Image

തെരസീന്‍ സ്റ്റട്ട് - 1 (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ - വിവര്‍ത്തനം ഭാഗം-10: നീനാ പനയ്ക്കല്‍)

Published on 17 June, 2024
തെരസീന്‍ സ്റ്റട്ട് - 1 (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ - വിവര്‍ത്തനം ഭാഗം-10: നീനാ പനയ്ക്കല്‍)

തെരസീന്‍ സ്റ്റട്ട് - 1


Scola (school) എന്നു വിളിക്കുന്ന ബാരക്കിലെ ഒരു യൂത്ത് ഹോമിലേക്ക് എന്റെ സഹോദരനെ അയച്ചു. ആ ബാരക്കിലെ ഓരോ മുറിയിലെയും കുട്ടികള്‍ക്കു വേണ്ടി ഒരു അദ്ധ്യാപകനൊ അദ്ധ്യാപികയൊ ഉണ്ടാവും. അവരെ ബിട്രുവര്‍  എന്നാണ് വിളിക്കുക. പപ്പയുടെ, മമ്മയുടെ ജോലി കൂടി അവര്‍ വഹിക്കും. എന്റെ സഹോദരന്റെ മുറിയിലെ ബിട്രുവറുടെ പേര് ലൂയിസ് ലോവി എന്നായിരുന്നു. കരുണയും കഴിവുമുള്ള ബുദ്ധിമാനും അസാധാരണ അറിവുള്ളവനുമായിരുന്നു ലൂയിസ് ലോവി.  എന്റെ സഹോദരന് അയാളെ  വലിയ ഇഷ്ടമായിരുന്നു.

ലൂയിസ് ലോവി, ഹില്‍ഡി ഡബ്‌ളോന്‍, കര്‍ട്ട് കോരണ്‍, കര്‍ട്ട് റോസന്‍ ബാം, സിഗി കവാന്‍സ്‌കി എന്നിവരാണ് ചേരിയിലെ കുട്ടികള്‍ക്കു വേണ്ടി യൂത്ത് ഹോം ഉണ്ടാക്കാന്‍ പരിശ്രമിച്ചത്. ഘ414 ബാരക്ക് ആണ് അവര്‍ അതിനായി തെരഞ്ഞെടുത്തത്. ഇവരെല്ലാവരും ഇരുപതുമുതല്‍ ഇരുപത്തഞ്ചു വയസ്സുവരെ പ്രായമുള്ളവര്‍. കുറെ നാള്‍ കഴിഞ്ഞ് ഈ പുതിയ സംരംഭത്തില്‍ ഹില്‍ഡിയുടെ അസിസ്റ്റന്റായി എന്നെ നിയമിച്ചു. ഞാനും ഹില്‍ഡിയും ഒരേ മുറിയില്‍ താമസമാക്കി. ഹോം 5 

