1
അമേരിക്കയിൽ കുടിയേറിപ്പാർക്കുന്ന മലയാളി വിശ്വാസികളുടെ മഹാസമ്മേളനം വരുന്നു. ‘അമേരിക്കൻ മലയാളി ബിലീവേഴ്സ് കൺവൻഷൻ’ (American Malayalee Believers’ Convention) എന്നാണ് ആ സമ്മേളനത്തിന്റെ പേര്. ചിലയാളുകൾ സ൱കര്യാർത്ഥം ‘ആമ്പക്ക്’ എന്നും വിളിക്കാറുണ്ട്. ജപ്പാനിൽ നിന്നുള്ള വലിയ ദൈവദാസനാണ് ഈയാണ്ടിൽ വചനഘോഷണം നടത്തുന്നത്. പോൾ സർദാമി എന്ന ആ മഹാനെ അടുത്ത് കാണുന്നതുതന്നെ മഹാഭാഗ്യമാണ്. മെഗാസ്പോൺസറാണെങ്കിൽ അദ്ദേഹത്തെ അടുത്ത് കാണുവാൻ അവസരമുണ്ടാകും. ചിലപ്പോൾ സംസാരിക്കുവാനും ഷേക്ക്ഹാൻഡ് ചെയ്യുവാനും അരികിൽനിന്ന് ഫോട്ടോ എടുക്കുവാനും തരപ്പെട്ടെന്ന് വരാം. അത് നിസ്സാരകാര്യമാണോ?
മെഗാസ്പോൺസർക്കും ഭാര്യയ്ക്കും കൺവൻഷൻഹാളിൽ മുമ്പന്തിയിൽ ഇരിപ്പിടങ്ങൾ സംവരണം ചെയ്തിരിക്കും. നീണ്ട ക്യൂവിൽ നിന്ന് മുഷിയേണ്ട കാര്യമില്ല. വിശിഷ്ടാതിഥികളെ അടുത്ത് കാണാം. പാട്ടും മേളവും മുമ്പിലിരുന്ന് ആസ്വദിക്കാം. യോഗത്തിൽ പങ്കെടുക്കുന്ന ഒരു ‘സാദാ’ കുടുംബത്തിന് ഭക്ഷണവും മുറിവാടകയുമായി ആയിരം ഡോളറാകും. എന്നാൽ മെഗാസ്പോൺസറാകാൻ അയ്യായിരം ഡോളർ കൊടുക്കണം. അത് ഞങ്ങൾക്ക് വലിയ തുകയാണ്. ഈയാണ്ടിൽ നാട്ടിൽ പോകാൻ സ്വരൂപിച്ചുവച്ചിരിക്കുന്ന അല്പം കാശുണ്ട്.
“അതെടുക്കാം. നാട്ടിൽ പോകുന്നത് അടുത്ത കൊല്ലത്തേയ്ക്ക് മാറ്റി വയ്ക്കാം. അപ്പനെയും അമ്മയെയും കഴിഞ്ഞ വർഷം പോയി കണ്ടതാണല്ലോ.” ഭാര്യ പറഞ്ഞു.
ഏതായാലും ഇത്തവണ മെഗാസ്പേൺസറാവുക തന്നെ. അവസരങ്ങൾ കാത്തുനില്ക്കുകയില്ല.
2
ഇത് ഡീലക്സ് റൂമാണോ? മെഗാസ്പോൺസർക്ക് ഡീലക്സ് റൂം കിട്ടുമെന്നാണല്ലോ കൺവീനർ പറഞ്ഞത്.”
ഒരു സായിപ്പുകുട്ടിയാണ് മുറിയുടെ താക്കോൽ തന്നത്. രജിസ്ട്രേഷൻ ക൱ണ്ടറിൽനിന്നും ഒരു പിച്ചളത്തുണ്ട് തന്നിട്ടുണ്ട് ഷർട്ടിൽ കുത്തിവയ്ക്കാൻ. അതിൽ മെഗാസ്പോൺസർ എന്നെഴുതിയിട്ടുണ്ട്. പിച്ചളത്തുണ്ട് ഞാൻ സായിപ്പുകുട്ടിയെ കാണിച്ചുകൊടുത്തു.
“അതൊന്നും എനിക്കറിഞ്ഞുകൂടാ. നിങ്ങളുടെ റൂം മൂന്നാം ബ്ലോക്കിലാണ്. സോറി.”
സായിപ്പുകുട്ടി ഗ൱രവഭാവത്തിൽ പറഞ്ഞു.
അരനാഴികദൂരം നടക്കണം മൂന്നാം ബ്ലോക്കിലേയ്ക്ക്. തിരക്കുള്ള റോഡ് മുറിച്ചുകടക്കാൻ പ്രയാസമാണ്.
“ഡീലക്സ് റൂം കോൺഫറൻസ് ഹാളിന് തൊട്ടടുത്താണ് എന്നാണല്ലോ കൺവീനർ പറഞ്ഞത്. ഇത് ഡീലക്സൊന്നും ആയിരിക്കാൻ വഴിയില്ല.”
ഭാര്യയുടെ മുഖത്ത് കോപവും താപവും നിഴലിച്ചു.
“ഇത്രദൂരം നടക്കാൻ ആർക്ക് കഴിയും?”
“സാരമില്ല, വ്യായാമം നല്ലതാണ്. ഡയബറ്റിസും പ്രഷറുമൊക്കെ നിയന്ത്രിക്കാൻ ഇത്രയും നടപ്പ് നല്ലതാണ്.”
“ഈ വെയിലത്തോ?”
ഭാര്യ കയർത്തു. ജൂലൈമാസം ചൂടുള്ളതാണ്.
‘ഡീലക്സ് റൂമിൽ’ ചെന്നയുടനെ ഭാര്യ ടി.വിയുടെ റിമോട്ട് കൺട്രോൾ സ്വിച്ച് ഓൺ ചെയ്തു. അത് പ്രവർത്തിക്കുന്നില്ല. ഭാര്യയുടെ മുഖം കൂടുതൽ കറത്തു.
“സാരമില്ല, ഞാൻ ലോബിയിൽ ചെന്ന് പറയാം. നമ്മളിവിടെ സ്ഥിരതാമസത്തിന് വന്നവരല്ലല്ലോ.”
എന്റെ മറുപടി അവളെ തൃപ്തിപ്പെടുത്തിയില്ല. ഈവക കാര്യങ്ങളിൽ ഞാൻ നിപുണനല്ലെന്ന് ഭാര്യ മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. അവളുടെ സഹോദരിമാരുടെ ഭർത്താക്കന്മാർ എന്നെക്കാൾ കാര്യശേഷിയുള്ളവരാണത്രേ. പണ്ടെരിക്കൽ അവളെന്നെ ‘പൂത്തക്കോട’നെന്ന് വിളിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിൽ അതിന്റെയർത്ഥം കാര്യപ്രാപ്തിയില്ലാത്തവനെന്നാണ്.
3
“ബ്രദറേ, നിങ്ങൾക്ക് ഭക്ഷണം എടുത്തുകൊണ്ട് പോകുവാൻ പറ്റുകയില്ല. സോറി.”
ഒരു പ്ലാസ്റ്റിക്ക് പ്ലേറ്റിൽ ഒരു പരിപ്പുവടയുമായി ഡൈനിംഗ് ഹാളിന് വെളിയിലേയ്ക്ക് വന്ന എന്നെ നോക്കി ദ്വാരപാലകൻ മുന്നറിയിപ്പ് നല്കി. തിളങ്ങുന്ന ഷെർവാണി ധരിച്ച ഒരു മദ്ധ്യവയസ്കനാണയാൾ. കനത്ത മീശയും മുടിയും ചായം തേച്ച് കറപ്പിച്ചിരിക്കുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഏകാംഗനാടകത്തിന് വേലുത്തമ്പിയുടെ വേഷം കെട്ടിയ ഒരു കൂട്ടുകാരനുണ്ടായിരുന്നു, കേഡിച്ചാക്കോ. ദ്വാരപാലകനായ ബ്രദർ കേഡിച്ചാക്കോയുടെ വേലുത്തമ്പിയെ അനുസ്മരിപ്പിച്ചു.
“പക്ഷേ, മെഗാസ്പോൺസർക്ക് സ്നാക്ക് റൂമിലേയ്ക്ക് എടുത്തുകൊണ്ടുപോകാമെന്ന് കൺവീനർ പറഞ്ഞിട്ടുണ്ടല്ലോ.”
ഞാൻ മെഗാസ്പോൺസറുടെ പിച്ചളത്തുണ്ട് (ബാഡ്ജ്) കോട്ടിൽ കുത്തിവച്ചിരുന്നത് വേലുത്തമ്പിയെ കാണിച്ചുകൊടുത്തു.
“ആ ഉത്തരവ് എനിക്ക് ലഭിച്ചിട്ടില്ല. ഇതാ ഫോൺ. കൺവീനറെ വിളിക്കൂ.”
വേലുത്തമ്പിദളവാ സെല്ലുലർ ഫോൺ എന്റെ നേരെ നീട്ടി. ഞാൻ വാങ്ങിയില്ല. കൂടുതൽ ആക്ഷേപം സഹിക്കാൻ മനസ്സ് വന്നില്ല.
എടുത്ത പരിപ്പുവടയുമായി ഡൈനിംഗ്ഹാളിലേയ്ക്ക് തിരിച്ചുകയറുമ്പോൾ വേലുത്തമ്പിയുടെ മുഖത്ത് പരിഹാസഛായ.
“ഇതുപോലുള്ള ‘പെറ്റി’ തട്ടിപ്പുകാരെ ഞാനെത്ര കണ്ടതാ.” വേലുത്തമ്പിയുടെ മുഖഭാവം വിളിച്ചുപറഞ്ഞു.
ഇൻസുലിൻ കുത്തിവയ്ക്കുന്ന ഡയബറ്റിക്ക് രോഗിയാണ് ഞാൻ. ഒരുപക്ഷേ അർദ്ധരാത്രിയിൽ ഹൈപ്പോഗ്ലൈസീമിയ എന്ന അസുഖം ഉണ്ടായെന്നുവരാം. രക്തത്തിൽ പഞ്സാരയുടെ അളവ് അപകടകരമായി കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയാ.
“സാരമില്ല, അടുത്തുള്ള മക്ക്ഡോണൽസ് റസ്റ്റാറന്റിൽ നിന്നും എന്തെങ്കിലും സ്നാക്ക് വാങ്ങിച്ചുവയ്ക്കാം.”
ഭാര്യ ആശ്വാസവാക്കുകൾ മൊഴിഞ്ഞു.
4
“എന്റെ പൊന്നമ്മേ, ഇത്രയും ഒരുക്കം മതി. അവിടെ യോഗം തുടങ്ങാറായി.”
അണിഞ്ഞൊരുക്കം തുടർന്നുകൊണ്ടിരുന്ന ഭാര്യയെ നോക്കി ഞാൻ പറഞ്ഞു.
“നാലുപേരുടെ മുമ്പിൽ വൃത്തിയായി ചെല്ലാൻ പഠിക്കണം. അതെങ്ങനാ?”
ഭാര്യ പ്രതികരിച്ചു.
“അതെങ്ങനാ” എന്ന സംയുക്തപദത്തിൽ എന്റെ കുടുംബചരിത്രം മുഴുവൻ പൊന്നമ്മ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്റെ വീട്ടുകാർ മോടിയായി വസ്ത്രധാരണം ചെയ്യുന്നവരല്ല എന്നാണതിനർത്ഥം.
ഞാൻ മ൱നം ഭജിച്ചു. മ൱നം പലപ്പോഴും ഗുണം ചെയ്യും.
“അല്പം താമസിച്ചാലും കുഴപ്പമില്ലല്ലോ, നമ്മുടെ സീറ്റ് അവിടെ കാണും.”
ഭാര്യയുടെ ന്യായീകരണം ശരിയാണ്. ഞാൻ മെഗാസ്പോൺസറാണ്. മെഗാസ്പോൺസറുടെ പിച്ചളത്തുണ്ട് ഞാൻ കോട്ടിൽ കുത്തിവച്ചിട്ടുണ്ട്.
മെഗാസ്പോൺസർക്കും ഭാര്യയ്ക്കും ഇരിപ്പിടങ്ങൾ സംവരണം ചെയ്തിട്ടുണ്ടാവും. അത് ആമ്പക്ക് കൺവീനറുടെ വാഗ്ദാനമാണ്. അത് തെറ്റുകയില്ല.
5
കോൺഫറൻസ് ഹാൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. സ്തുതിയും ആരാധനയും തകർക്കുകയാണ്. വിശാലമായ പ്ലാറ്റ്ഫോമിൽ ചെറുപ്പക്കാർ ആടുന്നു, പാടുന്നു, ആടിപ്പാടി തകർക്കുന്നു.
ഞാനും ഭാര്യയും ഇടനാഴിയിലൂടെ മുമ്പോട്ട് നടന്നു. ഞാൻ മെഗാസ്പോൺസറല്ലേ? എന്റെ കോട്ടിൽ മെഗാസ്പോൺസറുടെ പിച്ചളത്തുണ്ട് കുത്തിവച്ചിട്ടുണ്ട്. മെഗാസ്പോൺസർക്കും ഭാര്യയ്ക്കും ഇരിപ്പിടങ്ങൾ ഭദ്രമാണ്. ആമ്പക്ക് കൺവീനറുടെ വാഗ്ദാനമാണ്. അദ്ദേഹത്തിന്റെ വാഗ്ദാനം തെറ്റുകയില്ല.
മുമ്പിൽ കസേരകളെല്ലാം നിറഞ്ഞിരിക്കുന്നു. മെഗാസ്പോൺസറുടെ പേരെഴുതിയ കസേരയൊന്നുമില്ല. ഞങ്ങൾ പരതുന്നതുകണ്ട് ഒരു വോളണ്ടിയർ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. അയാളുടെ തിളങ്ങുന്ന കോട്ടിൽ വലിയ വൃത്താകൃതിയിലുള്ള ബാഡ്ജുണ്ട്; ചുവപ്പും നീലയും വെള്ളയുമുള്ള ബാഡ്ജ്. വാലുപോലെ രണ്ട് നാടകൾ ബാഡ്ജിൽ തുന്നിച്ചേർത്തിട്ടുണ്ട്. അയാൾ വന്ന് പ്രകടമായ ഈർഷ്യയോടെ പറഞ്ഞു.
“മുമ്പിലൊന്നും സീറ്റില്ല. അവിടെ പിറകിലെങ്ങാനും സ്ഥലമുണ്ടോയെന്ന് നോക്ക്.”
മുഖത്തെ ജാള്യത പുറത്ത് കാണിക്കാതെ ഞാനും ഭാര്യയും നേരെ ‘യു ടേൺ’ എടുത്ത് തിരിഞ്ഞുനടന്നു.
പെട്ടെന്ന് സഹോദരിമാരുടെ ഭാഗത്തുനിന്നും ഒരു കൈ ഉയർന്നു. അത് വത്സമ്മയുടെ കൈയാണ്. അവൾ ജ്യേഷ്ഠത്തിക്കുവേണ്ടി ഒരു സീറ്റ് സംഘടിപ്പിച്ചുകഴിഞ്ഞു. വത്സമ്മ കാര്യശേഷിയുള്ളവളാണ്. അവൾ പണ്ടേ അങ്ങനെയാണ്. കുടുംബാംഗങ്ങൾക്ക് വേണ്ടി കരുതുന്നവളാണ്.
എവിടെയെങ്കിലും ഒരു സീറ്റിനുവേണ്ടി ഞാൻ ഹാളിന്റെ പിറകിലേയ്ക്ക് നടന്നു. എല്ലാ വരികളും നിറഞ്ഞ് കഴിഞ്ഞിരിക്കുന്നു. ചില സഹോദരന്മാർ ഈർഷ്യയോടെ നോക്കുന്നത് കണ്ടു, സ്തുതിയും ആരാധനയും പൊടിപൊടിക്കുമ്പോൾ ശല്യമുണ്ടാക്കുന്ന ഈ പുങ്കൻ ആരെന്ന മട്ടിൽ.
പെട്ടെന്ന് തണ്ടും തടിയുമുള്ള ഒരു സായ്പ്കുട്ടി എന്റെ അടുത്തേയ്ക്ക് വന്നു. അയാൾ സെക്യൂരിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് അയാളുടെ വേഷത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി. ധാർഷ്ഠ്യത്തോടെ അയാൾ എന്നെ നോക്കി പറഞ്ഞു.
“സർ, നിങ്ങൾ പുറത്തേയ്ക്ക് പോകണം. ഹാളിൽ സീറ്റില്ല. മൂവായിരം ആളുകൾക്ക് ഇരിക്കാവുന്ന ഹാളിൽ മൂവായിരത്തഞ്ഞൂറ് പേർ ഇരുന്നുകഴിഞ്ഞു. അതാ അതാണ് പുറത്തേയ്ക്കുള്ള വഴി. സോറി.”
സോറി! അത് അമേരിക്കയിൽ സുലഭമായി കിട്ടുന്ന സാധനമാണ്. അത് വാങ്ങാൻ ഡോളർ കൊടുക്കേണ്ടതില്ല.
“സർ, ഞാൻ, ഞാൻ മെഗാസ്പോൺ--“
ഞാൻ പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ തടയപ്പെട്ടു.
“സർ, ഞാൻ പറഞ്ഞുകഴിഞ്ഞു. നിങ്ങൾ ഉടനെ പുറത്തുപോകണം.”
സായ്പുകുട്ടിയുടെ കനത്ത വാക്കുകളിൽ ധിക്കാരവും ഭീഷണിയുമുണ്ടായിരുന്നു. അയാളോട് തർക്കിക്കാനുള്ള പേശിബലം എനിക്കില്ല. പോരെങ്കിൽ നിയമം അയാളുടെ പക്ഷത്താണ്. നിയമം ഭരിക്കുന്ന രാജ്യമാണ് അമേരിക്കൻ ഐക്യനാടുകൾ.
“ഇത് കേരളമല്ല.”
ആരോ അല്പം ഉച്ചത്തിൽ കമന്റടിക്കുന്നത് കേട്ടു. വിശ്വാസികൾക്കും കമന്റടിക്കാനറിയാം! കേട്ട ഭാവം കാണിച്ചില്ല.
സായ്പുകുട്ടി കാണിച്ചുതന്ന പുറത്തേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ കോട്ടിൽ കുത്തിവച്ചിരുന്ന പിച്ചളത്തുണ്ട് ഊരിയെടുത്തു. അടുത്ത് കണ്ട കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ചു. രണ്ട് മാസത്തെ പെൻഷൻ തുകയ്ക്ക് വാങ്ങിയതാണ്. സാരമില്ല, എന്റെ കോട്ടിന്റെ നൂലിഴകൾക്ക് അത് ഭാരമുള്ളതാണ്.
ബാല്യകാലത്ത് എന്റെ അമ്മ പറഞ്ഞുകേട്ട ഒരു പഴഞ്ചൊല്ല് ഓർമ്മയിൽ ഓടിയെത്തി.
“ആയിരപ്പറക്കാരന്റെ ഭാവം;
അയ്യൻ പണിക്കന്റെ പൊറുതി.”