Image

എറിക്ക് സുകുമാരനും ജോൺ പണിക്കരും: ബ്രിട്ടീഷ് ഇലക്ഷനിൽ അവരുടെ പ്രസക്തി (കുര്യൻ പാമ്പാടി)

Published on 03 July, 2024
എറിക്ക് സുകുമാരനും ജോൺ പണിക്കരും: ബ്രിട്ടീഷ് ഇലക്ഷനിൽ അവരുടെ പ്രസക്തി (കുര്യൻ പാമ്പാടി)

ബ്രിട്ടനിൽ വ്യാഴാഴ്ച പ്രധാനമന്ത്രി ഋഷി സുനക്കോ  പ്രതിപക്ഷ നേതാവ്   കിയർ  സ്റ്റാർമറോ ആരു ജയിച്ചാലും ആഗോള ആഗോള മലയാളിക്ക് അഭിമാനിക്കാൻ ഇതാ രണ്ടു പേർ-വർക്കലയിലെ എറിക് സുകുമാരനും   കൊല്ലം കുണ്ടറയിലെ ജോൺ പണിക്കരും.

ഓക്സ്ഫോർഡ് എംബിഎക്കാരനായ എറിക്, സുനകിന്റെ  കൺസർവേറ്റിവ്  പാർട്ടിയുടെ ടിക്കറ്റിൽ സൗത്ത്ഗേറ്റ് ആൻഡ് വൂഡ് ഗ്രീൻ മണ്ഢലത്തിൽ നിന്ന് മത്സരിക്കുന്നു. ജോൺ പണിക്കരാകട്ടെ എതിർ കക്ഷിയായ ലേബർ പാർട്ടിയുടെ  ആദ്യകാല നേതാക്കളയിൽ ഒരാളായി ജീവിച്ചു ഇന്ത്യക്കു വേണ്ടി ജയിലിൽ പോയി മരിച്ചു.  

എറിക് സുകുമാരനും പ്രധാനമന്ത്രി ഋഷി സുനക്കും
 

എറിക്ക്  മത്സരിക്കുന്ന സൗത്ത് ആൻഡ് വൂഡ് ഗ്രീൻ, 650 സീറ്റുള്ള ബ്രിട്ടീഷ് പാർലമെന്റിന്റെ അധോമണ്ഡലമായ ഹൗസ് ഓഫ് കോമൺസിൽ ഗ്രേറ്റർ ലണ്ടനിൽ 2014ൽ വകഞ്ഞെടുത്ത പുതിയ മണ്ഡലമാണ്. തന്മൂലം അതിനു ഭരണകക്ഷിയുടെയോ പ്രതിപക്ഷത്തിന്റെയോ മുൻകാല ചരിത്രം പറയാനില്ല.

വർക്കലക്കടുത്ത് അഞ്ചുതെങ്ങു  സ്വദേശി ജോണിന്റെയും ശിവഗിരിക്കു സമീപം ശ്രീനിവാസപുരം സ്വദേശി അനിത സുകുമാരന്റെയും ഏക മകനായി ലണ്ടനിൽ ജനിച്ചു വളർന്ന ആളാണ്‌ എറിക്. അച്ഛനു യു.കെ  കോഓപ്പറേറ്റീവ് ഫിനാൻസ് മേഖലയിൽ ജോലി. അപ്പൂപ്പനും  അമ്മൂമ്മയും  ഒപ്പമുണ്ടായിരുന്നതിനാൽ എറിക്കിന് മലയാളം  അറിയാം. ഇടയ്ക്കിടെ കേരളത്തിൽ എത്തുകയും ചെയ്തിരുന്നു.

ലേബർ ലീഡർ കിയർ സ്റ്റാർമെർ, ഋഷി സുനക്
 

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് മേഖലയിൽ ജോലി ചെയ്‌ത ത ശേഷം ബ്രിട്ടീഷ് സിവിൽ സർവീസിൽ പ്രവേശിച്ചു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലണ്ടൻ മേയർ ആയിരിക്കുമ്പോൾ കൂടെ പ്രവർത്തിച്ചു.. ലോക ബാങ്ക് കൺസൽട്ടൻറ് കൂടിയാണ്. അമേരിക്കക്കാരി ലിൻഡ്സേയാണ് ഭാര്യ.

മത്സരത്തിൽ ജയിച്ചു വരട്ടെയെന്നു ആശംസിച്ച എനിക്കും ഒപ്പമുള്ള എല്ലാ കേരളീയർക്കും എറിക് നന്ദി പറഞ്ഞു. ശ്രീ പദ്മനാഭസ്വാമിയുടെ ഭക്തനാണ്. ഗുരുവായൂരിലും പോകാറുണ്ട്. കോവളവും കായലുകളും ഹരം. ശർക്കര ചേർത്ത കരിക്കിൻ വെള്ളവും  നെയ്മീൻ പൊള്ളിച്ചതും ഏറെ ഇഷ്ട്ടം.

ജോൺ പണിക്കർ  ബ്രിട്ടീഷ് ലേബർ പാർട്ടി യോഗത്തിൽ

1944ൽ  ഇരുപത്തഞ്ചാംവയസിൽ ജേർണലിസം പഠിക്കാൻ ലണ്ടനിൽ എത്തിയതാണ് കുണ്ടറക്കടുത്ത്  മാറനാട്‌ ജനിച്ച ജോൺ പണിക്കർ. മുത്തശ്ശനും മുത്തശ്ശിയും വില്ലു വണ്ടിയിൽ സഞ്ചരിക്കുകയും പടിപ്പുരയുള്ള നാലുകെട്ടിൽ താമസിക്കുകയൂം ചെയ്ത  വാതിലുമൺ പടിക്കൽ മാത്തുണ്ണി പണിക്കരുടെ ഇളയ പുത്രൻ. ധാരാളം ഭൂസ്വത്ത്.

എന്നിട്ടും ലണ്ടൻ  ജീവിതം ആളെ മാറ്റി മറിച്ചു. 'സർവലോക തൊഴിലാളികളേ സംഘടിക്കുവിൻ, നിങ്ങൾക്കു നഷ്ടപ്പെടാൻ കൈ വിലങ്ങുകൾ മാത്രം' എന്നദ്ദേഹം ഉദ്ഘോഷിച്ചു. വി കെ കൃഷ്ണമേനോൻ ഇന്ത്യ ലീഗ് സ്ഥാപിക്കുകയും ലേബർ പാർട്ടി ടിക്കറ്റിൽ ബറോ കൗൺസിലേക്കു മത്സരിച്ചു  ജയിക്കുകയും ചെയ്‌ത കാലം.  ജോൺ ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകനായി. ഇൻഡ്യാലീഗിൽ ചേർന്ന് സ്വന്തന്ത്ര്യ സമരത്തിൽ പങ്കു ചേരുകയും വിപ്ലവം പ്രസംഗിക്കുകയായിരുന്ന ചെയ്തതിന്  അറസ്റ്റിലായി ജയിലിൽ കിടന്നു.

 എറിക്കും  മാതാപിതാക്കൾ ജോണും അനിത സുകുമാരനും

 

പന്ത്രണ്ടു വർഷമാണ് അദ്ദേഹം ലണ്ടനിൽ കഴിഞ്ഞത്. അതിനിടെ റഷ്യ സന്ദർശിക്കുകയും കമ്യു ണിസ്റ്റു സിദ്ധാന്തങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു. ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക നേതാവായിരുന്ന റോസാ ലക്സംബർഗിന്റെ ആരാധകൻ. അദ്ദേഹത്തിന്റെ ഒരു ആൽബത്തിൽ റോസയുടെ ഒരു ചിത്രവും താടിവച്ച ചെറുപ്പക്കാരൻനായ ജോണിന്റെ ചിത്രവും കാണാം. "റോസ മരിച്ച വർഷം ഞാൻ ജനിച്ചു' എന്ന അടിക്കുറിപ്പും.  