ഹില്‍ഡി ഹാംബര്‍ഗില്‍ നിന്നുമുള്ള സമര്‍ത്ഥയായ ബുദ്ധിമതിയായ ഒരു യുവതിയായിരുന്നു. അവളെ അവളുടെ മമ്മായോടൊപ്പം ചേരിയിലേക്ക് തള്ളിയതാണ്. പരസ്പരം സ്‌നേഹവും അര്‍പ്പിതമനോഭാവവും ഉള്ളവര്‍. ഹില്‍ഡിയും ഞാനും കൂടി ഞങ്ങളുടെ മുറിയിലെ മുപ്പത് ടീനേജ് പെണ്‍കുട്ടികളുടെ മേല്‍നോട്ടം വഹിച്ചു. മൂന്നു നിലയുള്ള ബങ്ക്ബഡുകള്‍ മൂന്നു ചുവരോടും ചേര്‍ത്ത് ഇട്ടു, ഒരു വലിയ മേശയും ബഞ്ചുകളും ഇട്ടു. ഞങ്ങള്‍ക്ക് കുറച്ച് വസ്ത്രങ്ങള്‍ കിട്ടി. വലുതും ചെറുതുമായ ആര്‍ക്കും ചേരാത്ത വസ്ത്രങ്ങള്‍.
എല്ലാ ട്രെയിനുകളിലെയും ലഗേജ് നാസികള്‍ പിടിച്ചെടുക്കും അതിനകത്തുള്ളതെല്ലാം യഹൂദതടവുകാര്‍ വേര്‍തിരിക്കും. നല്ല വസ്ത്രങ്ങളും കുറച്ചെങ്കിലും വിലയുള്ള ഏതൊരു വസ്തുവും ജര്‍മ്മനിയിലേക്ക് അയക്കും. ശേഷിക്കുന്ന വസ്ത്രങ്ങള്‍ തടവുകാര്‍ക്ക്. ഓരോരുത്തര്‍ക്കും ഓരോ പാത്രവും ഒരു മെറ്റല്‍ കപ്പും ഒരു സ്പൂണും ഒരു ഫോര്‍ക്കും തരും. ആഹാരം കിച്ചനു പുറത്ത് വലിയൊരു വാര്‍പ്പില്‍ നിന്ന് ഞങ്ങളുടെ പാത്രങ്ങളിലേക്ക് ഇട്ടുതരും. 'യഹൂദ പട്ടണത്തില്‍' എല്ലാവര്‍ക്കും ഒരേ ഭക്ഷണമാണ് ലഭിക്കുക. സൂപ്പുകള്‍ വെള്ളവും അഴുക്കുനിറഞ്ഞ തൊലിയോടെ വേവിച്ച ഉരുളക്കിഴങ്ങും ചേര്‍ന്നതാണ്. ചിലപ്പോള്‍ 'നെഡ്‌ലിക്കി' എന്നു പേരുള്ള മാവുകൊണ്ടുള്ള ഒരു ചെറിയ കൊഴുക്കട്ട മധുരം പോലുള്ള എന്തോ ഒന്നില്‍ ഇട്ടു തരാറുണ്ട്. ചിക്കറി ചെടിയില്‍ നിന്നുണ്ടാക്കുന്ന ഒരു ജ്യൂസ് കാപ്പി എന്ന പേരില്‍ ചിലപ്പോള്‍ തരും. ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കറുത്ത നിറത്തിലുള്ള വളരെ ചെറിയ കഷണം റൊട്ടി കിട്ടിയിരുന്നു. അതില്‍ എന്തോ പുരട്ടിയിട്ടുണ്ടാവും.

പപ്പാ മരസാമാനക്കടയിലെ ശവപ്പെട്ടിപ്പണി തുടര്‍ന്നു, കാര്‍പ്പന്റര്‍ എന്ന പേരില്‍. കൈകൊണ്ട് മെനയാന്‍ ഒരുപാട് കഴിവുള്ളയാളായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഇഷ്ടമാണ് പപ്പായെ. അടുക്കളയിലെ ജോലിക്കാര്‍ക്ക് അവരുടെ ആവശ്യത്തിനുള്ള മരസാമാനങ്ങള്‍ ആരും കാണാതെ പണിതുകൊടുക്കും. അതുകാരണം പപ്പാക്ക് ഒരല്പം കൂടുതല്‍ ഭക്ഷണം ലഭിക്കും. അത് ആരും കാണാതെ ഞങ്ങളുടെ മുറിയില്‍ എത്തിക്കും. ചിലപ്പോള്‍ (വല്ലപ്പോഴുമേയുള്ളു) വലിയ പാക്കറ്റ് പുഡിംഗും, കട്ടിയുള്ള കാന്‍സൂപ്പുകളും (ഗെറ്റോയിലുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാനാവാത്ത ഭക്ഷണസാധനങ്ങള്‍) പപ്പ ഞങ്ങള്‍ക്ക് ഒപ്പിച്ചുതരും. അടുക്കള ജോലിക്കാരെയും കുക്കിനെയും പ്രീതിപ്പെടുത്താന്‍ പപ്പാക്ക് വളരെ കഷ്ടപ്പെടേണ്ടിവന്നു. മിടുക്കനായ ജോലിക്കാരന്‍ ആയതുകൊണ്ടും ചൂടാണെങ്കിലും തുറന്ന സ്ഥലത്ത് സൂര്യപ്രകാശത്തില്‍ കഠിനാധ്വാനം ചെയ്തതുകൊണ്ടും, പപ്പാ നല്ല ആരോഗ്യവാനായിരുന്നു. ടെറിസിനില്‍ കഴിഞ്ഞിരുന്ന രണ്ടുവര്‍ഷങ്ങളിലും ഒരു ജലദോഷം പോലും പപ്പാക്ക് വന്നില്ല.

യൂത്ത് ഹോം ബാരക്ക് ഘ414-ല്‍ ആയതുകൊണ്ട് ഘ414 എന്നു തന്നെയാണ് ബാരക്കിനെ വിളിച്ചിരുന്നതും. അത്ഭുതം എന്നു പറയട്ടെ, യൂത്ത് ഹോമില്‍ കുളിക്കാന്‍ സൗകര്യം ഉണ്ടായിരുന്നു. കഠിനമായ ജീവിതാനുഭവങ്ങളെ തരണം ചെയ്യാന്‍ ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് കുറെയെങ്കിലും സാധ്യമായത് ഇങ്ങനെ ചില അത്ഭുതങ്ങള്‍ കൊണ്ടാണ്. എന്തൊക്കെ കഷ്ടതകള്‍ സഹിക്കേണ്ടിവന്നാലും ഒരല്പം വിദ്യാഭ്യാസവും അറിവും നേടണമെന്നും ചെറിയ കുട്ടികള്‍ക്ക് അതു പകര്‍ന്നുകൊടുക്കണമെന്നും ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തു. എസ്.എസ്.ഉം ഒറ്റുകാരും ഞങ്ങള്‍ക്ക് പേടിസ്വപ്നങ്ങളായിരുന്നുവെങ്കിലും എന്നെങ്കിലും ഒരിക്കല്‍ ഈ ചേരികളില്‍ നിന്ന് രക്ഷപ്പെടാനാവും എന്ന ശുഭപ്രതീക്ഷ ഞങ്ങളെ ഭരിച്ചിരുന്നു.

L414 seചില ബാരക്ക് മുറികളില്‍ പതിനാറു വയസ്സുമുതല്‍ ഇരുപത്തഞ്ചുവയസ്സുവരെയുള്ള ചെറുപ്പക്കാര്‍ പാര്‍ത്തിരുന്നു, പകല്‍ മുഴുവന്‍ ഫാക്ടറികളിലോ വയലുകളിലോ ജോലി ചെയ്യുന്നവര്‍.


ജര്‍മ്മനി, പോളണ്ട്, അതിനടുത്തുള്ള പ്രദേശങ്ങള്‍ ഇവയില്‍ നിന്നെല്ലാം ട്രെയിനുകള്‍ ഓരോ ദിവസവും ചേരിയിലേക്ക് വന്നുകൊണ്ടിരുന്നു. എന്റെ ഗ്രാന്‍ഡ്മാ ലെന്നിബര്‍ഗ് ഞങ്ങള്‍ ചെന്ന് അധിക ദിവസം കഴിയുന്നതിനു മുന്‍പ് തടവറയില്‍ എത്തി. അവര്‍ താമസിച്ച വൃത്തികെട്ട സ്ഥലത്ത് ചെന്ന് അവരെ കാണാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഒരു പഴയ വീടിന്റെ തട്ടിന്‍പുറത്താണ് അവരെ ഇട്ടിരുന്നത്; ഒരു ചെറിയ ബ്ലാങ്കറ്റുപോലും വിരിക്കാന്‍ സ്ഥലമില്ലാത്തയിടത്ത്. 'എനിക്കു മരിച്ചാല്‍ മതി', അവര്‍ പറഞ്ഞുകൊണ്ടിരുന്നു. വന്നു കുറച്ചു ദിവസം കഴിഞ്ഞതേയുള്ളു അവര്‍ക്ക് വയറിളക്കം പിടിച്ചു. ഞങ്ങള്‍ എങ്ങനെ കഴിയുന്നു എന്ന് അവര്‍ ഒരിക്കലും ചോദിച്ചില്ല. അവരുടെ കൊച്ചുമോന്‍ പോളച്ചനെ നാടുകടത്തുമോ എന്നു മാത്രമാണ് അവര്‍ ഭയന്നത്.

ഘ414-ല്‍, പ്രത്യേക വൈദഗ്ദ്ധ്യമുള്ള ഒരുപാടുപേര്‍ ഉണ്ടായിരുന്നു. ലൂയിസ് ലോവി ഒരു മഹാനായ ടീച്ചര്‍ ആയിരുന്നു. അയാളുടെ ചുമതലയിലുള്ള കുട്ടികളോട് ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും ഉള്ളയാളായിരുന്നു. മിക്കവാറും എല്ലാ ബിട്രുവര്‍മാരും ബുദ്ധിമാന്മാരും ബുദ്ധിമതികളും ആയിരുന്നു. ചെറിയ സെമിനാറുകള്‍ നടത്താന്‍ കഴിവുള്ളവര്‍. എന്റെ മുറിയിലെ കുട്ടികളോടൊപ്പം ഞാനും ആ സെമിനാറുകളില്‍ പങ്കെടുത്തു. പഠിക്കാനുള്ള ഉത്തേജനം ലഭിക്കുന്നത് നല്ലതാണല്ലോ, വിശേഷിച്ചും ഞങ്ങള്‍ക്ക് വിദ്യാഭ്യാസമോ അറിവോ ലഭിക്കാന്‍ പാടില്ല എന്ന് എസ്.എസ്.കാര്‍ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുമ്പോള്‍ അങ്ങനെ എന്തെങ്കിലുമുണ്ടായാല്‍ അത് തടയാനും തകര്‍ക്കാനും അങ്ങേയറ്റം ശ്രമിക്കുന്നവരാവുമ്പോള്‍.

സിഗി ചെക്കോസ്ലൊവേക്യയില്‍ നിന്നു വന്ന ഒരു സമര്‍ത്ഥനായിരുന്നു. യൂത്ത് ഹോമിന്റെ തലവന്‍ അയാളായിരുന്നു. അയാളുടെ സെക്രട്ടറി മിസ്റ്റര്‍ ജേക്കബ് ഒരു യാഥാസ്ഥിതികനും ആചാരനിഷ്ഠയുള്ളവനും ആയ യഹൂദനായിരുന്നു. പാണിക്ലിങ്കിയോവ എന്നു പേരുള്ള ചെക്ക്  ാപ്പറ പാട്ടുകാരിയും ആ യൂത്ത് ഹോമിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നു. ഗെറ്റോയില്‍ നടത്തുന്ന ബാറ്റേഡ് വൈഫ് എന്ന പ്രസിദ്ധമായ ഓപ്പറയില്‍ പാണി പാടിയിരുന്നു. അവള്‍ കക്കൂസിലിരുന്നാണ് പാട്ടുകള്‍ പ്രാക്ടീസ് ചെയ്തിരുന്നത്. പാണി ക്ലിങ്കിയോവയുടെ മാതാവ് നീളമില്ലാത്തവളാണ്, അതിമനോഹരമായ ശബ്ദത്തിനുടമയും. അവരുടെ ''ആവേ മരിയ''യുടെ ഗാനാവിഷ്‌കാരം ഞാന്‍ ഒരിക്കലും മറക്കില്ല. ബാരക്കില്‍ എല്ലായിടവും അവരുടെ സ്റ്റേജ് ആണ്. ഇടനാഴി, മുറ്റം, തട്ടിന്‍പുറം, പിന്നെ പ്രധാനമായും ടോയ്‌ലറ്റ്.
ഹെല്ലി ഹാര്‍ബര്‍സ്റ്റ എങ്ങിനെയോ അവളുടെ അക്കോര്‍ഡിയന്‍ നഷ്ടപ്പെടാതെ സൂക്ഷിച്ചു. ലോകമെമ്പാടുമുള്ള പാട്ടുകളുടെ ശേഖരം അവളുടെ കൈവശമുണ്ടായിരുന്നു. ആ പാട്ടുകളെ തര്‍ജ്ജിമ ചെയ്ത് അക്കോര്‍ഡിയനില്‍ വായിക്കും. ബ്രാമിന്റെ ''ഹങ്കേറിയന്‍ ഡാന്‍സ്'' അവള്‍ എത്രനന്നായി വായിച്ചിരുന്നു എന്ന് ഞാന്‍ എപ്പോഴും ഓര്‍ക്കും. ഞങ്ങള്‍ ഒരുപാട് ഹീബ്രു പാട്ടുകള്‍ പാടുമായിരുന്നു. ഹെല്ലിയും ഞങ്ങളോടൊപ്പം ചേരും. ആരെയും അതിശയിപ്പിക്കുന്ന ആ അക്കോഡിയന്‍ ജീനിയസിനെ ആരും മറക്കില്ല.
ഞങ്ങള്‍ സെമിനാറുകളില്‍ പങ്കെടുക്കുമ്പോഴും, ചര്‍ച്ചകളിലേര്‍പ്പെടുമ്പോഴും, ഏതെങ്കിലും കലകള്‍ ആസ്വദിക്കുമ്പോഴും കുറെ പേര്‍ എസ്.എസ്. വരുന്നുണ്ടോ എന്ന് നോക്കി ഞങ്ങള്‍ക്ക് കാവല്‍ നില്‍ക്കും. ഏതു പാതിരാത്രിയിലും അവര്‍ കയറിവരികയും പരിശോധിക്കുകയും ചെയ്തിരുന്നുവല്ലോ. എല്ലാ ആക്ടിവിറ്റീസും വിശേഷിച്ചും കൂട്ടം കൂടലുകള്‍ കര്‍ശനമായി നിരോധിച്ചിരുന്നു. 'വിലക്കപ്പെട്ടത്' ചെയ്യുന്നത് കണ്ടുപിടിക്കപ്പെടുമോ എന്ന് സകലരും പേടിച്ചിരുന്നു.

ബാരക്കുകളിലെ അന്തേവാസികള്‍ക്ക് കത്തുകള്‍ പുറത്തേക്കയക്കാന്‍ അനുവാദമില്ല. വല്ലപ്പോഴും എസ്.എസ്. പരിശോധിച്ച കാര്‍ഡുകള്‍ പുറത്തേക്കയക്കാന്‍ - അതും അവര്‍ തീരുമാനിക്കുന്ന ദിവസങ്ങളില്‍ മാത്രം -  അനുവദിക്കും. പണമോ ആഭരണങ്ങളോ വിലപിടിപ്പുള്ളതെന്തെങ്കിലുമോ ഒരു അന്തേവാസിയില്‍ കണ്ടാല്‍ ശിക്ഷ ഉറപ്പ്. 'ലിറ്റില്‍ ഫോര്‍ട്രെസ്സ്'ല്‍ കിടക്കാം  ആ പേര് കേള്‍ക്കുന്നതു പോലും ഞങ്ങള്‍ക്ക് പേടിയാണ്. ഒറ്റക്ക് ഒരു മുറിയിലിട്ട് മര്‍ദ്ദിച്ചു കൊല്ലും. കൊന്നില്ലെങ്കില്‍ മറ്റേതെങ്കിലും ക്യാംപിലേക്ക്  അയക്കും. മിക്കവാറും 'ഔഷ്‌വിറ്റ്‌സ്'  ലേക്കാവും.

ഞങ്ങളുടെ മുറിയിലെ സീനിയര്‍ ബിട്രൂവറുമായി ഞാന്‍ നല്ല സുഹൃദ് ബന്ധത്തിലായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പണിയെടുത്തു. വിദ്യാഭ്യാസമുള്ള, കഴിവും സ്‌നേഹവുമുള്ള ആ ഇരുപത്തിമൂന്നുകാരിയുമായി ഒരു ഡബിള്‍ബഡ് ഞാന്‍ പങ്കിട്ടു. ഞങ്ങളുടെ മുറിയിലുള്ള എല്ലാ പെണ്‍കുട്ടികളുടെ ആവശ്യങ്ങളും ഞങ്ങള്‍ കഴിയുന്നത്ര നിറവേറ്റി. എനിക്ക് പതിനാറു വയസ്സേ ഉണ്ടായിരുന്നുള്ളു എങ്കിലും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഞാന്‍ ചെറുപ്പം മുതല്‍ക്കേ ശീലിച്ചിരുന്നുവല്ലൊ.

ഒക്ടൊബര്‍ 1842-ല്‍ എനിക്ക് വിഷജ്വരം ബാധിച്ചു. കുറെ ആഴ്ചകള്‍ ബാരക്ക് ആശുപത്രിയില്‍ ഞാന്‍ കിടന്നു സ്പിറ്റല്‍  എന്നാണ് ആശുപത്രിയെ വിളിച്ചിരുന്നത്. ആശുപത്രിയിലെ അടുത്ത ബഡില്‍ കിടന്ന കുട്ടിക്ക് ഹെപ്പറ്റെറ്റിസ്  ബാധിച്ചു. അപ്പോള്‍ എനിക്ക് വിഷജ്വരത്തിനൊപ്പം ഹെപ്പറ്റെറ്റിസ് കൂടെയായി. ഞങ്ങളുടെ കണ്ണുകള്‍ക്ക് മഞ്ഞനിറവും മൂത്രം ബ്രൗണ്‍ നിറവുമായി. അതു കണ്ടാല്‍ മാത്രം മതി ഞങ്ങള്‍ക്ക് എന്തു രോഗമാണെന്ന് മനസ്സിലാക്കാന്‍. എനിക്ക് അസുഖം കഠിനമായില്ല, ഒരല്പം കൂടുതല്‍ മധുരവും മാര്‍മലെയ്ഡും കൂടി കിട്ടിയതുകൊണ്ടാവാം. മിടുമിടുക്കരായ രണ്ട് ചെക്കോസ്ലോവാക്കിയന്‍ ഡോക്ടര്‍മാരാണ് സ്പിറ്റലില്‍ ഉണ്ടായിരുന്നത്. മരുന്നുകള്‍ കിട്ടുന്നത് വിരളമായിരുന്നെങ്കിലും അവരുടെ പ്രത്യേക ശുശ്രൂഷകള്‍ അത്ഭുതം പ്രവര്‍ത്തിച്ചു. ഞാന്‍ സുഖം പ്രാപിച്ചു. ഞാന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ഗ്രാന്‍ഡ്മാ ലെന്നിബര്‍ഗ് മരിച്ചു.

