തൃശ്ശൂർ വടക്കുന്നാഥൻ ക്ഷേത്ര മൈതാനത്ത് നടുവിലാലിനു സമീപം സുഹൃത്തുമായി സംസാരിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് അഞ്ചാറു ചെറുപ്പക്കാർ ദ്രുതഗതിയിൽ നടന്നെത്തി മുഖവുരകൾ ഒന്നുമില്ലാതെ രാമനെവിടെയെന്ന് ഈ ലേഖകനോട് ചോദിച്ചത്. ഏതു രാമനെയാണ് യുവാക്കൾ ഉദ്ദേശിക്കുന്നതെന്നു ഉറപ്പുവരുത്തുവാൻ ശ്രമിച്ചപ്പോൾ, പൂരനഗരിയിലുള്ളവർക്ക് രാമനെ അറിയില്ലേയെന്നു കൊല്ലം ആനയടിയിൽ നിന്നെത്തിയവർ ആശ്ചര്യപ്പെട്ടു.
സൂപ്പർസ്റ്റാറുകളായ മോഹൻലാലിനെ ലാലേട്ടനെന്നും, മമ്മുട്ടിയെ മമ്മൂക്കയെന്നും വിളിയ്ക്കുന്നതിനേക്കാൾ സ്നേഹാദരവോടെ 'രാമൻ' എന്നു സന്ദർശകർ സംബോധന ചെയ്തത് ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ നാട്ടുകൊമ്പനും 'ഏകഛത്രാധിപതി' പട്ടവുമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയാണെന്നു മനസ്സിലായപ്പോൾ, എഴുന്നള്ളത്തുകളൊന്നും ഇല്ലാത്തതിനാൽ 'രാമൻ' വടക്കുന്നാഥൻ ക്ഷേത്രപരിസരത്തില്ലെന്നും, പത്തു കി.മീ അകലെയുള്ള പേരാമംഗലത്തെ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ വടക്കേ അങ്കണമാണ് അവൻ്റെ സ്ഥിരവാസ സ്ഥലമെന്നും അവരോട് വിശദീകരിച്ചു. തുടർന്നു തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ എത്താനുള്ള മാർഗം ആനയടിക്കാർക്ക് വ്യക്തമായി പറഞ്ഞുകൊടുത്തു അവരെ യാത്രയാക്കി.
രാമനോടുള്ള ആരാധനയുടെ ഉച്ചസ്ഥിതിയിൽ അവൻ്റെ പാപ്പാന്മാരാകാൻ പോകുന്നുവെന്ന് കത്തെഴുതിവച്ചു വീടുവിട്ടിറങ്ങി പേരാമംഗലമെത്തി ഗജവീരനെ തളയ്ക്കുന്ന തറിക്കടുത്തു രാപ്പകൽ ചുറ്റിനടന്ന മൂന്നംഗ വിദ്യാർത്ഥി സംഘത്തെ പോലീസ് അനുനയിപ്പിച്ചു തിരിച്ചയച്ചിട്ട് കാലം അധികമായില്ല.
രാമൻ പനമ്പട്ട തിന്നു ആനന്ദവാനായിരിക്കുന്നുവോ എന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പ്രാതൽ കഴിയ്ക്കുന്ന, തൊടിയിൽ കായ്ക്കുന്ന എല്ലാ വാഴക്കുലകളും പതിവായി തങ്ങളുടെ പ്രിയപ്പെട്ടവനു കൊണ്ടുവന്നു കൊടുക്കുന്ന, രാത്രിയിൽ അവനെ പതിവു കുസൃതിയിൽ കണ്ടതിനൊടുവിൽ ഉറങ്ങാൻ കിടക്കുന്ന പരിസരവാസികളാണ് അവനുള്ളതെങ്കിൽ, കരിവീരൻ്റെ അന്നന്നത്തെ വിവരങ്ങളും ഫോട്ടോകളും പങ്കുവയ്ക്കുന്ന വാട്സേപ്പ് ഗ്രൂപ്പ് അഡ്മിനായ ആറാം ക്ലാസ്സ് വിദ്യാർത്ഥിയുടെയും, പത്തര അടിയിലേറെ തലപ്പൊക്കമുള്ളവൻ്റെ പാപ്പാനാവാൻ മോഹിച്ചവരുടെയും, ഒരു നോക്കുകാണാൻ ക്ലേശങ്ങൾ സഹിച്ചു ദൂരദിക്കുകളിൽ നിന്നു വരുന്നവരുടെയും അഭിനിവേശം അളവിലേറെയെന്നു നിരൂപിക്കാനാകുമോ?
രാമൻ്റെ താരപരിവേഷം എന്തുകൊണ്ടു സിനിമാതാരങ്ങളേക്കാൾ പ്രഭാവമുള്ളതാകുന്നുവെന്നു ബോധ്യപ്പെടണമെങ്കിൽ 1964-ൽ അവൻ ബീഹാറിൽ പിറവികൊണ്ടതു മുതലുള്ള 60 വർഷത്തെ കഥകൾ വിസ്തരിക്കേണ്ടിവരും!
ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക വാണിഭമായി അറിയപ്പെടുന്ന സോൻപൂർ മേളയുടെ ആനച്ചന്തയിലാണ് 1979-ൽ ധനലക്ഷ്മി ബാങ്ക് മുൻ മാനേജർ എ.എൻ. രാമചന്ദ്ര അയ്യർ, 'മോട്ടിപ്രസാദ്' എന്ന് കച്ചവടക്കാർ വളിച്ചിരുന്ന, യുവ രാമനെ ആദ്യം കണ്ടത്. പടിഞ്ഞാറൻ ബീഹാറിലെ സ്വർണപുരത്ത് നവംബറിലെ കാർത്തിക പൂർണിമ നാളിൽ അരങ്ങേറുന്ന മഹാമേള ഒരു നിമിത്തമായി ഭവിച്ചു. രാമചന്ദ്ര അയ്യർ രാമൻ്റെ ആദ്യ ഉടമയായി. തുടർന്നു തൃശ്ശൂർ നിവാസി വെങ്കിടാദ്രിസ്വാമി രാമനെ വാങ്ങി, 'ഗണേശൻ' എന്ന് പേരിട്ടു. 1984-ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം രാമനെ സ്വന്തമാക്കി നടക്കിരുത്തിയപ്പോൾ 'തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ' എന്നു നാമകരണം ചെയ്തു. പൂരകേരള ചരിത്രത്തിൽ ഒരു ആന അധ്യായത്തിൻ്റെ തുടക്കമായിരുന്നു അത്!
രാമൻ ഗജലക്ഷണങ്ങളെല്ലാം തികഞ്ഞൊരു സുന്ദരനാന എന്നതിൽ ആർക്കും മറിച്ചൊരഭിപ്രായമില്ല. വിശാലമായ മസ്തകവും, അതിനാൽ തന്നെ വന്നുചേരുന്ന വശ്യമായ തലയെടുപ്പും, കൊഴുത്തുരുണ്ട ശരീരവും, ഹൃദ്യമായി ചലിയ്ക്കുന്ന ബൃഹത്തായ ചെവികളും, പ്രിയമുള്ളൊരു പിടിയാനയെ കോരിയെടുത്തുയർത്തി ആകാശം കാണിയ്ക്കാൻമാത്രം കരുത്തുള്ള അതിഗംഭീരമായ കൊമ്പുകളും, ഓജസ്സുള്ള ഊക്കൻ കാലുകളും, ഭൂമി തൊട്ടു ഞാണ്ടു കിടക്കുന്ന വമ്പൻ തുമ്പിക്കൈയുമുള്ള ആനയഴകൻ രാജ്യത്തൊട്ടാകെയുള്ള ആനപ്രേമികളുടെ ആവേശമായതിൽ അതിശയമുണ്ടോ!
പിന്നെ, രാമൻ്റെ ഏറെ ഗാംഭീര്യമുള്ള ആ മന്ദഗതി സമഗ്രമായ ആനച്ചന്തത്തിനു ദൃഷ്ടാന്തം. 2014 മുതൽ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ആറു കിലോമീറ്റർ നടന്നുവന്നു, വടക്കുന്നാഥൻ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുര വാതിൽ തള്ളിത്തുറന്നു പൂരവിളംബരം ചെയ്ത രാമരാജ൯ ഉത്സവപ്രേമികളുടെ ഹരമായതും, കേരള സംസ്കൃതിയിൽ അന്തർലീനമായതും ചരിത്രത്തിൻ്റെ ഭാഗം!
