എന്റെ പണി.ഒരു നിമിഷം പോലും കളയാതെ ജോലി ചെയ്യണം. സൂപ്പർവൈസർ ഇടക്കിടെ റോന്തു ചുറ്റി നടന്നു ശ്രദ്ധിക്കും. കുമ്പനാട്ടുകാരികൾ ഇതിനിടയിലും കലപില വെക്കുന്നുണ്ട്. ഇടക്കിടെ ലീഡ് ലേഡി വന്നു നിർദ്ദേശങ്ങൾ തരും. വർത്തമാനം പറഞ്ഞു നിൽക്കുന്നത് കണ്ടാൽ വഴക്കു പറയും.
രാവിലെയും ഉച്ചക്കും. വിശ്രമവേളകൾ ഉണ്ട്. .
ബ്രേക്കിന് ഞങ്ങൾ അമ്മയുടെ അരികിലേക്ക് ചെന്ന് ഒപ്പം ഭക്ഷണം കഴിക്കും. അമ്മ മൂന്നു പേർക്കുള്ള ഭക്ഷണം പായ്ക്ക് ചെയ്തിട്ടുണ്ട്. ഒരു ഫ്ലാസ്കിൽ കാപ്പിയും. ഞങ്ങൾക്ക് വലിയ സന്തോഷമൊന്നുമില്ല. തമ്മിൽ സംസാരം പോലുമില്ല. വന്നു പോയല്ലോ എന്ന ഭാവമാണ് മുഖത്ത്. അമ്മക്ക് എല്ലാം പതിവ് പോലെ തന്നെ. പക്ഷെ ഞങ്ങളുടെ ഭാവവ്യത്യാസം അമ്മക്ക് മനസിലാകുമല്ലോ!
“ഇത് കുറച്ചു നാളല്ലെ, സ്‌കൂള് തുറക്കുന്നിടം വരെ മതി ജോലിയൊക്കെ,... അമ്മ ആശ്വാസം പറയും.
എന്നാലും, എല്ലാവരുടെയും ശമ്പളം ഇല്ലാതെ കാര്യങ്ങൾ നടന്നു പോവില്ലന്നു ഞങ്ങൾക്കറിയാം. കാറ് വാങ്ങിക്കണം. അപാർട്മെന്റ് റെന്റ് കൊടുക്കണം. മറ്റു ബില്ലുകൾ എല്ലാം വേറെ.
ജോലിക്കു കൂടുതലും മെക്സിക്കോക്കാരാണ്. സ്പാനിഷ് ആണ് ഭാഷ. വെള്ളക്കാരും കുറച്ചുപേരുണ്ട്. കേരളത്തിന്റെ പല ഭാഗത്തു നിന്നുമുള്ള സ്ത്രീകളും ചൈന, വിയറ്റനാം കമ്പോഡിയ, ലാവോസ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീ പുരുഷൻമാരും ധാരാളം. ലഞ്ചു റൂമിൽ ഇവരുടെ കൂടെയിരുന്നുള്ള ഭക്ഷണം കഴിപ്പ് ആദ്യമൊക്ക മനം മറിപ്പുണ്ടാക്കിയിരുന്നു. ചുട്ട ഉണക്കമീനും കോഴിക്കുഞ്ഞു അകത്തുള്ള ചീമുട്ടയും പുഴുങ്ങിയ പന്നിയിറച്ചിയുമൊക്ക മൈക്രോവേവിൽ ചൂടാക്കിയെടുക്കുന്ന മണം അത്ര സുഖകരമായിരുന്നില്ല.
പിന്നെ തം താതാന്തം തിം തീം എന്ന് മാത്രം നമുക്ക് തിരിയുന്ന അവരുടെ ഭാഷയും. ഇത് പോലെ ആയിരിക്കും നമ്മുടെ മലയാളം കേൾക്കുന്ന സായിപ്പിനും തോന്നുക!
ഫ്ലാഗ് മടക്കിയും പെട്ടി ഒട്ടിച്ചും എന്റെ കയ്യിലെ തൊലി കുമിളക്കാൻ തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ഭാഗം തഴമ്പിച്ചു പാട് വന്നു.
ഇടക്കൊരാൾ ഒരു കാർട്ടും ഉന്തി വന്നു പെട്ടികൾ എടുക്കാൻ വരും. അവനെക്കാണുമ്പോൾ എന്റെ മനസ് സങ്കടപ്പെടും. അതവനാണ്. പാവം എന്റെ കുഞ്ഞാങ്ങള. ബസേലിയോസ് കോളജിലെ പ്രി ഡിഗ്രി പെമ്പിള്ളേരുടെ ഹരം. സ്റ്റൈലൻ..സുന്ദരൻ. അവനു ചിരിയെ ഇല്ല. കാർട്ട് ഉന്തി അവനാ കെട്ടിടം മുഴുവൻ നടക്കും.
ഇടയ്ക്കു കൂടെ ജോലി ചെയ്തിരുന്ന ചില വെള്ളക്കാരികൾ ചില സംശയങ്ങൾ ചോദിക്കും. അസഹനീയം.
അവർ ഇന്ത്യക്കുറിച്ചു ടിവിയിൽ കാണുന്നതൊക്കെയാണ് ചോദിക്കുന്നത്.
അന്ന് അമേരിക്കൻ ടെലിവിഷനിൽ ഇന്ത്യയെക്കുറിച്ചു നല്ലതൊന്ന് കാണിക്കില്ല. മദർ തെരേസ കൽക്കട്ടയുടെ തെരുവുകളിൽ നിന്നും ചൊറിയും പഴുപ്പും പിടിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ വാരിയെടുത്ത് ശുശ്രുഷിക്കുന്നതും, ഇന്ത്യയിലെ ആളുകൾ റെയിൽ ഓരങ്ങളിൽ പ്രഭാത കൃത്യം നടത്തുന്നതുമായ ദൃശ്യങ്ങൾ ആണ് അമേരിക്കക്കാർ കണ്ടിരിക്കുന്നത്.
നിങ്ങളുടെ വീട്ടിൽ പാമ്പാട്ടികളുണ്ടോയെന്നും സ്വന്തം ആനയുണ്ടോയെന്നും എലികളെ ആരാധിക്കുന്ന അമ്പലത്തിൽ പോയിട്ടുണ്ടോയെന്നുമാണ് മദാമ്മക്കറിയേണ്ടത്. ആകെക്കൂടെ മൂഡ് ഓഫ് ആയിരിക്കുന്ന എന്നോടാണ് ഈ ചോദ്യങ്ങൾ! ഞാൻ എനിക്കറിയാവുന്ന ഇംഗ്ലീഷിൽ ഇതെല്ലം എതിർക്കും. ഇന്ത്യയുടെ ഗുണഗണങ്ങൾ അവളെ പറഞ്ഞു കേൾപ്പിക്കും. കാര്യമൊക്കെ ശരിയാ എന്റെ ഇന്ത്യയെ വല്ലോം പറഞ്ഞാൽ മദാമ്മ വിവരമറിയും. ചിലപ്പോൾ ഈ സംഭാഷണം വഴക്കു വരെയാകും. ഇതെല്ലം കേൾക്കുന്ന മുതിർന്ന മലയാളി സ്ത്രീകൾ എന്നെ ഉപദേശിച്ചു നന്നാക്കാൻ നോക്കും!
"കൊച്ചെ, അവരങ്ങനെ പലതും പറയും. നമ്മൾ കേട്ടില്ല കണ്ടില്ലന്നു വെച്ചങ്ങു വിട്ടേക്കണം. നമ്മക്കിവിടെ ജോലി ചെയ്യണ്ടായോ? ഒള്ള ജോലി പോയാ കിട്ടാനിപ്പോ വലിയ പാടാ"
എട്ടു മണിക്കൂർ ജോലി കഴിഞ്ഞിറങ്ങി കൂടെയുള്ളവരെയൊക്ക വീട്ടിൽ വിട്ട് ആന്റി ഞങ്ങളെ അപ്പാർട്ട്മെന്റിൽ ഇറക്കുമ്പോൾ അഞ്ചു മണിയോളമാകും.
അപ്പൻ ചിക്കൻ കടയിൽ നിന്നും വരാൻ പിന്നെയും ഇരുട്ടും. വരുമ്പോൾ മിക്കപ്പോഴും അപ്പന്റെ വെളുത്ത കൈകളിലെ രോമം കരിഞ്ഞിരിക്കുന്നതും കൈത്തണ്ട പലയിടത്തും പൊള്ളിയിരിക്കുന്നതും കാണാം. ആരും കാണാതെയിരിക്കാൻ ഷർട്ടിന്റെ കൈകൾ മടക്കാതെ വെയ്ക്കും . ദൈവമേ നെടുംപറമ്പിലെ കൊച്ചെറിയാച്ചന്റെ മകന് അമേരിക്കയിൽ വന്നു കോഴി വറക്കുന്ന പണി. മരുമോള്ക്കു തയ്യൽ! കൊച്ചുമക്കൾക്ക് കൊടി കമ്പനിയിൽ കൊടിമടക്ക്. ഇത് വല്ലോമാണോ നമ്മൾ സ്വപ്നം കണ്ട അമേരിക്ക?
വന്നു പോയല്ലോ എന്നോർത്ത ദിവസങ്ങൾ ആയിരുന്നു അതൊക്കെ. . വല്ല കാര്യോമോണ്ടാരുന്നോ ? ഇവിടെ സ്‌കൂൾ തുറക്കാൻ സെപ്റ്റമ്പർ ആകണം. കോളജിൽ ചേരണമെങ്കിൽ ഒരു വർഷം കഴിയണം. 12 മാസം ടെക്‌സസിൽ താമസിച്ചാലേ കോളജിൽ പഠിക്കാൻ ഫീസ് ഇളവുണ്ടാകു. നിരന്തരം കുനിഞ്ഞും നിവർന്നു പെട്ടി അടച്ചും കൊടി മടക്കിയും ദേഹം മുഴുവൻ വേദനയാണ്.
അമ്മയ്ക്കായിരുന്നു പണി കൂടുതൽ. ഒരു നാലര വെളുപ്പിനെങ്കിലും എഴുന്നേൽക്കണം. പ്രഭാത ഭക്ഷണവും ഉച്ചക്കത്തെ ആഹാരവും മൂന്നു പേർക്കുള്ളത് പൊതിഞ്ഞെടുക്കണം. സന്ധ്യക്കു വന്നാൽ അത്താഴം ഉണ്ടാക്കേണം. പാത്രമെല്ലാം കഴുകി ഉറങ്ങുമ്പോൾ ഒരു നേരമാകും. അമ്മ മാത്രം ഒരു പ്രയാസമോ സങ്കടമോ പുറത്ത് കാണിക്കാതെ എല്ലാം ചെയ്തു. അപ്പനിടക്കിടെ നാട്ടിലെ തന്റെ സുഖജോലിയെ കുറിച്ചോർത്തു നെടുവീർപ്പിടും. വിഷമം പറയും. ഞാനും സഹോദരനും പരാതികൾ ഉള്ളിലൊതുക്കി. ഞങ്ങൾ ആണല്ലോ ഈ വരവിനു നിർബന്ധം പിടിച്ചത്. മിണ്ടാതെ സഹിക്കാൻ ഞങ്ങൾ പഠിച്ചു.
നാട്ടിൽ നിന്നും പോരുന്ന സമയത്തു അമ്മയുടെ മറ്റൊരു സഹോദരിയുടെ ഒരെഴുത്തു വന്നത് ഞാൻ ഓർമ്മിച്ചു.
