കർപിനേത്ത എന്ന സ്ഥലത്തേക്കാണിന്നത്തെ യാത്ര. ആൾത്താമസമില്ലാത്ത വിജനതകളിൽ കൂടി. പുതിയ ജോലിയിൽ കിട്ടിയ സ്വാതന്ത്ര്യമെന്നത് ഇത്തരം ചില യാത്രകൾ കൂടിയാണ്. നാലു ചുമരുകൾക്കപ്പുറത്തേക്ക്.
ചുറ്റും കാഴ്ച്ചകൾ അതിസുന്ദരം. പ്രകൃതി രമണീയമായ എന്ന വാക്കോർത്തപ്പോഴാണ് ഇതുമോർത്തത്. പ്രകൃതിയെ സ്ത്രീയോടുപമിക്കുന്ന കവിഭാവനയെകുറിച്ച്. തെറ്റുപറയാനൊക്കില്ല. അങ്ങനെയാക്കെ തോന്നുന്നതിൽ.
ഭംഗിയുള്ള മലമടക്കുകളാണ് ഈ യാത്രയിൽ ഞാനിരിക്കുന്ന വശത്തെൻ്റെ കൺകുളിർപ്പിക്കാൻ എപ്പോഴുമുണ്ടായിരുന്നത്. കുറേയേറെ പെണ്ണുങ്ങൾ അലസമായി മലർന്നു
കിടക്കുംപോലെ എനിക്ക് തോന്നിയെന്ന് പറഞ്ഞാൽ ആരൊക്കെ ' നീയുമൊരു പെണ്ണല്ലേ ' യെന്ന് കൽവാക്കുകളെറിയുമെന്നറിയില്ല.
ഒരു പുരുഷനോടുപമിക്കാൻ ആ മലനിരകളുടെ കയറ്റിറക്കങ്ങളിൽ സൂക്ഷിച്ചു നോക്കിയെങ്കിലും അങ്ങനെയൊന്ന് തോന്നുന്നേയില്ല. ചുരുണ്ട മുടിമുതലിങ്ങോട്ട് തുടുത്ത കാൽവിരൽ വരെയെനിക്കവിടെ കണ്ടെടുക്കാനായി. നോക്കിനോക്കിയിരിക്കെ ആലോചിച്ചാലോചിച്ചിരിക്കെ പച്ചപർവ്വതനിരകൾ കണ്ണിൽ നിന്നുമറഞ്ഞു. കാറൊരു കൊടും വളവുതിരിഞ്ഞു. ഇരുവശത്തെയും ചെറുകാടുകളും വള്ളിച്ചെടികളും അതിരപ്പിള്ളിയാത്രയോർമ്മിപ്പിച്ചു.
സമയം ഏഴുമണിയായെങ്കിലും നാട്ടിൽ മൂന്നുമണിയായ പവറിലാണ് സൂര്യപ്രകാശം മലകളിൽ പതിക്കുന്നത്. ഒരു ഫോട്ടോഗ്രാഫർ ലൈറ്റ്നിംഗ് സെറ്റ് ചെയ്യുമ്പോഴെന്ന പോലെ ഒരു മല സൂര്യപ്രകാശത്തിൽ തെളിഞ്ഞും അടുത്തൊരെണ്ണം വെളിച്ചമൊട്ടുമില്ലാതെ തണലിൽ കുളിർന്നും കിടക്കുന്നത് കാണാൻ രസമുണ്ട്.
വീടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ മുതൽ ചില അതിരുകളിൽ ശീമക്കൊന്ന പോലുള്ള ചെടികൾ. നടന്നാണ് പോകുന്നതെങ്കിൽ ഒരിലയെടുത്ത് തിരുമ്മി മണപ്പിക്കാമായിരുന്നു. പല കാൽനടയാത്രകളിലും പരിചയം തോന്നുന്ന ചെടികളെ ഞാനങ്ങനെയാണ് മനസിലാക്കാറ്. ചെറിയ ചെറിയ വ്യത്യാസങ്ങളോടെ നാട്ടിൽ കാണുന്ന പല സസ്യങ്ങളെയും ഞാനങ്ങനെ കണ്ടുപിടിച്ചു കഴിഞ്ഞു. ഈയടുത്താണ് രാമത്തുളസിയെ ഞാനിവിടെ റോഡരികിൽ കണ്ടെത്തിയത്.
മുന്തിരിക്കുലകൾ മിക്ക വീടുകളുടെയും മുറ്റത്തും മതിലിലും തൂങ്ങുന്നുണ്ട്. ഇത് മുന്തിരിയുണ്ടാകുന്ന കാലമാണെന്ന് തോന്നുന്നു.പച്ചക്കായ്കളാണ്.വിളവെടുക്കാൻ ഇനിയും ഒന്നോ രണ്ടോ മാസം കഴിയും.
കർപിനേത്തയിലെ ഒരു ബന്ധുവീട്ടിലേക്കാണെത്തിയത്. ഒരു സാധാരണ കർഷകകുടുംബം. കാശിൻ്റെ കാര്യത്തിൽ സാധാരണക്കാരല്ല എന്ന് പ്രത്യേകം പറയട്ടെ. എല്ലാവരും എപ്പോഴും എന്തെങ്കിലും ജോലിയെടുക്കുന്നവരായതിനാൽ അത്തരത്തിലുള്ള വസ്ത്രധാരണമാണ് എല്ലാവർക്കും. കുതിരയും പോത്തും ആടും പട്ടിയുമെല്ലാം ഉള്ളതിനാൽ ആ ഒരു മണമുണ്ട് കാറ്റിന്. നാട്ടിൽ നമുക്ക് വളരെ വേണ്ടപ്പെട്ടതും സൽക്കാരസമ്പന്നരുമായ ഒരു ബന്ധു വീട്ടിലെത്തിയപോലെയാണ് തുടർ നടപടികളെല്ലാം.. (കെട്ടിപ്പിടിച്ച് ഇരുകവിളിലുമുള്ള ചുംബനമൊഴിച്ച്. ചുംബനത്തിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ട്.)
കുട്ടികളുടെ പെരുമാറ്റകാര്യത്തിലും രാജ്യം മാറിയ വ്യത്യാസമൊന്നും കണ്ടില്ല. രണ്ട് മിടുക്കി കുട്ടികൾ അവിടെയുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ ഞാനെൻ്റെ മക്കളുടെ ചെറുപ്പകാലമോർമ്മിച്ചു. വെരുകിനടപ്പിനും പുതിയ ആൾക്കാരെ കാണുമ്പോഴുള്ള നേരെയിരുന്നുള്ള ഒളിഞ്ഞുനോട്ടത്തിനും ഒരു കുറവുമില്ല. ഞങ്ങൾ തമ്മിൽ കണ്ണുകൊണ്ടാണ് സാറ്റ് കളിച്ചിരുന്നത്. പോരുമ്പോൾ പേര് ചോദിക്കാൻ മറന്നുപോയി. അടുത്തതവണയാകട്ടെ. വീണ്ടും അവിടേക്ക് പോകാതിരിക്കില്ല.
വീഞ്ഞുണ്ടാക്കുന്ന സ്ഥലം അപ്പുറത്തുണ്ടെന്ന് പറഞ്ഞെങ്കിലും അങ്ങോട്ട് പോകാനായില്ല. എങ്കിലും പോരുമ്പോൾ ഒരു കെയ്സ് വീഞ്ഞെടുത്തിട്ടുണ്ട്. ഇരുപത് കൊല്ലം പഴക്കമുള്ള വീഞ്ഞാണെന്നാണ് പറഞ്ഞു കേട്ടത്.