പുഴയില്‍ നിന്ന് മണല് കോരരുത്
പുഴയ്‌ക്കത്
,സഹിക്കൂല.
എന്ന്
എം.കെ. ആലിമമ്മു
ചെറുതും വലുതും ആയ
അക്ഷരങ്ങളില്‍ രണ്ട് നിറത്തിലെഴുതപ്പെട്ട വാചകത്തെ വിസ്‌മരിച്ച് ആര്‍ക്കും
പുഴക്കടവിലേക്ക് എത്താന്‍ കഴിയില്ല. എത്ര തവണ വായിച്ചവരായാലും അവിടെയെത്തുമ്പോള്‍
ഒരു നിയോഗംപോലെ തലപൊങ്ങിപ്പോകും. ആലി മമ്മുക്കാന്റെ വാചകം വായിച്ചും കൈമാറിയും
നാട്ടുകാരായ ഞങ്ങള്‍ക്കെല്ലാം ആപ്‌തവാക്യമായിരിക്കുന്നു. നിങ്ങള്‍ കരുതുന്നതുപോലെയീ
ആലിമമ്മു പഞ്ചായത്ത് സെക്രട്ടറിയോ മെമ്പറോ പൗരസമതിനേതാവോ അല്ല. കറുത്തുമെലിഞ്ഞ
ശരീരത്തെ സദാനേരവും വെളുത്ത വസ്‌ത്രത്തിനുള്ളിലാക്കിയും നീണ്ടമൂക്കിന്‍തുമ്പത്തെ
വിയര്‍പ്പു തുടയ്‌ക്കാതെയും ചെറിയ പല്ലുകള്‍ക്കിടയിലൂടെ ചിരിയുടെ മാലപ്പടക്കം
പൊട്ടിക്കുകയും ചെയ്യുന്ന ഒരു വെറും ആലിമമ്മു
മാത്രമാണ്.
``ആലിമമ്മുക്കാന്റെ ഓരോ തമാശ'' കൂട്ടം ചേര്‍ന്ന സംസാരങ്ങളില്‍ ഈ
നാമം കയറിക്കൂടുന്നത് ഒരു പതിവാണ്. ആലിമമ്മുക്ക അങ്ങനെയാണ്. നാട്ടിലെ ഓരോ
കാര്യത്തിലും മൂപ്പരുടെ ഒരു കയ്യൊപ്പുണ്ടാകും. മസിലുപിടിച്ചു നടക്കാനുള്ള
വിദ്യാഭ്യാസമൊന്നും ഇല്ലെങ്കിലും ആലിമമ്മുക്ക കണാരേട്ടന്റെ ചായക്കടയിലിരുന്ന്
അമേരിക്കയുടെ സാമ്രാജ്യമോഹത്തെപ്പറ്റിയും ഇന്ത്യയുടെ ജീര്‍ണ്ണതയെക്കുറിച്ചും
വിദ്യാഭ്യാസത്തിന്റെ അപചയത്തെക്കുറിച്ചുമെല്ലാം ഹൃദയവേദനയോടെ സംസാരിക്കും.
റേഷന്‍കാര്‍ഡ് തരപ്പെടുത്തിക്കൊടുക്കല്‍, വില്ലേജ് ഓഫീസിലെ ഫോറങ്ങള്‍
പൂരിപ്പിച്ചുകൊടുക്കല്‍. പഞ്ചായത്താപ്പീസിലെ.. അങ്ങനെ
നാട്ടുകാര്‍ക്കാവശ്യമായതെല്ലാം ആലി മമ്മുക്കാന്റെ കൈയില്‍ ഭദ്രം. ഇതെല്ലാം
മൂപ്പര്‍ക്ക് പ്രതിഫലം പറ്റാത്ത സേവനങ്ങള്‍ പൊലിപ്പിച്ചെഴുതുന്നതിനെക്കുറിച്ചും
വൈക്കം മുഹമ്മദ് ബഷീറിന് ജ്ഞാനപീഠം നല്‌കാതിരുന്നതിനെപ്പറ്റിയും ആലിമമ്മുക്ക
കത്തിക്കയറും. പൊട്ടിത്തെറിക്കും, ആളിക്കത്തും. പിന്നെ സ്വരം താഴ്‌ത്തി
പറയും.
`` ലോകം ഇങ്ങനെയൊക്കെയായിരിക്കും, അല്ലേ?'' ആലോചിച്ചിട്ട്
മിണ്ടാതിരിക്കും. വേഗത്തില്‍ ഇറങ്ങി നടക്കും. ആലിമമ്മുക്ക പറഞ്ഞതുപോലെ, ആലിമമ്മുക്ക
ചെയ്‌തതുപോലെ ചരിത്രത്തിലെ ചാരുദൃശ്യങ്ങള്‍പോലെ ഈ നാമവും രേഖകളില്ലാതെ
രേഖപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ആരും അന്യരല്ല, എന്നാലും അകത്തേക്ക് പ്രവേശനമില്ല.
ആലിമമ്മുക്കാന്റെ വകയാണത്, കണാരേട്ടന്റെ ചായക്കടയിലെ അടുക്കളയിലേക്കുള്ള വാതിലുനു
മുകളിലെ വാചകത്തിനിടയില്‍ക്കിടന്ന് ആലിമമ്മുക്ക കുലുങ്ങി
ചിരിക്കുന്നതായിതോന്നും.
വാക്കുകളുടെ പെരുമഴയായ ആലിമമ്മുക്ക അപൂര്‍വമായി
മൗനത്തിലേക്കു നങ്കൂരമിടും.
``ആലിമമ്മുക്കാ, ഹോയ്.. ഏതു രാജ്യത്താ?''
മൗനത്തെ ചുഴറ്റിയെറിഞ്ഞ് ഒച്ചയില്ലാത്ത ചിരിക്കൊപ്പം
സംസാരിച്ചുതുടങ്ങും.
``ഞാന്‍ ഇന്ത്യേല്‌തന്നെയാടാ ഹമ്‌ക്കേ, പട്ടിണികെടന്ന്
ചത്താലും.. യിന്റെ രാജ്യം ഇതുതന്നെ. അതിന്റെ സുകൊന്നു
വേറെയാ...''
``മിണ്ടാണ്ടിരിക്കുന്നതു കണ്ടപ്പോ ഞാന്‍ കരുതി യിങ്ങളും
ബുദ്ധിജീവിയായെന്ന്, ആ പത്രത്തില് കണ്ടിലെ സുന്ദരിയെയുംകൊണ്ട് ബാറില്‍ കയറിയ
ബുദ്ധിജീവിയുടെ തമാശകള്‍..'' ആലിമമ്മൂക്ക എനിക്കു മുഖം തരാതെ വിരല്‍കൊണ്ട്
നിലത്തെഴുതി:
സുന്ദരികളുടെ മുന്നില്‍
നട്ടെല്ലു
വളയാത്ത
ബുദ്ധിജീവികളുണ്ടോ
എന്ന്
എം.കെ.
ആലിമമ്മു
``പെണ്ണുങ്ങളുടെ കാര്യത്തില് ബുദ്ധിജീവികള്‍ക്കൊക്കെ ഒരു പ്രത്യേക
താത്‌പര്യം. അല്ലേ ഗണേശാ?'' ആലിമമ്മുക്കാന്റെ ഉച്ചത്തിലുള്ള ചിരിയിലേക്ക് ക്രമേണ
ഞാനും പറ്റിച്ചേര്‍ന്നു. ആലിമമ്മുക്കാന്റെ ചിരി കണ്ണുകളില്‍ തിളച്ചുമറിയുമ്പോള്‍
ഉള്ളിലാരോ തേങ്ങിക്കരയുന്നുണ്ടോ ? ഹൃദയം തുറന്ന എല്ലാ ചിരിയുടെയും ആഗ്രഹത്തില്‍
വേദനയുടെ അറകളില്ലേ ? അപ്രതീക്ഷിതമായി ആലിമമ്മുക്ക നിശ്ശബ്‌ദനായി. എന്റെ കൈ രണ്ടും
ചേര്‍ത്തുപിടിച്ചുപറഞ്ഞു. ``ഗണേശാ, ന്‌ക്ക് മക്കളുണ്ടാവില്ലേ'' - ആഴമാര്‍ന്ന
വേദനയുടെ ചുഴലിയില്‍ അകപ്പെട്ടതുപോലെ, തിരിച്ചു പറയാന്‍ ഒന്നുമില്ല. വാക്കുകളുടെ
ദേശം മരുഭൂമിയായി കിടക്കുന്നു. പെട്ടെന്നുതന്നെ എന്നെ മാറോട് ചേര്‍ത്തു
പിടിച്ചു.
``മക്കളിലെങ്കില്‍ മനുഷ്യരില്‍ ചെകുത്താന്‍ കയറിക്കൂടും''
ഭയത്തിന്റെ നേര്‍ത്ത ഭാവം ആലിമമ്മുക്കാന്റെ മുഖത്ത്
ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു, ദുരൂഹതയാര്‍ന്ന താളത്തില്‍ ആലിമമ്മുക്ക ചിരിച്ചു.
``ഇത്‌ങ്ങള് എഴുതിവെക്ക്വോ'' എന്റെ ചോദ്യം ആലിമമ്മുക്കാന്റെ ചിരിയുടെ കുറുകെ
പാഞ്ഞു.
``പാലത്തിന്റെടിയില് ചെന്നുനോക്കെടാ ഹമ്‌ക്കേ ഞാനെന്തൊക്കെയാണ്
എഴുതിവെച്ചിട്ടുള്ളതെന്ന്.'' അതൊരു പുതിയ അറിവായിരുന്നു. എന്തായിരിക്കും
എഴുതിവെച്ചിട്ടുണ്ടാകുക? ക്ഷണത്തില്‍ ആലിമമ്മുക്ക ചുമരില്‍ എഴുതി.
ആണായാലും
പെണ്ണായാലും
കുട്ടികള്‍ വേണ്ട
ബൊമ്മകള്‍ മതി
എന്ന്
എം.കെ.
ആലിമമ്മു
വേദനയെ കീറിമുറിച്ചുകൊണ്ടുള്ള ആലിമമ്മുക്കയുടെ പൊട്ടിച്ചിരി അനന്ത
വിഹായസ്സിലേക്കു പറന്നുപോകുന്നുണ്ടായിരുന്നു.
തലേദിവസം പെയ്‌ത മഴയില്‍
കുതിര്‍ന്ന വയല്‍വരമ്പിലൂടെ ഞങ്ങള്‍ നടന്നു. മുന്നില്‍ നടക്കുന്ന ഈ മനുഷ്യനെ
ആരാണാവോ ഇങ്ങനെയൊക്കെ പറയാന്‍ പഠിപ്പിച്ചുകൊടുത്തത്.
ജീവിതാര്‍ഥങ്ങ
ളെക്കുറിച്ചുള്ള മമ്മുക്കാന്റെ നിരീക്ഷണത്തിലേക്ക് ഏതു വേരാണാവോ
പാഞ്ഞു കയറി സ്ഥാനം പിടിച്ചത്.
``അയ്യേ. ചതിച്ചല്ലോ!''
``ന്താ,
മമ്മുക്കാ?''
``കാല് ചെളിയില്‍ പൂണ്ടെടാ.. അല്ല.. ചെളി കാലിനെ
പിടിച്ചുവെച്ചടോ ആലിമമ്മുക്കാ ചെളിക്കു വേദനിക്കാതെ കാലു വലിച്ചെടുത്തു. നാലഞ്ചു
തവണ വരമ്പിലിട്ടുരസ്സി. പൂര്‍ണ്ണമായി പോകാത്ത ചെളിയുമായി നടന്നു.
``ഗണേശാ,
മഴക്കാലവും ജീവിതവും തമ്മിലുള്ള ബന്ധറിയോ അനക്ക്?''
``യില്ല''- ഞാന്‍
ശങ്കയില്‍ കുടുങ്ങി.
``എടാ പഹയാ മഴക്കാലത്ത് ചെളിയാകുംതോറും നമ്മള് കാല്
കഴുകും. കാല് കഴുകുംതോറും ചെളിയാവും. മനസ്സിലായോ കഴുതേ?'' തലച്ചോറിളകിയതുപോലെ
ഞാനൊന്നു കുലുങ്ങി. ആലിമമ്മുക്കാന്റെ വാക്കുകളിലെ പൊരുള്‍ എനിക്കു
മുന്നില്‍ക്കിടന്നു വാള്‍പയറ്റു നടത്തി.
``എന്താ പഹയാ അന്റെ നാവിറങ്ങിയോ?''
