മാലിനിയുടെ 20 കഥകളും ഒരു അനുസ്മരണവും അടങ്ങുന്ന 'നൈജല്‍' എന്ന ഈ ചെറുകഥാസമാഹാരത്തിന് അഭിനന്ദനങ്ങള്‍.
മാലിനി ഈ കഥകളിലൊന്നും പ്രത്യക്ഷത്തില്‍ വലിയ വലിയ സൈദ്ധാന്തിക ചര്‍ച്ചകളൊന്നും അവതരിപ്പിക്കുന്നില്ല. എ്ന്നു തോന്നാം. അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അസ്തിത്വ പ്രതിസന്ധി വാദമോ, സ്ത്രീ ശാക്തീകരണ പക്ഷപാത നിലപാടുകളോ മുഴച്ചു നില്‍ക്കുന്നില്ല. പത്തുനാല്പതു വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന ഒരു സ്ത്രീ എഴുത്തുകാരിയില്‍ നിന്നും നാം ചിലപ്പൊള്‍ അതു പ്രതീക്ഷിക്കുന്നണ്ടാവാം. എന്നാല്‍ മാലിനി താന്‍ ഉപേക്ഷിച്ചു പോന്ന നാട്ടിലെ ആ ഗ്രാമ അന്തരീക്ഷത്തിലാണ് തന്റെ കഥകളുടെ ഉറവിടം തേടുന്നത്. ഈ കഥകളത്രയും കാലാകാലങ്ങളായി തന്റെ ഉള്ളില്‍ നിന്ന് പുറത്തുചാടാന്‍ വെമ്പല്‍ കൂട്ടിയിട്ടുണ്ടാകാം. വളരെ ലളിതമായ കഥാ തന്തുവിനെ പല കൈവഴികളിലൂടെ വികസിപ്പിച്ചെടുക്കുന്ന മാന്ത്രിക വിദ്യ മാലിനിക്ക് വശമുണ്ടെന്നു പറയാതിരിക്കാന്‍ കഴിയില്ല.
ഒരു റോക്കറ്റ് ഭൂമിയെ പലവട്ടം ചുറ്റി ഭ്രമണപഥത്തില്‍ എന്തുമ്പോലേ മാലിനിയുടെ ചില കഥകളിലേക്ക് പ്രവേശിക്കാന്‍ കഴിയു എന്നു ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ആ കഥകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വട്ടം കറങ്ങുകയാണ്. എഴുത്തുകാരിയുടെ ശൈലിയുടെ പ്രത്യേകതയണതിന് കാരണം. മാലിനി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തി അതില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് എനിക്ക് പറയാന്‍ സന്തോഷമുണ്ട്. അവതാരകന്‍ അതു സാക്ഷ്യപ്പെടുത്തുമ്പോള്‍ ഞാനും ഒപ്പം കൂടുന്നു. അവതാരകന്‍ പറയുന്നു: ''നിറുത്തില്ലാത്ത എഴുത്തിലൂടെ പ്രതിഭയെ നിരന്തരം തേച്ചുമിനുക്കിക്കൊണ്ടേയികുന്ന ഒരു കൃതഹസ്തയായ എഴുത്തുകാരിയുടെ ക്രാഫ്റ്റും കയ്യൊതുക്കവും ഈ സ്മാഹാരത്തിലെ 'അവസ്ഥാന്തരങ്ങള്‍, 'പൊരുത്തം', യൂദായുടെ അമ്മ', 'നൈജല്‍','തട്ടുമ്പുറത്തമ്മച്ചി', തുടങ്ങിയ എല്ലാ കഥകളിലും ഉണ്ട്''.ഈ പ്രസ്താവന എഴുത്തുകാരിക്ക് കിട്ടിയ അംഗീകരം തന്നെയാണ്.
