Image

അന്യഗ്രഹ ജീവികൾ അവിടെയുണ്ട് ! (സന്തോഷ് പിള്ള)

Published on 20 June, 2024
അന്യഗ്രഹ ജീവികൾ അവിടെയുണ്ട് ! (സന്തോഷ് പിള്ള)

ഇലോൺ മസ്കിന്റെ  സ്പേസ് എക്സ് എന്ന സ്ഥാപനം 42000 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുവാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നു.  ഇത്രയൂം ഉപഗ്രഹങ്ങൾ ശൂന്യാകാശത്ത്,  ഭൂമിയിൽ നിന്നും നിശ്ചിത അകലത്തിൽ  സ്ഥാപിച്ചുകഴിഞ്ഞാൽ,  ഭൂമിക്കു ചുറ്റും ഒരു വലയം സൃഷ്ടിക്കുകയും,  അതിലൂടെ ഭൂമിയുടെ ഏതുഭാഗത്തുനിന്നും മനുഷ്യർക്ക്  അതിവേഗത്തിൽ ആശയ വിനിമയം നടത്തുവാൻ സാധിക്കുകയും ചെയ്യും.  ഏറ്റവും വേഗത്തിൽ ആശയ വിനിമയം നടത്തുന്ന  “ഫൈബർ ഒപ്റ്റിക്”  നെറ്റ് വർക്കിനെക്കാൾ വേഗതയിൽ വിവരങ്ങൾ കൈമാറ്റം ചെയ്യപെടാമെന്നാണ് , ഇലോൺ മസ്കിന്റെ  തന്നെ സ്ഥാപനമായ സ്റ്റാർ ലിങ്ക് ഗ്ലോബൽ കണക്റ്റിവിറ്റി അവകാശപ്പെടുന്നത്.

ഇതുപോലെ, സൂര്യനിൽ നിന്നും ഭൂമിയിലേക്ക് വരുന്ന ഊർജ്ജം,  മുഴുവനും പിടിച്ചെടുക്കുവാൻ  സാധിക്കുന്ന  ഉപഗ്രഹങ്ങളുടെ ഒരു വലയം  ഭൂമിക്ക് ചുറ്റും സ്ഥാപിച്ച്,  മനുഷ്യന്  ഉപയോഗപ്രദമാകുന്ന  രീതിയിൽ ഊർജമാറ്റം നടത്തി ഭൂമിയിലെ എല്ലാസ്ഥലത്തും എത്തിക്കുവാൻ  സാധിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു!  

പാഴായി പോകുന്ന സൗരോർജ്ജം മാനവരാശിയുടെ പ്രമുഖ ഊർജ സ്രോതസാക്കി മാറ്റുവാൻ നമുക്ക് സാധിക്കുമോ?

സാധിക്കും എന്നുതന്നെയാണ് ശാസ്ത്രം പറയുന്നത്. പക്ഷെ ചെറിയ ഒരുപ്രശ്നം. അത്രയും പുരോഗതി പ്രാപിക്കുന്നതിന് മുമ്പ്,  ദേശത്തിൻറെ, വർഗ്ഗത്തിന്റെ, മതത്തിന്റെ ഒക്കെ പേരിൽ,  തമ്മിൽ തല്ലി വംശ നാശം സംഭവിക്കരുത്.  അങ്ങനെ സംഭവിച്ചില്ല എങ്കിൽ നമ്മൾ ഇരുനൂറു വർഷങ്ങൾക്കുള്ളിൽ അവിടെ എത്താൻ സാദ്ധ്യതയുണ്ട്.  അങ്ങനെ എത്തിക്കഴിഞ്ഞാൽ മാനവ രാശിയെ ടൈപ്പ് 1  സിവിലൈസേഷൻ എന്ന് വിളിക്കാം. ഒരു ഗ്രഹത്തിൽ ലഭ്യമായ എല്ലാ  ഊർജ സ്രോതസ്സുകളും,  ആ  ഗ്രഹത്തിലെ ജീവികൾ ഉപയോഗ പെടുത്താൻ തുടങ്ങുമ്പോഴാണ് അവരെ ടൈപ്പ് 1 സിവിലൈസേഷൻ എന്ന് വിളിക്കുന്നത്.