“അമേരിക്കയിൽ വന്നാൽ എന്ത് പണിയും എടുക്കുവാനുള്ള മനസ് ഉണ്ടാകണം. നാട്ടിലെ സ്ഥിതിയും കുടുംബമഹിമയും പറഞ്ഞിരുന്നാൽ കാര്യങ്ങൽൾ നടക്കില്ല. ആദ്യമൊക്ക വലിയ കഷ്ടപ്പാടായിരിക്കും. അതിനെല്ലാം തയ്യാറാണെങ്കിൽ ഇങ്ങോട്ടു വന്നാൽ മതി.
പിന്നെ ടീൻ എയ്‌ജ് പ്രായത്തിലുള്ള പിള്ളേരെ കൊണ്ട് വരുന്നതിന്റെ റിസ്ക് അത് വേറെ. പിള്ളേര് ചീത്തയായി പോകാൻ വളരെ എളുപ്പമാണ്. നിങ്ങൾ ഇതെല്ലം ഓർത്തു വേണം അവിടെ നിന്ന് പോരാൻ”.
അന്നത് വായിച്ചു വിഷമം ഉണ്ടായെങ്കിലും എങ്ങിനെയെങ്കിലും അമേരിക്കക്കു പോണം എന്ന വാശിയായിരുന്നു ഞങ്ങൾ പിള്ളേർക്ക്. ഫാഷന്റെയും പളപളപ്പിന്റെയും ക്രിസ് എവെര്ട്ടിന്റെയും മാർട്ടിന നവാരത്തിലോവയുടെയും, മൈക്കിൾ ജാക്സന്റെയും ജാസ് മ്യൂസിക്കിന്റെയും ഡോളറിന്റെയും നാടായ അമേരിക്ക. ബന്ധുക്കൾ നാട്ടിൽ വരുമ്പോൾ സ്വര്ണക്കടയും സാരിക്കടയും തൂത്തുവാരി കൊണ്ടുപോകുന്നത് കണ്ടിട്ടുള്ളതാണ്. ഒരു കർഷക കുടുമ്പത്തിന്റെ പശ്ചാത്തലമുള്ള ഞങ്ങളുടെ വീട്ടിൽ കാര്യങ്ങൾ അങ്ങിനെ ലാവിഷ് അല്ല. കാശൊക്കെ പിടിച്ചുള്ള ചിലവാക്കലെ ഉള്ളു. ഇതൊക്കെയാണ് അമേരിക്കയിലേക്ക് അന്ന് ഞങ്ങളെ ആകർഷിക്കുന്ന കാരണങ്ങൾ. പിള്ളേരല്ലേ!
ആന്റിയുടെ എഴുത്ത് വായിച്ചു അന്ന് മാതാപിതാക്കൾക്ക് ആശയക്കുഴപ്പമുണ്ടായെങ്കിലും എന്റെയും സഹോദരന്റെയും നിര്ബന്ധത്തിലായിരുന്നു അവർ പോരാമെന്നു സമ്മതിച്ചത്. അന്ന് ആന്റി പറഞ്ഞ കാര്യങ്ങൾ സത്യമായിരുന്നല്ലോ എന്ന് ഞാൻ ഓർത്തു.
യഥാർത്ഥ അമേരിക്കൻ ജീവിതത്തിന്റെ പച്ചയായ മുഖം എന്തെന്ന് ഞങ്ങൾ മനസിലാക്കി തുടങ്ങുകയായിരുന്നു.
ഇത് ഞങ്ങളുടെ മാത്രം കഥയല്ലന്നറിയാം. ഒരു പ്രോഫാഷനോ പ്രതെയ്ക തൊഴിൽ പരിശീലനമോ ഇല്ലാതെ അക്കാലങ്ങളിൽ അമേരിക്കയിൽ എത്തിപ്പെട്ടവരുടെ ആദ്യകാല അനുഭവങ്ങൾ ഏകദേശം ഇങ്ങനെയൊക്കെത്തന്നെയാണെന്ന് പറയാം.
തുടരും
see more : https://emalayalee.com/writer/14