ഇന്നും ചെറുകഥകളെക്കുറിച്ചുള്ള ആധികാരിക പ്രമാണമായി അംഗീകരിച്ചിട്ടുള്ള സോമര്‍സെറ്റ് മോം പറഞ്ഞ നിര്‍വചനംകൂടി ഒരു കേട്ടു പോയാലോ: ''ബാഹ്യമോ ആന്തരമോ ആയ ഒരൊറ്റ സംഭവത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാവനാസൃഷ്ടിയാണത്. അതിന്റെ പ്രതിപാദനത്തിന് അഖണ്ഡത വേണം, മൗലീകമാകണം, വെട്ടിത്തിളങ്ങണം, ഉള്ളില്‍ത്തട്ടണം, ആദ്യന്തം നെട്ടായമായി നീങ്ങണം'' ഇതില്‍ നെട്ടായമായി നീങ്ങണം എന്ന തത്വം പലപ്പോഴും എഴുത്തുകാര്‍ക്ക് പാലിക്കാന്‍ കഴിയാറില്ല അതിനു കാരണം കഥാ ബീജവും, ശൈലിയുമാണെന്നെനിക്ക് തോന്നുന്നു. മാലിനിയുടെ ഒന്നു രണ്ടു കഥകളെങ്കിലും ആ ഗണത്തില്‍ എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.
'പൊരുത്തം' എന്ന കഥ ആദ്യവായനയില്‍ പിടിതരാതെ തെന്നിമാറുന്നില്ലെ എന്നു തോന്നിയെങ്കിലും മൂന്നാം വായനയില്‍ അതു നമ്മൊടൊപ്പം കൂടി എലിസബത്ത് ഫ്‌ളോറന്‍സ് അക്കാര്‍ഡി എന്ന പെണ്‍കുട്ടി ഓര്‍മ്മകളുടെ താളുകള്‍ മറിച്ചു. ഇവിടെ 12ആം പേജിലെ ആദ്യ വരികളില്‍ എന്തോ ഒരു കുഴപ്പം ഉള്ളതുപോലെ... പണത്തിനുമേല്‍ ജീവിച്ചപ്പോള്‍, തനിക്ക് വായിക്കാന്‍ അറിയില്ലല്ലോ എന്ന് സങ്കടപ്പെട്ട മുതലാളിയുടെ പ്രീയപ്പെട്ട മകള്‍. ഇവിടെ വായിക്കാനറിയാത്തത് മുതലാളിക്കോ മകള്‍ക്കോ എന്നൊരു സന്ദേഹത്തില്‍ വായന ഉടക്കിയെങ്കിലും വായനയറിയാത്തത് മുതലാളിക്കെന്നുറപ്പിച്ചു. പക്ഷേ അടുത്ത വരികളില്‍ ....അക്ഷരം പഠിക്കുന്നതിനൊപ്പം മകള്‍ അച്ചടക്കമുള്ളവളായി വളരണം.... എന്നു വായിച്ചപ്പോള്‍ സന്ദേഹം വീണ്ടും ഉയരുന്നു. 14ആം പേജിലെ യൂണിവേഴ്‌സിറ്റിക്കുള്ളിലെ (ROTC) യുടെ...പ്രവര്‍ത്തനം എന്നു പറയുമ്പോള്‍ അത് എന്താണ് എന്ന് വായനാക്കാര്‍ ചോദിക്കുന്നത് ഒഴിവാക്കന്‍ ആ സംഘടനയുടെ പേര് പറയുന്നത് ഉചിതം ആകുമായിരുന്നു എന്ന് വായനക്കിടയില്‍ ഞാന്‍ ഓര്‍ത്തു. 