ഭൂഗർഭ സ്രോതസ്സ്. കാറ്റാടി യന്ത്രം. അണുനിലയങ്ങൾ, താപ വൈദ്യുതി നിലയങ്ങൾ, ജല വൈദ്യുതി നിലയങ്ങൾ,  ചെറിയ തോതിൽ സൗരോർജം.  എല്ലാം ഉപയോഗിക്കുന്നതു കൊണ്ട്  ഇപ്പോഴത്തെ നാഗരികത  0.72  വരെ എത്തി നില്കുന്നു.  ശാസ്ത്രം പുരോഗമിക്കുന്തോറും മനുഷ്യ രാശിക്ക് ആവശ്യമായിവരുന്ന ഊർജത്തിന്റെ അളവും,  കൂടി, കൂടി വരും,  അങ്ങനെ നമ്മൾ പുതിയ കണ്ടുപിടത്തങ്ങളിലൂടെ ടൈപ്പ് 1ൽ എത്തിയെന്നു വിചാരിക്കുക.  അവിടം കൊണ്ടും നമ്മളുടെ വളർച്ച നിലക്കില്ല.  അതിനുശേഷം വീണ്ടും മുന്നോട്ടുള്ള യാത്ര തുടർന്ന് മാനവരാശി ടൈപ്പ് 2 ൽ എത്തിച്ചേരും. അപ്പോൾ എന്താണ് സംഭവിക്കുക.

നമ്മളുടെ പിൻഗാമികൾ സൗരയൂഥത്തിന് അപ്പുറത്തേക്ക് യാത്ര തുടരും.

ചുമ്മാ കള്ളക്കഥകൾ പറയാതെ എന്ന് തോന്നുന്നുണ്ടോ?

1620 ൽ പത്താഴ്ച കൊണ്ടാണ് മെയ് ഫ്ലവർ എന്ന കപ്പൽ ഇംഗ്ളണ്ടിൽ നിന്നും അമേരിക്കയിൽ എത്തിച്ചേർന്നത്. ഇപ്പോൾ വിമാനത്തിൽ,  10 മണിക്കൂറ് കൊണ്ട് നമ്മൾക്ക്  ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ എത്തിച്ചേരാൻ സാധിക്കും.

സൗരയൂഥവും കഴിഞ്ഞ്  ആകാശ ഗംഗയിലൂടെ  പറ ക്കുവാൻ ശ്രമിക്കുമ്പോൾ  അതിനുള്ള  ഊർജം  എവിടെനിന്നും  ലഭിക്കും?

അപ്പോഴാണ് നമ്മളുടെ പിൻഗാമികളുടെ കണ്ണുകൾ സൂര്യനിലേക്ക് അത്യാർത്തിയോടെ  നോൽക്കുവാൻ   തുടങ്ങുക.  പെട്ടന്നൊന്നും,   കെട്ടടങ്ങാത്ത വലിയ ഒരു  ഊർജ്ജ സ്രോതസ്സല്ലേ  സൂര്യൻ എന്ന നക്ഷത്രം!

സൂര്യന് ചുറ്റുമോ,  അല്ലെങ്കിൽ ഭാഗികമായി,  സൂര്യനെന്ന നക്ഷത്രത്തെ പൊതിയത്തക്ക രീതിയിലോ ഒരുവലയം അവർ സ്ഥാപിക്കും.

ഏതുപോലെ?

ഇപ്പോൾ  ഭൂമിക്ക് ചുറ്റും  ഇലോൺ മസ്ക്ക്   ഉപഗ്രഹ വലയം സ്ഥാപിക്കാൻ ശ്രമിക്കുന്നതു പോലെ.  പക്ഷെ ഭാവിയിൽ സൂര്യന് ചുറ്റും സ്ഥാപിക്കുന്ന ഉപഗ്രഹങ്ങൾ   സൗരോർജ്ജത്തെ ആയിരിക്കും ആഗിരണം ചെയ്യുക. നക്ഷത്രത്തിന്   വളരെ അടുത്ത് സ്ഥാപിച്ചാൽ,  ചൂടുകൊണ്ട്  ഉരുകിപോകുമെന്നതിനാൽ അല്പം ദൂരെയായിരിക്കും വലയം രൂപപ്പെടുത്തുക.

1960ൽ ഫ്രീമാൻ ഡൈസൺ എന്ന ബ്രിട്ടീഷ്-അമേരിക്കൻ  ശാസ്ത്രജ്ഞനാണ് ഇങ്ങനെയുള്ള വലയങ്ങൾ നിർമ്മിക്കാൻ സാധിക്കുമെന്ന് ആദ്യമായി വിശദീകരിച്ചത്.  അതുകൊണ്ട്, നക്ഷത്രങ്ങൾക്ക് ചുറ്റും, അതിബുദ്ധിയുള്ള ജീവികൾ  നിർമ്മിക്കപ്പെടുന്ന  ഇത്തരം വലയങ്ങളെ  “ഡൈസൻ സ്ഫിയർ” എന്നറിയപ്പെടുന്നു.  

“ഡൈസൻ സ്ഫിയർ,”  നക്ഷത്രങ്ങൾ   പുറപ്പെടുവിക്കുന്ന എല്ലാത്തരം വികരണങ്ങളും   ആഗിരണം  ചെയ്‌തുകൊണ്ട്‌ ,  ജീവികൾക്ക്  ഉപയോഗിക്കാൻ സാധിക്കുന്ന ഊർജ്ജമാക്കി മാറ്റുന്നു.  ആവരണത്തിന്റെ പുറത്തേക്ക് വിസിബിൾ ലൈറ്റ് വരാതിരിക്കുകയും, ഇൻഫ്രാറെഡ് പ്രകാശം മാത്രം വരുകയും ചെയ്യും.

ഇത്രയും അറിഞ്ഞസ്ഥിതിക്ക്, ഇനി അറിയാൻ പോകുന്ന അടുത്തവിവരമാണ് ഇപ്പോൾ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന  “ഇൻഫ്രാറെഡ്  ടെലിസ്കോപ്പുകൾ”  ഇതിനോടകം  ഏഴ് നക്ഷത്രങ്ങളിൽ  നിന്നും വിസിബിൾ ലൈറ്റ് പുറത്തേക്ക് വരുന്നില്ല എന്നും,  ഇൻഫ്രാറെഡ് പ്രകാശം വരുന്നുണ്ട് എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്താണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്?.  

പ്രപഞ്ചത്തിലെവിടോയൊക്കെയോ  “ഡൈസൻ സ്ഫിയർ” ഉപയോഗിക്കുന്ന ജീവികൾ നിലനിൽക്കുന്നു എന്നല്ലേ?  

നിക്കോളായ്  കർഡെഷേവ് എന്ന റഷ്യൻ ശാസ്ത്രജ്ഞൻ 1964 ൽ,  ടൈപ്പ് 1,

ടൈപ്പ് 2, ടൈപ്പ് 3  പ്ലാനെറ്ററി സിവിലൈസേഷനെ ലോകത്തിന് പരിചയപ്പെടുത്തിയത്.

ടൈപ് 2  നാഗരികതയിൽ എത്തുമ്പോൾ  ജീവികൾ,  നക്ഷത്രങ്ങളെ ഊർജ്ജസ്രോതസ്സാ ക്കി  മാറ്റുമെന്നും, ടൈപ് 3 ൽ എത്തിയാൽ ഒരു ഗാലക്സിയെ മുഴുവനും ഊർജസ്രോതസ്സാക്കാനുള്ള കഴിവുകൾ ലഭിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരിക്കുന്നു.

അങ്ങനെയാണെങ്കിൽ,  എന്തുകൊണ്ട്  ഇപ്പോൾ ടൈപ് 2 ൽ എത്തിനിൽക്കുന്ന ജീവികൾ  നമ്മളുമായി ബന്ധപെടുന്നില്ല?

സ്വന്തം  ഗ്രഹത്തിൽ  സ്ഥിതിചെയ്യുന്ന  ഊർജം പോലും  മുഴുവനുമായി ഉപയോഗിക്കാൻ  അറിയാത്ത  മനുഷ്യരുമായി ബന്ധം പുലർത്തിയിട്ട് കാര്യമായി ഗുണമൊന്നുമില്ല എന്ന്  അവർ കരുതുന്നുണ്ടാവും.

അതുമല്ല, പല പല കാരണങ്ങൾ ഉണ്ടാക്കി പരസ്പരം പോരാടുന്ന മാനവരാശി പെട്ടെന്നൊന്നും ടൈപ്പ് 2 നാഗരികതയിൽ എത്തുകയില്ല എന്നും അവർ മനസിലാക്കിയിട്ടുണ്ടാവും. എന്തായാലും ഈ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റക്കല്ല.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ളവർ  "സയൻസ് 4 മാസ്സ്" എന്ന മലയാളം യു ട്യൂബ് വീഡിയോ കാണുക.

Join WhatsApp News
josecheriporam 2024-06-20 03:31:18
There are other life some were in the universe, do you think the enormous ,universe is created for this tiny earth?
josecheripuram 2024-06-20 03:16:24
We were given everything to have a comfortable life here, you are greedy and want more and more, how much more you want?
George Manthuruthil 2024-06-20 12:52:36
Well written article. The author did the research to gather the facts and this article is very informative.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക