ജീവന്റെ പാതിയായ അച്ഛന് വേണ്ടി ഒരു ദിനം മാത്രമോ എന്ന ചോദ്യത്തിന് ഉത്തരമില്ല. അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞു ജന്മം കൊള്ളുമ്പോൾ മുതൽ അച്ഛന്റെ സ്വപ്നങ്ങൾക്കും ചിറകു മുളക്കും. ഒരു കുഞ്ഞിന്റെ വ്യക്തിത്വവികസനത്തിൽ അച്ഛനുള്ള പങ്കു നിർണായകമാണ്. ഒരു പക്ഷേ നാം ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങൾ നമ്മുടെ പിതാക്കന്മാരുടെ സ്വപ്നമായിരിക്കാം. നാം എത്രയൊക്കെ പ്രരിശ്രമിച്ചു ജീവിത്തിൽ വിജയം കൊയ്താലും അതിന്റെ പിന്നിൽ നമ്മെ നാം ആക്കിയ അച്ഛനെ വിസ്മരിക്കാൻ പറ്റുമോ? ലോകമെങ്ങും മാതൃദിനം കൊട്ടി ആഘോഷിക്കുന്നുണ്ടെങ്കിലും പിതൃദിനം മനഃപൂർവം അല്ലെങ്കിലും വിസ്മരിക്കപ്പെടാറുണ്ട് .
അച്ഛന്റെ സ്നേഹവാത്സല്യങ്ങളെ മനസ്സിൽ നിറക്കുന്ന ഓർമ്മകൾക്ക് ഇന്നും ബാല്യം. കാലങ്ങൾക്കിപ്പുറം ഞാനും ഒരച്ഛനായി നിൽക്കുമ്പോഴും, അച്ഛൻ പകർന്നു തന്ന സ്നേഹവും ലാളനയും മനസ്സിൽ മങ്ങാതെ നിൽക്കുന്നു. ഒരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ അച്ഛന്മാർ വഹിക്കുന്ന പങ്ക് ചെറുതല്ല. അച്ഛനെപ്പറ്റി ഓർക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ എന്തായിരുന്നു എന്നല്ല, മറിച്ച് ഓരോ ഘട്ടത്തിലും നമുക്ക് ആരെല്ലാമായി മാറിയിരുന്നു എന്ന് പറഞ്ഞു തുടങ്ങുന്നതായിരിക്കും ശരി. കൂട്ടുകാരനായി, ഉപദേഷ്ടാവായി, കാവൽക്കാരനായി, രക്ഷകനായി.. അങ്ങനെ എന്തെല്ലാം വേഷപ്പകർച്ചകൾ! അച്ഛന്റെ കരുതലിനും സ്‌നേഹത്തിനും പകരം വെക്കാൻ ഈ ലോകത്ത് വേറെയൊന്നിനും കഴിയില്ല എന്നാണ് കാലം തെളിയിച്ചിട്ടുള്ളത്. ഉപാധികളില്ലാതെ നമ്മെ സ്നേഹിക്കാൻ രണ്ട് പേരെ ഉള്ളൂ ജീവിതത്തിൽ... അത് നമ്മുടെ അച്ഛനും അമ്മയും മാത്രമായിരിക്കും.
പത്തുമാസം ചുമന്നു നമ്മളെ നൊന്തു പ്രസവിച്ച അമ്മയുടെ കാര്യമോർത്താൽ നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞു തുളുമ്പും എന്ന കാര്യത്തിൽ യാതൊരുസംശയവുമില്ല. നമുക്ക് കാണപ്പെട്ട ദൈവം തന്നെയാണ് അമ്മ. എന്നാൽ അമ്മയുടെ ഉള്ളിൽ നാം ഒരു പൂമൊട്ടായി വിടരാൻ തുടങ്ങിയത് മുതൽ തൻ്റെയുള്ളിലും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയുമൊക്കെയായി ഒരു പൂന്തോട്ടം വിരിയിക്കാൻ തുടങ്ങുന്ന അച്ഛനെക്കുറിച്ച് ഓർക്കുബോൾ നമ്മുടെ മനസ്സിലൂടെ കടന്നുപോവുക ഒരു തണല്‍മരമായി നിന്ന അച്ഛന്റെ ഓർമ്മകൾ ആയിരിക്കും. അമ്മയുടെ ത്യാഗത്തിനും സ്നേഹത്തിനുമൊപ്പം അച്ഛന്റെ വിയര്‍പ്പും കഷ്ടപ്പാടും കൂടി ചേരുമ്പോഴാണ് ഓരോ കുഞ്ഞിന്റെയും ജീവിതം ധന്യമാകുന്നത്. ഓരോ കുടുംബവും സന്തുഷ്‌ടമാകുന്നതും.
അച്ഛൻറെ വിരൽ തുമ്പിൽ കിട്ടിയ വാത്സല്യവും കരുതലും എല്ലാം ഹൃദയത്തിൽ പതിഞ്ഞാണ് നാം വളർന്നത് . സുരക്ഷിതമായ ആ കൈകളിൽ കുസൃതിയും കുറുമ്പും കാട്ടി നമ്മൾ ഒരുപാട് തല്ല് മേടിച്ചു കൂട്ടിയിട്ടുമുണ്ട് . അതുകൊണ്ടു തന്നെ നമ്മുടെ മനസ്സിൽ അച്ഛന് മിക്കപ്പോഴും ഒരു വില്ലന്റെ റോൾ ആയിരിക്കും. 'മൃദുല വികാരങ്ങൾ നഷ്ടപ്പെടുത്തി എന്നതാണ് അച്ഛന്മാരുടെ പരാജയത്തിന്റെ വലിയ കാരണമായി കാണപ്പെടുന്നത്.'
മിക്കവാറും എല്ലാ അച്ഛന്മാരും സ്വന്തം കുട്ടികളുടെ സന്തോഷവും താല്‍പര്യവും മാത്രം നോക്കുന്നവരാണ്. അതേസമയം തന്നെ കുട്ടികള്‍ തെറ്റ് ചെയ്താല്‍ തിരുത്തേണ്ട ഉത്തരവാദിത്തം, അവരെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം ഇതൊക്കെ സാധാരണ അച്ഛന്മാര്‍ക്ക് ഉണ്ടല്ലോ. അതുകൊണ്ടുതന്നെ എപ്പോഴും കുട്ടികളോട് സന്തോഷത്തോടെ പെരുമാറാനോ അവരുടെ താല്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കാനോ അച്ഛന്മാര്‍ക്ക് എപ്പോഴും സാധിക്കാറില്ല എന്നതാണ് സത്യം.
അച്ഛൻമാർ പല തരത്തിൽ പെട്ടവരുണ്ട്. ചിലർ സ്നേഹം വാരിക്കോരി നൽകും. മറ്റുചിലർ സ്നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കും. പക്ഷേ പൊതുവെ പറയുകയാണെങ്കിൽ അച്ഛന്മാർ ഒരു ഇത്തിരി സീരിയസ് ആയിട്ടാണ് മിക്ക വീടുകളിലും കാണുന്നത്. ശിക്ഷിക്കുന്ന കാര്യത്തിലും അച്ചന്മാർ ആ കർത്തവ്യം അങ്ങ് നിർവഹിക്കും. പലപ്പോഴും അമ്മമാർ പറയുന്ന ഒരു പദമാണ് 'അച്ഛൻ ഇങ്ങു വന്നോട്ടെ നിന്നെ ശരിയാക്കുന്നുണ്ട്.'
എന്റെ കുട്ടികൾ കുഞ്ഞായിരിക്കുബോൾ അമ്മയേക്കാൾ കുടുതൽ ഇഷ്‌ടം എന്നോടാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ജോലി കഴിഞ്ഞു വന്നാൽ അവർ എന്റെ പിന്നാലെ കാണും. ഊണും ഉറക്കവും എല്ലാം എന്നോടൊപ്പം തന്നെ. പലപ്പോഴും ഭാര്യയുടെ വക ഒരു ചോദ്യം കേൾക്കാം മോനെ നിനക്കിഷ്‌ടം അച്ചനെയോ അമ്മയെയോ? പരാജിതൻ എന്നും ഞാൻ തന്നെ ആയിരുന്നു.അവർ ഉറക്കമുണരുമ്പോൾ മുതൽ അവരെ പരിചരിക്കുന്ന അമ്മയെ തള്ളിപ്പറയാത്തതിൽ ഞാൻ അസൂയപ്പെട്ടതുമില്ല.
ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാൻ കരുത്തു പകർന്ന, ഇരുൾ മൂടിയ വഴികളിൽ ഒരിക്കലും അണയാത്ത വെളിച്ചമായി നമുക്ക് മുൻപേ നടന്ന, ശാസിച്ചും, ശിക്ഷിച്ചും ഉപദേശിച്ചും വഴി കാട്ടിയായ, ഇന്നലെയിൽ നിന്നും ഇന്നിലേക്ക് കൈപിടിച്ച് നടത്തിയ, നടത്തുന്ന ആ തണൽ മരങ്ങൾക്കായി ആദരവിന്റെ ഒരു ദിനം....
വാർധ്യക്യത്തിൽ അവർക്കു തണൽ ആവാൻ ഈ ഓർമ്മകൾ നമ്മോടൊപ്പം ഉണ്ടാവട്ടെ!
എല്ലാ അച്ഛന്മാർക്കും ഹാപ്പി ഫാതെർസ് ഡേ