ഇൻഡ്യാ ഹൗസിൽ ത്രിവർണപതാക പറക്കുന്നതും അവിടെ കൃഷ്ണമേനോൻ ഇന്ത്യയുടെ ആദ്യത്തെ  ഹൈക്കമ്മിഷണർ ആകുന്നതും കണ്ടു മനംകുളുർത്ത ശേഷമാണ് ജോൺ ജന്മനാട്ടിലേക്ക് മടങ്ങുന്നത്. ഇംഗ്ലണ്ടിലേക്കു തിരികെപ്പോകണമെന്ന ജോണിന്റെ തീവ്രമായ ആഗ്രഹത്തിന് വീട്ടുകാർ തടയിട്ടു.

 

ഓക്സ്ഫോർഡ് ഡിബേറ്റിൽ എറിക്കിന്റെ പ്രസംഗം

താടിയും മുടിയും വളർത്തി വിപ്ലവ വീര്യം നുരച്ചു പൊന്തുന്ന യവ്വനവുമായി നാട്ടിലെത്തിയ ജോൺ തറവാടിന് പകരം എട്ടുകിലോമീറ്റർ അകലെ കുണ്ടറ ടൗണിൽ ഇരുമ്പു പാലത്തിനു സമീപമുള്ള ഒരു ലോഡ്ജിലായി താമസം. അവിടെ ആരാധക വൃന്ദത്തോട് യഥാർത്ഥ ഇടതുപക്ഷം എന്നാൽ എന്തെന്നു  നിരന്തരം സംവദിച്ചുകൊണ്ടിരുന്നു.

നാട്ടിൽ  വന്നെത്തി പിറ്റേവർഷം, 1957ൽ നടന്ന കേരളത്തിലെ ആദ്യ തെരെഞ്ഞെടുപ്പിൽ  ബാലറ്റ്ബോക്സിലൂടെ ലോകത്തിലാദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ജോൺ ആത്മഹർ ഷം കൊണ്ട് തുള്ളിച്ചാടിയുമൊന്നുമില്ല. മുഖ്യമന്ത്രി ആകും മുമ്പുതന്നെ ഇഎംഎസ് നമ്പൂതിരിപ്പാടിനെ ജോണിന് നല്ല പരിചയം ഉണ്ടായിരുന്നു. അച്യുതമേനോൻ, എൻ ശ്രീകണ്ഠൻ നായർ, നാട്ടുകാരനായ  ഇ ചന്ദ്രശേഖരൻ  നായർ തുടങ്ങി ഒട്ടറെ പേരെ നേരിട്ടറിയാം.

ജോൺ (ഇടത്ത്) മകൾ റാണിയുടെ വിവാഹവേദിയിൽ ; വലത്ത് ഭാര്യ റജീന

 

ഭരണം തകരുകയും മന്ത്രിസഭയെ കേന്ദ്രം പിരിച്ച് വിടുകയും കമ്മ്യൂണിസ്റ്റുകൾ മുന്നണി രാഷ്ട്രീയത്തിലൂടെ വീണ്ടു അധികാരത്തിൽ വരികയുമൊക്കെ ചെയ്തപ്പോൾ അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ പോലും കയറാതെ ജോൺ പണിക്കർ വഴിമാറിനടന്നു. കാലാന്തരത്തിൽ കമ്മ്യൂണിസ്റ്റുകളുടെ നിശിത വിമർശകനും.

ഒരുപക്ഷെ ഏകാന്തപഥികനായ വിപ്ലവകാരി എന്ന് പറയണം. അതെസമയം ആദർശ ധീരന്മാരായ പൊതുപ്രവർത്തകരുടെ ആരാധകനും ചങ്ങാതിയും. നൂറ്റിപ്പത്തു  വയസ് വരെ ജീവിച്ചിരുന്ന പ്രമുഖ കോൺഗ്രസ് നേതാവ് ഇ. മൊയ്തു മൗലവി അവരിൽ ഒരാളായിരുന്നു. അവസാന കാലത്ത് രോഗശയ്യയിലായ മൗലവിയെ കോഴിക്കോട് ആശുപത്രിയിലെത്തി അദ്ദേഹം സന്ദർശിച്ചു.

ഇംഗ്ലണ്ടിൽ ജയിൽവാസം അനുഭവിച്ച സ്വാതന്ത്ര്യ സമര പോരാളി എന്നനിലയിൽ പെൻഷന് അപേക്ഷിച്ച് കൂടേ എന്നു മൗലവി ചോദിച്ചു. ആ തുകയല്ല  ആ ബഹുമതി ഒരംഗീകാരമായി കരുതണം എന്ന് മൗലവി വാദിച്ചു. ഒടുവിൽ ജോൺ അപേക്ഷ നൽകി. അന്ന് മുഖ്യമന്ത്രി കെ. കരുണാകരൻ ആയിരുന്നു, മൗലവി ഇടപെട്ടുമുഖ്യമന്ത്രി കെ,  കരുണാകരനെക്കൊണ്ട് പെൻഷൻ അനുവദിപ്പിച്ചു.പക്ഷെ 81 ആം വയസിൽ അന്തരിക്കും മുമ്പ്  ഏതാനും മാസത്തെ പെൻഷൻ വാങ്ങാനേ കഴിഞ്ഞുള്ളു.

മകൾ റാണി, ഭർത്താവ് ഗ്ലിറ്റസ്, മക്കൾ വിന്നി, ട്വിന്നി

 

1965ൽ നാല്പത്തഞ്ചാം വയസ്സിലായിരുന്നു കോഴിക്കോട് കോടതിയിൽ ശിരസ്തദാർ ആയിരുന്ന റജീന ഡിസിൽ വയെ അദ്ദേഹം വിവാഹം ചെയ് തത്. അന്നവിടെ   ജില്ലാ സബ് ജഡ്‌ജിയായിരുന്ന ജേഷ്ട്ടൻ പി ഐ മാത്തൻ  പണിക്കർ അതിനു മുൻകൈ എടുത്തു.പിറ്റേ വർഷം  ഏകമകൾ റാണി പിറന്നു. ജോൺ കൊല്ലത്തും റജീന കോഴിക്കോടുമായി ജീവിച്ചു. ഒടുവിൽ റജീന അവധിയെടുത്ത് കുറേക്കാലം ഭർത്താവിന്റെ കൂടെ  തറവാട്ടിൽ പോയി നിന്നു എന്നത് സത്യം.

ഒന്നാം ക്‌ളാസിൽ ബികോം ജയിച്ച റാണിയും  പോലീസ് ഉദ്യോഗസ്ഥനായ ഗ്ലിറ്റസുമായി 1992ൽ നടന്ന വിവാഹം ആശിർവദിക്കാൻ ജോൺ കോഴിക്കോട്ടെത്തി. എങ്കിലും വേറിട്ട ജീവിതം വീണ്ടും തുടർന്നു. പ്രോസ്റ്റേറ്റ് കാൻസർ മൂലം എറണാകുളം അമൃത ആശുപതിയേശുപതിയിൽ കഴിയുംവോൾ ജോണിന് കൂട്ടു  നിന്നതു സഹോദര  പുത്രൻ അലക്‌സ് എന്ന ജോർജ് പണിക്കർ.

വിന്നിയുടെ വിവാഹനാളിൽ ആഹ്‌ളാദം

 

കോർട്ട് ഓഫീസർ എന്ന ഗസറ്റ്റഡ് തസ്തികയിൽ റിട്ടയർ ചെയ്ത റജീന ഭർത്താവ് മരിച്ചു പത്തുവര്ഷത്തിനു ശേഷമാണ് കടന്നു പോയത്. മരുമകൻ ഗ്ലിറ്റസ് തിരുവന ന്തപുരത്തു പോലീസ് ആസ്ഥാനത്തു ഡിവൈഎസ് പി യായി 2022 ൽ റിട്ടയർ ചെയ്തു.

ഗ്ളീറ്റസ്-റാണിമാർക്കു രണ്ടു പെണ്മക്കൾ. ബിഎ ബിഎഡ് നേടിയ വിന്നി സെറീൻ എറണാകുളം കാക്കനാട് ഇന്ഫോപാര്ക്കിനടുത്ത്  സ്‌കൂൾ അധ്യാപിക. ഭർത്താവ് എംടെക്ക്കാരൻനായ അഭയ് പി ജോൺ, ലണ്ടനിലെ  സഹോദരി അലീഷ്യയും ഭർത്താവ് ജിജോ സണ്ണിയും ചേർന്നു തുടങ്ങിയ 'ബൈ മി എ കോഫി' എന്ന ചെയിനിന്റെ ഫ്രാഞ്ചൈസിയാണ്. സോഷ്യോളജിയിൻ മാസ്റ്റേഴ്‌സ് എടുത്ത ഇളയ  മകൾ  ട്വിനി സെറീൻ  സ്റ്റാഫ് സെലക്ഷൻ പരീക്ഷക്ക്‌ തയ്യാറെടുക്കുന്നു.  

വിന്നിയും ഭർത്താവ് അജയ് പി ജോണും-ബൈ മൈ കോഫി ഷോപ്പുടമ

 

ജോൺ പണിക്കരെപ്പറ്റി കൂടുതൽ അറിയാൻ മാറനാട്‌ സന്ദർശിച്ച എനിക്കു നിരാശയായിഒരുനു ഫലം. ചരിത്ര ത്തിന്റെ സുവര്ണകാലഘട്ടത്തിനെ  ഒരുകല്ലുപോലും അവശേഷിപ്പിക്കാതെ  കാട് പിടിച്ച് കിടക്കുന്നു. ആ തറവാട്. ചുറ്റുപാടിലെവിടെയും കറ ചുരത്തുന്ന റബർക്കാടുകൾ.  

ഒരു പക്ഷെ ധനികനായി ജനിച്ചതിൽ സന്തുഷ്ടനല്ലാത്ത  ജോൺ പണിക്കർ ചരിത്രത്തോട് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നിരിക്കണം.  പണിക്കർ കുടുംബത്തിലെ പുതു തലമുറക്കാരെല്ലാം വിദേശങ്ങളിൽ പോയി നിർമ്മിച്ച മണിമന്ദിരങ്ങളെല്ലാം ആ തറവാടിന് നാലു ചുറ്റിനുമുണ്ട്. അദ്ദേഹത്തെ കബറടക്കിയ മാറനാട്‌ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുനാളിനു നോക്കെത്താദൂരം വരെ പുതു പുത്തൻ കാറുകൾ.  പുതിയ ലോകത്തിന്റെ തിടംബ് ജോണിന്റെ കൊച്ചുമക്കൾക്കുണ്ട്.

ജോൺ പണിക്കരുടെ കല്ലറ, സഹോദര പുത്രൻ ജോർജ് പണിക്കർ    

 

Join WhatsApp News
George Panicker 2024-07-03 14:50:22
അറിയാതെ കിടന്ന ഒരു വിപ്ലവ കഥ വെളിച്ചത്തു കൊണ്ട് വന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ . വാതിലാo പടിക്കലൂം എന്റെ അമ്മച്ചിയുടെ വീട് ആയ മുള്ളിക്കാട്ടിലും പണ്ട് കാലം മുതൽ സൗഹ്രതത്തിലാണ് . ജോർജ് പണിക്കർ ചിക്കാഗോ .
glittous pS 2024-07-05 04:52:42
Read more at: https://www.manoramaonline.com/global-malayali/europe/2024/07/05/labor-wins-in-britain.html
VISWAN 2024-07-05 07:46:20
മനസിന്ഇനുഷ്പെട്ട അറിവ് പകര്‍ന്നു തന്ന ലേഖനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക