ഡാലസിൽ കടുത്ത വേനൽ അവസാനിക്കുകയും മഴ തുടങ്ങുകയും ചെയ്തു. മാസങ്ങൾ കടന്നുപോകുമ്പോളേക്കും ഞങ്ങൾ നാല് പേരും ഡ്രൈവിങ് പഠിച്ചു. പഴയ രണ്ടു വണ്ടികൾ വാങ്ങി. കുറച്ചുകൂടി ഭേദപ്പെട്ട ജോലി മാതാപിതാക്കൾക്കു ലഭിച്ചു. അവർ ഒരുമിച്ചായി പോക്കും വരവും.
സ്‌കൂൾ വർഷം തുടങ്ങിയപ്പോൾ സഹോദരനെ ഹൈസ്‌കൂളിൽ ചേർത്തു. സ്‌കൂൾ കഴിഞ്ഞു വന്നു അവൻ പിറ്റ്സ്സ ഹട്ടിൽ ജോലിക്കു പോകും. തിരികെ വരുമ്പോൾ അവന്റെ വീതം നല്ല കിടിലൻ പിറ്റ്സ്സ പതിവായി. ക്രസ്റ്റിൽ നിറയെ പലതരം ടോപ്പിങ്സ് നിരത്തിയ മീറ്റ് ആൻഡ് സോസേജ് കൂടുതലുള്ള പിറ്റ്സ്സ. ആഹാഹ!
വന്നയിടക്ക് ചില അമേരിക്കൻ ഭക്ഷണങ്ങൾ ഇഷ്ടമായിരുന്നില്ല. ഇവിടുത്തെ പാല്, മുട്ട, ഇറച്ചി ഇവക്കൊന്നും രുചിയില്ലന്നു തോന്നിയിരുന്നു. പച്ചക്കറിയുടെയും പഴങ്ങളുടെയും അമിത വലുപ്പം കണ്ടു അത്ഭുതം കൂറിയിട്ടുണ്ട്. ഇന്ന് രാസവളം ഉപയോഗിച്ച് വലുപ്പം വെപ്പിച്ചതും വിഷമടിച്ചതുമായ പച്ചക്കറികൾ നാട്ടിലും സാധാരണം. വെസ്റ്റേൺ ഭക്ഷണശാലകൾ കേരളത്തിൽ ധാരാളം. പുതുതായി വരുന്നവർക്ക് ഭക്ഷണമൊന്നും പ്രശ്നമല്ല.
മഴ മാറി മാനം തെളിയുന്നത് പോലെ ജീവിതം അൽപ്പമൊന്നു തെളിഞ്ഞു. എല്ലാ തിരമാലയും കുറച്ചു കഴിഞ്ഞു ശാന്തമാകുമല്ലോ. അതാണല്ലോ നിയതിയുടെ ഒരു താളം.
അന്ന് നാടുമായുള്ള ബന്ധം എഴുത്തുകുത്തുകളിൽ മാത്രമാണ്. ഇന്റർനാഷണൽ ഫോൺ ചാർജൊക്കെ ഭീമമായതിനാൽ വിളി കുറവാണ്.
മെല്ലെ അമേരിക്കയുമായി ഒരു സമരസന്ധി ഉണ്ടാവുകയാണ്. സമവായം നടപ്പിലാവുകയാണ്, ഇടക്കൊക്കെ ഹ്യൂസ്റ്റൻ, ഓസ്റ്റിൻ, സാൻ അന്റോണിയോ എന്നി ചെറുപട്ടണങ്ങളിലേക്കുള്ള യാത്രകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ. ഔട്ടിംഗുകൾ. പാർട്ടികൾ. അമേരിക്ക ഞങ്ങളുടെ ഗൃഹാതുരത്വം അൽപ്പമൊന്നു മാറ്റിയെടുക്കുകയാണ്. ഞങ്ങൾ അമേരിക്കയെ സ്നേഹിച്ചു തുടങ്ങുകയാണ്. എങ്കിലും നാടും വീട്ടുകാരും ഒരു വേദനയായി ഉള്ളിലുണ്ട്. ഉണ്ടാകുമല്ലോ. അതങ്ങിനെയാണല്ലോ.
വന്നപ്പോൾ മുതൽ അടുത്തുള്ള പള്ളിയിൽ പോകുന്നുണ്ട്. താമസിയാതെ ഞങ്ങൾ അംഗത്വം സ്വീകരിച്ചു. സജീവമാകുന്നു. കൊയറിൽ ചേരുന്നു. യുവജനസംഘ്യത്തിൽ ചേരുന്നു. പുതിയ കൂട്ടുകാർ.
അഞ്ചു ദിവസത്തെ ജോലിയുടെയും സ്‌കൂളിന്റെയും കഷ്ടപ്പാടൊക്കെ മറക്കുന്നത് ശനിയും ഞായറുമാണ്. പള്ളിയിൽ ചെല്ലുമ്പോഴാണ്. അവിടെ മലയാളം പറയാം. പാട്ടു പാടാം. പ്രാർത്ഥിക്കാം. ഇടയ്ക്കു വീടുകളിൽ പ്രാർത്ഥനായോഗങ്ങൾക്ക് പോകാം. ആയിടക്ക് നാട്ടിൽ നിന്നും വന്ന സമപ്രായക്കാരായ ചില പിള്ളേർ പള്ളിയിലുണ്ട്. ബന്ധുക്കളുണ്ട്. താമസിക്കുന്ന സിറ്റിയിൽ നിന്നും അമ്പതു മിനിറ്റ് ദൂരെയാണെങ്കിലും, എല്ലാവർക്കും പള്ളിയിൽ പോകാൻ വളരെ ഉത്സാഹമായിരുന്നു. ഞങ്ങളുടെ ഗൃഹാതുരത്വം കുറക്കാൻ പള്ളിയും നല്ല രീതിയിൽ സഹായിച്ചു. അന്യഥാബോധം അൽപ്പമൊന്നു മാറി ഒരു ബിലോങിഗ് ഫീലിംഗ് വന്നു തുടങ്ങി.
ഗായകസംഗത്തോടും സംഗീതത്തോടുള്ള ബന്ധം എനിക്ക് പള്ളത്തു വെച്ചേയുണ്ട്. പള്ളത്തു പള്ളിയുടെ കൊയറിൽ ചെറുപ്രായം മുതലേയുണ്ട്. അതിനാൽ പുതിയ പള്ളിയിൽ കൊയർ പാടാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളു.
ഒരു തിങ്കളാഴ്ച്ച രാവിലെ ഒരു ഫോൺ കാൾ. കൂട്ടുകാരിയാണ് ..
“ എടി .. നീയറിഞ്ഞോ? നമ്മടെ പള്ളിലെ ജോജിയില്ലെ ? ജോജി ഇന്നലെ രാത്രി മരിച്ചെന്ന്!
“അയ്യോ” എന്നൊരു ശബ്ദം മാത്രമേ എന്നിൽ നിന്നും വന്നുള്ളൂ. അവൾ തുടർന്നും എന്തൊക്കെയോ പറഞ്ഞു. കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. തലേ ദിവസം കൂടി ഗായകസംഘക്കാരെ പാട്ടൊക്കെ പ്രാക്ടീസ്ചെയ്തു പഠിപ്പിച്ചു വിട്ടയാളാണ് ജോജി.
അവൾ ഫോൺ വെച്ചു
അവൾ പറഞ്ഞതൊന്നും സത്യമാകല്ലേ എന്ന് ആഗ്രഹിച്ചു ഞാൻ സംസാരിക്കാനാവാതെ നിന്നു. .
ജോജിയെക്കുറിച്ചോർത്തു.
പള്ളിയിൽ അന്നൊക്കെ കീ ബോർഡ് വായിച്ചിരുന്ന ആളാണ് ജോജി. സുമുഖൻ, സുന്ദരൻ, സുശീലൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്നയാൾ. വെള്ള ഫുൾ സ്ലീവ് ഷർട്ടും, ടൈയും കറുത്ത പാന്റുമാണ് ആ ഇരുനിറക്കാരന്റെ സ്ഥിരം വേഷം. മുഖത്തെപ്പോഴും പുഞ്ചിരിയും പ്രസാദവും. അന്നദ്ദേഹത്തിനു ഒരു മുപ്പത്തിഅഞ്ചിൽ താഴെയാവും പ്രായം. അവിവാഹിതൻ. ജോജി പള്ളിയിൽ വളരെ സജീവമാണ്. പള്ളിയുടെ ഏത്പരിപാടിക്കും പിള്ളേരെ പാട്ടു പ്രാക്ടിസ് ചെയ്യിക്കുന്നത് ജോജിയാണ്. അധിക സംസാരമോ ബഹളമോ ഒന്നുമില്ല. പാട്ടല്ലാതെ ഒരു വിഷയവും അദ്ദേഹത്തിനില്ല. എല്ലാവര്ക്കും ഒരു ബഹുമാനം നിറഞ്ഞ സ്നേഹമായിരുന്നു ജോജിയോട്. ഇത്രയും മാത്രമേ അന്ന് വരെ ജോജിയെക്കുറിച്ചു അറിയൂ. ഞാൻ പള്ളത്തുകാരിയാണെന്നറിഞ്ഞപ്പോൾ ഫാദർ. ടി.ജെ. ജോഷ്വാച്ചന്റെ വിവരങ്ങൾ അന്വേഷിച്ചു. അച്ചനും ജോജിയും പരിചയക്കാരായിരുന്നത്രെ.
പതിവ് പോലെ ആ ഞായറാഴ്ചയും പള്ളി കഴിഞ്ഞു കൊയർ പ്രാക്ടീസ് ഉണ്ടായിരുന്നു. ജോജി കീ ബോർഡ്വായിച്ചു. ഞങ്ങൾ പാടി. പിരിഞ്ഞു.
ഇന്ന് കേൾക്കുന്നത് അദ്ദേഹത്തിന്റെ മരണ വാർത്തയാണ്. അതും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട വാർത്ത. അദ്ദേഹത്തിന്റെ ബോഡി കാണുന്നത് സ്വന്തം വീട്ടിലോ വഴിയിലോ ഒന്നുമല്ല. ആ പള്ളിയിലെ തന്നെ മധ്യവയസ്കയായ ഒരു സ്ത്രീയുടെ കാർ ഗരാജിലായിരുന്നു മരിച്ച നിലയിൽ ജോജിയെ കാണപ്പെട്ടത്!
സ്ത്രീ കുറെ നാളായി ഭർത്താവുമായി ബന്ധം പിരിഞ്ഞു നിൽക്കുകയാണ്. അവരുടെ ഗരാജിൽ വണ്ടിയിലിരുന്ന് പാട്ടുകേട്ട് ജോജി ഉറങ്ങി പോയിരിക്കാമെന്നും വിഷവാതകമായ കാർബൺ ഡയോക്‌സൈഡ് ശ്വസിച്ചായിരിക്കും മരണമെന്നും അതല്ല ആത്മഹത്യ ആയിരിക്കാമെന്നും, ആരോ കരുതിക്കൂട്ടി ചെയ്ത കൊലപാതകമാകാനും സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങളും കിംവദന്തികളും ഡാലസിൽ പെട്ടെന്ന് പരന്നു. കേട്ട കഥകൾ ആപള്ളിയിലുള്ളവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അന്നു ലാൻഡ് ഫോൺ മാത്രമേ ഉള്ളു. ജോജിയുടെ മരണത്തെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും മസാലയും വെച്ച വാർത്തകൾ കുറെ നാൾ ഡാളസ് മലയാളികൾ പാടി നടന്നു. വിവാഹമോചിതയും സാമാന്യം സൗന്ദര്യവും ഉള്ള ഒരു സ്ത്രീ ഉൾപ്പെട്ടസംഭവമായിരുന്നതിനാൽ മസാലയുടെയും ഭാവനയുടെയും അളവ് കൂടി വന്നു.
ദുരൂഹ മരണം സംഭവിച്ച ജോജിക്ക് അമേരിക്കയിൽ മാതാപിതാക്കളോ കുടുംബമോ കൂടപ്പിറപ്പുകളോ ഇല്ലാതിരുന്നതിനാൽ കേസ് കൊടുക്കാനോ കുത്തിപ്പൊക്കാനോ ആരും മുന്നോട്ട് വന്നില്ല.
പോസ്റ്റുമാർട്ടം കഴിഞ്ഞു പെട്ടെന്ന് തന്നെ ശവസംസ്കാരവും നടന്നു.
പിറ്റേ ഞായറാഴ്ച്ച കീ ബോഡിന്റെ അകമ്പടിയില്ലാതെ കൊയർ പാടി. ജോജിക്ക് വേണ്ടി പള്ളിക്കകത്തു ധൂപപ്രാർത്ഥന നടന്നു.
“കരുണ നിറഞ്ഞവനെ പുനരുദ്ധാനത്തിൽ
നിന്നുടെ സൃഷ്ടിയെ നീ പുതുതാക്കീടണമെ”
എന്ന പാട്ടു പാടുമ്പോൾ ഒഴിഞ്ഞു കിടന്ന കീ ബോർഡിലേക്കും ഇരിപ്പിടത്തിലേക്കും നോക്കാൻ ഞങ്ങൾ പിള്ളേർക്ക് വിഷമമായിരുന്നു.
പിന്നീടാരും ജോജിയുടെ മരണത്തെക്കുറിച്ചു സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല. അതേക്കുറിച്ചു ചർച്ച ചെയ്യാൻ ആൾക്കാർക്ക് മടിയുള്ളതു പോലെ. പേടിയുള്ളതു പോലെ. പിന്നീട് പുറത്തു വന്ന കഥകളും പേടിപ്പെടുത്തുന്നവയായിരുന്നു. ശ് ശ് ശ് !!!
ഇന്നും പഴയ ചില പാട്ടുകളുടെ ഈണം കേൾക്കുമ്പോൾ ഞാനാ മനുഷ്യനെക്കുറിച്ചോർക്കും.
എന്ത് പറ്റിയതായിരിക്കും ആ കലാകാരന്? എപ്പൊഴും പുഞ്ചിരിച്ചു മാത്രം കണ്ടിട്ടുള്ളയാൾ ആത്മഹത്യ ചെയ്തെന്നു വിശ്വസിക്കാൻ പ്രയാസം! അപകടമരണമോ ? കൊലപാതകമോ? എങ്കിൽ ആര് ? എന്തിനു ? ഇതെല്ലം ഉത്തരം ഇല്ലാത്ത ചോദ്യങ്ങളായി ഡാലസിന്റെ അന്തരീക്ഷത്തിൽ ഒരു പ്രഹേളികയായി ഇന്നും അവശേഷിക്കുന്നു!
read more: https://emalayalee.com/writer/14