1942-ലെ ചാണുക്ക ഞാന്‍ ഓര്‍ക്കുന്നു. അന്നു ഞങ്ങള്‍ ഡ്രിഡെല്‍ കളിച്ചു. ഒരു പമ്പരം കറക്കുന്ന കളിയാണത്. അന്നാദ്യമായി ഒരു സമ്മാനപ്പൊതി എനിക്ക് ലഭിച്ചു, മറ്റു സാധനങ്ങളോടൊപ്പം ചോക്കളേറ്റുകളും. റെഡ് ക്രോസുകാര്‍ അയക്കുന്നതുപോലെ എസ്.എസ്.നെ തെറ്റിദ്ധരിപ്പിച്ചാണ് മമ്മ അത് എനിക്ക് അയച്ചത്. ചോക്കളേറ്റുകള്‍ എന്റെ മുപ്പതു കുട്ടികളുമായി ഞാന്‍ പങ്കിട്ടു.
ഈ സമയത്ത് വിയന്ന, ബര്‍ലിന്‍, പ്രാഗ്, ഹോളണ്ട് അതു കഴിഞ്ഞ് ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ടവരെ കയറ്റി ട്രെയിനുകള്‍ ദിവസേന വന്നുകൊണ്ടിരുന്നു. എന്റെ പപ്പായുടെ സഹോദരി എര്‍ണ്ണാ ആന്റിയും അവരുടെ ഭര്‍ത്താവ് ഫ്രിറ്റ്‌സ് അങ്കിളും ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും വന്നു. അവരെ രണ്ട് പ്രത്യേക ബാരക്കുകളിലേക്കാണ് അയച്ചത്. ഗ്രാന്‍ഡ്മാ ലെന്നിബര്‍ഗിന്റേതിനേക്കാള്‍ മോശമായ ജീവിതസൗകര്യമായിരുന്നു എര്‍ണ്ണാ ആന്റിയുടേത്. എനിക്ക് എര്‍ണ്ണാ ആന്റിയെയും ഫ്രിറ്റ്‌സ് അങ്കിളിനേയും ഒരുപാട് ഇഷ്ടമായിരുന്നു. അവര്‍ എത്ര സുഖസൗകര്യങ്ങളോടെ ജീവിച്ചിരുന്നതാണ് എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. പക്ഷെ എനിക്ക് എന്തുചെയ്യാന്‍ സാധിക്കും. ഞാന്‍ ആന്റിയെ ഇടക്കിടെ സന്ദര്‍ശിക്കുമായിരുന്നു. ചര്‍മ്മ രോഗത്താലവര്‍ വലഞ്ഞു. ചൊറിഞ്ഞു ചൊറിഞ്ഞ് തൊലിമുഴുവന്‍ പൊളിഞ്ഞു വിണ്ടിരുന്നു.

അങ്കിള്‍ ഫ്രിറ്റ്‌സ് നല്ല നീളമുള്ളയാളായിരുന്നു. കൈകൊണ്ട് ജോലി ചെയ്യാന്‍ നിപുണനും. ഗെറ്റോയില്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന് ന്യൂമോണിയ പിടിപെടുന്നതും മരിക്കുന്നതും. അതിനുശേഷം ആന്റിയെ ഞാന്‍ എപ്പോഴും സന്ദര്‍ശിക്കാന്‍ തുടങ്ങി. പക്ഷെ അവര്‍ക്ക് ജീവിക്കണമെന്ന ആശ നശിച്ചു. ഒരു ദിവസം അവരെ പോളണ്ടിലേക്ക് നാടുകടത്തി. പിന്നെ ആരും അവരെ കണ്ടതേയില്ല.

1942-43 ലെ മഞ്ഞുകാലത്ത് ഞങ്ങളുടെ മുറിയിലും അടുത്ത മുറികളിലുമുള്ള ചില ചെറുപ്പക്കാര്‍ക്ക് പനിയും വയറിനസുഖവും വന്നു. വേദനയും നൊമ്പരവും ശരീരത്തില്‍ തടിപ്പുകളും ഉണ്ടായി. എന്റെ സുഹൃത്ത് ഹില്‍ഡിക്കും സുഖമില്ലാതായി. വിശപ്പില്ല, ആഹാരത്തോട് വെറുപ്പ്. ഒന്നു രുചിച്ചു നോക്കും വേണ്ടെന്ന് തലയാട്ടും. ഞാന്‍ അവളുടെ ഭക്ഷണം കൂടി കഴിക്കും. ക്ഷീണിച്ചവശയായ അവളുടെ മലത്തില്‍ രക്തം കണ്ടു. ഞങ്ങളെ സ്തബ്ദരാക്കിക്കൊണ്ട് ഒരു ദിവസം അവള്‍ മരിച്ചു. ഒപ്പം ഞങ്ങളുടെ അടുത്ത മുറികളിലെ കുറെ കുട്ടികളും.

രോഗനിര്‍ണ്ണയം നടത്തി. പേനുകള്‍ പരത്തുന്ന ടൈഫസ് എന്ന മാരക രോഗമായിരുന്നു അവള്‍ക്ക്. ഹില്‍ഡി രുചി നോക്കിയ ഭക്ഷണം അവളുടെ പാത്രത്തില്‍ നിന്നും ഞാന്‍ കഴിച്ചിട്ടും അവളോടൊപ്പം ഒരേ ബഡില്‍ കിടന്നിട്ടും എനിക്ക് അസുഖം വന്നില്ല. ഞങ്ങള്‍ എല്ലാവരും ഭയപ്പെട്ടു, നിരാശരായി.

ആദ്യത്തെ ഉദ്യമം വൃത്തിയാക്കലായിരുന്നു. എല്ലാവരുടെയും വസ്ത്രങ്ങളും അരികുകളും പരിശോധിച്ചു. ഈ തരം പേനുകളുടെ പേര് ഗഹലശറലൃഹമൗലെ എന്നായിരുന്നു. എല്ലാവരുടെയും തലമുടിയും ശരീരവും എന്തോതരം വിനിഗര്‍ മിക്ചര്‍ കൊണ്ടു കഴുകി. ബഡുകളും, കുട്ടികളുടെ തലമുടിയും എന്നും പരിശോധിച്ചു. യഹൂദചേരി മുഴുവനും ഒറ്റ പേനില്ലാതെ വൃത്തിയാക്കി. എന്റെ സഹോദരന്റെ തല നിറച്ചും പേനുകളായിരുന്നു. ചെറിയ കൂര്‍ത്ത പല്ലുള്ള ചീര്‍പ്പുകൊണ്ട് ഞാനവന്റെ തലമുടി നൂറുവട്ടം വീതം ചീകി; പേനുകളുടെ മുട്ടയെ കൊല്ലാനായി. തുടര്‍ച്ചയായ വിനിഗര്‍ ലായനി കൊണ്ടുള്ള കഴുകല്‍ വഴി പ്രൊബ്ലം കുറെ മാറ്റി.
1943-ന്റെ ആദ്യഘട്ടത്തില്‍ സിഗി എട്ടാം നമ്പര്‍ മുറിയുടെ മേല്‍നോട്ടം എന്നെ ഏല്പിച്ചു. എന്റെ പുതിയ കുട്ടികളെല്ലാവരും അനാഥരായിരുന്നു. ഹില്‍ഡിയുമായി ഞാന്‍ പങ്കിട്ട മുറിപോലെ തന്നെയായിരുന്നു ഈ മുറിയും. മൂന്നു നില ബങ്ക് ബഡുകള്‍, മേശ, ബഞ്ചുകള്‍. ജനാലയ്ക്കടുത്ത് ഒരു ചെറിയ ഷെല്‍ഫും ഉണ്ടായിരുന്നു. ഞങ്ങളുടെ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന് പപ്പാ പരിശ്രമിച്ചുകൊണ്ടേയിരുന്നു. വലുതും ചെറുതുമായ നിരവധി സാധനങ്ങള്‍ പപ്പ ഉണ്ടാക്കി. ഞങ്ങളുടെ മുറിയിലേക്ക് പപ്പ ഉണ്ടാക്കിത്തന്ന കബോഡിന് മുപ്പത് അറകള്‍ ഉണ്ടായിരുന്നു. ഓരോ കുട്ടിക്കും അവളുടെ പാത്രവും സ്പൂണും ഫോര്‍ക്കും റേഷനും വരെ സൂക്ഷിക്കാവുന്ന അറകള്‍. അതോടെ ആഹാരസാധനങ്ങളും പ്ലേറ്റുകളും കട്ടിലില്‍ വക്കുന്ന പതിവ് മാറി.

Read: https://emalayalee.com/writer/24


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക