Image

വായനവാര ആശംസകൾ ! : സന റുബീന

Published on 23 June, 2024
വായനവാര ആശംസകൾ ! : സന റുബീന

വിർജിനിയ വൂൾഫിന്റെ  മനോഹരമായൊരു കഥയുണ്ട്. അന്തിമനാളിൽ ദൈവസന്നിധിയിൽ വരുന്ന വായനക്കാരെ കണ്ട് ദൈവം പുഞ്ചിരിച്ചുകൊണ്ട് എഴുന്നേൽക്കുമത്രേ! അദ്ദേഹം പറയും "നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഒന്നുമില്ല. നിങ്ങൾ ഞാൻ സൃഷ്‌ടിച്ച ലോകത്തേക്കാൾ മനോഹരമായ ലോകം നിങ്ങളുടെ സങ്കല്പത്തിൽ കണ്ടവരാണ്. അതിലും വലുതായി നിങ്ങൾക്ക് നൽകാൻ എന്നിലൊന്നുമില്ല" എന്ന്.

അതെ. വായനയിലൂടെ കിട്ടുന്ന സന്തോഷവും സങ്കൽപാനുഭൂതിയും വായിക്കുന്നവർക്കും വായന ഹരമായവർക്കും മാത്രം കിട്ടുന്ന അത്ഭുതകരമായ ലോകമാണ്. വായനയുടെ ലഹരി എന്തെന്ന് മറ്റൊരാൾക്ക് പറഞ്ഞും പഠിപ്പിച്ചു കൊടുക്കുക തീർത്തും അസാധ്യവുമാണ്. വായിക്കുകയല്ലാതെ ആ അനുഭൂതി നേടാൻ വേറെ വഴിയില്ല. വാമൊഴികളായി പകർത്തപ്പെട്ട കഥകളും സംഭവങ്ങളും ലിപി വന്നപ്പോൾ എഴുതപ്പെട്ടവയാവാം പിന്നീട് പുസ്തകരൂപമായി രൂപാന്തരപെട്ടത്.

ഏതു പരുക്കൻ യാഥാർഥ്യത്തെയും വായനയിലൂടെയും സർഗാത്മകതയിലൂടെയും അതിജീവിക്കാനാവും. വായിക്കുമ്പോൾ ഒരാളുടെ മനസ്സിലുണ്ടാവുന്ന ചിത്രീകണമല്ല മറ്റൊരാൾക്ക്‌ ആ പുസ്തകം നൽകുക. എന്റെയുള്ളിൽ എന്നാണ് വായന വളരെ ഗൗരവത്തോടെ സ്ഥാനം പിടിച്ചതെന്നു ഓർമ്മയില്ല. ആരെയും ഭയക്കാതെ മനുഷ്യരുടെയും കഥാപാത്രങ്ങളുടെയും ഉള്ളിലേക്ക് കയറിചെല്ലാൻ എന്നെ പഠിപ്പിച്ചത് ഞാൻ ദബ എന്ന് വിളിച്ചിരുന്ന എന്റെ ഉമ്മയുടെ സഹോദരിയാണ്.  ദബയുടെകൂടെ ഞാൻ നടന്നുതീർത്ത വഴികളും കണ്ടുകൊതിച്ച യാത്രകളും കർക്കിടകത്തിലെ ഇടിച്ചൂടുള്ള മഴകളും  ആവാം ഓരോ വായനയിലെ കഥാപാത്രങ്ങളും അനുഭവങ്ങളും മനസ്സിലേക്ക് കുടിയേറാൻ കാരണം.

