കുന്നും മലകളുമംബരചുംബിയാം ചങ്കുരമേറും നിബിഡതീരം
മാമലയ്ക്കുള്ളിലെ ഭൂധരാന്തര്‍ഭാഗേ
മന്ദമൊഴുകുന്ന മാലിനി നീ
മുകിലുകള്‍ക്കപ്പുറമെത്തി നോക്കുന്നൊരാ
രവികിരണത്തിലിന്നതിസുന്ദരം
അലകളില്‍ പുല്‍കുമാ അതിരിലെ ദര്‍ഭ-
യുമനുഭൂതിയോടെ മയങ്ങി നില്‍ക്കേ
തെന്നിത്തെറിച്ചു നീ വീണ്ടുമൊഴുകുന്നു
കണ്ണിന്നു കുളിരായി കന്യകയായ്
പൊട്ടിച്ചിരിച്ചു കൊണ്ടെന്തുനീയോതുന്നു
പുല്‍കിയുണര്‍ത്തുമാ കാറ്റിനോടായ്?
ഓടിനടന്നവളൊക്കെ പറഞ്ഞിടും
നീളെയായ് കാണുമാ കൂട്ടരോടായ്