15ആം പേജില്‍ ബെത്തും റൂബക്കും തമ്മിലുള്ള പ്രേമത്തെക്കുറിച്ച് പറയുന്നത് വളരെ ചുരുങ്ങിയ വാക്കുകളില്‍ വൈകാരിക കോലാഹലങ്ങള്‍ ഒന്നും ഇല്ലാതെയാണെന്ന് പ്രത്യേകം പറയേണ്ടിരിക്കുന്നു. അവതാരകന്‍ പറഞ്ഞ കയ്യടക്കമുള്ള എഴുത്തുകാരിയെ നമുക്കിവിടെ കാണാം. '' വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരാകാന്‍ തീരുമാനിച്ച ബെത്തിന്'ഐ ആം നോട്ട് റെഡി യെറ്റ്' എന്ന് കല്യാണത്തലേന്ന് കത്തുകൊടുത്ത് ഒളിച്ചോടിയ റൂബന്റെ ബോഡി അമേരിക്കന്‍ ഫ്‌ളാഗ് പുതപ്പിച്ച് കൊണ്ടുവരുന്നത് വിയറ്റ്‌നാം യുദ്ധമുഖത്തു നിന്നുമായിരുന്നു. യുദ്ധം എത്ര ജീവിതങ്ങളേയും സ്വപ്നങ്ങളേയും തകര്‍ക്കുന്നു എന്ന ചോദ്യം ഒട്ടും വികാരപ്രകടങ്ങളൊന്നും ഇല്ലാതെ എഴുത്തുകാരി സമൂഹത്തോട് ചോദിക്കുകയാണ്.
യുദ്ധങ്ങള്‍ക്കെതിരായ ഒരു സന്ദേശം കൂടിയാണി കഥ. ഏകദേശം അറുപത്തഞ്ച്, എഴുപതു വര്‍ഷത്തെ കഥ മൂന്നു തമുറകളിലൂടെ കടന്ന്, ഇറ്റാലിയനില്‍ നിന്ന് മലയാളിയിലേക്ക് കടക്കുമ്പോള്‍ ചെറുകഥയുടെ ചിട്ടവട്ടങ്ങളെ കടന്ന് ഒരു നോവലിനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല എന്നുള്ള എന്റെ നിരീക്ഷണം എഴുത്തുകാരി സ്വീകരിക്കണമെന്നില്ല.
ഈ സമാഹാരത്തിലെ മറ്റു പലകഥകളേക്കുറിച്ചും പറയണമെന്നുണ്ട്. കാരണം ചില കഥകളിലൊക്കെ നാം കേട്ടുമറന്ന പലതും നമ്മളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായി അനുഭവപ്പെടുന്നു. ചിലപ്പോള്‍ സമാനമായതോ പാര്‍ശസ്പര്‍ശിയായതോ, രണ്ടായാലും അത്തരം കഥകള്‍ അനുവാചകനിലേക്ക് പ്രവേശിക്കുന്നു എന്നു പറയാതെ തരമില്ല.'ഒറ്റമുലച്ചി' വായിച്ചപ്പോള്‍, ഞാന്‍ കണ്ട ആദ്യത്തെ ഒറ്റമുലച്ചിയെ ഓര്‍മ്മവന്നു. ഡെല്‍ഹി സെന്റ് സ്റ്റീഫന്‍സ് ഹോസ്പറ്റലിലെ അവിവാഹിതയായ ഡോക്ടര്‍. അവരുടെ ജീവിതമത്രയും രോഗികള്‍ക്കായി മാറ്റിവെച്ചവര്‍ക്ക് അന്ന് അമ്പതിന് മുകളില്‍ പ്രായം. അവരെ സ്‌നേഹത്തോടും സഹതാപത്തോടും ഒളികണ്ണിട്ടു നോട്ടമായിരുന്നു. അവനുമായി ബന്ധപ്പെട്ട ഒരോര്‍മ്മയില്‍ ഗാന്ധിജിയുടെ പടമുള്ള സ്റ്റാമ്പ് തലതിരിച്ചൊട്ടിച്ചതിന് ദേഷ്യപ്പെടുന്നവരുടെ പറയാത്ത ശബ്ദം ഞാന്‍ കേട്ടു. ഗാന്ധിജി തലതിരിച്ചൊട്ടിക്കേണ്ടവനല്ല എന്ന വലിയ പാഠം ഇന്നും മനസ്സില്‍ അണയാതെ കിടക്കുന്നു. പിന്നെ കേരളത്തിലെ വലിയ എഴുത്തുകാരിയായ ഗ്രേസി തന്റെ മുല മുറിച്ചുകളയേണ്ടി വന്ന ദീനത്തെക്കുറിച്ചെഴുതിയ ലേഖനം തന്ന നൊമ്പരവും ഈ കഥയിലൂടെ ഞാന്‍ ഓര്‍ക്കുന്നു. സ്ത്രീകളുടെവലിയ പേടിസ്വ്പനമായ സ്തനാര്‍ബുദത്തേക്കുറിച്ചുള്ള ഒരോര്‍മ്മപ്പെടുത്തലും ബോധവല്‍ക്കരണവും കൂടിയാണിക്കഥ.'നന്മ നിറഞ്ഞ വേശ്യാഗ്രാമ'ത്തെക്കുറിച്ച് വായിച്ചപ്പോള്‍, പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമം എന്ന സിനിമ മനസ്സിലേക്കിറങ്ങി. കഥ രണ്ടും രണ്ടാണെങ്കിലും എന്നില്‍ ആ രണ്ടു കഥകളും സന്ധിക്കുന്നു. അതുപോലെ'തട്ടുമ്പുറത്തമ്മച്ചി' എന്നില്‍ ഒട്ടും സാമ്യമില്ലാത്ത മറ്റൊരോര്‍മ്മ ഉണര്‍ത്തുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ പ്രചാരത്തിലുള്ള എനിക്ക് മുമ്പുള്ള തലമുറയില്‍ നടന്ന ഒരു കഥ. രാത്രിയെ പേടിയുള്ള ഒരു ഭാര്യയെ രാത്രിമുഴുവന്‍ തെങ്ങില്‍ കെട്ടിയിട്ട ഭര്‍ത്താവ് പിന്നീടുള്ള ജീവിതകാലമത്രയും വിഭാര്യനായി കഴിയേണ്ടിവന്ന കഥയിലെ ഭാര്യയുടെ ഉറച്ച തീരുമാനത്തെ മനസ്സുകൊണ്ട് നമിച്ചു കൊണ്ടാണ് തട്ടുമ്പ്രത്തമ്മച്ചിയിലെ ഉറപ്പുള്ള സ്ത്രിയെ തിരിച്ചറിയാന്‍ ശ്രമിച്ചത്.
സ്തീശാക്തീകരണത്തേക്കുറിച്ച് എഴുത്തുകാരി പ്രത്യക്ഷത്തില്‍ ഒന്നും പറയുന്നില്ലെങ്കിലും'കന്യക' എന്ന കഥ ചര്‍ച്ച ചെയ്യുന്ന വിഷയം അതുതന്നെയല്ലെ. പുരഷ്യനില്ലാത്ത കന്യകാത്വം സ്ത്രീയില്‍ മാത്രം അന്വേഷിക്കുന്ന ഒരു സമൂഹത്തിന് നേരെ എഴുത്തുകാരി പൊട്ടിച്ചിരിക്കുകയല്ലെ എന്നു തോന്നും. വി.ടി. ഭട്ടതിരിപ്പാടിന്റെ സ്മാര്‍ത്തവിചാരകാലം ഒരു നവകേരളത്തിനു തുടക്കം കുറിച്ചുവെങ്കില്‍ നാം ഇപ്പോള്‍ എവിടെ...? സ്ത്രി എന്നും പരിശുദ്ധയും, ചാരിത്രവദിയും അയിരിക്കണമെന്ന പുരുഷ മേധാവിത്വത്തോടുള്ള കടുത്ത ആക്ഷേപ ഹാസ്യമായി ഈ കഥയെ ഞാന്‍ കാണുന്നു. ഈ കഥകളിലൂടെ കടന്നു പോകുമ്പോള്‍ എന്നില്‍ പലേ സമാന്തര ചിന്തകളും കടന്നുവരുന്നു എന്നത് ഈ കഥകള്‍ ഒരുരീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എന്നോട് സംവദിക്കുക്കു എന്നാണ്.