അന്നത്തെ  രണ്ടുമൂന്ന് ആനുകാലികങ്ങൾ എന്റെ മേമ സ്ഥിരമായി വായിക്കുമായിരുന്നു. അതിൽ മംഗളം, മനോരമ, കന്യക തുടങ്ങിയവയും ഉണ്ട്‌. എല്ലാ ആഴ്ചയും കിട്ടുമായിരുന്ന അമ്പതു പൈസ വിലയുള്ള പുസ്തകങ്ങൾ! മേമ വായിക്കുമ്പോൾ അവരുടെ തലഭാഗത്തു കമിഴ്ന്നു കിടന്നു ഞാൻ വളരെ വേഗത്തിൽ പേജുകൾ വായിച്ചു തീർത്തു. കാരണം കുട്ടികൾക്ക് ഇത്തരം ബുക്കുകൾ വായിക്കാൻ പാടില്ലായിരുന്നത്രെ! മേമ വായിക്കുന്ന അത്രനേരംകൊണ്ടു ഞാൻ വായിച്ചു തീർത്താൽ പിന്നീട് പുസ്തകം തിരഞ്ഞു നടക്കേണ്ടല്ലോ. അതിവേഗത്തിൽ പുസ്തകം വായിക്കാനുള്ള ശീലം എന്നിൽ അങ്ങനെ പതിഞ്ഞതാവണം. അമർചിത്രകഥകളും ബാലരമയും പൂമ്പാറ്റയും മുതൽ എന്തും വായിക്കുന്ന കാലം!

എട്ടിൽ പഠിക്കുമ്പോഴാണ് ഡ്രാക്കുളയെ സ്കൂൾ ലൈബ്രറിയിൽ വെച്ചു കാണുന്നത്. യാതൊരു മുൻപരിചയവുമില്ല. ഡ്രാക്കുളയെ വിട്ടു മുന്നോട്ടു പോയി മറ്റൊരു പുസ്തകം എടുത്തെങ്കിലും ഒരു തൃപ്തി വരുന്നില്ല. വീണ്ടും മടങ്ങി ഡ്രാക്കുളയെ കയ്യിലെടുത്തു. പൊടിപിടിച്ച പുസ്തകത്തിൽ കൈ വെച്ചപ്പോൾ വിരൽപ്പാടുകൾ അതിൽ പതിഞ്ഞു! 
വീട്ടിൽ വന്നു വായന തുടങ്ങി.

ജോന്നാഥനുവേണ്ടി ബ്രേക്ക്ഫസ്റ്റ് ഉണ്ടാക്കുന്ന, അയാളുടെ കിടക്ക ഒരുക്കുന്ന അയാൾക്ക്‌  രാത്രി കുടിക്കാൻ ചൂടുവെള്ളം മഗിൽ തയ്യാറാക്കി വെക്കുന്ന റോമാനിയ കോട്ടയിലെ പ്രഭു  ആദ്യം നൽകുന്ന അതിഥിമര്യാദയുടെ പാഠങ്ങൾ പതുക്കെ പതുക്കെ മാഞ്ഞുപോയി ഒടുവിൽ ജോന്നാഥൻ ഉറങ്ങുമ്പോൾ കട്ടിലിനരികിൽ മുട്ടുകുത്തിയിരുന്ന് അയാളുടെ കഴുത്തിലേക്കു നാവ് നീട്ടി നുണയുന്ന ഭാഗമെത്തിയപ്പോൾ ഹൃദയം കിടുത്തു!!
ദൈവമേ... എന്തു പണ്ടാരമാണ് എന്റെ കയ്യിലിരിക്കുന്നത്....? വിയർത്ത കൈപ്പത്തി ഉടുപ്പിൽ തുടച്ചു തലയുയർത്തി ചുറ്റും നോക്കി.

ഡ്രാക്കുള പേടിപ്പെടുത്തുന്ന നോവൽ ആണെന്നുള്ള അറിവ് ഒട്ടും ഇല്ലായിരുന്നു!  എന്നാൽ പലർക്കും അതറിയാം. അതുകൊണ്ട് ലൈബ്രറിയിൽനിന്നും പുള്ളി  അധികം പുറത്തുപോയിട്ടില്ലായിരുന്നു എന്ന് ഞാനറിഞ്ഞില്ല. പേജുകൾ മറിയുംതോറും കിടുകിടാ ഭയം ഇഴഞ്ഞു കയറുന്നു!! അടുത്ത പേജിൽ എന്താവും എന്നറിയാനുള്ള ആകാംക്ഷ വേറെ! തലപൊക്കി നോക്കുന്നിടത്തെല്ലാം ഓരോ രൂപങ്ങൾ.... നിഴലുകൾ....! മൂത്രമൊഴിക്കാൻ ഒറ്റയ്ക്ക് പോകാൻ പേടി!

" എന്താ നീ നിന്ന് പതുങ്ങുന്നേ... " ദബ ചോദിച്ചു.
" അല്ല... അവിടെ ആരോ നിൽക്കുന്ന പോലെ.... " ഞാൻ വിക്കി.
" ആര്... " ദബ ഇരുട്ടിലേക്ക് ടോർച്ചടിച്ചു.
" കിടന്ന് ഒറങ്ങാൻ നോക്ക് പെണ്ണേ... ഓരോ പുസ്തകോം വായിച്ചു പിച്ചും പേയും പറഞ്ഞോളും"
ദബ  വാതിലടച്ചു അരികിൽ വന്നു കിടന്നു.

അയാൾ ഇരുട്ടിൽനിന്നും എഴുന്നേറ്റു വരുമോ.... ഭയം കാരണം കണ്ണടയ്ക്കാനേ പറ്റിയില്ല.

പിറ്റേന്നും സ്കൂളിൽ ഒഴിവുകിട്ടുന്ന ഓരോ മിനുട്ടും ഡ്രാക്കുള കയ്യിലുണ്ട്. പകൽ പറ്റാവുന്നത്ര വായിച്ചാൽ രാത്രി വായിക്കണ്ടല്ലോ. ഭയന്നാലും വായിച്ചേ പറ്റൂ എന്ന തള്ളൽ നൽകി  ഡ്രാക്കുള എന്നെ ചുറ്റി വരിഞ്ഞു.  അതിവിചിത്രമായ രുചിയുള്ള വീണ്ടും കഴിക്കാൻ തോന്നുന്ന എന്തോ ഒരു അസാധാരണ വിഭവം ജോന്നാഥനു ഡ്രാക്കുളപ്രഭു വിളമ്പിയ രാത്രിയിൽ എന്റെ ഉറക്കം പോയി!

ഡ്രാക്കുളയെ താഴെ വെക്കാതെ വായിച്ച ആ രാത്രിയിൽ പാതിരാവിലെപ്പോഴോ ഉറക്കം തൂങ്ങിവീണു വിളക്ക് തട്ടി മറിഞ്ഞു പായും കിടക്കയും കത്താൻ തുടങ്ങി. ഒടുവിൽ മുടി കത്തിപിടിച്ച നേരമാണ് ഞെട്ടിയുണർന്ന ദബ നിലവിളിച്ചത്. അന്നുമുതൽ ഞാൻ വായിക്കുന്ന രാത്രികളിൽ ദബ ഉറങ്ങാതെയിരിക്കുമായിരുന്നു.  അങ്ങനെ തോളൊപ്പം മുറിച്ച മുടിയുമായി  കുറേകാലം നടന്നത് നല്ലൊരോർമ്മയാണ്.

"ദബ ഉറങ്ങിക്കോ... ഞാൻ കിടന്നോളാം...."
"വേണ്ട.... നീ വായിച്ചോ... ഉറക്കം വരുമ്പോൾ കിടന്നാൽ മതി" ദബ കണ്ണുകൾ അടയ്ക്കും. പക്ഷേ ഉറങ്ങുകയില്ല.

എന്റെ വായനയ്ക്ക് കാവലിരിക്കാൻ ദബയുടെ ശേഷം മറ്റൊരാൾ ഉണ്ടായിട്ടില്ല. എന്തുമാത്രം ഞാൻ സ്നേഹിക്കപ്പെട്ട നിമിഷങ്ങളായിരുന്നു അന്നത്തെ ജീവിതം എന്നത് ഇന്നും എന്നെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പൂത്തിരികളാണ്. നമ്മൾ മറ്റൊരാൾക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന് നമ്മളെ മനസ്സിലാക്കിച്ചു ജീവിക്കുന്ന മനുഷ്യർ നമ്മുടെ മഹാഭാഗ്യമാണ്. അവർ മൺമറഞ്ഞാലും നമ്മുടെ ഹൃദയത്തിൽ ജീവിക്കും.

ഭയത്തെ മറികടക്കാൻ മനസ്സാന്നിദ്ധ്യം മാത്രം മതിയെന്ന് എന്നെ പഠിപ്പിച്ച നോവലാണ് ഡ്രാക്കുള. ആരെഴുതിയ പരിഭാഷയാണ് അന്നു  വായിച്ചതെന്നു ഓർമ്മയില്ല. പക്ഷേ ആ നോവലായിരുന്നു ഇരുട്ടിലൂടെ നടക്കാൻ എന്നെ പ്രേരിപ്പിച്ച ആദ്യനോവൽ.

ഡ്രാക്കുള പ്രഭു ഒരു രാജ്യത്തിന്റെ രാജാവായിരുന്നു എന്നും രാജ്യവും കിരീടവും നഷ്ടപ്പെട്ട പ്രഭു രാജ്യത്തിനു വേണ്ടി പടപൊരുതി ദയനീയമായി തോറ്റെന്നും ഒടുവിൽ പ്രാണനെപോലെ സ്നേഹിച്ചവളെയും ശത്രുക്കൾ കൊന്നുകളഞ്ഞെന്ന അറിവിൽ അയാൾ രക്‌തദാഹിയായ ഡ്രാക്കുളയായി ഉയിർത്തെഴുന്നേറ്റുവെന്നും വായിച്ചപ്പോൾ സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും മറ്റൊരു മുഖം കണ്ടു ഞാൻ നടുങ്ങി!
മനുഷ്യർ രാക്ഷസരാവുന്നു! അവരെ നേരിടാൻ രാജാക്കന്മാർ രക്‌തദാഹികളായ രക്ഷസ്സാവുന്നു! കൊന്നുതിന്നുന്നവർ എല്ലാ കാലത്തും വാഴുന്ന നമ്മുടെ ഭൂമി ഒരു നീലഞരമ്പായി ഡ്രാക്കുളമാർക്ക്  രക്തം കുടിക്കാൻ പാകത്തിന് ഇന്നും ഇവിടെ നിലനിൽക്കുന്നു!!

ആരെ കൊന്നു രക്തം ഊറ്റിയാലും സ്വന്തം പ്രേയസിയുടെ നീലഞരമ്പിനോട് ഡ്രാക്കുളയ്ക്ക് ആസക്തിയില്ലെന്നത് വളരെ ചിന്തിക്കേണ്ട ഒരു വിഷയമായിരുന്നു. അങ്ങനെയെങ്കിൽ രക്തരക്ഷസ്സിനു മനസ്സുണ്ടോ? ഓർമകളുണ്ടോ? സ്നേഹമെന്ന വികാരമുണ്ടോ? ഉണ്ടാവണമല്ലോ... ബ്രോം സ്റ്റോക്കറുടെ കൈവിരലുകളിൽ നിന്നും വേർപ്പെട്ടുപോയി എഴുത്തുകാരനെ നിഷ്പ്രഭമാക്കിയ കഥാപാത്രമാണ് ഡ്രാക്കുള. അങ്ങനെയെങ്കിൽ അയാൾ അസാധാരണക്കാരനായ രക്ഷസ്സാണ്.

നോവലിന്റെ അവസാനപേജുകളിൽ എവിടെയോവെച്ച്  ഞാൻ ആ പ്രഭുവുമായി പ്രണയത്തിലായി! ഭയം എന്ന വികാരം പ്രേമത്തിന് വഴി മാറി. ഏതു വലിയ പ്രേതമാണെങ്കിലും സ്വന്തം ഇണയോടു സ്നേഹമുള്ളവനാണെങ്കിൽ എന്തുപേടിക്കാൻ?? ഇരുട്ടിൽ നിന്നും എഴുന്നേറ്റുവരുന്ന അവനായി ഇരുട്ടിലേക്കു ഞാൻ കൈകൾ നീട്ടി. അവൻ വന്നപ്പോൾ നിലം തൊടാതെ  ആകാശങ്ങളിൽ  ഞങ്ങൾ നൃത്തം ചെയ്തു. എന്റെ നീലഞരമ്പുകളിലെ ഓക്സിജനെ ഞാൻ അവന് നീട്ടിയപ്പോഴെല്ലാം അവൻ വഴുതിമാറി. അരുത്... അരുത്... ഞാൻ ഡ്രാക്കുളയാണ്. ആർദ്രതയും രക്ഷസീയതയും യുദ്ധം ചെയ്യുമ്പോൾ കരഞ്ഞുകൊണ്ട് അവൻ മേഘങ്ങളിൽ അലിഞ്ഞുപോയി. ഞാൻ ഭൂമിയിലേക്ക് വേരറ്റു വീണു.

എന്റെ ഏറ്റവും ഇഷ്ടമുള്ള നോവലുകളുടെ പ്രഥമസ്ഥാനത്തു ഡ്രാക്കുളയുണ്ട്. പക്ഷേ വർഷങ്ങളോളം ഡ്രാക്കുളയെ 'വാങ്ങാനായി'  ഏതു ബുക്ക്‌സ്റ്റാളിൽ പോയിട്ടും എനിക്കവനെ കിട്ടിയില്ല. ഒടുവിൽ ഒരു പുസ്തകോത്സവത്തിൽ പ്രഭുവിനെ ഞാൻ സ്വന്തമാക്കിയെങ്കിലും ആരോ വായിക്കാൻ പുസ്തകം കൊണ്ടു പോയ കൂട്ടത്തിൽ വീണ്ടും അവൻ അപ്രത്യക്ഷനായി! ഒരു യാത്രയിൽ  എയർപോർട്ടിലെ പുസ്തകഷെൽഫിൽനിന്നും  ഒരിക്കൽക്കൂടി അവനെ ഞാൻ വില കൊടുത്തു സ്വന്തമാക്കി.  പക്ഷേ ഒരു വർഷത്തിനുള്ളിൽ അവൻ എന്റെ കൈപ്പിടിയിൽനിന്നും മുങ്ങികളഞ്ഞു!
ശെടാ.... എന്തുകൊണ്ടാണ് എന്റരികിൽ മാത്രം ഇവൻ സ്ഥിരമായി നിൽക്കാത്തത്? എനിക്ക് അൽപസ്വല്പം സങ്കടം വന്നു തുടങ്ങിയിരുന്നു. എന്തായാലും ഞാൻ നിന്നെ എട്ടിൽ പഠിക്കുമ്പോൾ മുതൽ നോട്ടമിട്ടതല്ലേ? എന്നെ ഇങ്ങനെ കബളിപ്പിക്കാമോ...

അങ്ങനെയിരിക്കെ  എന്റെ സുഹൃത്തും കോളേജ്മേറ്റുമായ ബിനുവിനെ വർഷങ്ങൾക്കുശേഷം ഈയിടെ കണ്ടുമുട്ടി. ഒരുകാലത്തു എന്നും കണ്ടിരുന്ന ഞങ്ങൾ എന്നും വിളിച്ചിരുന്ന ഞങ്ങൾ പല കാരണങ്ങളാൽ ഭൂമിയുടെ രണ്ടറ്റങ്ങളിലേക്ക് വീണുപോയിരുന്നു.

ഈയിടെയാണ് ആ സമാഗമം നടന്നത്.  ബിനു എന്നും എനിക്കായി എന്തെങ്കിലും സമ്മാനങ്ങൾ തന്നുകൊണ്ടേയിരിക്കും. സത്യത്തിൽ എനിക്കാദ്യമായി ഒരു സമ്മാനം കിട്ടിയത് ബിനുവിൽനിന്നാണ്. പണ്ടുപണ്ട് കോളേജിൽ ഞങ്ങൾ ഒരുമിച്ചു പഠിക്കുമ്പോൾ മനോഹരമായ ചിത്രങ്ങൾ എനിക്ക് ബിനു വരച്ചു അയച്ചു തരുമായിരുന്നു. എന്റെ പിറന്നാളിനും എന്റെ പ്രിയപ്പെട്ടവരുടെ പിറന്നാളിനും ബിനു സമ്മാനങ്ങളുമായി വീട്ടിൽ വരും. ഞാൻ ബിനുവിന് ഒരു സമ്മാനവും ഓർത്തുവെയ്ക്കത്തക്കതായി നൽകിയതായി ഓർമ്മയില്ല. കുറേ കാലം ആ  സ്നേഹസമ്മാനങ്ങൾ എന്നെത്തേടി വന്നിട്ടുണ്ട്. ബിനുവിന്റെ കത്തുകൾതന്നെ എനിക്കു പ്രിയപ്പെട്ടതായിരുന്നു. ഇന്നും അതേ.... ബിനുവിന്റെ കത്തുകൾ വരുമ്പോൾ പ്രിയമുള്ളൊരാൾ വന്നു എന്നെ കെട്ടിപിടിക്കുംപോലെ ഞാൻ സന്തോഷിക്കുമായിരുന്നു. ആശ്വസിക്കുമായിരുന്നു.  മാലിദ്വീപിൽ ജോലിക്കു പോയപ്പോഴാണ് ആ അണ മുറിഞ്ഞുപോയത്.

ഇപ്പോഴും ബിനു എനിക്കൊരു സമ്മാനം തന്നു. ബിനുവും അമ്മയും പോയപ്പോൾ ഞാനത് വളരെ ആവേശത്തോടെ തുറന്നു. 
അതാ....
ഡ്രാക്കുള പ്രഭു എന്റെ മുന്നിൽ പെടുന്നനെ നീണ്ടു നിവർന്ന്....

അതേ....
എന്റെ പ്രിയപ്പെട്ടവൻ കറുകറുത്ത കരിങ്കൽ കോട്ടയിൽ  രക്തവർണ്ണം മെഴുകിയ നിലവറയിൽ സ്വർണ്ണനൂലുകൾ ഇഴപാകിയ  അറയിൽ  കടവാവലുകളാൽ  നിറം മെഴുകിയ കളത്തിൽ രക്തദാഹികളായ രക്ഷസ്സുകളുടെ കാവലിൽ സ്വർണ്ണനൂലുകളാൽ പൊതിഞ്ഞ പെട്ടിയിൽ സുഷുപ്തിയിലാണ്!

      Bram Stocker
       Dracula!!

നന്ദി  ബിനു..... വീണ്ടും അവൻ എന്നെത്തേടി വരാൻ നീ നിമിത്തമായല്ലോ.

ഡ്രാക്കുള എന്ന നോവലിനു മീതെ പറക്കാൻ ഇന്നും അതുപോലെ മറ്റൊരു അപസർപ്പകകഥ  ഉണ്ടായിട്ടില്ല എന്നതും അതുപോലൊരു ഫിക്ഷൻ പിറന്നിട്ടില്ല എന്നതും അതുപോലെ യാഥാർഥ്യസങ്കല്പം ഉണ്ടായിട്ടില്ല എന്നതും ആ നോവലിനെ വേറിട്ടതാക്കുന്നു. 
വായനയെ വായനയാക്കുന്നത് നല്ല പുസ്തകങ്ങളാണ്. എല്ലാവർക്കും വായിക്കാനുള്ള അവസരവും അതുവഴി വിജയിക്കാനുള്ള സന്ദർഭങ്ങളും ഉണ്ടാവട്ടെ. വായനവാര ആശംസകൾ !
 

വായനവാര ആശംസകൾ ! : സന റുബീന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക