ഞാൻ എന്നിലേക്ക് മടങ്ങി,
നിഴലുപോലും എന്നെ വിട്ടു തിരിച്ചിറങ്ങിയപ്പോൾ
കണ്ണുനീർ ഞാനറിയാതെ എൻ്റെ കവിൾത്തടങ്ങളെ
തഴുകിയപ്പോൾ
മിഴികൾ തുറന്നിരുന്നിട്ടും
കാഴ്ചകൾ മങ്ങി വഴിതെറ്റിയപ്പോൾ
ജീവിതത്തിന്റെ നിറങ്ങൾ മങ്ങിമങ്ങി
വെളിച്ചത്തിന്റെ കിനാവുകൾ എന്നെ വിട്ടകന്നപ്പോൾ
ഇളം കാറ്റിന്റെ മർമരങ്ങൾ മാത്രമെൻ
എൻ്റെ ചെവികൾക്കീണ - മായപ്പോൾ
കാഴ്ചകൾക്കും സ്വപ്നങ്ങൾക്കും
അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ
ഞാൻ വെറുതെ പുഞ്ചിരിച്ചു ..
എനിക്കായി മാത്രം ...
മറവിയുടെ അകത്തളത്തിൽ
തളച്ചിട്ട ശലഭകോശം
ചിത്രവർണ
ശലഭമായ് പറന്നുയർന്നപ്പോൾ
ഞാൻ എന്നിലേക്ക് മടങ്ങി..
പുഴയിലൂടെ വഴിതെറ്റി തുഴയില്ലാതെ -
യൊഴുകുന്ന ചെറുവഞ്ചിപോലെ ..
മഴവെള്ളപ്പാച്ചിലിൽ
എവിടെയോ നഷ്ടമായി മറഞ്ഞിരുന്ന
എന്നാത്‌മാവിനെ ഞാൻ കണ്ടെത്തി.
ജീവിച്ചിരിക്കെ മരിച്ചതായ്
തുടരില്ലിനി ഞാൻ
തുറന്ന ഹൃദയത്തിൽ ഒളിച്ചു വച്ച ചിറകുകൾ
വിടർത്തി
അതെ വീണ്ടും ...
ഞാൻ എന്നിലേക്കു തന്നെ മടങ്ങി.