Image

ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച, 64-ൽ 60-64)-രാജു തോമസ്

Published on 26 June, 2024
ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച, 64-ൽ 60-64)-രാജു തോമസ്

‘മതിയിക്കഥയെന്നുറച്ചു ഞാൻ *12
ഹിതമെൻ സോദരരോടു ചൊല്ലവെ,
അവരും ഒരുപോലുരച്ചതോ, *13
ദയവായ് കൂടെവരാൻ നൽക വരം.

തനതായ് വിഭജിച്ചയോദ്ധ്യയെ *14
തനയർക്കേകി സ്വതന്ത്രനായിവൻ
നൃപരേറിയ രാജസദസ്സിൽ
അറിയിച്ചൂ നവ തീരുമാനവും.

അതു കണ്ടു ദിനേശനിന്നലെ,
കഥ പോകുംവഴി കഷ്‌ടമെന്നതാൽ,
പ്രഭയറ്റു ശിരസ്സു താഴ്‌ത്തി തൻ
സഭയിൽനിന്നു മടങ്ങി ഖിന്നനായ്.

വിരവിൽ വരവായഹസ്‌പതി,
കദനം തിങ്ങിന കാലസാക്ഷിയായ്;
ഇനി ഞാണയട്ടെ സൈകതം:
ജനമെല്ലാമതു കാത്തുനിൽക്കയാം.’ *15

ശ്രീരമന്നവതാരമായി സഫല-
മെന്നാകിലും ശോകവാൻ,
ആര്യാവർത്തവുമങ്ങുചുറ്റുമിയലും
ധർമ്മത്തിനും കാരണൻ,
ആശു പോയൊടുവിൽ ലയിച്ചു നദിയിൽ;
പിമ്പേ സഹസ്രങ്ങളും
‘ജയ് ശ്രീറാ’മുരുവിട്ടു പൂകി സൽപദം--
ഹാ! മായയിൽ വൈഭവം!
ശുഭം

*12 സരയുവിൽ മുങ്ങി വിഷ്‌ണുവിൽ ലയിക്കാൻ. അതായിരുന്നു യമദേവൻ വന്നുപറഞ്ഞത്: മതി, സമയമായി, ഇനി മടങ്ങുക,
*13 അപ്പൊഴേക്കും ലക്ഷ്മണൻ സ്വർഗാരോഹണത്തിൽ ആദിശേഷനായി വൈകുണ്ഠത്തിലെത്തി ശ്രീരാമനുവേണ്ടി ഒരുങ്ങിയിരിപ്പായി. ഭരതനും ശത്രുഘ്നനും അവതാരങ്ങളായിരുന്നു എന്നാണു സങ്കല്പം--പാഞ്ചജന്യവും സുദർശനചക്രവും.
*14 കുശനും ലവനും പഴയ പഴയ അയോധ്യ,; ഭരതന്റെ മകൻ തക്ഷന്‌ തക്ഷശില, പുഷ്‌ക്കരന്‌ പുഷ്‌ക്കലാവതി; ലക്ഷ്‌മണന്റെ അംഗതന്‌ കരുവാതം, ചന്ദ്രകേതുവിന്‌ ചന്ദ്രകാന്തം; ശത്രുഘ്‌നന്റെ സുബാഹുവിന്‌ മധുര, ശത്രുഘാദിക്ക് വിദിഷ. രാമന്റെ രാജ്യം വളരെ വിസ്‌തൃതമായിക്കഴിഞ്ഞിരുന്നു.
*15 ഇത് ഒരു രാമവിചാര യജ്ഞമാണ്‌. അതിനു സഹായിച്ചിട്ടുണ്ട് കോടുത്തിട്ടുള്ള ഉത്തരഖാണ്ഡ പരാമർശങ്ങളും ഉദ്ധരണികളും എന്നു കവി കരുതട്ടെ. അടിക്കുറിപ്പുകൾ അധികമാവുന്നു എന്ന ആക്ഷേപം ഭയന്ന്, രാമകഥാന്ത്യസംബന്ധിയായ വിശദാംശങ്ങൾ അനുവാചകർ സ്വയം വായിച്ചറിഞ്ഞാലും, നമ്മൂടെ ഉത്തര രാമായണത്തിലെ ‘മഹാപ്രസ്ഥാന’വും അന്ത്യവും.


Read: https://emalayalee.com/writer/290

 

Join WhatsApp News
Raju Thomas 2024-06-28 22:31:52
Thanks. I am gratified that at least one person did care to read this poem from the beginning.
Binussi 2024-07-02 03:54:14
ഈ വർഷത്തെ ഈ മലയാളിയിൽ വന്ന ഏറ്റവും അഴകാർന്ന മികച്ച(ക്രീയേറ്റീവ് ) കവിതയാണ് ശ്രീ.രാജു തോമസ്സിന്റെ “ചിന്താവിഷ്ടനായ ശ്രീരാമൻ”എന്ന കവിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക