അറ്റ്ലാന്റ: പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഒന്നാം ഡിബേറ്റിനു ശേഷം ഡെമോക്രറ്റുകൾ ചിന്താകുഴപ്പത്തിലാണ്. തങ്ങളുടെ സ്ഥാനാർത്ഥിയും പ്രസിഡന്റുമായ ജോ ബൈഡൻ പ്രതീക്ഷക്കൊപ്പം ഉയർന്നില്ല എന്ന പൊതുവെയുള്ള നിരീക്ഷണമാണ് കാരണം. എല്ലാ മെഷിനറികളും പൂർണമായും ഉപയോഗിച്ച്, പരോക്ഷമായ പ്രോംപ്റ്റുകൾ നൽകിട്ടും ബൈഡന്റെ ശാരീരിക പരിമിതികൾ മറ നീക്കി രംഗത്ത് വന്നതായാണ് നിഷ്പക്ഷരായ കാണികൾക്കു അനുഭവപ്പെട്ടത്.
ഔപചാരികതയ്ക്കു അധിക പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിൽ എതിരാളികൾ പരസ്പരം ഹസ്തദാനം നൽകാതെ, പുഞ്ചിരിക്കുക പോലും ചെയ്യാതെ ഡിബേറ്റിനു തയ്യാറായി പോഡിയത്തിൽ നിൽക്കുന്ന കാഴ്ച ആരെയും അത്ഭുതപെടുത്തുന്നതായിരുന്നു. രണ്ടു നേതാക്കൾക്കും ഇടയിൽ ക്യാമറകൾക്ക് മുന്നിൽ പോലും പ്രദര്ശിപ്പിക്കാവുന്ന നല്ല ബന്ധം ഇല്ല എന്ന് ആദ്യ ശരീര ഭാഷകളിൽ കൂടി തന്നെ പ്രകടമായി.
പ്രതീക്ഷിച്ചതു പോലെ 2021 ജനുവരി 6 നു നടന്ന കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടോ എന്ന ചോദ്യം ആദ്യമായി തന്നെ ട്രംപിന് നേരിടേണ്ടി വന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുൻ സ്പീക്കർ നാൻസി പെലോസി ഒരു ടീവി റിപ്പോർട്ടറായ തന്റെ മകൾക്കു നൽകിയ മറുപടിയിൽ കലാപം ഒഴിവാക്കുവാൻ വേണ്ട നടപടികൾ തൻ സ്വീകരിച്ചില്ല എന്ന് സമ്മതിച്ചത് ട്രംപിന് പിടിവള്ളി ആയി. ഇത് രണ്ടു തവണ ഉദ്ധരിച്ചുതന്റെ നിലപാടായിരുന്നു ശരി എന്ന് സ്ഥാപിക്കുവാൻ ട്രംപ് ശ്രമിച്ചു.
തെക്കൻ അതിർത്തിയിൽ നിന്ന് അനധികൃതമായി കുടിയേറുന്നവർ നിയമ ലംഘകരാണ്, ഇവരെ കടന്നു വരാൻ ബൈഡൻ അനുവദിക്കുന്നത് മൂലം യഥാർത്ഥ യു എസ് പൗരന്മാരുടെ സുരക്ഷാ ഭീഷണിയിലാണ് എന്ന് ട്രംപ് പറഞ്ഞു.
തന്റെ നയങ്ങളിലൂടെ ധാരാളം തൊഴിൽ ഉണ്ടായി, കുടിയേറ്റക്കാർ അമേരിക്കയുടെ നിർമാണ പ്രവർത്തനങ്ങളിൽ വലിയ പങ്കു വഹിക്കുന്നു എന്നായിരുന്നു ബൈഡന്റെ മറുപടി. രാജ്യത്തിൻറെ കമ്മി വർധിച്ചതിനെ കുറിച്ചും ആരാണ് കൂടുതൽ തൊഴിൽ സൃഷ്ടിച്ചെന്നതിനെ കുറിച്ചും നീണ്ട വാഗ്‌വാദം നടന്നു. ഫെഡറൽ ബഡ്ജറ്റിലെ കൂടുതൽ ചെലവ് സാംക്രമിക രോഗം മൂലം ആയിരുന്നു എന്ന് ട്രംപ് വാദിച്ചു.
വിദേശ രാജ്യങ്ങൾക്കു നൽകുന്ന സഹായവും ചർച്ചയായി. ഈ സഹായങ്ങൾ സ്വീകരിച്ചു ചില റീജ്യങ്ങൾ യു എസിനെതിരെ തിരിയുകയാണെന്നു ട്രംപ് ആരോപിച്ചു. ഉക്രയിന് നൽകിയതും നല്കികൊണ്ടിരിക്കുന്നതുമായ സഹായങ്ങളെക്കുറിച്ചും ട്രംപ് വിമർശിച്ചു. താന് ആയിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് ഉക്രൈൻ റഷ്യ യുദ്ധം അവസാനിപ്പിച്ചേനെ. തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ദിവസം തന്നെ താൻ ഇത് ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
കറുത്ത വർഗക്കാർക്കു താൻ കൂടുതൽ സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും തുടർന്നും ചെയ്യുമെന്നും ബൈഡൻ പറഞ്ഞു. എന്നാൽ മറ്റു ന്യൂന പക്ഷക്കാരെ കുറിച്ച് ഒന്നും പറഞ്ഞില്ല. താൻ അധികാരത്തിൽ വന്നാൽ കറുത്ത വർഗക്കാരെയും, ഹിസ്പാനിക്കുകളെയും മറ്റെല്ലാ വർഗക്കാരെയും സഹായിക്കും എന്ന് ട്രംപ് പറഞ്ഞു.
ബൈഡൻ ട്രംപിന്റെ ഹഷ് മണി ഇടപാടിനെ കുറിച്ച് സംസാരിച്ചു. ട്രംപിന്റെ കേസുകളിലെ പ്രതികൂല വിധികൾ വർധിക്കും എന്ന് പറഞ്ഞു. ബൈഡന്റെ മകന്റെ കേസുകളെ കുറിച്ച് ട്രംപും പറഞ്ഞു. അന്വേഷണം നീട്ടികൊണ്ടു പോകുന്നത് ബൈഡന്റെ ഇടപെടൽ മൂലമാണെന്ന് ആരോപിച്ചു.
വലിയ തോതിൽ കടന്നു കയറ്റം നടക്കുന്നുണ്ടെന്നും ഇവർക്ക് പൗരത്വം നൽകി വോട്ട് നേടാൻ ബൈഡൻ ശ്രമിക്കുന്നതായും ട്രംപ് ആരോപിച്ചു.
വിലക്കയറ്റം സാധാരണക്കാരന് വലിയ പ്രശ്നമായി മാറിക്കഴിഞ്ഞു. ഇതിനെ കുറിച്ച് വലിയ ചർച്ച ഉണ്ടായില്ല. മറ്റു പ്രധാനപ്പെട്ട പ്രശ്നങ്ങളും പരാമര്ശിക്കുക ഉണ്ടായില്ല. അടുത്ത ഡിബേറ്റില് പ്രതീക്ഷ അർപ്പിക്കാം. നേരിട്ട് ആർക്കും വാഗ്‌വാദം കാണാൻ കഴിഞ്ഞില്ല എന്നത് ഒരു നല്ല കാര്യമായി ഒരു സ്ഥാനാർഥി പറഞ്ഞു. എന്നാൽ മറ്റൊരു നിബന്ധന പാലിച്ചു കണ്ടില്ല. പങ്കെടുക്കുന്നവർ പ്രോംപ്റ്റ് ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധന പലപ്പോഴും ബൈഡൻ പാലിക്കുന്നില്ല എന്നു പ്രേക്ഷകർ മനസിലാക്കി. തന്റെ ഉത്തരം ഒരു പ്രസ്താവനയിലേക്കു നീങ്ങുമ്പോൾ ബൈഡൻ ടെലി പ്രോംപ്റ്റർ നോക്കി വായിക്കുന്നതായി കാണപ്പെട്ടു.
ബൈഡന്റെ പ്രകടനത്തിൽ പാർട്ടിയിൽ പലർക്കും അഭിപ്രായ ഭിന്നത ഉണ്ട്. പലരും അഭിപ്രായം തുറന്നു പറഞ്ഞു. മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തണം എന്നാണ് ചിലർ നിർദേശിക്കുന്നത്. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിജയ സാധ്യത പലരും ചോദ്യം ചെയ്യുന്നു. കാരണം അവരുടെ ജനപ്രീതി 38 % മാത്രമാണ്. ചിലർ റോബർട്ട് എഫ് കെന്നഡിയുടെ പേര് നിർദേശിക്കുന്നു. പക്ഷെ കെന്നഡിക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. പല നയങ്ങളിലും ഭിന്നാഭിപ്രായക്കാരനുമാണ്.
മറ്റു പല പേരുകൾ പലരും മുന്നോട്ടു വച്ചിട്ടുണ്ട്. ചിലർ മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ പേര് നിർദേശിക്കുന്നു. ഇത് വരെ അവർ ഈ നിർദേശത്തോട് അനുകൂലാഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ അവരുടെ മേൽ സമ്മർദ്ദം വർധിച്ചാൽ പക്ഷെ അവർ നോമിനേഷന് സമ്മതം മൂളിയേക്കും. ഇതിനിടയിൽ അവർ ബൈഡനു വേണ്ടി പ്രചാരണം നടത്തില്ല എന്നു പരസ്യ പ്രസ്താവനയുമായി മുന്നോട്ടു വന്നു.അവർ പറയുന്ന കാരണം ജോ ബൈഡന്റെ മകൻ ഹണ്ടറിന്റെ മുൻ ഭാര്യയോട് ബൈഡൻ കുടുംബം ചെയ്ത അനീതിയാണ്. ഈ ആരോപണം ശരിയാണെന്നു ഹണ്ടറിന്റെ മുൻ ഭാര്യ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. മിഷേൽ ഇപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത് എന്ന് മാത്രം.