പ്ലസ് ടു കോഴ്സ് ചേരുന്നതിനുള്ള അപ്ലിക്കേഷൻ കൊടുത്തതിനു ശേഷം അഡ്മിഷന് വേണ്ടി കാത്തിരുന്നു. ജീവിതത്തിലെ ഇരുട്ടിനെ കീറിമുറിച്ചു ദിനരാത്രങ്ങൾ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു. ഒരു സുപ്രഭാതത്തിൽ ദൂതന്റെ രൂപത്തിൽ പോസ്റ്റ്മാനായിരുന്ന സിമിയുടെ അച്ഛൻ ഗിരീശൻ ചേട്ടൻ എന്റെ കാത്തിരുപ്പുകൾക്കു വിരാമമിട്ടു രണ്ടു സ്കൂളിലെ അഡ്മിഷൻ കാർഡ് വീട്ടിൽ എത്തിച്ചു. പിന്നീട് എന്റെ മാതാപിതാക്കളുടെ ചർച്ചാവിഷയം അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ ചേർക്കണോ അതോ ശ്രീ നാരായണ ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ ചേർക്കണോ എന്നുള്ളതായിരുന്നു. ഏതു സ്കൂളിൽ ആയിരുന്നാലും തുടർന്നുള്ള പഠനത്തെക്കുറിച്ചു ഓർത്തു ഞാൻ ആകുലപ്പെട്ടിരുന്നു. ഏറേ വൈകിയാണ് എല്ലാവരും അത്താഴം കഴിച്ചത്. ആനന്ദവല്ലിയമ്മയുടെ ആശ്വാസ വാക്കുകൾ ഒരുവശത്തു നിന്നും എനിക്ക് ലഭിച്ചിരുന്നു. അല്പനേരത്തിനുശേഷം ഞാൻ സ്വപ്നങ്ങളുടെ മെത്തയിലേക്കു കൂപ്പുകുത്താനായി മുറിയിലേക്ക് പോയി.
ശനിയാഴ്ച വൈകുന്നേരം പാടത്തു ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ബിനീഷിനു അർത്തുങ്കൽ സ്കൂളിൽ നിന്നും മാത്രമാണ് അഡ്മിഷൻ കാർഡ് വന്നുള്ളൂ എന്നറിഞ്ഞു. എന്നെ വീട്ടുകാർ ബോയ്സ് സ്കൂളിൽ ചേർക്കുന്നതിന് തീരുമാനിച്ച കാര്യം ഞാൻ അവനോടു പറഞ്ഞു. ഞങ്ങളുടെ സ്കൂൾ മാറ്റം സൗഹൃദത്തിൽ വിള്ളലുണ്ടാകുമോയെന്നൊരു ശങ്ക എന്നിൽ നിരാശ ഉണർത്തി. പക്ഷേ ഞാൻ നിന്റെ ഒരു വിളിപ്പാടകലെ ഉണ്ടാകുമെന്നൊരു ആത്മധൈര്യം നൽകി ബിനീഷ് എന്റെ മുഖത്തുപടർന്ന നിരാശയുടെ കാർമേഘങ്ങളെ ചെറിയൊരു പുചിരി കലർത്തി സിമിയുടെ കാര്യം അന്വേഷിച്ചുകൊണ്ട് മഴയായി പെയ്യ്തിറക്കി. ഓരോ സ്ത്രീയുടെയും ശരീരത്തെ ആണഹന്തയുടെ മുഷ്ക്കുകൊണ്ടു കീഴടക്കാൻ സാധിക്കുമെങ്കിലും മനസ് കണ്ടെത്തി കീഴടക്കുന്നത് ഒരു ബാലികേറാ മല തന്നെയാണ് എന്ന് ഞാൻ മനസ്സിൽ ആലോചിച്ചുകൊണ്ടു ബിനീഷിനോട് പറഞ്ഞു. അവളെ ഞാൻ പിന്നെ കണ്ടില്ല. എവിടെയാണ് അഡ്മിഷൻ കിട്ടിയെന്നോ? എവിടെ ചേരുമെന്നോ? എനിക്കറിയില്ല. എന്റെ മനസ്സ് വായിച്ചെടുത്തപോലെ ബിനീഷ് പറഞ്ഞു അല്ലേലും ഈ പെണ്ണുങ്ങളുടെ കാര്യം ഇങ്ങനെ ഒക്കെ തന്നെയാ.. അറിയേണ്ട കാര്യങ്ങൾ അവരിൽ നിന്നും നമ്മൾ ഇപ്പോഴും വൈകി മാത്രമേ കേൾക്കാറുള്ളൂ. ഞങ്ങൾ രണ്ടുപേർക്കും സ്കൂളിലെ അഡ്മിഷൻ കാർഡ് തിങ്കളാഴ്ച ദിവസത്തെ തിയതിയിലായിരുന്നു. പക്ഷേ എനിക്ക് സയൻസു ഗ്രൂപ്പിനുള്ള ഇളം പിങ്ക് നിറമുള്ള കാർഡും ബിനീഷിനു കോമേഴ്സിനുള്ള മഞ്ഞ നിറമുള്ള അഡ്മിഷൻ കാർഡായിരുന്നു വന്നിരുന്നത്. ക്രിക്കറ്റ് കളി കഴിഞ്ഞു വർത്തമാനം പറഞ്ഞിരുന്ന പാടവരമ്പത്തു ഇരുട്ടുകേറിയതോടെ ഞങ്ങൾ വീടുകളിലേക്ക് തിരിഞ്ഞു.
അച്ഛന് കടയിൽ തിരക്കുള്ളതിനാൽ അഡ്മിഷൻ എടുക്കുന്നതിനായി അമ്മയോടൊപ്പമാണ് സ്കൂളിലേക്ക് പോയിരുന്നത്. അച്ഛനെക്കാൾ കൂടുതൽ സ്വതന്ത്രവും വാത്സല്യവും അമ്മയിൽ നിന്നും എനിക്കു ലഭിച്ചിരുന്നതിനാൽ അവിടെ ചേരുന്നതിന്റെ നടപടിക്രമങ്ങൾ എല്ലാം വളരെ വേഗത്തിൽ 'അമ്മ നടത്തിയെടുത്തു. ക്ലാസ്സു തുടങ്ങുന്നതിന്റെയും യൂണിഫോമിന്റെയും മറ്റു വിവരങ്ങളും ടീച്ചർമാരിൽ നിന്നും 'അമ്മ ചോദിച്ചു മനസിലാക്കിയിരുന്നു. സയൻസ് വിഷയത്തിൽ എന്നെ ചേർത്തതു എഞ്ചിനിയറോ ഡോക്ടറോ അതോ ശാസ്ത്രഞ്ജനാക്കാനാണോ എന്ന് അമ്മയുടെ തോളിൽ കൈചേർത്തു ചോദിച്ച എനിക്ക് അമ്മയിൽ നിന്നും തഗ്ഗ് മറുപടി വീണു. നീ ആദ്യം ഈ കോഴ്സ് പഠിച്ചു ജയിച്ചിട്ടല്ലേ ബാക്കി പഠിപ്പിക്കുന്ന കാര്യത്തെക്കുറിച്ചു എനിക്ക് ചിന്തിക്കേണ്ടതുള്ളൂ. സ്കൂൾ വരാന്തയിൽ നിന്നിരുന്ന എന്റെ മുന്നിൽ ഭാവിയും വർത്തമാനവും യാഥാർഥ്യത്തിന്റെ മിന്നൽ വെളിച്ചം നൽകി കീറിമുറിക്കുന്ന മറുപടിയായിരുന്നു അമ്മയിൽ നിന്നും പൊഴിഞ്ഞു വീണത്. പ്രതിരോധാത്മകമായ മറുപടികൾ എന്നിൽ ഇല്ലായിരുന്നു. മറ്റു കുട്ടികളുടെ അഡിമിഷൻ നടപടികൾ സ്കൂളിൽ പുരോഗമിക്കുന്നുണ്ടായിരുന്നു. അല്പസമയത്തിനു ശേഷം അമ്മയും ഞാനും സ്കൂൾ ഗേറ്റിനു പുറത്തുള്ള ബസ്റ്റോപ്പിലേക്ക് നടന്നു.
ബസു വരുന്നതും കാത്തു നിൽക്കാതെ ഞങ്ങൾ സവാരികഴിഞ്ഞു തിരിച്ചു വന്ന ഓട്ടോറിക്ഷയിൽ ടൗൺ ബസ് സ്റ്റാൻഡിൽ ചെന്നിറങ്ങി. ഉച്ചവെയിലിന്റെ കാഠിന്യം ശരീരത്തിലേൽപിച്ച നിർജ്ജലീകരണത്തെ വീണ്ടെടുക്കുന്നതിന് ഞങ്ങൾ സ്റ്റാൻഡിന്റെ എതിർവശത്തെ ബ്രതേർസ് ബേക്കറിൽ കയറി. സോഡാ സർബത്തു ചോദിച്ച ഞങ്ങൾക്ക് മുന്നിലേക്ക് സെയിൽസിന്റെ ഭാഗമായിട്ടാണോ അതോ ഓർഡറെടുക്കാൻ വന്നവൻ മുതലാളിയുടെ ബന്ധത്തിലുള്ളവനാണോ എന്നറിയില്ല അവൻ ബേക്കറിയിലെ പുതിയ പാനീയമായ ഷാർജ ഷെയ്ക്കിനെ കുറിച്ച് പറഞ്ഞു വാചാലനായി. ഷെയ്ക്കിനെ നേരിട്ട് കണ്ടിട്ട് തന്നെ കാര്യം എന്ന മട്ടിൽ ഷെയിക്കിന്റെ കൂടെ ഒരു ഉഴുന്ന് വടയും ഒരു മുട്ടപപ്സും ഓർഡർ കൊടുത്തു. അഞ്ചു മിനിറ്റുകൾക്ക് ശേഷം ചിത്രപ്പണിയുള്ള പിടിയോടുകൂടിയ സർബത്തു ഗ്ലാസിൽ സ്പൂണും സ്റ്റോയും കുത്തിനിർത്തിയ ഷാർജ ഷെയ്ക്ക് സ്വർണ്ണനിറമുള്ള തളികയിൽ ഞങ്ങളുടെ മുന്നിൽ വന്നു നിന്നു. ഐസ് ക്രീമുകൾ മാത്രം രുചിച്ചിരുന്ന ഞങ്ങളുടെ നാവിന്റെ രസമുകുളങ്ങളെ പാലാഴി മഥനം നടത്തി ഉച്ചസ്ഥായിയിൽ എത്തിച്ചുകൊണ്ടു ഷാർജ ഷെയ്ക്കിന്റെ സ്വാദ് അതിശപ്പിച്ചു. കൊടുക്കണ കാശുമുതലായ സംതൃപ്‌തിയോടെ ഷാർജ ഷെയ്ക്കിനോടൊപ്പം ഞാൻ മുട്ടപപ്സും 'അമ്മ ഉഴുന്നുവടയും കുടിച്ചു തുടങ്ങി. പുതിയകാവ് അമ്പലത്തിൽ ഉത്സവകാലത്തു സീരിയൽ ബുൾബുകളാൽ അലങ്കരിച്ച ദേവി ചിത്രംപോലെ അമ്മയുടെ മുഖം പ്രകാശപൂർണമായി തിളങ്ങുന്നത് ഞാൻ കണ്ടു. വിശപ്പും ദാഹവുമകറ്റി അരൂർമുക്കത്തേക്കു പോകാൻ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെ. എസ്. ആർ. ടി. സി. ബസിനു ഞങ്ങൾ വീട്ടിലേക്കു യാത്രയായി.
വൈകിട്ട് കടയിൽ നിന്നും എത്തിയ അച്ഛന്റെ കയ്യിൽ എനിക്കു സ്കൂളിലേക്ക് ഇട്ടുകൊണ്ട് പോകുന്നതിനുള്ള പുതിയ ഡ്രെസ്സും ബാഗും നാലോ അഞ്ചോ നോട്ട്ബുക്കുകളും ഉണ്ടായിരുന്നു. ബാഗ് തുറന്നു നോക്കിയതും മറ്റൊരത്ഭുതം എന്നെ ഞെട്ടിച്ചു കളഞ്ഞു.ഏറെനാളായി വാങ്ങാൻ ആഗ്രഹിച്ചിരുന്ന നീലയും വെള്ളയും കറുപ്പ് നിറവും ചേർത്ത കേരളത്തിന്റെ തന്നെ പ്രാദേശിക ബ്രാൻഡിൽ ഇറക്കുന്ന മിലാന്റ്സിന്റെ ഷൂ. ആദ്യമായി സ്കൂളിൽ പോകുന്നവന്റെ സന്തോഷത്തിൽ ഞാൻ തയ്യാറായിരുന്നു. എൺപതു ദിവസങ്ങൾക്കു ശേഷം വീണ്ടും സ്കൂളിലേക്ക് പോകുന്നവന്റെ ജിജ്ഞാസയും ആകാംഷയും പുതിയ കൂട്ടുകാർ പുതിയ പഠ്യേതര വിഷങ്ങൾ അങ്ങനെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ട്രാക്കിനെക്കിറിച്ചു ചിന്തിച്ചു മുറിയിലേക്ക് കടന്നു. മേശപ്പുറത്തു സിനിമ മാസികയായ നാനാ ശ്രദ്ധയിൽപ്പെട്ടു. വെറുതെയൊന്നു മറിച്ചു നോക്കി. ഫുൾ സൈസിൽ നടുക്കത്തെ പേജിൽ നടി രംഭയുടെ അർദ്ധനഗ്ന ചിത്രം മിഴികൾക്കു കുളിര്മയേകുന്നതോടൊപ്പം മറ്റൊരു ചിന്തയിലേക്കുകൂടി കൂട്ടികൊണ്ടുപോയി. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു വരുന്ന വഴി ബിനീഷ് എന്റെ ബാഗിൽ തിരുകിയ മുത്തുച്ചിപ്പിയെന്ന കൊച്ചുപുസ്തകം കട്ടിലിന്റെ അടിയിൽ എവിടെയോ ഒളിപ്പിച്ചിരുന്നതിനെക്കുറിച്ചു ഓർത്തു. ചാറ്റൽ മഴയുടെ നനുത്ത ഗന്ധം ശരീത്തിലെ കുഞ്ഞു രോമങ്ങളെ ഉണർത്തി. പ്രജ്ഞയിലേക്കും ശരീരത്തിലുമൊടുന്ന രക്തപാച്ചിലിൽ ആ കൊച്ചു പുസ്തകത്തിലെ സുഭദ്രകൊച്ചമ്മയുടെ കഥ ഞാൻ വായിച്ചുതുടങ്ങി. അന്ത്യയാമങ്ങളിൽ പുതപ്പിനുള്ളിലെ കൈതാളങ്ങളോടെ ഞാൻ മയങ്ങിയിരുന്നു.
പുതുതായി ജീവിതത്തെ മാറ്റിമറിക്കുന്ന ഇടനാഴിലേക്കു കടന്നുപോകുവാനായി തയ്യാറെടുപ്പുകൾ നടത്തി. പുതു വസ്ത്രങ്ങൾ ധരിച്ചു അമ്മയിൽ നിന്നും 50 രൂപ പോക്കറ്റ് മണിയും വാങ്ങി ഗവണ്മെന്റ് ബോയ്സ് സ്കൂളിലേക്ക് എന്റെ കന്നിയങ്കത്തിന് ഞാൻ യാത്രയായി. ആലപ്പുഴയ്ക്ക് നേരിട്ട് പോകുന്ന ബസിൽ കയറി സ്കൂളിന്റെ വാതിക്കൽ ഇറങ്ങി. ഗേറ്റ് കടന്നു അകത്തേക്ക് കയറുമ്പോൾ മനസ്സിൽ പറഞ്ഞു തുടങ്ങി ഇനിയുള്ള രണ്ടു വർഷക്കാലം നിന്റെ യുദ്ധവും കുരുക്ഷേത്രവും ഇവിടെയാണ്. പലയിടങ്ങളിൽ നിന്നും വന്ന അപരിചിതരായ കുട്ടികൾ അദ്ധ്യാപകർ അങ്ങനെ എല്ലാം അന്യമായി നിലനിന്നിരുന്ന ഇടത്തിലേക്ക് ഞാൻ അദ്ധെവാസിയെപ്പോലെ കയറി ചെന്നു. വരാന്തയുടെ മുന്നിൽ കണ്ട കറുത്ത ബോഡിൽ ഓരോ വിഭാഗത്തിന്റെയും മുറി നമ്പറുകൾ രേഖപ്പെടുത്തിയിരുന്നു. സയൻസ് ബാറ്റിച്ചിന്റെ നാല്പത്തിയേഴാം നമ്പർ മുറിയിലേക്ക് ഞാൻ പതിയെ നടന്നു തുടങ്ങി.
(തുടരും.....)
Read: https://emalayalee.com/writer/278