"താനാണ് ഭഗവതിയുടെ തങ്കത്തിടമ്പേറ്റി എഴുന്നള്ളത്തിൻ്റെ മധ്യഭാഗത്തു നിൽക്കുന്നതെന്നു തിരിച്ചറിയുന്ന വീരൻ മസ്തകമുയർത്തി ഒരു നിൽപുണ്ട്. രാജകീയ പ്രൗഢിയാണപ്പോൾ ഗജരാജകേസരിയെ കാണാൻ," നെയ്തലക്കാവ് ക്ഷേത്രത്തിൻ്റെ തട്ടകക്കാരനായ ആനന്ദ് കെ. ആട്ടോർ ആവേശം കൊണ്ടു!
"തിടമ്പിറക്കും വരെ അവന് അതേ തലപ്പൊക്കമുണ്ടായിരിയ്ക്കും. സൂര്യനമസ്കാരം ചെയ്യുമ്പോൾ നെഞ്ചും തലയും നാം ഉയർത്തുന്നതിനു സമാനമായ ഒരു ഉദ്ധാരണമാണത്. രാമൻ്റെ ശിരസ്സ് മേഘം തോടേ ഉയരുമ്പോൾ എഴുന്നള്ളത്തിൽ ഇടത്തും വലത്തുമുള്ള ആനകൾക്ക് പെട്ടെന്നു പൊക്കം കുറഞ്ഞുവോയെന്ന് നമുക്കു തോന്നിപ്പോകും," ആനപ്രേമിയായ ആനന്ദ് എടുത്തുപറഞ്ഞു.
സൂര്യനമസ്കാര സമാനമായ ഈ തല ഉയർത്തലാണ് മത്സരങ്ങളിലെല്ലാം വിജയിച്ചു ഏറ്റവും തലപ്പൊക്കമുള്ള ആനയ്ക്കുള്ള സമ്മാനങ്ങൾ നേടാൻ ഗജസാമ്രാട്ടിനെ പതിവായി തുണക്കുന്നതും. കുറ്റിയങ്കാവ് പോലെയുള്ള ക്ഷേത്രാങ്കണങ്ങളിലും, ഇത്തിത്താനം, ചെറായി, ചക്കുമശ്ശേരി മുതലായ തലപ്പൊക്ക മത്സര മേളകളിലും, വേലകളും പൂരങ്ങളും അടക്കിവാണിരുന്ന കണ്ടമ്പുള്ളി ബാലനാരായണനോടും, 'സൂര്യപുത്രൻ' മംഗലാംകുന്ന് കർണനോടും, ചെർപ്പുളശ്ശേരി രാജശേഖരനോടും, അതു പോലെ അനവധി ഉയരത്തമ്പുരാന്മാരോടും നേരിട്ട് ഏറ്റുമുട്ടിയാണ് ആനകേരളത്തിൻ്റെ അതികായനായി രാമൻ കിരീടമണിഞ്ഞത്. ഹായ്, നെറ്റിപ്പട്ടം കെട്ടിയ രാമൻ തലയുയർത്തി ഒന്നു നിന്നാൽ പോരെ, അതു തന്നെയൊരു പകൽപൂരം!
പാമ്പൂർ നിവാസി സനീഷ് പണിക്കർ രാമനെയോർക്കുന്നത് രണ്ടു ദിവസത്തെ പൂരം മൂന്നു ദിവസമാക്കി മാറ്റിയതിനു കാരണഭൂതനായ ഹീറൊ ആയാണ്. മേടമാസത്തിലെ പൂരം നാളിൽ പൂരവും, പിറ്റേന്ന് പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാരുടെ എഴുന്നള്ളത്തുകൾ ഉപചാരം ചൊല്ലി പിരിയലും. രണ്ടാം നാളിലെ ആഘോഷത്തിനു തൃശ്ശൂരുകാരുടെ പൂരമെന്നൊരു വിളിപ്പേരുമുണ്ട്.
"അതുവരെ ഒരു ചെറിയ ചടങ്ങു മാത്രമായി പൂരത്തലേന്നു നടന്നിരുന്ന വിളംബരത്തിനൊരു ഉത്സവ പ്രതിച്ഛായ ലഭിച്ചത് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ രാമൻ വടക്കുന്നാഥൻ്റെ തെക്കേ ഗോപുരവാതിൽ തള്ളിത്തുറക്കാൻ തുടങ്ങിയതോടെയാണ്. വെളുപ്പിനു തന്നെ ആയിരങ്ങളാണ് കരിസ്മാറ്റിക് കേരക്ടറായ കൊമ്പനെക്കാണാൻ നെയ്തലക്കാവിലെത്തുന്നത്. ഗജഭീമൻ നയിക്കുന്ന എഴുന്നള്ളത്തിനോപ്പം അവർ വടക്കുന്നാഥനിൽ എത്തുമ്പോഴേക്കും കുടമാറ്റഭൂമി ജനസമുദ്രമായിത്തീർന്നിട്ടുണ്ടാവും! പ്രിയപ്പെട്ടവൻ തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ദൃശ്യമൊന്നു കാണുകയാണ് പൂരപ്രേമികളുടെ ലക്ഷ്യം. രാമൻ്റെ തുമ്പിക്കൈ വാതിലിൽ തൊട്ട നിമിഷം മൈതാനമാകെ ആർപ്പുവിളികളാൽ പ്രകമ്പനം കൊള്ളും. പരശ്ശതം കേമറകൾ ഒരുമിച്ചു മിന്നും! വ്യക്തം, ഇതാണ് രാമൻ കൂട്ടിച്ചേർത്ത പുതിയ പൂരദിനം," സനീഷ് വിവരിച്ചു.
രാമനെക്കുറിച്ചു തമിഴ് നാടിൻ്റെ ഉൾഭാഗത്തുള്ളൊരു ഗ്രാമീണനു പോലും നന്നായി അറിയാമെന്നതിനു സാക്ഷ്യം വഹിക്കാൻ ആനപ്രേമിയും പൂരപ്രേമിയുമായ ആർ.രാജേഷിന് ഈയിടെ ഒരു നിയോഗമുണ്ടായി. തൃശ്ശിനാപ്പള്ളിയിലേക്കുള്ളൊരു വിനോദയാത്രക്കിടയിൽ, പാറക്കോട്ടൈ കോവിലിൽ നിന്നു പത്തറുപതു മൈൽ അകലെയുള്ള ഒറ്റപ്പെട്ടൊരു ഊരിൽ യദൃച്ഛയാ കണ്ടുമുട്ടിയ ഒരു കൃഷിക്കാരൻ, രാജേഷ് തൃശ്ശൂർ സ്വദേശിയാണെന്നറിഞ്ഞപ്പോൾ, പ്രതികരിച്ചതിൻ്റെ മലയാള പരിഭാഷയിങ്ങനെ: "നിങ്ങളുടെ നാട്ടിലല്ലേ വളരെ പ്രശസ്തനായ ഒരു ആനയുള്ളത്! 'തിരുച്ചൂർ' പൂരവും, ആ ആനയെയും അറിയാത്തവരായി ലോകത്താരുമില്ല!"
തമിഴ് നൻപൻ്റെ നേർമയുള്ള വാക്കുകൾ കേട്ടു രാജേഷിൻ്റെ ഉള്ളും പുറവും ഒരുപോലെ കുളിരുകോരിയത്രേ!
സാംസ്കാരിക തലസ്ഥാനത്ത് പതിവായി ചർച്ചചെയ്യപ്പെടുന്ന മറ്റൊരു കാര്യമാണ് ഒരാനയാൽ ഒരു ക്ഷേത്രം ഏറെ പ്രശസ്തമായിത്തീർന്നുവെന്ന യാഥാർത്ഥ്യം. പേരാമംഗലത്തോ, കൂടിയാൽ തൃശ്ശൂർ ജില്ലയിലോ മാത്രം അറിയപ്പെട്ടിരുന്നൊരു ഭഗവതി ക്ഷേത്രം ഇന്നു ലോകപ്രശസ്തമായത് രാമനാലാണ്. കീർത്തി മാത്രമല്ല, സമ്പത്തും അവൻ നേടിത്തരുന്നു. ക്ഷേത്ര വികസനം പുരോഗമിച്ചതും, മറ്റൊരാനയായ ദേവിദാസനെ വാങ്ങാനായതും രാമനെക്കൊണ്ടല്ലേ! യശസ്സിൻ്റെ പരകോടിയിലെത്തിയ ഐതിഹാസിക ഗജപ്രമുഖർ ഗുരുവായൂർ കേശവനും, പത്മനാഭനും, ചെങ്ങല്ലൂർ രംഗനാഥനും, പട്ടത്ത് ശ്രീകൃഷ്ണനും, പാമ്പാടി രാജനും, ചുള്ളിപ്പറമ്പിൽ സൂര്യനും ലഭിച്ചിട്ടില്ലാത്ത ഏക്കപ്പണമാണ് രാമനു ലഭിച്ചുകൊണ്ടിരിക്കുന്നത്. 2023-ൽ, ചാവക്കാട് മണത്തലയിലെ ശ്രീ വിശ്വനാഥ ക്ഷേത്രോത്സവത്തിന് ഒരൊറ്റ ദിവസം തിടമ്പ് എഴുന്നള്ളി നിൽക്കാൻ രാമനു ലഭിച്ച പ്രതിഫലം ആറേമുക്കാൽ ലക്ഷം രൂപയാണ്! ഇതൊരു റെക്കോർഡ്; എന്നും പ്രതീക്ഷിക്കാവുന്ന ഏക്കപ്പണമല്ല.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വടക്കുന്നാഥൻ്റെ തെക്കേ ഗോപുരവാതിൽ തള്ളിത്തുറക്കാൻ ഭാഗ്യം ലഭിച്ച കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ എറണാകുളം ശിവകുമാറിനോ, തൃശ്ശൂർ പൂരത്തിൻ്റെ പതിവു സെലബ്രിറ്റികളല്ലെങ്കിലും തലയെടുപ്പു തലവന്മാരായ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തൃക്കടവൂർ ശിവരാജുവിനോ, ചിറക്കൽ കാളിദാസനോ, പുതുപ്പള്ളി കേശവനോ ലഭിയ്ക്കുന്ന വേതനം രാമൻ്റേതുമായി താരതമ്യമില്ല. തിടമ്പേറ്റിയ രാമന് വലംകൂട്ട് നിൽക്കാനേ മംഗലാംകുന്ന് അയ്യപ്പനോ, തിരുവമ്പാടി കുട്ടിശങ്കരനോ, ശങ്കരകുളങ്ങര കേശവനോ, പൂമുള്ളി പൃഥ്വിരാജിനോ കഴിഞ്ഞിട്ടുള്ളൂ. ഇരിക്കസ്ഥാനത്തേക്കുള്ള പൊക്കം അളന്നാലും, തലപ്പൊക്കം നോക്കിയാലും, തിടമ്പിന് അർഹത എന്നും രാമനു തന്നെ!
കാഴ്ചക്കുറവും, അക്രമസ്വഭാവവും ചൂണ്ടിക്കാട്ടി തൃശ്ശൂർപൂര വിളംബരത്തിൽ നിന്നു മാറ്റി നിർത്തിയ 2023-ലും, 2024-ലും, വടക്കുന്നാഥനിലേയ്ക്കുള്ള നെയ്തലക്കാവ് ക്ഷേത്രത്തിൻ്റെ ഘടകപൂരം നയിച്ചത് രാമൻ തന്നെയാണ്. പ്രശ്നക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, അഴകും അളവും ഒത്തുചേർന്ന രാമൻ, നെന്മാറ രാമൻ എന്ന പാപ്പാൻ നയിക്കുന്ന രാമൻ, ഇന്നും നിരവധി പൂരവേദികളിലെ നിറസാന്നിധ്യം. പൂരപ്രേമികളുടെയും, ആനപ്രേമികളുടെയും, ഈ രണ്ടു ഇഷ്ടങ്ങളും അത്രയില്ലാത്തവരുടെയും ആരാധ്യൻ. സംശയമില്ലാതെ പറയാം, മലയാളമണ്ണിൽ ഇതുപോലെ മറ്റൊരവതാരമില്ല. തെച്ചിക്കോട്ടുകാവിലമ്മയാണേ സത്യം, രാമൻ ജീവിക്കുന്ന ഇതിഹാസം!