Image

ആന്‍ഡ്രുവിനോട് റീന കഥ തുടരുന്നു (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 25- സാംസി കൊടുമണ്‍)

Published on 30 June, 2024
ആന്‍ഡ്രുവിനോട് റീന കഥ തുടരുന്നു (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 25- സാംസി കൊടുമണ്‍)

ഞാനും ക്യുന്‍സി തോട്ടത്തിന്റെ പിന്തുടര്‍ച്ചക്കാരിയെന്ന് ലെമാറും, അങ്കിള്‍ ടോമും പറഞ്ഞിരുന്നത് ആന്‍ഡ്രു കേട്ടിരുന്നുവോ...?'ഒരു ചോദ്യചിഹ്നം മാതിരി പുരികം ഉയര്‍ത്തി നോക്കുന്ന ആന്‍ഡ്രുവിനോടായി റീന തുടര്‍ന്നു. 'ക്യുന്‍സി തോട്ടം ഒരു പ്രതീകം മാത്രമാണ്. പകരം മറ്റൊരുപേരിട്ടാലും വലിയ വ്യത്യാസം ഒന്നും ഇല്ല. എല്ലായിടവും ഒരേ പീഡനകഥകളെ കേള്‍ക്കാനുള്ളു. എന്റെ വംശവേര് ആഫ്രിക്കയില്‍ നിന്നും അടിമയായി കൊണ്ടുവന്ന ഗ്രെഗറിയില്‍ നിന്നോഅതോ അതേ പ്ലന്റേഷനിലെ റോസി എന്ന അടിമപ്പെണ്ണില്‍ നിന്നാണോ തുടങ്ങുന്നത്. ഞാന്‍ ചോദ്യം ഇങ്ങനെ ചേദിക്കുന്നതില്‍ നിങ്ങള്‍ സന്ദേഹിക്കുന്നുണ്ടാവും. സാധാരണ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം ഇല്ല. അതു സാധാരണ മനുഷ്യര്‍ക്ക്!... ഒരു അടിമ ഒരിക്കലും മനുഷ്യനായിരുന്നില്ല അവരുടെ മാനുഷികവികാരങ്ങളെ തമസ്‌കരിച്ചുകൊണ്ടേയിരുന്നു. ഒരു കാലിക്കൂട്ടത്തില്‍ മേഞ്ഞുനടക്കുന്ന പശുവിനു കുട്ടിയുണ്ടായാല്‍ അത് ഏതു വിത്തുകാളയുടേതെന്ന് ആരെങ്കിലും തിരക്കാറുണ്ടോ.അതായിരുന്നു ഒരടിമയുടെഅവസ്ഥ. അവര്‍ക്ക് അച്ഛന്റെയും അമ്മയുടെയും പാരമ്പര്യങ്ങളും, സ്‌നേഹവും കരുതലും ഒന്നും ആവശ്യമില്ല. ആരുതീരുമാനിക്കുന്നു. അവര്‍...ഉടമ!. ഒരടിമയുടെ കാലിലെ ചങ്ങലയുടെ പൂട്ട് അവരുടെ കയ്യിലായിരുന്നു. അതുപൊട്ടിച്ചെറിയാന്‍ ശ്രമിച്ചവരെ ഒക്കെ കലാപകാരികളെന്നു മുദ്രചാര്‍ത്തി, തൂക്കിലേറ്റി. അല്ലാത്തവരെ കഠിനാമായ ശാരീരിക പീഡനത്തിന് വിട്ടുകൊടുത്തു. അവര്‍ വിമതശബ്ദങ്ങളെ ഇല്ലാതാക്കി അവരുടെ അധികാരം സ്ഥാപിച്ചു. പക്ഷേ അവര്‍ക്കു മെരുക്കാന്‍ കഴിയാത്ത ചിലരെങ്കിലും ഉണ്ടായിരുന്നു. അവരെ അവര്‍ തൂക്കിലേറ്റിയെങ്കിലും അവരുടെ നാവടയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞോ...? അടിമയുടെ മോചനമുദ്രാവാക്യം അവരില്‍നിന്നാണുയര്‍ന്നത്. അതു നിലയ്ക്കാത്ത നിലവിളിയായി ഇന്നും തുടരുന്നു.

ഗ്രെഗറിയെ എന്തിനാണ് കെട്ടിത്തൂക്കിക്കൊന്നത്.... ആരെങ്കിലും ചോദിച്ചുവോ...? ആരാണു ചോദിക്കാനുള്ളത്. അന്നൊന്നും അബോളിഷ്ണിസ്റ്റുകള്‍ മുളപൊട്ടിയിരുന്നില്ല. ഒരു കാര്യം ഞാന്‍ മനസിലാക്കുന്നു; എക്കാലത്തുംനന്മയും തിന്മയും രണ്ടുചേരികളായി സമാന്തരമായി ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു. അന്യായം കണ്ടാല്‍ പ്രതികരിക്കാന്‍ കൊതിക്കുന്നവര്‍ എന്നും ഉണ്ടായിരുന്നുവെങ്കിലും, അവര്‍ എണ്ണത്തില്‍ കുറവായിരുന്നു. അവരുടെ നിരന്തരമായ വീര്‍പ്പുമുട്ടലുകളാണ് തിന്മക്കെതിരെയുള്ള കലാപങ്ങളായി വളരുന്നത്.... മിക്കപ്പോഴും അവര്‍ പരാജയപ്പെടും.... എന്നാലും ആ തീ അണയുകയില്ല. ഇതാണു ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ച പാഠം.' റീന താന്‍ പറഞ്ഞതു ശരിയല്ലെ എന്ന മട്ടില്‍ ആന്‍ഡ്രുവിനെ നോക്കി. ആന്‍ഡ്രു റീനയെ നോക്കി ഒന്നു ചിരിച്ച് രണ്ടാളും തങ്ങളുടെ ജോലിയില്‍ മുഴുകി.

റീന തന്റെ മേശപ്പുറത്തെ, സോര്‍ട്ടിങ്‌മെഷീനുകള്‍ക്ക് വിലാസങ്ങളെ തിരിച്ചറിയാന്‍ വയ്യാതെ തുപ്പുന്ന താപാലുകളുടെ ശരിയായ ഉടമസ്ഥരെതേടുന്ന ജോലിക്കിടയിലും, താന്‍ അവതരിപ്പിച്ച തത്വം ആന്‍ഡ്രു അംഗീകരിച്ചോ എന്ന ചിന്തയിലായിരുന്നു. അപ്പോള്‍ തോന്നിയ ഒരു കാര്യം പറയുമ്പോള്‍ ആ പറഞ്ഞതിന്റെ യുക്തിയെപ്പറ്റി അധികം ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ തോന്നുന്നു താന്‍ പറഞ്ഞതില്‍ കുറെയുക്തിയുണ്ടെന്ന്. സിപ്പ്‌കോടുതെറ്റിയ ഒരു ഉരുപ്പടി കയ്യില്‍ വെച്ച് തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍, വെര്‍ജീനയിലേക്കുള്ള ആ മെയില്‍ തന്റെ പൂര്‍വ്വികരുടെ നഗരത്തിലേക്കാണല്ലോ എന്ന് ചിന്തിച്ച്, സിപ്പ്‌കോഡ് ഡയറക്ടറി തപ്പി. അതു ശരിയായ വിലാസക്കാരനു കിട്ടുമെന്നുറപ്പാക്കുന്നതിനിടയില്‍, അതിലെ പേരില്‍ കണ്ണുടക്കി. റോസി ഡഗ്ലസ്... തന്റെ വംശപരമ്പരയിലെ ആരെങ്കിലും...? ആയിക്കൂടന്നില്ല. വംശപാരമ്പ്യത്തില്‍ ഒത്തിരിയേറെ കലര്‍പ്പുകള്‍ ഉണ്ട്.വെളുത്തവരും കരുത്തവരും തനിക്കു ബന്ധുക്കളായി ഉണ്ടാകാം. അമേരിയ്ക്കയുടെ എല്ലാഭാഗങ്ങളിലും അവര്‍ കാണും. വില്പനച്ചരക്കുമാത്രമായ ഒരടിമസ്ത്രീയില്‍ ഉണ്ടാകുന്ന കുട്ടികളുടെ വംശം ആര്‍ക്കറിയണം. വെളുത്തവന്റെ ആര്‍ത്തിയില്‍ ഹോമിക്കപ്പെട്ട തന്റെ പാരമ്പര്യകഥകള്‍ ചികഞ്ഞെടുക്കുന്നതെവിടെനിന്ന്. ക്യുന്‍സി തോട്ടത്തിലെ റോസിയുടെ പിന്തുടര്‍ച്ച തന്റെ രക്തത്തില്‍ ഉണ്ടെന്നു പറഞ്ഞതാര്... ലെമാറോ...?