ക്ലബ്ബിന്റെ പരിസരം ആയപ്പോഴേക്കും ഞാനൊന്ന് ഉഷാറായി. വേലിയിലെ പച്ചിലയുമായി
ആലിമമ്മുക്ക ക്ലബ്ബ് ചുമരില്‍ എഴുതി.
ചിന്തിക്കാനായി
ജിവിക്കുന്നു
ജീവിക്കാനായി ചിന്തിക്കുന്നു.
ആയതിനാല്‍ മനുഷ്യജന്മം
വേണ്ടാ
മത്സ്യജന്മം മതി.
എന്ന്.
എം.കെ.
ആലിമമ്മു
ഞാന്‍ ചുറ്റും കണ്ണോടിച്ചു.കാലത്തിന്റെ കഴുകന്‍കണ്ണുകള്‍
ആലിമമ്മുക്കാനെ ഒളിഞ്ഞുനോക്കുന്നുണ്ടോ? എപ്പോഴും ഇങ്ങനെ എഴുതിവയ്‌ക്കുമ്പോള്‍
ആരോടാണാവോ ആലിമമ്മുക്ക സംവദിക്കുന്നത്. അസ്വസ്ഥമായ ഒരു ശബ്‌ദത്തോടെ നമ്പീശന്‍
സ്‌കൂട്ടര്‍ ക്ലബ്ബ് മുറ്റത്ത് ബ്രേക്കിട്ടു.
``മമ്മൂക്കാ,
പള്ളികെണറ്റില് പൂച്ച വീണ്‌ക്ക്, യിങ്ങളെ മുസലിയാര്
അന്വേഷിക്കുന്നുണ്ട്.''
``പൂച്ചയോ, വണ്ടിയെടുക്കെടാ..''ആലിമമ്മൂക്ക
വേവലാതിയില്‍ പറഞ്ഞു.
``അയ്യോ മമ്മുക്ക അത് വലിയ കെണറല്ലേ
?''
``ഭൂമീല് എറങ്ങാന്‍ പറ്റാത്ത കുഴിയുണ്ടോ?'' ആലിമമ്മുക്കാന്റെ ചോദ്യം
എന്നിലെ ഭയത്തെ കുത്തിത്തുളച്ചു. വളവുതിരിഞ്ഞുപോകുന്ന സ്‌കൂട്ടറിന്റെ പുറകിലിരുന്ന
ആലിമമ്മൂക്ക കൈവിരല്‍ ചൂണ്ടി പറഞ്ഞു ``ജീവിതത്തെക്കാള്‍ വലിയ കെണറുണ്ടോ
പെരിച്ചാഴികളെ..'' പുറകില്‍ പാഞ്ഞു ചെന്നു.
ഞങ്ങള്‍ക്കിടയിലേക്ക് ആ ശബ്‌ദം
പറ്റിച്ചേര്‍ന്നു ചിറകു മുളച്ചതുപോലെ ഞങ്ങള്‍ പറക്കുകയായിരുന്നു.
കിണറിലേക്ക്‌ആലിമമ്മുക്ക കയറില്‍ തൂങ്ങി സാവകാശം താഴുകയാണ്. ഇടയ്‌ക്കിടയ്‌ക്ക്
മുകളിലേക്ക് നോക്കുകയും വായില്‍ തോന്നിയതെല്ലാം
വിളിച്ചുപറയുന്നുമുണ്ട്.
``ഞാനിത്‌ല് വീണുപോയാലേ, അഭയാക്കേസ്‌പോലെ
അന്വേഷിച്ച് തുമ്പ്‌ല്ലാണ്ടാക്കരുത് ട്ട്വോ''
മമ്മുക്കാ
നോക്കണേ..
``മനുഷ്യാ നീ മൃഗമാകുന്നു. മരിച്ചാല്‍
മനുഷ്യനാകുന്നു.''
``മമ്മുക്കാ സൂക്ഷിച്ച്.''
``ഒരിടത്ത് മരണം
ഒരിടത്ത് ജനനം കെണറ്റില്‍ പൂച്ചയുടെ ജീവന്‍..''
``മമ്മുക്ക
എത്തിയോ..''
പൂച്ചനെ കണ്ടോ?'' ഞങ്ങളുടെ ശബ്‌ദം
പ്രതിധ്വനിച്ചു.
``കിട്ടിയോാാ.. മമ്മുക്കാ.'' വെള്ളത്തിലേക്ക് എന്തോ
വീണതിന്റെ ശബ്‌ദം ദുരന്തധ്വനിയോടെ ഉയര്‍ന്നു.
``എന്താ..മമ്മുക്കാ!
മമ്മുക്കാ..'' അനക്കമില്ല
മമ്മ്‌ക്കാ കൂഹ്‌യ്യേ!ആലിമമ്മുക്കാന്റേതായി ഒന്നും
കേള്‍ക്കുന്നില്ല. കൂടിനിന്നവരുടെ കണ്ണുകള്‍ ഭയം നിറഞ്ഞ് കറുത്തു. കിണറിന്റെ
അടിഭാഗം അന്ധന്റെ ജീവിതംപോലെ ഒന്നും കാണാന്‍ കഴിയാത്തവണ്ണം
മൂടിക്കിടക്കുന്നു.
എല്ലാവരും ഒന്നായി വിളിച്ചു. ``ആലിമമ്മുക്കാ..
മമ്മുക്കാ.. ''വിഭ്രാന്തിയാല്‍ വിള്ളല്‍ ബാധിച്ച ഞങ്ങളുടെ വിളി കിണറ്റിലേക്ക്
തുരുതുരാ വീണുകൊണ്ടിരുന്നു.
``വലിച്ചോളീ.. ഹമ്‌ക്കീങ്ങളെ വിലച്ചോളി..''
കിണറിന്റെ ഇരുട്ടില്‍ നിന്നും നക്ഷത്രത്തിളക്കവുമായി ആലിമമ്മുക്കാന്റെ ശബ്‌ദം
ആകാശത്തിലേക്ക്. ഓരാവേശത്തോടെ ഞങ്ങള്‍ കയര്‍ വലിച്ചു. പൂച്ചയുമായി ആലിമമ്മുക്ക
ഉയര്‍ന്നു വന്നു.
``പാവം, വെല്ലാണ്ട് വെറക്ക്‌ണ്‌ണ്ട്‌്.. വേഗം ചൂട്
കാണിക്ക്..'' ആലിമമ്മുക്ക ധൃതി കാണിച്ചു പൂച്ചയെ നീട്ടി. പ്രൊഫസറുടെ കൈയില്‍
പൂച്ചയെ വച്ചുകൊടുക്കുന്നതിനിടിയില്‍ പറഞ്ഞു.
``മാഷേ, പൂച്ച ഒരു
മുയലാകുന്നു,''
ചിരി അടക്കിപ്പിടിച്ച എന്നിലേക്ക് കണ്ണെറിഞ്ഞ് മമ്മുക്ക തല
തിരിച്ചു. ജനം പിരിഞ്ഞുപോയപ്പോള്‍ കിണറിന്റെ ചുവരില്‍ എഴുതി.
പൂച്ചപോലും വീണ
കിണറാണ്
മനുഷ്യരായ നമ്മള്‍ സൂക്ഷിക്കുക.
എന്ന്
എം.കെ.
ആലിമമ്മു
പൂത്തുകിടക്കുന്ന മാവിന്‍ ചുവട്ടിലൂടെ ഞങ്ങള്‍ നടന്നു. ആരോ
പിടിച്ചു കുലുക്കുന്നതുപോലെ എന്നില്‍ നിന്നും വാക്കുള്‍
കൊഴിഞ്ഞുവീണു.
``യിങ്ങളെ, വെഷമൊക്കെ എവിടെയാ
കൊണ്ടുവെക്കാറ്?''
മമ്മുക്ക എന്നെയൊന്ന് നോക്കി. ചുണ്ടില്‍ ചിരി
പൊട്ടിമുളച്ചു. അത് ഉച്ചത്തിലായി. ആകാശവും ഭൂമിയും ഒന്നായ
അവസ്ഥ.
``മമ്മുക്ക ഇങ്ങനെ ചിരിക്കല്ലെ?''
``എടാ ഹമ്‌ക്കേ. വേദന സ്വയം
തിന്നാനുള്ളതാണ്. ചിരി ദാനം കൊടുക്കാനുള്ളതുമാണ്. നമ്മളൊക്കെ നിസ്സാരന്മാരായ
മനുഷ്യരല്ലെ മോനേ?''
ഇടവഴിയുടെ തിരിവില്‍ ഞങ്ങള്‍ നിന്നു. ``കണ്ടോ, ഗണേശാ,
ഒരുമിച്ചു നടക്കാന്‍ പടച്ചോന്‍ സമ്മതിക്കൂല. രണ്ട് വഴിയിലേക്ക് നമ്മളെ
മാറ്റിയില്ലേ. അത്രയേയുള്ളു ജീവിതം. അപ്പോ നാളെ കാണാം.'' കൈവീശി മമ്മുക്ക
നടന്നുമറഞ്ഞു. ഞാന്‍ വീട്ടിലേക്കും.
ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍നിന്നും
കുതറിമാറി വീട്ടില്‍നിന്നിറങ്ങി. ആലിമമ്മുക്കയായിരുന്നു ലക്ഷ്യം. വയല്‍വരമ്പിലൂടെ
പാഞ്ഞുവരുന്ന സുധീരന്‍ മുന്നില്‍ നിന്ന് കിതയ്‌ക്കുകയാണ്.
``ന്താ
സുധീരാ?''
``പുഴേല് വീണ മമ്മുക്ക പിന്നെ
പൊങ്ങിയില്ല.''
``മമ്മുക്കാന്റെ പുതിയ വാക്കാണോ?'' എന്റെ ചെറുചിരിയെ
സുധീരന്റെ കരച്ചില്‍ മുക്കിക്കളഞ്ഞു.
ആലിമമ്മുക്കാന്റെ വീട്ടിനു മുറ്റത്ത്
ജനം പെരുകി. ലൈറ്റ് കത്തിച്ചും കസേര നിരത്തിയും എല്ലാവരും സജീവമാകുകയാണ്.
വെളിച്ചത്തിന് എന്തിനെയാണ് നിഷേധിക്കാനാവുക. ഞാന്‍ വൃഥാ ആലിമമ്മുക്കാനെ തിരഞ്ഞു.
ഒരു പക്ഷേ, ഇതും മൂപ്പരുടെ തമാശയാണെങ്കിലോ?
``മയ്യത്ത് വന്ന്വോ?''
ഇടിവീണതുപോലെ ആ ശബ്‌ദം ആള്‍ക്കൂട്ടത്തിലേക്ക് വീണുചിതറി. വീടിനകത്തെ
കരച്ചിലിന്റെയും കുന്തിരിക്കത്തിന്റെ ഗന്ധത്തിന്റെയുമിടയിലേക്ക് ജനം
ആലിമമ്മുക്കാനെ മയ്യത്തായി രൂപാന്തരപ്പെടുത്തി.
``മയ്യത്ത്
എത്തുമ്പോയെത്രയാകും?'' വാച്ചില്‍ നോക്കിയ ഹാജിയാര്
ചോദിച്ചു.
``മയ്യത്തിന്റെ കൂടെയുള്ളതാരാ?''
``മയ്യത്ത് ഇന്നുതന്നെ
മറവുചെയ്യ്വോ?''
ആരെങ്കിലുമൊന്ന് പറയൂ ആലിമമ്മുക്കാനെ
കൊണ്ടുവന്നില്ലേയെന്നും ആലിമമ്മുക്ക വന്നില്ലേയെന്നും.. ആരെങ്കിലുമൊന്ന്
പറയൂ,
``ബോഡിയെത്താനെന്താ താമസം?''
``ശവം
കൊണ്ടന്നോ?''
``മയ്യത്ത് അധികനേരം വെക്കലുണ്ടാകില്ല, അല്ലേ?''
എന്റെ
ചിന്താമണ്ഡലത്തിലേക്ക് ആലിമമ്മുക്കാന്റെ ആപ്‌തവാക്യങ്ങള്‍ സഞ്ചരിച്ച വഴികള്‍,
പുഴക്കടവ്, ചായപ്പീടിക, പള്ളിക്കിണറ്, പാലം, ഓരോന്നായി തെളിയുകയാണ്.
മുറ്റത്തുനിന്ന് ഞാന്‍ റോഡിലേക്കിറങ്ങി ഓടി. പാലത്തിന്റെ അടിയില്‍ എന്തായിരിക്കും
എഴുതിവെച്ചിട്ടുണ്ടാവുക? എന്തായിരിക്കും.?