ഈ സമാഹാരത്തിലെ മറ്റൊരു കഥയായ'യൂദായുടെ അമ്മ'യുടെ മനോവേദന തൊട്ടറിയാതെ പോകുന്നതെങ്ങനെ. യൂദയെ അമ്മ കാണുന്നത് അല്പം കുഴപ്പം പിടിച്ച കുട്ടിയായിട്ടാണെന്നെനിക്കു തോന്നുന്നു. ഒടുവില്‍ നസ്രായനായ യേശുവിന്റെ ഒപ്പം ആയി എന്നറിയുന്ന അമ്മ, അവനേയും രക്ഷിക്കണേ എന്ന് യേശുവിനോട് പ്രാര്‍ത്ഥിക്കുന്നു. ഒരമ്മമനസ്സിന്റെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗം കേള്‍ക്കാതിരിക്കില്ല. ബൈബിള്‍ സാഹിത്യത്തിലെ യേശുവിനെപ്പോലെ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് യൂദ. നിങ്ങളില്‍ പലരും വായിച്ചിട്ടില്ലാത്ത'അത്താഴമേശയിലെ ഒറ്റുകാരന്‍'എന്ന എന്റെ കഥയില്‍ യൂദ മാന്യനും ബുദ്ധിമാനുമായിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. യൂദയും മദ്‌ലനക്കാരി മറിയയും ഇല്ലായിരുന്നുവെങ്കില്‍ നാം ഇന്നുകാണുന്ന യേശു ഉണ്ടാകുമായിരുന്നുവോ?
വളവ് എന്ന കഥയില്‍ ഒളിപ്പിച്ചിരിക്കുന്ന ദ്വയാര്‍ത്ഥ സ്ത്രീ പക്ഷ ചിന്തകളെ തിരിച്ചറിയണം. സാധാരണ ആക്കും ഒരു കഥയുടെ ശീര്‍ഷകം വളവ് എന്ന് കൊടുക്കാന്‍ ധൈര്യം കാണിക്കാറില്ല. ഇന്നലെവരെ നേര്‍വരയിലായിരുന്നവര്‍ വളവിലെത്തപ്പെടാനുള്ള സാഹചര്യം സ്ത്രീ സ്വത്വബോധം അല്ലാതെ മറ്റെന്താണ്. ''അയാള്‍ക്കൊപ്പം സിറ്റിക്കടുത്തു താമസം തുടങ്ങിയ അന്നു മുതല്‍ അവളുടെ ഒരാഗ്രഹമായിരുന്നു- സിറ്റിയിലൊന്ന് പോകണം, നെറേ വെള്ളത്തിന് നടുവിലുള്ള ആ പ്രതിമ ഒന്നു കാണണം. കടിച്ചു തിന്നാവുന്ന കപ്പില് നെറച്ച ഐസ് ക്രീം തിന്നോട്ട് അതിലെ ഒന്നു ചുറ്റി നടക്കണം.'' ഇവിടെ മൂന്നു പ്രതീകങ്ങളെ എഴുത്തുകാരി സൃഷ്ടിച്ചിരിക്കുന്നു. സിറ്റി- കെട്ടു പാടുകളെ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രമായി നടക്കാവുന്ന സിറ്റിയിലേക്ക് പോകാനുള്ള ആഗ്രഹം. വെള്ളത്തിന് നടുവിലുള്ള പ്രതിമ- സ്റ്റാച്ഛു ഓഫ് ലിബര്‍ട്ടി സ്വാതന്ത്ര്യത്തിന്റെ വിളക്കേന്തിയ പ്രതിമ. പിന്നെ ഐസ് ക്രീമും കടിച്ച് അവിടെല്ലാം ചുറ്റി നടക്കണം. ഒരു കൗമാരക്കാരിയിലേക്കുള്ള തിരിച്ചു പോക്ക്. ഇതെല്ലം എഴുത്തുകാരി ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഈ കഥയില്‍ അങ്ങനെ ഒരു തലം ഊരിത്തിരിഞ്ഞു വരുന്നുണ്ട്.
ഈ കഥാപാത്രം സിറ്റിക്കടുത്തേക്ക് താമസം മാറ്റുമ്പോള്‍ മാത്രമാണ് സിറ്റികാണണമെന്ന മോഹം ഉദിക്കുന്നത്. അപ്പോള്‍ അവരുടെ അതുവരെയുള്ള ജീവിതവും പ്രായവും നമ്മുടെ ചിന്തയിലേക്ക് കടന്നുവരുന്നു. വെറും നാട്ടിന്‍മ്പുറത്തുകാരിയായ വീട്ടമ്മയായി ജിവിച്ച് മടുത്തവളുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി നമുക്ക് അവളുടെ വാക്കുകളെ കേട്ടുകൂടെ? അങ്ങനെ ചിന്തിക്കുവാനുള്ള കാരണം അവളുടെ ഉള്ളിലെ ആഗ്രഹങ്ങളാണ്. സ്വാതന്ത്യത്തിന്റെ പ്രതിമ കാണണം. കടിച്ചു തിന്നുന്ന ഐസ് ക്രിം കടിച്ച് അവിടെയൊക്കെ ചുറ്റിനടക്കണം. പുതിയ കാഴ്ചകളിലും, ചുറ്റുപാടുകളിലും അഭിരമിക്കാനുള്ള മോഹം. ഒരു പക്ഷേ പാഴായിപ്പോകുന്ന യൗവ്വനത്തിനെക്കുറിച്ചുള്ള വെളിപാടുകളായിരിക്കാം. ഐസ്‌ക്രീം ശക്തമായ ഒരു പ്രതീകമാണ്. ഇവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളരീതിയില്‍ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു കാര്യം ഉറപ്പാണ്, തന്റെ ജീവിത സാഹചര്യങ്ങളിലെ അര്‍ത്ഥ ശൂന്യമായ നിരന്തരങ്ങളില്‍ നിന്നും മോചനം കൊതിക്കുന്ന ഒരു സ്ത്രീഹൃദയത്തിന്റെ തുടുപ്പുകള്‍ ഈ കഥയില്‍ നാം അറിയുന്നു.
ഭര്‍ത്താവ് അല്ലെങ്കില്‍ ജീവിത പങ്കാളി ചിന്തിക്കുന്നത് നിന്നെ ഞാന്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ സുരക്ഷിതയായി പരിപാലിച്ച്, ഉണ്ണാനും, ഉടുക്കാനും തന്ന് നിന്നില്‍ എന്റെ കുട്ടികളെ ജനിപ്പിച്ച്, ഒരു കുടുംബം സ്ഥാപിക്കുകയല്ലെ. നിനക്ക് കാണാനുള്ളതെല്ലാം ഇവിടെ ഞാന്‍ തന്നില്ലെ ഇനി എന്താണ് നിനക്ക് സിറ്റിയില്‍ കാണാനുള്ളത്. ആ ചോദ്യത്തില്‍ ഭാര്യ കേട്ടത് മറ്റൊന്നാണ്. നീ സിറ്റിയില്‍ ചുറ്റിയടിക്കാന്‍ പോയാല്‍ പിന്നെ തുണികള്‍ ഒക്കെ ആര്‍ അലക്കും, പാത്രങ്ങളൊക്കെ കഴുകം. ആധുനിക സ്ത്രീയുടെ ജീവിതം അടുക്കളയില്‍ പാത്രം കഴുകാനും, നിങ്ങള്‍ വിഷേപിക്കുന്ന കുട്ടികളെ പെറ്റുവളര്‍ത്താനും ഉള്ളതല്ലെന്ന പിറുപിറുപ്പിലും, ജനാലയിലെ പൊടിതുടക്കുമ്പോഴും, കഴുകാനായി ജനാല കര്‍ട്ടന്‍ അഴിക്കുമ്പോഴും അവള്‍ വെളിയിലെ പട്ടണത്തെക്കുറിച്ചു മോഹിച്ചു. കൂട്ടത്തില്‍ പറയട്ടെ ഇന്നത്തെ പുത്തന്‍ തലമുറയില്‍ വിവാഹമേ വേണ്ടെന്ന് പറയുന്ന അനേകം പെണ്‍കുട്ടികളുടെ മനസ്സും ചേര്‍ത്തു വായിക്കണം. ബീജ ബാങ്കില്‍ നിന്നും കടം കൊണ്ട ബീജത്തിലൂടെ വേണമെങ്കില്‍ കുട്ടികളെ ജനിപ്പിച്ച്, കൂടുംബം എന്ന സ്ഥാപനത്തെ നിരാകരിക്കുന്ന ഒരു പുത്തന്‍ തലമുറ നമുക്ക് മുന്നില്‍ വളരുന്നു. (ഈ സമാഹരത്തിലെ ഒട്ടുമാവ് എന്ന കഥ കാണുക.)
ഈ കഥയിലെ നായിക തന്റെ മോഹങ്ങളുമായി ഒടുവില്‍ സിറ്റികാണാന്‍ പോകുന്നു. ശരീരം വശങ്ങളിലേക്ക് വളര്‍ന്ന്, കാലിലെ ആണിയാല്‍ നടക്കാന്‍ കഴിയാത്തവളായി, യൗവ്വനമത്രം ഒലിച്ചിറങ്ങിയതറിഞ്ഞിട്ടും, ഭര്‍ത്താവിന് സമയമാകുവോളം അവള്‍ കാത്തു.ഒടുവില്‍ അയാളുടെ റിട്ടയര്‍മെന്റിന്റെ പിറ്റേദിവസം അയാള്‍ അവളെ സിറ്റികാണിക്കാന്‍ കൊണ്ടുപോകുകയാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള പടവുകള്‍ മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നെങ്കിലും എത്ര പടവുകള്‍, അല്ലെങ്കില്‍ എത്രകാലം എന്ന് അവള്‍ എണ്ണിയില്ല. പക്ഷേ കയറ്റം ക്രിത്യം 29 പടവുകള്‍ ആയിരുന്നു. പടവുകള്‍ കയറിയതോട് അവര്‍ തമ്മിലുള്ള അകലം വര്‍ദ്ധിച്ച് അയാള്‍ അവളില്‍ നിന്നും വളരെ അകലത്തില്‍ ഒരു വളവില്‍ ആയതോട്, അവള്‍ അയാളെ മറന്ന് തന്റെ സ്വപ്നമായിരുന്ന ഐസ്‌ക്രിം തിരക്കുകളില്ലാതെ കഴിക്കുന്നിടത്ത് കഥ തീരുകയാണ്.മാലിനി തന്റെ ജീവിത വീക്ഷണം ഈ കഥയില്‍ അനാവരണം ചെയ്യുന്നതോ...? സാധാരണ ജീവിത പരിസരത്തു നിന്നും കണ്ടെടുത്ത കഥകളില്‍ അസാധാരണമായ ജീവിത ദര്‍ശനങ്ങള്‍ നമുക്ക് വായിച്ചെടുക്കാം. നൈജല്‍ എന്ന ഈ കഥാസമാഹാരത്തിനും, മാലിനിക്കും എല്ലാ നന്മയും വിജയങ്ങളും നേരുന്നു.