തന്റെ രക്തിലും കലര്‍പ്പുണ്ടാകാം. പക്ഷേ റോസിയുടെ ഗര്‍ഭം ഗ്രെഗറിയില്‍നിന്നു തന്നെയല്ലെ...അല്ലാതാകാന്‍ വഴിയില്ല...? അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഗ്രെഗറി കൊല്ലപ്പെടുമായിരുന്നില്ലല്ലോ. ക്യുന്‍സിമാരുടെ കഥപറഞ്ഞതാരാ... ലെമാറായിരിക്കും. ഗ്രെഗറിയെ റോസി സ്‌നേഹിച്ചിരുന്നുവോ...? ഒരടിമയുടെ ജീവിതത്തില്‍ സ്‌നേഹമെന്നവാക്ക് ജനിച്ചിരുന്നില്ല. സ്‌നേഹത്തെക്കുറിച്ച് അവരോടാരും പറഞ്ഞിരുന്നില്ല. അവരെ ആരും സ്‌നേഹിച്ചിരുന്നുമില്ല.പക്ഷേ ആരും പറയാതെതന്നെ അവര്‍ ചിലതെല്ലാം തിരിച്ചറിയുന്നു. അവരുടെ ഉള്ളില്‍ പിറക്കുന്ന ആവി മറ്റാര്‍ക്കും അറിയില്ലല്ലോ. അവര്‍ക്ക് പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. അവര്‍ക്കു ചുറ്റും ക്രൂരതയുടെ കണ്ണുകളും, ചാട്ടാവാറുകളും ആയിരുന്നു. ആര്‍ക്കും മെരുങ്ങാത്ത ഗ്രെഗറിയെ തടവറയില്‍ നിന്നുംറോസിയുടെ കുതിരചാവടിയിലേക്ക് എന്തിനു തള്ളിവിട്ടു. അതൊരു പരീക്ഷണമായിരുന്നു. പെണ്ണിന്റെ മണമടിച്ചാല്‍ അവന്‍ മെരുങ്ങും എന്ന കണ്ടെത്തല്‍. എന്നാല്‍ ഗ്രെഗറി മെരിങ്ങിയോ...? റോസിയിലും ആര്‍ക്കും കീഴടക്കാന്‍ പറ്റാത്ത ഒരു മനസുണ്ടായിരുന്നിരിക്കണം. അതായിരിക്കാം അവരെ ഒന്നിച്ച് പൂട്ടിയത്. റോസി മെല്ല ഗ്രെഗറിയുടെ മണം പറ്റി അടുത്തപ്പോഴൊക്കെ അവന്‍ മുഖം തിരിച്ചതെയുള്ളു. പ്രകൃതിയുടെ തുറസില്‍മാത്രാമേ അവനു റോസിയില്‍ അനുരാഗം പൂത്തുള്ളു. അതങ്ങനെയാണ്. തുറസില്‍ ജീവിച്ചവര്‍ക്ക് അടച്ചുപൂട്ടുകള്‍ വിമ്മിഷ്ടപ്പൂരകളായിരുന്നു. തുറവിന്റെ ഇലച്ചാര്‍ത്തുകള്‍ കൂടപിടിച്ച അവരുടെ അനുരാഗം വലിയ അപരാധം ആയിരുന്നത്രെ. അതിന്റെ വിലയോ...ഗ്രെഗറിയുടെ മരണവും, റോസിയുടെ ഇരുകാലുകളും രണ്ടുമരങ്ങളിലായി വലിച്ചുകെട്ടി അടിയില്‍ തീകൊളുത്തി വേവിച്ചെടുക്കലും എന്ന അധിക്രൂരമായ പീഡനം. ക്യുന്‍സി മൂന്നാമന്റെ മരണം ഗ്രെഗറിയുടെ കൊലപാതകത്തെ ന്യായികരിക്കുമെങ്കില്‍, റോസിയുടെ നേരെയുള്ള ക്രൂരതയെ ഏതു കണ്ണിയില്‍ പെടുത്തും. ഇതൊക്കെ ന്യായവാദങ്ങള്‍ മാത്രം. ഒരു മനുഷ്യനായി അംഗീകരിക്കാത്ത അടിമയോട് ഉടമയ്ക്കും കിങ്കരന്മാര്‍ക്കും എങ്ങനെയും ആകാമല്ലോ.

ഇന്നും അവര്‍ അങ്ങനെ തന്നെ... അവരുടെ ഉള്ളിലെ യജമാനഭാവത്തിനു മാറ്റമില്ല. അടിമയുടെ അവകാശങ്ങള്‍ അവരെ അലോസരപ്പെടുത്തുന്നു. അവരെ എന്നു പറയുമ്പോള്‍, വെളുത്ത തൊലിയയുള്ള എല്ലാവരും എന്നു വായിക്കരുത്. തൊലിപ്പുറത്തു മാത്രം വെളുത്ത നിറമുള്ള വംശിയവെറിയന്മാര്‍ എന്നു തിരുത്തിവായിക്കണം. അവര്‍ ഭരണത്തില്‍ കരിനിയമങ്ങള്‍ കൊണ്ടുവരുന്നു. കറുത്തവന്‍ നിരന്തര ചെറുത്തുനില്‍പ്പിലൂടെ, ജീവന്‍ ബലികൊടുത്തു നേടിയ അവന്റെ അവകാശങ്ങള്‍ നിക്ഷേധിക്കാനുള്ള സ്റ്റേറ്റ്‌നിയമങ്ങള്‍ ഉണ്ടാക്കുന്നു. കറുത്തവനു വിലങ്ങു പണിതവരുടെ പിന്തുടര്‍ച്ചക്കാര്‍തന്നെയാണത്. അവര്‍ക്ക് അധികാരവും പണവും ഉണ്ട്. അവര്‍ കാലാകാലങ്ങളില്‍ പണിയുന്ന അതിര്‍വരമ്പുകളില്‍ അടിമയായിരുന്നവരുടെ ജീവിതം തളച്ചിടുന്നു. 'ജെറിമാണ്ഡര്‍' എന്നു വിളിക്കുന്ന അതിര്‍ തിരിക്കല്‍ ജിം ക്രോയുടെ മറ്റൊരു വകഭേദമാണ്. കറുത്തവരും, മറ്റുകുടിയേറ്റക്കാരും അധികമായി താമസിക്കുന്ന സ്ഥലങ്ങള്‍ സൂഷ്മമായി കണ്ടെത്തി ഒരൊ തിരഞ്ഞെടുപ്പുകാലത്തും അതിര്‍ രേഖകള്‍ മാറ്റിവരച്ച് വെളുത്തവനു ജയിക്കാനും അധികാരത്തില്‍ തുടരാനുമുള്ള തന്ത്രങ്ങള്‍ ഒരുക്കുന്നു. അത് രണ്ടു രാഷ്ടിയപാര്‍ട്ടികളും അവരവരുടെ സൗകര്യത്തിനു മാറ്റിയെഴുതുമ്പോള്‍, എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ വാക്കുകള്‍ കേള്‍ക്കാതെ പോകുന്നു. റീന തന്റെ മനോവികാരങ്ങളില്‍ ഉയര്‍ന്ന രോഷത്താല്‍ വെറുതെ ചുറ്റിനും നൊക്കി. ഒരോരുത്തരും അവരവരുടെ സ്വസ്ഥതകളിലെന്നപോലെ ജോലിയില്‍ മുഴുകിയിരിക്കുന്നു.

