ഓർമ്മയിൽ ആദ്യം വായിച്ച പുസ്തകം പാത്തുമ്മയുടെ ആടാണ്. മൂന്നിലൊ നാലിലൊ പഠിക്കുമ്പോൾ ഇത്താത്തയുടെ പാഠപുസ്തകമെടുത്ത് വായിച്ചതായിരുന്നു അത്. അന്ന് ആ കഥയോട് ഒരുപാട് ഇഷ്ടം തോന്നി. അങ്ങനെ അത് മുഴുവൻ വായിച്ചു തീർത്തു. ബി-മലയാളം അങ്ങനെ ഏറ്റവും ഇഷ്ടമുള്ള മലയാളമായി മാറി. സ്കൂൾ ലൈബ്രറിയിൽ നിന്നും ആദ്യമായി ഒരു പുസ്തകമെടുത്ത് വായിച്ചത് ഹിരോഷിമയെ കുറിച്ചുള്ള ഒന്നായിരുന്നു എന്നാണ് ഓർമ്മ. യുദ്ധ വിരുദ്ധ ശാന്തിയുടെ പ്രതീകമായി സഡാക്കൊ കൊക്കുകളെ എങ്ങനെ നിർമ്മിക്കാമെന്ന ഒരു ഭാഗവും അതിലുണ്ടായിരുന്നു.
പുറത്ത് ചേറ്റുപടിയിലിരുന്നാണ് അന്ന് ആ പുസ്തകം വായിച്ചത്. അമേരിക്കൻ യുദ്ധവിമാനങ്ങൾ ഹിരോഷിമയെ ബോംബെറിഞ്ഞ് ചാരമാക്കിയെന്ന് വായിച്ചപ്പോൾ വീടിനുമുകളിലൂടെ ഒരു വിമാനം ശബ്ദത്തിൽ ഭയം വിതറി പറന്നു പോയത് മറക്കാനാവില്ല. എൻ്റെ വായനയുടെ കരുത്തായിരുന്നത് ദിനപത്രങ്ങളാണെന്ന് പലപോഴും തോന്നിയിട്ടുണ്ട്. സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ ദിവസവും ചുരുങ്ങിയത് രണ്ടുമണിക്കൂറെങ്കിലും അന്ന് വായനക്കായി ചിലവഴിച്ചിരുന്നു.
ലേഖനങ്ങളും എഡിറ്റോറിയലുകളും ഗൗരവത്തിൽ വായിച്ചു തീർത്തു. ഞായറാഴ്ച്ചപതിപ്പുകളിലെ പേജുകളും ആനുകാലികങ്ങളും സാഹിത്യത്തെ വായനകളെ പരിപോഷിപ്പിച്ചു. പല ദിവസങ്ങളിലും രാവിലെ വായനയുടെ സമയം ദീർഘിക്കുമ്പോൾ വായനശാലയിലേക്ക് വന്ന് പ്രിയപ്പെട്ട ബാപ്പ പറയും - "ഇഞ്ഞി മതി പഠിച്ചത്, എണീച്ച് പോര് ക്ലാസിന് പോകാൻ നേരം വൈകും".
അന്നത്തെ വായന കൊണ്ട് കിട്ടിയ ഏറ്റവും വലിയ ഗുണം ഏത് Concepts നേയും വായിച്ചു മനസ്സിലാക്കാനും പഠിക്കാനും പ്രത്യേക ധിഷണ ലഭിച്ചു എന്നതാണ്. വായന ശരിയായ രീതിയിൽ നടക്കുന്നതിനാൽ എഴുതാനും കഴിഞ്ഞു. ബിരുദത്തിന് ഒന്നാം വർഷം പഠിക്കുമ്പോൾ തന്നെ പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാനും കഴിഞ്ഞു. വായന തന്നെ ഒരു ജോലിയായി ലഭിച്ചിരുന്നെങ്കിൽ എന്ന് അന്ന് വെറുതെ വിചാരിക്കുമായിരുന്നു.
അങ്ങനേയും ഒരു കാലം.
സാമൂഹിക വൽക്കരണത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് പുസ്തകങ്ങൾ. സമൂഹത്തെ കുറിച്ച് ഉൾക്കാഴ്ച്ച നൽകാനും ആരോഗ്യകരമായ വ്യവഹാരങ്ങൾ നടത്താനും വായന മനുഷ്യനെ സഹായിക്കുന്നു. ജീവിതത്തിലെ മറ്റേതൊരു വിഭവത്തേയും പോലെ തന്നെയാണ് പുസ്തകങ്ങളും. ഉള്ളവർ ഇല്ലാത്തവർക്ക് കടം കൊടുക്കണം. മറ്റേതൊരു വിഭവത്തിൻറെ കാര്യത്തിലുമെന്നപോലെ കടം സ്വീകരിച്ചവൻ അവ തിരിച്ച് നൽകാൻ ബാധ്യസ്ഥനുമാണ്. വായിക്കപ്പെടുമ്പോഴാണ് പുസ്തകങ്ങൾ സചേതനമാകുന്നത്, അതല്ലെങ്കിൽ അവ കേവലം ചട്ടക്കുള്ളിലെ ചത്തു മലച്ച അക്ഷരക്കൂട്ടങ്ങൾ മാത്രമാണ്. പല യൂനിവാഴ്സിറ്റി ഡിപ്പാർട്മെൻറിലെ ഗ്രന്ഥപ്പുരകളും വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കുന്നതിൽ വിമുഖത കാണിക്കാറുണ്ട്. ഗ്രന്ഥങ്ങൾ കുട്ടികൾ നഷ്ടപ്പെടുത്തിയാൽ സാമ്പത്തിക നഷ്ടം വകവെച്ച് നൽകേണ്ടിവരുന്നത് ലൈബ്രറി ചുമതലയുള്ള അധ്യാപകരാവും എന്നതാണ് പ്രധാന കാരണം. യഥാർത്ഥത്തിൽ വിദ്യാർത്ഥികളുടെ ‘അക്കാദമിക് റൈറ്റ്സി (Academic rights) ന്റെ’ ലംഘനമാണിത്.
പലപ്പോഴും വീട്ടുകാരെ പോലെത്തന്നെ അധ്യാപകരും സിലബസിന് പുറത്തുള്ള വായനയെ ഒട്ടും പ്രോൽസാഹിപ്പിച്ചിരുന്നില്ല. പാഠപുസ്തക ചട്ടക്കുള്ളിൽ വായനക്ക് മതിൽ കെട്ടാനായിരുന്നു അവരും പരിശ്രമിച്ചത്, ചെറിയ ക്ലാസ്സുകളിൽ പഠിപ്പിക്കാത്ത പാഠം വായിച്ചാൽ അന്നത് ശിക്ഷാർഹമായ കുറ്റമായിരുന്നു. എൻറെ അദ്ധ്യാപകരുടെ കൂട്ടത്തിൽ ആധികാരികമായി സിലബസിന് പുറത്തുള്ള വായനയെ തുടർച്ചയായി പ്രോൽസാഹിപ്പിച്ചതും വിടാതെ വായനയെ പിന്തുടരാൻ ഗൗരവത്തിൽ നിർദേശിച്ചതും ഒരേ ഒരു അദ്ധ്യാപകൻ മാത്രമായിരുന്നു. സ്വീകരണ മുറിയിലെ ഷെൽഫിനകത്ത് നിന്നും പുസ്തകങ്ങൾ സ്വതന്ത്രമാകുന്ന കാലത്തെ നമ്മുടെ സമൂഹത്തിന്റെ ചിന്തയും സ്വതന്ത്രമാകൂ. വായനയും ചിന്തയും ചർച്ചയും എഴുത്തുമുള്ള സമൂഹം എക്കാലത്തും അതിൻ്റെ ഉൽകൃഷ്ടത പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിൻ്റെ ഫോഴ്സുകളായ ഇന്ത്യൻ ആർമി ഉൾപ്പെടെയുള്ളവയിൽ റീഡിംഗ് പരേഡും ഉൾപ്പെടുത്തിയാൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കും. സിവിലിയൻസുമായി ഇടപെടുന്ന പൊലീസ് സേനകളിലും റീഡിംഗ് പരേഡിന് നിശ്ചിത സമയം നൽകിയാൽ വലിയ മാറ്റങ്ങൾ ദർശിക്കാൻ സാധിക്കും.