ആന്‍ഡ്രു തന്റെ ചിന്തകളെ തിരിച്ചറിഞ്ഞവനെപ്പോലെ നോക്കുന്നു. ആ നോട്ടത്തില്‍, 'റീന... നിന്റെ രോഷങ്ങളത്രയും ഞാന്‍ മനസ്സിലാക്കുന്നു.' എന്നു പറയുമ്പോലെ തോന്നി.ആരെങ്കിലും, ആരെയെങ്കിലുമൊക്കെ തിരിച്ചറിയുമായിരിക്കും... അടിമയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ കൊടുത്ത ജോണ്‍ ബ്രൗണിനേയും മക്കളേയും എത്ര കറുത്തവര്‍ അവന്റെ ചരിത്രത്തില്‍ കൂട്ടിവായിയ്ക്കുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ അതു നന്ദികേടാണ്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ കറുത്തവന്റെ ത്യാഗങ്ങളുടെ ചരിത്രം മാത്രമേ വായിക്കുന്നുള്ളു. കറുത്തവനു വഴിയും വെളിച്ചവും കാട്ടിത്തരുകയും അവര്‍ക്കുമുന്നോടിയായി നടക്കുകയും ചെയ്ത അബോളിഷ്ണിസ്റ്റ്കളായ വെളുത്തവരെക്കൂടി നാം പഠിക്കണം. ആന്‍ഡ്രുവാണങ്ങനെ പറഞ്ഞതെന്നു തോന്നുന്നു.

'ലെമാറിന്റെ സഹോദരന്റെ കഴുത്തില്‍ ഞെരിഞ്ഞ മുട്ടുകാല്‍ ഒരു പ്രതീകം മാത്രമാണ്. അധികാരത്തിന്റെ പ്രതീകം... ക്രമസമാധാന പാലനത്തിന്റെ ഭാഗമായി, ലഹരിമരുന്നിന്റെ അടിമയായ, സര്‍ക്കാരിന്റെ ഔദാര്യത്തില്‍ ജീവിക്കുന്ന ഒരു കറുത്തവന്റെ നേരെയുള്ള അമര്‍ഷത്തിന്റെ ഭാഗമായിരുന്നാമുട്ടുകാല്‍. ഒരു വെളുത്തവനും കറുത്തവനും ഒരേകുറ്റത്തിനു പിടിക്കപ്പെട്ടാല്‍ (അക്കൂട്ടത്തില്‍ ഇപ്പോള്‍ കുടിയേറ്റക്കാരനേയും കൂട്ടിവായിക്കണം) ഇവിടുത്തെ നീതിന്യായക്കോടതിയുടെ ന്യായവിധി രണ്ടുരീതിയിലായിരിക്കും. വെളുത്തവനു കുറഞ്ഞ ശിക്ഷയുടെ തലോടലും കറുത്തവനു കുറ്റവാസനയുള്ളവന്‍ എന്ന മുന്‍വിധിയുടെ കടുത്ത തണ്ടുവലിശിക്ഷയുമായിരിക്കും വിധിക്കുന്നത്. തണ്ടുവലിശിക്ഷ ഞാന്‍ വായിച്ച ഒരു നോവലില്‍ നിന്നും കടം എടുത്തതാണ്. വിക്ടര്‍ ഹൂഗോയുടെ പാവങ്ങള്‍ (ലെസ് മിസറബിള്‍സ് എന്ന നോവലില്‍ അക്കാലത്തെ കുറ്റവും ശിക്ഷയും എങ്ങനെയായിരുന്നു എന്നു പറയുകയാണ്. ഴാങ്ങ് വാല്‍ ഴാങ്ങ് (ആ പേര് അങ്ങനെ തന്നെയായിരിക്കില്ല ഉച്ചരിക്കുന്നത്)എന്ന കഥാപാത്രം, തന്റെ പെങ്ങളുടെ മക്കളുടെ വിശപ്പിന്റെ നിലവിളികേട്ട് മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ, അടുത്തുള്ള റൊട്ടിക്കടയില്‍ നിന്നും ഒരു റൊട്ടി മോഷ്ടിച്ചു എന്ന കുറ്റത്തിന് ജീവപരിയന്തം തണ്ടുവലിശിക്ഷക്കു വിധിക്കുകയാണ്. അന്യന്റെ മുതല്‍ കയ്യേറ്റം ചെയ്യുന്ന പണക്കാരനെ ആരും ശിക്ഷിക്കുന്നില്ല. ഇതെല്ലാ കാലങ്ങളിലും, എല്ലാ സമൂഹത്തിലും അങ്ങനെ ആയിരുന്നു. നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുകയല്ലാതെ ഇവിടെ നിലനില്‍പ്പില്ലന്നറിയണം.' 'ബ്ലാക്ക് ലൈഫ് മാറ്റേഴ്'സിന്റെ ഒരു രഹസ്യ മീറ്റിംഗില്‍ ആണ് ആന്‍ഡ്രു അതു പറഞ്ഞത്. ചരിത്രം പഠിച്ച ആന്‍ഡ്രു തന്റെ ജോലിയെക്കാള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ചരിത്രത്തില്‍ക്കൂടിയുള്ള ഇത്തരം യാത്രകളാണ്. അമേരിയ്ക്കയെക്കുറിച്ച് അയാള്‍ പറഞ്ഞത്:

'അമേരിയ്ക്കന്‍ ചരിത്രത്തെ നമുക്ക് നാലഞ്ചു കാലങ്ങളിലൂടെ കണ്ടെങ്കിലെ പൂര്‍ണ്ണമായി അവളെ അറിയാന്‍ കഴിയു.' ചുറ്റിലും ഇരുന്നവര്‍ പരസ്പരം നോക്കിയെങ്കിലും ആന്‍ഡ്രു അതു കണ്ടില്ലന്നു നടിച്ചു. 'കുടിയേറ്റങ്ങള്‍ക്കു മുമ്പുള്ള അമേരിയ്ക്കയുടെ അവകാശികള്‍ ആരായിരുന്നു. സ്വദേശികളായ ഗോത്രവര്‍ഗ്ഗക്കാര്‍. ഏകദേശം പതിനയ്യായിരം വര്‍ഷത്തെ ചരിത്രമെങ്കിലും അവകാശപ്പെടാവുന്ന അവരില്‍ പലരും കടല്‍ പലകരകളേയും വേര്‍തിരിക്കുന്നതിനുമുമ്പേ ഇവിടങ്ങളില്‍ എത്തിയവര്‍ ആയിരിക്കും. പലഭൂഖണ്ഡങ്ങളും ഒന്നായിക്കിടന്നിരുന്ന ഒരു കാലത്തെക്കുറിച്ചാണു പറയുന്നത്. അന്നുമുതലേ പല കാലങ്ങളിലൂടെ ഇവിടെ എത്തിയവര്‍ക്ക് നായാടി ജീവിക്കാന്‍ ഇഷ്ടാനുസരണം ഭൂമിയുണ്ടായിരുന്നു. അവര്‍ അമ്പുംവില്ലുമായി അവരുടെ അന്നം കണ്ടെത്തി. പിന്നെ കൃഷിയുടെ കാലം വന്നപ്പോള്‍ പലഗോത്രങ്ങളായി പിരിഞ്ഞ് തങ്ങളുടെ ഗോത്രഭരണം സ്ഥാപിച്ചിട്ടുണ്ടാകും. വളരെ സമാധാനപ്രീയരായ, നിഷ്‌ക്കളങ്കാരായ അവര്‍ ആഹാരത്തിനുവേണ്ടിയല്ലാതെ ഒന്നിനേയും കൊന്നിരുന്നില്ല. അങ്ങനെ ഉള്ളവരുടെ ഇടയിലേക്കാണ് കൊളമ്പസ് തന്റെ തോക്കുകളുമായി കപ്പലിറങ്ങിയത്.

പട്ടിന്റെ നിറക്കുപ്പായത്തില്‍ തീരത്തിറങ്ങിയ കൊളമ്പസിനെ കണ്ട ആദിവസികള്‍ ഭയന്നു നിലവിളിച്ച. തങ്ങളെ ശിക്ഷിക്കാനായി ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്നിരിക്കുന്നു എന്നവര്‍ വിലപിച്ച് കെളമ്പസിന്റെ കാലുകളില്‍ ശരണപ്പെട്ടു. പിന്നെ എല്ലാം ചരിത്രമാണ്. പലരേയും നിറമുള്ള തുണിക്കിറുകള്‍ കൊടുത്തും, ലഹരികൊടുത്തും അടിമകളാക്കി. അവരുടെ സ്ത്രീകളെ ബലാല്‍ക്കാരം ചെയ്ത് സാംക്രമിയ രോഗങ്ങളുടെ പകര്‍പ്പവകാശക്കാരാക്കി; മരണത്തിലേക്ക് ഇറക്കി. അനുസരിക്കാത്തവരെ തീയുണ്ടകളാല്‍ ചുട്ടു. ഭയന്ന ഗോത്രമൂപ്പന്മാരെപാരിതോക്ഷികങ്ങളാല്‍ തങ്ങള്‍ക്കനുകൂലമാക്കി, ഒരോ ഗോത്രങ്ങളും വരുതിയില്‍ ആയി. എന്നിട്ടും യുദ്ധങ്ങള്‍ ഉണ്ടായിരുന്നു. വെളുത്തവന്റെ കൗശലം തിരിച്ചറിഞ്ഞവര്‍ അമ്പും വില്ലും എടുത്തു. തോക്കുകള്‍ക്കു മുമ്പില്‍ അധികം നാള്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഒതുക്കപ്പെട്ടവര്‍ക്ക് ഉള്‍വലിയുകയല്ലാതെ മറ്റെന്തുമാര്‍ഗ്ഗം. ക്രമേണ അവര്‍ കൂടുതല്‍ കൂടുതല്‍ വനാന്തരങ്ങളിലേക്ക് ഒളിച്ചു. വെളുത്തവന്റെ ഔദാര്യം എന്ന പോലെ ഒക്കലോഹമയെ നേറ്റിവ് അമേരിക്കന്റെ അവകാശമായി എണ്ണി. ഇന്ന് കാലിഫോര്‍ണിയ, അരിസോണ, ഒക്കലഹോമ എന്നിവിടങ്ങളിലായി അവരുടെ എണ്ണം ചുരുങ്ങി.

കൊളമ്പസും കൂട്ടരും അവരെ ഇന്ത്യന്‍സ് എന്ന് ചാപ്പകുത്തിഅവരുടെ അസ്ഥിത്വത്തെ ഇല്ലാതാക്കി. വഴിതെറ്റിയ ഒരു കപ്പിത്താന്‍ ഒരു വംശത്തെ ഇല്ലാതാക്കി.എല്ലാ അധിനിവേശക്കാരും അങ്ങനെയാണ്. ആദ്യം തദ്ദേശ്യരുടെ വരിയുടച്ച് അവരെ ആരുമല്ലാതാക്കും. വന്നുപെട്ട സ്ഥലം ഇന്ത്യയെന്നു ധരിച്ചാണത്രേ അവരെ ഇന്ത്യന്‍സ് എന്നു വിളിച്ചത്. പിന്നീട് റെഡ്ഇന്ത്യന്‍സ് എന്നു തിരുത്തിയെങ്കിലും അപ്പോഴേക്കും അവരുടെ അടിത്തറയിളകിയിരുന്നു. ഇന്ന് വംശനാശം വന്നുകൊണ്ടിരിക്കുന്ന പലഗോത്രങ്ങളായി അവര്‍ ചിതറിപ്പാര്‍ക്കുന്നു. അമേരിയ്ക്കയില്‍ ടാക്‌സ് (കപ്പം) കൊടുക്കണ്ടാത്തവര്‍ എന്ന പ്രത്യേക ആനുകൂല്ല്യം നള്‍കി അവരെ അംഗീകരിക്കാന്‍ പിന്നിടുവന്ന സര്‍ക്കാര്‍ തയ്യാറായി എന്നത് ഇത് അവരുടെ ഭൂമിയായിരുന്നു എന്നുള്ള കുറ്റസമ്മതാമായി വായിക്കാം. ലോകചരിത്രത്തില്‍ എവിടേയും ഇത്തരം കയ്യേറ്റങ്ങളും, അടിച്ചമര്‍ത്തലുകളും കാണാം. സമാധനപരമായി ജീവിക്കുന്ന തദ്ദേശ്യരെ ഉല്‍മൂലം ചെയ്താണ് എല്ലാകുടിയേറ്റങ്ങളും സ്ഥപനവല്‍ക്കരിച്ചിരിക്കുന്നത്. കൊളമ്പസിനു പിന്നാലെ കൂട്ടമായി വന്ന കുടിയേറ്റക്കാര്‍ വെട്ടിപ്പിടിക്കലിലൂടെ ഭൂമിയുടെ അവകാശികളായി. പിന്നെ അവരുടെ പറമ്പിലേക്കുള്ള പണിയാളുകളെക്കുറിച്ചുള്ള ചിന്തയിലാണ്, ആഫ്രിക്കയില്‍ ഗോത്രങ്ങളായി പ്രകൃതിയുടെ താളത്തിനൊപ്പം ജീവിച്ചരുന്നവരുടെ നിഷ്‌ക്കളങ്കതയുടെമേല്‍ കെണിയൊരുക്കി, അവരെ വലവെച്ചുപിടിച്ച്, കപ്പലുകളുടെ കാറ്റുംവെളിച്ചവുമില്ലാത്ത അറകളിലാക്കി കച്ചോടച്ചരക്കാക്കി മാറ്റിയത്. ഒരു ജനതയോടു ചെയ്ത ആ വലിയ അന്യായത്തെ ന്യായികരിക്കാന്‍ പുതിയ ന്യായങ്ങള്‍ അന്വേഷിക്കുന്നവര്‍ അവനെ കൂടുതല്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നകാലത്തിന്റെ ഇരകളാണ് നാം ഇന്ന്.'

'ആന്‍ഡ്രു പറയുന്നതെല്ലാം ചരിത്ര സത്യങ്ങളെങ്കിലും, നിങ്ങള്‍ അതില്‍ക്കൂടി കടന്നുപോയവനല്ലല്ലോ.ഒരു കുടിയേറ്റക്കാരനെന്ന നിലയില്‍ നിങ്ങള്‍ അനുഭവിക്കുന്ന ചെറിയ വിവേചനങ്ങള്‍പ്പോലും നിങ്ങളെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്നു ഞാന്‍ അറിയുന്നു. ഗോ ബാക് ടു യുവറോണ്‍ കണ്ട്രി എന്നവര്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് വേദനിക്കുന്നു അല്ലെ... പറയുന്നവന്‍ ഇന്നലെ മാത്രം ഈ രാജ്യത്തെത്തിയവനാണ്. പക്ഷേ അവന്റെ തൊലിവെളുത്തതാണ്. അവന്‍ പെട്ടന്ന് ഇവിടുത്തെ പൊതുശരീരമായി മാറുന്നു. ഇപ്പോള്‍ ഞങ്ങളോടും അവര്‍ അങ്ങനെതന്നെ പറയുന്നു. രാജ്യവും, ഭാഷയും, സംസ്‌കാരവും നഷ്ടപ്പെട്ട്, ജീവിതകാലം മുഴുവന്‍ അല്ലെങ്കില്‍, തലമുറ തലമുറയായി വിവേചനങ്ങളിലൂടെ കടന്നു വന്ന ഞങ്ങളുടെ മനസ്സിനെ ആരെങ്കിലും കാണുന്നുണ്ടോ... എല്ലാവരും ഞങ്ങളെ കുറ്റവാളികള്‍ എന്നു തുല്യംചാര്‍ത്തുമ്പോഴും, ഞങ്ങളെ അങ്ങനെ ആക്കിയവര്‍ ആ കുറ്റം ഏറ്റെടുക്കുന്നില്ല. ഇപ്പാള്‍ പുതിയ ഒരു സമവാക്യം ഉയര്‍ന്നു വന്നിരിക്കുന്നു. ക്രിസ്ത്യന്‍ നാഷണലിസം.അതെല്ലാ ക്രിസ്ത്യാനിയേയും ഉള്‍ക്കൊള്ളിക്കുന്ന ഒരു കൂടാരമല്ലെന്നു തിരിച്ചറിയണം. ക്രിസ്ത്യാനിയായ വെളുത്തവരുടെ മാത്രം അധികാരത്തിന്‍ കീഴിലുള്ള ഒരു ഭരണ സംവിധാനത്തിന്റെ രാഷ്ടിയമാണ് അത്. ഇപ്പോള്‍ എങ്ങനെ പുതിയ മതതീവ്രരാഷ്ട്രിയം അന്തരീക്ഷത്തില്‍ അലയടിക്കാന്‍ തുടങ്ങി. അതാരേയും അലോസരപ്പെടുത്തിന്നില്ലെ...' റീന പതിഞ്ഞശബ്ദത്തില്‍ പറഞ്ഞ് എന്തൊക്കയോ മനക്ലേശത്താലെന്നപോലെ ആന്‍ഡ്രുവിനെ നോക്കി.

'റീന ഇതൊരാഗോള പ്രതിഭാസമാണെന്നെനിക്കു തോന്നുന്നു. ലോകത്തെമ്പാടും മതം തിരിച്ചുവരുകയായിരിക്കും. കാലചക്രത്തിന്റെ പ്രയാണപഥത്തിലെ പ്രതിസന്ധികള്‍. ലോകത്തിന്റെ നെറുകയില്‍, ജനാധിപത്യത്തിന്റെ മകുടവും ചൂടി, മറ്റെല്ലാരാഷ്ട്രങ്ങളേയും ചട്ടവും വരുതിയും പഠിപ്പിച്ച് ഒന്നാമിതുനില്‍ക്കുന്ന ഒരു രാജ്യത്ത് എങ്ങനെ ഇത്തരം ഒരു പ്രതിസന്ധി വന്നു. ഇത്രകാലം ഉറങ്ങിക്കിടന്ന അല്ലെങ്കില്‍ ഉറക്കം നടിച്ചു കിടന്ന മതവര്‍ഗ്ഗിയത ഇപ്പോള്‍ എങ്ങനെ തലപൊക്കി. അനുകുല കാലത്തില്‍ വിത്തുകള്‍ മുളപൊട്ടിയതാണോ...? അങ്ങനെ ആകാന്‍ വഴിയില്ല. അടിസ്ഥാന വര്‍ഗ്ഗിയത ഇവിടെ എന്നും ഉണ്ടായിരുന്നു. അതു നിറത്തില്‍ ഒളിഞ്ഞിരുന്നു. ലോകത്തില്‍ മറ്റുപലയിടത്തും മതവര്‍ഗ്ഗീയത അഴിഞ്ഞാടിയപ്പോള്‍ അമേരിയ്ക്ക മാനവികത പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക രാഷ്ടവും, ഇന്ത്യയിലെ ഹിന്ദു രാഷ്ടവാദവും പറയുന്ന അതെ മതവര്‍ഗ്ഗീയത തന്നെയല്ലെ അമേരിയ്ക്കയില്‍ ഇപ്പോള്‍ പറയുന്ന ക്രിസ്ത്യന്‍ നാഷണലിസവും. ഭാഗ്യവശാല്‍ അമേരിയ്ക്ക ഇനിയും അങ്ങെനെ അയിട്ടില്ലെങ്കിലും താമസിക്കതെ അങ്ങനെ ആകില്ലെന്നു പറയാന്‍ പറ്റുമോ.ക്രിസ്തു പഠിപ്പിച്ച നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കണമെന്ന പ്രാധാന ദൂത് അവര്‍ മനസിലാക്കിയതെങ്ങനെയെന്നാരറിഞ്ഞു. അയല്‍ക്കാരനായ നീഗ്രോയെ സ്‌നേഹിക്കാന്‍ പറഞ്ഞുവോ..., മുസ്ലീമോ, ഹിന്ദുവൊ, യെഹൂദനോ സ്‌നേഹിക്കപ്പെടെണ്ട അയല്‍ക്കാരനോ..?. സന്ദേഹിയായ വെളുത്തവനില്‍ മതവികാരം കുത്തിനിറയ്ക്കാന്‍ കാണാമറയത്ത് നവമാദ്ധ്യമങ്ങള്‍ മാത്രമല്ല, മറ്റുമതവിദ്ദ്വേഷികളായ ചാനലുകളും ശ്രമിക്കുമ്പോള്‍, ഒരു സാധാരണ വിശ്വാസി എന്തു ചെയ്യും.


'ക്യുയിനോണ്‍' ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദികളുടെ നുണപ്രചരണ വിഭാഗമാണ്. അത് എവിടെ നിന്ന് ആര് പ്രചരിപ്പിക്കുന്നു എന്നാര്‍ക്കുമറിയില്ല. പക്ഷേ അതെല്ലാവരിലേക്കും എത്തിച്ചേരുന്നു. അവരുടെ പ്രചരണം ശുദ്ധരക്ത ആര്യവംശ സിദ്ധ്വാന്താമാണ്. ഹിറ്റ്‌ലര്‍ പരീക്ഷിച്ചു തോറ്റ ആശയം. പക്ഷേ അനുകൂല സാഹചര്യത്തില്‍ അതു മുളപൊട്ടിയതായിരിക്കും. ഇപ്പോള്‍ കത്തോലിക്ക മതത്തിനുപുറമേ മറ്റെല്ലാ ക്രിസ്തീയ വിഭാഗത്തേയും ഒപ്പം കൂട്ടാന്‍ ശ്രമിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു എന്നാണെനിക്കു തോന്നുന്നത് (ഇന്ത്യയില്‍ അതു പരീക്ഷിച്ചു വിജയിച്ച സമവാക്യം. മേല്‍ജാതിയും, കീഴ്ജാതിയും, സവര്‍ണ്ണനും, അവര്‍ണ്ണനും. ഒന്നിക്കുന്ന പുതിയകാല ഹിന്ദുത്വ പ്രഹസനത്തില്‍ തിരഞ്ഞെടുപ്പുകളില്‍ മഹാഭുരിപക്ഷം നേടി)

'നയണ്‍ ഇലവണ്‍' അവര്‍ക്കു വീണുകിട്ടിയ ഒരവസരമായിരുന്നു. ട്വിന്‍ ടൗവ്വര്‍ നിലമ്പൊന്തിയപ്പോള്‍ മുസ്ലിമുകള്‍ക്കെതിരെയുള്ള ഒരു വലിയ ആയുധമാക്കി, വെളുത്ത നിറമില്ലാത്ത എല്ലാ കുടിയേറ്റക്കാര്‍ക്കും എതിരായ ഒരു ഐക്യനിരയെ വളര്‍ത്താന്‍ അതു സഹായിച്ചു. വെളുത്തവര്‍ മാത്രം ഇനി കുടിയേറ്റക്കാരായി മതി എന്നുവരെ പരസ്യമായി പറയാന്‍ ചിലരെങ്കിലും മുന്നോട്ടുവന്നു. അടിമകളും, കുടിയേറ്റക്കാരുമാണി നാടിന്റെ നട്ടെല്ലെന്നു തീച്ചറിഞ്ഞിട്ടുള്ള രാഷ്ടിയം അറിയാവുന്ന നേതാക്കന്മാരൊന്നും അതേറ്റുപറയാന്‍ തയ്യാറായില്ലെങ്കിലും അടിത്തട്ടില്‍ മുസ്ലീംങ്ങള്‍ക്കും, മറ്റുകുടിയേറ്റക്കാര്‍ക്കും എതിരായ ഒരു വികാരം വളരുന്നുണ്ടായിരുന്നു.

കുടിയേറ്റക്കാരുടെ രണ്ടാം തലമുറ സാമ്പത്തികമായും, രാഷ്ടീയമായും നടത്തിയ മുന്നേറ്റം പലരേയും അലോസരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഒപ്പംകുടിയേറ്റക്കാരുടെ തലമുറകള്‍ നിയമനിര്‍മ്മാണ സഭകളിലേക്ക് തിരഞ്ഞടുക്കപ്പെടുകയും, അധികാരം പങ്കിടുകയും ചെയ്യുന്നതിലെ അപകടം തിരിച്ചറിഞ്ഞവര്‍, (ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ അവര്‍ ഉദാഹരിക്കുന്നു.) വെളുത്ത വംശിയര്‍ അന്യം നിന്നുപോകുന്ന ഒരു കാലത്തെക്കുറിച്ചുള്ള സുവിശേഷങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങുകയും, അതുശരിയല്ലേ എന്ന ചിന്തയില്‍ വെളുത്ത വര്‍ഗ്ഗീയതയുടെ ഏകോപനം നടക്കുകയും ചെയ്തത് ഏറയും പ്രൊട്ടസ്റ്റന്റെ പാസ്റ്ററന്മാരുടെ ചര്‍ച്ചുകളുടെ അള്‍ത്താരയിലായിരുന്നു.

മുസ്ലിം വിരോധത്തില്‍ നിന്നും തുടങ്ങി, കമ്മ്യുണിസം, സോഷ്യലിസം എന്നിവ ഈ രാജ്യത്തിന്റെ മുതലാളിത്വ സമൂഹത്തെ ഇല്ലാതാക്കും എന്നും, കമ്മ്യൂണിസ്റ്റുകള്‍ ചെകുത്താന്‍ ആരാധകരാണെന്നും, അവര്‍ കുട്ടികളുടെ രക്തം കുടിക്കുന്നവരാണെന്നും, അബോര്‍ഷനുകളിലൂടെ ഭ്രൂണത്തില്‍നിന്നും എടുക്കുന്ന രക്തത്തില്‍ നിന്നുമാണ് വാക്‌സിനുകള്‍ ഉണ്ടാക്കുന്നതെന്നും, അതില്‍ മനുഷ്യനെ നിയന്ത്രിക്കാനുള്ള ചിപ്‌സുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നുമുള്ള പ്രചരണത്തില്‍, ബുദ്ധിപ്രവര്‍ത്തിക്കാത്ത നല്ലയൊരുശതമാനം ക്രിസ്ത്യാനികള്‍ തലകുത്തിവീണു. തങ്ങളുടെ കുട്ടികള്‍ക്ക് സാംക്രമിക രോഗങ്ങളില്‍ നിന്നുമുള്ള രോഗമുക്തിക്കായി കൊടുത്തുകൊണ്ടിരുന്ന വാക്‌സീനുകള്‍ വേണ്ടെന്നുവെച്ചവര്‍, അമേരിയ്ക്കയെ ഒരു നൂറുവര്‍ഷം പിന്നിലേക്കു തള്ളിയിട്ടതവര്‍ അറിയുന്നില്ല. എല്ലാമതപ്രസ്ഥാനക്കാര്‍ക്കും വേണ്ടത് അതുതന്നെയാണ്. അവരുടെ മതലിഖിതങ്ങളില്‍ കാണുന്നതിനപ്പുറത്തേക്ക് ഒരടിപോലും മുന്നോട്ടു പോകണ്ട.മൂന്നാം ലോകത്തെ എന്നും കുറ്റപ്പെടുത്തിയിരുന്നവര്‍ അതേപാതയില്‍ ഇറങ്ങിയപ്പോള്‍ സന്തോഷിച്ചവര്‍ ഏറെ... അമേരിക്കയുടെ ലോകപോലീസിങ്ങ് ഇനി നടക്കില്ലല്ലോ എന്നാണവര്‍ സന്തോഷിച്ചത്. തങ്ങളൂടെ രാജ്യത്ത് എന്തു മനുഷ്യത്വ രഹിതമായ പൗരധ്വംസനം നടത്തിയാലും ചോദിക്കാനുള്ള ധാര്‍മ്മികത ഇനി നിങ്ങള്‍ക്കില്ല എന്നവര്‍ സമാധാനിക്കുന്നു. അമേരിയ്ക്കയുടെ ജനാധിപത്യം ഒരു നൂല്പാലത്തിലൂടെയാണല്ലോ എന്നു സങ്കടപ്പെടുന്നവരുംഏറെയുണ്ട്. ചിലപ്പോള്‍ അവര്‍ ഈ ജനാധിപത്വത്തിന്റെ കാവല്‍ക്കാരായി മാറുമായിരിക്കും. കാലമാണതെല്ലാം തെളീയ്ക്കന്നത്. കൂട്ടരെ എനിക്ക് ഏറെ ആശങ്കകളുണ്ട്.'

ആന്‍ഡ്രു അല്പം വികാരഭരിതനായി എല്ലാവരേയും നോക്കി. ആള്‍ക്കൂട്ടത്തില്‍ ഇടം നഷ്ടവരെപ്പോലെയായിരുന്നു പലരുടെയും മുഖഭാവം. എന്നാല്‍ ചിലരുടെ കണ്ണുകളില്‍ പൊരുതാനുള്ള സമരവീര്യം തിളങ്ങുന്നുണ്ടായിരുന്നു. പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലാത്തവനെപ്പോലെ അയാള്‍ എല്ലാവരേയും നോക്കി ചിരിച്ചു പറഞ്ഞു; ' ഞാന്‍ ഒത്തിരിപറഞ്ഞു എങ്കിലും എത്രമാത്രം നിങ്ങള്‍ ഉള്‍ക്കൊണ്ടു എന്നെനിക്കറിയില്ല. ചിലകാര്യങ്ങള്‍ക്കൂടി എനിക്കു പറയാനുള്ളത്; മുമ്പു പറഞ്ഞതിന്റെ വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കാന്‍വേണ്ടിയാണ്. അടിസ്ഥനപരമായി ഈ ജനത ഭീരുക്കളാണ്. അതുകൊണ്ടുതന്നെ അവര്‍ തോക്കിനെ രക്ഷകനായി കരുതുന്നു. സ്വന്തം അയല്‍ക്കാരന്‍ ആരെന്നറയാത്തവര്‍ അവരെ വെറുപ്പോടെ നോക്കുകയും, സംശയിക്കുകയും ചെയ്യുന്നു. അവര്‍ കാക്കനോട്ടക്കാരാണ്. നേര്‍ക്കുനേര്‍ അവര്‍ നോക്കില്ല. പക്ഷേ അവര്‍ നമ്മുടെ ഒരോ നീക്കങ്ങളും അറിയും. അവസരം വരുമ്പോള്‍ അവര്‍ നമുക്കുനേരെ തിരിയും. പുറമ്പൂച്ചുകാര്‍ മുഖം മിനുക്കിനടക്കുമ്പോഴും അവരുടെ ഉള്ളില്‍ ഭയത്തിന്റെ വിത്തുകള്‍ നാമ്പിടുന്നു. ആ വിത്തുകള്‍ക്ക് വളം എന്നപോലെയാണ് പുത്തന്‍ ക്രിസ്ത്യന്‍ നാഷണലിസം അവരിലേക്ക് പടര്‍ന്നു കയയറിയത്.'

'അമേരിയ്ക്കന്‍ രാഷ്ടിയത്തിന്റെ ഒരു പ്രത്യേകത ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ച രാഷ്ട്രിയും ആയിരുന്നില്ല അതെന്നതായിരുന്നു. എന്നാല്‍ പുതിയ രാഷ്ട്രിയ സാഹചര്യം അമേരിക്കന്‍ രാഷ്ട്രിയത്തെ രണ്ടു ചേരികളിലാക്കി.ക്രിസ്ത്യന്‍ നാഷണലിസത്തില്‍ വിശ്വസിക്കുന്നവര്‍ ഒരേ പ്രത്യയശാസ്ത്ര രേഖയില്‍ ആയപ്പോള്‍ അവര്‍ക്ക്, ഒരു പ്രത്യയശാസ്ത്രവും ഇല്ലാത്ത, എല്ലായിടവും ലാഭം മാത്രം കൊതിക്കുന്ന ഒരു കച്ചോടക്കാരനെ നേതാവായി കിട്ടി. അയാളുടെ യോഗ്യത എന്തിനേയും, ഏതിനേയും സ്വന്തം ലാഭത്തിനുവേണ്ടി ഉപയോഗിക്കും എന്നുള്ളതാണ്. കച്ചോടത്തില്‍ തൊട്ടതെല്ലാം ലാഭമെന്ന് എല്ലാവരേയും വിശ്വസിപ്പിക്കുകയും, സ്വന്തം പേര് ഒരു ബ്രാന്റ് നെയിം എന്ന രീതിയില്‍ ഒരു വില്പനച്ചരക്കാക്കുകയും, ജീവിതത്തില്‍ നുണയല്ലാതെ സത്യം പറയില്ലെന്നു വ്രതം എടുത്തിട്ടുള്ളവനും, പല ഭാര്യമാരെ പൊറിപ്പിച്ചുപേക്ഷിച്ചവനും, പിന്നെ കാണാന്‍ കൊള്ളാവുന്ന പെണ്ണിനെയൊക്കെ പാട്ടിലാക്കുന്നതില്‍ യാതൊരു മനഃസാക്ഷിക്കൂത്തും ഇല്ലാത്ത, അധികാരവും, പണവും, പുകഴ്ച്ചയും മാത്രം മതാമായി കരുതുന്ന, പള്ളിയുടെ കവാടം തന്നെ മറന്ന ഒരുവനെ അവര്‍ നേതാവായി കണ്ടു. അവനില്‍ അവര്‍ ശരണപ്പെട്ടു. ഒരു ക്രിത്യന്‍ നേതൃത്വത്തിനുവേണ്ട എല്ലാഗുണങ്ങളും അയാളില്‍ അവര്‍ കണ്ടെത്തിയോ...? അയാളിലെ ഒരു ഗുണം എന്തും, എപ്പോഴും വിളിച്ചു പറയാന്‍ മടിയില്ല എന്നതായിരിക്കാം.

രണ്ടായിരത്തി എട്ടില്‍ എല്ലാകണക്കുകൂട്ടലുകളേയും തെറ്റിച്ച്, അടിസ്ഥാനവര്‍ഗ്ഗ, കറുത്തവംശജനായ ഒരു പ്രസിഡന്റിനെ അമേരിക്ക തിരഞ്ഞെടുത്തു. മുസ്ലിം നാമധാരിയായിരുന്നു അദ്ദേഹമെന്നതതിനൊപ്പം ഒരടിമവംശത്തില്‍ പിറന്നവനെ നാടിന്റെ സര്‍വ്വധികാരിയായി വാഴിക്കാന്‍ ക്ലാന്‍ (കുക്ക്‌ളക്ക് ക്ലാന്‍)മനോഭാവികളായ ചിലര്‍ക്കെങ്കിലും മനസനുവദിക്കുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ അവസരവാദിയായ ഇയ്യാള്‍ ശൂന്യതയില്‍ നിന്നും പൊട്ടിവീണവനെപ്പോലെ വര്‍ഗ്ഗീകവാദികളുടെ നാവും നേതാവും ആയി. റിപബ്ലിക്കന്‍ പാര്‍ട്ടി അയാളെ ചുമലിലേറ്റി, ഇറക്കിവെയ്ക്കാന്‍ കഴിയാത്ത ഒരു ഭാരമായി. എട്ടുവര്‍ഷങ്ങളിലെ വിഭാഗിക, വര്‍ഗ്ഗീയപ്രചരണത്തിനുശേഷം അയാളെ ഈ നാടിന്റെ പ്രസിഡന്റാക്കിയവര്‍ അറിയുന്നില്ല, ഈ രാജ്യത്തിനയാള്‍ ഒരു ബാദ്ധ്യതയാകുമെന്ന്.' ആന്‍ഡ്രു മറ്റെന്തോ ചിന്തകളില്‍ ഒന്നു നിര്‍ത്തിത്തുടര്‍ന്നു. 'എന്റെ ആശങ്കകള്‍ മറ്റൊന്നാണ്. കേരളത്തില്‍ നിന്നു ധാരാളം ക്രിസ്ത്യാനികള്‍ ഈ രാജ്യത്ത് കുടിയേറുകയും, ഇവിടെ മതം പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത്, മതവര്‍ഗ്ഗിയവാദികളുടെ ഒപ്പം ചേര്‍ന്നിട്ടുണ്ട്. അവരുടെ അവസ്ഥ എന്തായിരിക്കും. അവരെ ശുദ്ധരക്തവാദികള്‍ അംഗീകരിക്കുമോ...? കാലം അതു പറയുംവരെ നമുക്ക് കാക്കാം.'ആന്‍ഡ്രു തന്റെ ആശങ്കകളെ ഉള്ളിലൊതുക്കി ഇരുന്നപ്പോള്‍ റീന 'ബ്ലാക്‌ലൈഫ് മാറ്റേഴ്‌സ്' വാഷിംഗ്ടന്‍ ഡീസില്‍ നടാത്തനിരിക്കുന്ന റാലിയെക്കുറിച്ചു വിശദീകരിച്ചു.

'എന്തു വന്നാലും തളരാതെ പോരാടാന്‍ ഞങ്ങള്‍ക്കറിയാം ആന്‍ഡ്രു. ഞങ്ങള്‍ സഹനത്തിലൂടെയും സമരത്തിലൂടേയുമാണ് ഞങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തത്. അതിനൊത്തിരി ജീവന്‍ ബലികൊടുക്കേണ്ടി വന്നു ഇനിയും ഞങ്ങള്‍ തയ്യാറാണ്... ഞാന്‍ പറയുന്നത് ആയിരത്തി എണ്ണൂറ്റി അറുപത്തഞ്ചുമുതലേയുള്ള (1865) സംഘടിത സമരങ്ങള്‍ മാത്രമല്ല, ഒറ്റപ്പെട്ട ബലിദാനങ്ങളും കണക്കിലെടുക്കാതെ പോകരുത്. ഞങ്ങളുടെ എത്രയെത്ര ചേരികളും അതിലെ നിവാസികളും ബലിയായ കഥകള്‍ ചരിത്രത്തില്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകില്ല. ചരിത്രത്തില്‍ കുറിക്കാന്‍ മറന്നതൊക്കെ ഞങ്ങള്‍ തലമുറതലമുറയായി പാണന്റെ പാട്ടുകളായി പാടാറുണ്ട്. അങ്ങനെയാണു ഞങ്ങള്‍ ചരിത്രം പഠിപ്പിക്കുന്നത്.' റീന ഇരുന്നു കിതച്ചു. മീറ്റിംഗ് അവസാനിച്ചു.

Read:https://emalayalee.com/writer/119
 

Join WhatsApp News
chanakyan 2024-07-03 21:16:48
JULY 2nd Memorial day of Ponkunnam Varkey. We all forgot:"മാപ്പ് പറയാൻ വർക്കി വേറെ ജനിക്കണം" "ശോശാമ്മക്ക് ഒരു ഏനക്കേട്. അച്ചാ അച്ചനൊന്നു വന്നു നോക്കണം. ഏലിയാമ്മ പള്ളിയിൽ ചെന്നു പീലാത്തോസ് അച്ചനോട് വിഷമം പറഞ്ഞു. അതിനെന്താ ഏലിയാമ്മേ ഞാനങ്ങ് വന്നേക്കാം. അവളുടെ തലയിൽ പിടിച്ച് സങ്കീരത്തനം ഒന്നു വായിച്ചേക്കാം. മതിയച്ചോ. ആ പാവം തള്ള പള്ളിയിൽ നിന്നും വീട്ടിലേക്ക് പോയി. എന്റെ പെങ്കൊച്ചിനു എന്ത് പറ്റീയതെന്നായിരുന്നു അവരുടെ മനസ്സിൽ മുഴുവൻ. അന്തിയായപ്പോൾ വീട്ടിൽ അച്ചൻ വന്നു. അച്ചനു കഞ്ഞികൊടുത്തു... ഏലിയാമ്മ കിടക്കാൻ പോയി.. അച്ചൻ ശോശാമ്മയുടെ തലയിൽ പിടിച്ച് പ്രാർത്ഥിച്ചു. പത്തുമാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സുന്ദരൻ കൂട്ടിയെ ശോശാമ്മ പ്രസവിച്ചു. പാവം ഏലിയാമ്മ അച്ചനെ കാണാൻ ചെന്നു. അച്ചൻ പറഞ്ഞു ശോശാമ്മ ഭാഗ്യമുള്ളവളാണു. വിശുദ്ധ ഗർഭം..! സത്യത്തിൽ ഇങ്ങനെയൊക്കെ എഴുതിയിട്ടും പൊൻ‌കുന്നത്ത് വർക്കിയെ ആരും തല്ലാൻ ചെന്നില്ല... 1940കളിൽ ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യത്തിനെതിരെ എഴുതിയ ‘മന്ത്രിക്കെട്ട്, മോഡൽ’ എന്നീ കഥകൾ 1946ൽ അദ്ദേഹത്തെ ജയിലിലെത്തിച്ചു. ഇപ്പോൾ ചില ഭക്തിവാദികളും യുക്തിവാദികളുമൊക്കെ ചെയ്യുന്നതുപോലെ ആചാരപരമായി മാപ്പെഴുതിക്കൊടുത്താൽ വെറുതെ വിടാമെന്ന് സി പിയുടെ ദൂതൻ അറിയിച്ചപ്പോൾ “അതിനു വേറെ പൊൻകുന്നം വർക്കി ജനിക്കണം” എന്ന ഗർജനം ആയിരുന്നു ഇരുമ്പഴികൾക്കുള്ളിൽനിന്നും ഉണ്ടായത്. അനുഭവങ്ങളെ ആവിഷ്കരിക്കുമ്പോഴാണ് കഥയ്ക്ക് ജീവനുണ്ടാകുന്നത്. ഇടി ഒരു അനുഭവമാണ്. തീഷ്‌ണമായ ഒരു അനുഭവമാണ് "ലോക്കപ്പ് മർദ്ദനം". പൊതുനിരത്തിലെ സാധാരണക്കാർ തമ്മിലുള്ള ഇടി പോലെ അല്ല അത്. ഏതെങ്കിലും ഒരു പിസി നാറാപിള്ള ലോക്കപ്പിലിട്ടിടിക്കുമ്പോൾ ഇടികൊള്ളാമെന്നല്ലാതെ ഒരിടിപോലും തിരിച്ചുകൊടുക്കാൻ പറ്റില്ല.അങ്ങനെ ഇടികൊണ്ടാൽ എങ്ങനെയിരിക്കുമെന്ന് പൊൻകുന്നം വർക്കിക്ക് ബോധ്യമായപ്പോഴാണ് അദ്ദേഹം ഇടികൊണ്ടാൽ എങ്ങനെയിക്കുമെന്നു കഥയിൽ എഴുതാൻ തുടങ്ങിയത്. അതിനേക്കാൾ തീഷ്ണമായ ഒരനുഭവമാണ് വിശപ്പ് എന്ന് ബഷീറിന് മനസിലായപ്പോഴാണ് 'വിശപ്പ്' എന്നൊരു കഥയെഴുതിയത്, കേരളത്തിലെ പുരോഗമന സാഹിത്യത്തിൻറെ ചില പ്രധാന തിരിച്ചറിവുകൾ കൂടിയായിരുന്നു അവയെല്ലാം. ഭരണകൂട താത്പര്യങ്ങൾ സംരക്ഷിക്കുന്ന പള്ളി എന്ന അധികാരസ്ഥാപനവും, അതിന്റെ പ്രതിപുരുഷന്മാരായ പുരോഹിതവർഗത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ, ജനകീയതയുടെ സ്വരം ഉയർത്തിപ്പിടിച്ച കഥാകാരനായിരുന്നു പൊൻകുന്നം വർക്കി.കേരളീയ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ പള്ളി ചെലുത്തിയിരുന്ന ആശാസ്യമല്ലാത്ത സ്വാധീനം എത്ര രൂക്ഷമായിരുന്നുവെന്ന് ഈ കഥകൾ വെളിപ്പെടുത്തുന്നു. ഭരണകൂടത്തിനും മതങ്ങൾക്കും വിശിഷ്യാ ക്രൈസ്തവ പൗരോഹിത്യത്തിനുമെതിരെയാണ് അദ്ദേഹം പരിഹാസത്തിന്റെ ഭാഷയിൽ നിരന്തരം എഴുതിക്കൊണ്ടിരുന്നത് ‘പാളങ്കോടൻ, അന്തോണീ നീയുമച്ചനായോടാ, കുറ്റസമ്മതം’ തുടങ്ങിയ കഥകൾ ഇന്നാണ് ഇറങ്ങുന്നതെങ്കിൽ വ്രണക്കേസുകൾക്ക് ജാമ്യമെടുക്കാൻ പോലും അതിൻറെ റോയൽറ്റി തികയുമായിരുന്നില്ല. റോബിനെയും ഫ്രാങ്കോയെയുമൊക്കെ അദ്ദേഹത്തിന് അന്നേ പ്രവചിക്കാൻ കഴിഞ്ഞത് ചരിത്രത്തിനൊപ്പം നടക്കാതെ ചരിത്രത്തിന് മുൻപേ നടന്നതുകൊണ്ടുകൂടിയാണ്. അദ്ദേഹം ഏതാണ്ട് പത്തെഴുപത് വർഷം മുമ്പ് എഴുതിയ ”അന്തോനീ നീയുമച്ചനായോടാ” എന്ന കഥയിലെ ടീലർ അച്ഛന്മാർ ഇന്നും നമുക്കിടയിൽ പുനരവതരിക്കുന്നത് അതുകൊണ്ടാണ്. വൃദ്ധയായ അമ്മയുടെ അറിവോടെ മകളുടെ ജാരനായി സ്ഥിരമായി വീട്ടിൽ വരുന്ന പള്ളിലച്ചനായിരുന്നു ഫാദർ ടീലർ – ഇന്നും ഇമ്മാതിരി പാതിരിമാരിവിടെ ഉണ്ട്. മകളുടെ അടുത്തും അമ്മയുടെ അടുത്തും ഒരുപോലെ അവിഹിതം സൂക്ഷിച്ചിരുന്ന ടീലറച്ചന്മാരുടെ പ്രതിരൂപങ്ങളാണ് സാന്മാർഗിക ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള മെത്രാൻമാരും പാതിരിമാരും എന്ന് നാം കണ്ടതാണല്ലോ?. കഥ യുടെ അവസാന ഭാഗമിങ്ങനെയാണ്.-” അച്ചന് കൊടുക്കാൻ അല്പം ചൂട് പാലുമായിട്ടാണ് വൃദ്ധ കാത്തിരിക്കുന്നത്. ആ പാലിന്റ കാര്യം കൊണ്ടാണ് ഉറക്കമൊഴിഞ്ഞ് അവർ ഇരിക്കുന്നത്. അവരുടെ പശു കടിഞ്ഞൂൽ പ്രസവിച്ചു. പതിനാറ് രാത്രി കഴിയാതെ പാൽ ചൂടാക്കാൻ പാടില്ലെന്ന് അവർ വിശ്വസിക്കുന്നു. അന്നാണ് ആ പാൽ അവർ ചൂടാക്കിയത്. അത് ആദ്യം അച്ചന് കൊടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ചൂട് പോകുന്നതിന് മുമ്പ് അച്ചൻ ഒന്നിറങ്ങി വന്നിരുന്നെങ്കിൽ! കാത്ത് കാത്തിരുന്ന് അവർ ഉറക്കം തൂങ്ങിത്തുടങ്ങി. പെട്ടെന്ന് ആ കതക് തുറന്നു. പാൽപ്പാത്രവുമായി വൃദ്ധ എഴുന്നേറ്റു. അഴിഞ്ഞ തലമുടിക്കെട്ടുമായി അന്നക്കുട്ടിയും. അമ്മ അങ്ങനെ കാത്തിരിക്കുന്ന കാര്യം അവളും അറിഞ്ഞില്ല. അച്ചനും അന്നക്കുട്ടിക്കും പരിഭ്രമമായി. വൃദ്ധയ്ക്ക് സംശയം തോന്നി. കയ്യിലിരിക്കുന്ന തകരവിളക്ക് അവർ അച്ചന്റ മുഖത്തേക്കടുപ്പിച്ചു. അത്ഭുതം കൊണ്ട് വൃദ്ധ മിഴിച്ചു നിന്നു പോയി, ”അന്തോനീ, നീയുമച്ചനായോടാ” അവർ ചോദിച്ചു. അന്തോനി കുശിനിക്കാരനാണെങ്കിലും ളോഹയിട്ട് നില്കുന്നതു കൊണ്ട് ഒന്നും പറഞ്ഞു കൂടാ”. ഫ്രാങ്കോമാരെയും റോബിൻമാരെയും കോട്ടൂരാൻമാരെയും പോലുള്ള വെള്ള നൈറ്റിക്കാരെക്കുറിച്ച് പത്തെഴുപത് വർഷം മുമ്പ് മുന്നറിയിപ്പ് തന്ന വർക്കിയെ അധിക്ഷേപിച്ച കത്തോലിക്കാസഭയിലെ വൈദിക സമൂഹത്തിന്റെയും അൽമായരുടേയും കൊള്ളരുതായ്മകൾക്ക് നേരെ വിരൽ ചൂണ്ടാൻ ഇനി ഒരു പൊൻകുന്നം വർക്കി ഉണ്ടാകുമോ? ജൂലൈ 2: അന്തിമദിവസം ഉയിർക്കാനും സ്വർഗ്ഗത്തിൽ പോകാനും താത്പര്യമില്ലാതിരുന്നതിനാൽ പള്ളി സിമിത്തേരിയിൽ അടക്കാതെ വീട്ടുവളപ്പിൽ അന്ത്യവിശ്രമം കൊള്ളുന്ന പൊൻകുന്നം വർക്കി (1908 – 2004).യുടെ ഓർമ്മദിനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക