ഭാഷയും സാഹിത്യവും പഠിച്ച് സാഹിത്യകാരന്മാരും കോളേജ് അധ്യാപകരും പത്രപ്രവർത്തകരുമാകാം എന്ന് മോഹിച്ച കേരളീയയൗവ്വനം എന്ന് അസ്തമിച്ചുവോ അന്ന് തീർന്നു സർവകലാശാലാ വിദ്യാഭ്യാസത്തിൽ മാനവിക വിഷയങ്ങൾക്കുളള പ്രാധാന്യം . ഭാഷയും ചരിത്രവും പഠിച്ചിട്ടെന്തിനാണ് ? എന്ന ചോദ്യം കുട്ടിയെ അംഗൻവാടിയിൽ കൊണ്ട് ചേർക്കുന്ന ശരാശരി രക്ഷിതാവിൻ്റെ ഉള്ളിൽ വരെ മുഴങ്ങുന്ന കാലമാണിത് . വിഷയമായി കണക്കും സയൻസും ആശയ വിനിമയത്തിന് ഇംഗ്ളീഷും എന്ന മട്ടിലുള്ള ഒരു പ്രയോജനാത്മക വിദ്യാഭാസത്തിലാണ് പൊതുവേ നമ്മൾ മലയാളി സമൂഹത്തിൻ്റെ ഊന്നൽ .ഇത് മനസ്സിലാക്കിയിട്ട് വളരുന്ന കുട്ടികളോട് നമ്മൾ നിർദ്ദേശിക്കുകയാണ്, നമ്മൾ നോവലും കവിതയും കഥയും വായിക്കണമെന്ന് . അപ്പോൾ സ്വാഭാവികമായും കുട്ടികളും സംശയിക്കും - അതിൻ്റെ ആവശ്യമെന്താണ് ?
പെർഫോമിങ്ങ് ആർട്ടിൽ കുട്ടികളെ പ്രത്യേക പരിശീലനം നൽകി കലോത്സവ വേദികളിൽ അവരെ താരങ്ങളാക്കി തിളക്കി കാണിക്കാൻ രക്ഷിതാക്കൾക്ക് ഹരമാണ് . അതു കൊണ്ട് പാട്ടും ഡാൻസും മോണോ ആക്ടുമൊക്കെ ഈ ആവശ്യമുളളിടത്തോളം പിഴച്ച് പോവും . എന്നാൽ അതല്ല , ചിത്രകലയുടെയും സാഹിത്യമെഴുത്തിൻ്റെയും കാര്യം - പ്രകടിത ഭാവം തീരെയില്ല . നാട്ടുകാർക്ക് വായിക്കാൻ താല്പര്യമില്ലാത്ത കഥയും കവിതയുമെഴുതിയിട്ട് ഇന്ന് സ്റ്റാറാവാൻ കഴിയില്ല . അതു കൊണ്ട് ജോലി മോഹം കൊണ്ട് മാത്രമല്ല എഴുത്ത് മോഹം കൊണ്ടും ഇന്ന് ആരും മക്കളെ സാഹിത്യത്തിന് തല വച്ചു കൊടുക്കാൻ പറഞ്ഞയക്കില്ല .
തൊഴിൽ , ഉപജീവനം ,നിത്യജീവിതം ഇതിൽ ഭാഷയുടെയും സാഹിത്യത്തിൻ്റെയും പഠനം എത്രത്തോളം പ്രസക്തമാണെന്ന് ചിന്തിക്കാൻ കഴിയാത്ത വിധം യാന്ത്രികമാണ് ഇന്നു നമ്മുടെ സമീപനങ്ങൾ . നൂതന സാങ്കേതിക വിദ്യ ഓരോന്നായി കടന്ന് വരുമ്പോൾ അപ്പക്കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന വിധേയനും ആശ്രിതനുമായ പെരുങ്കളളനായി ടിപ്പിക്കൽ മലയാളി .ഏ ഐ വന്നു മാഷേ , ഇനി എന്ത് വായന . പുസ്തകങ്ങൾ കാലഹരണപ്പെട്ടു .
എങ്ങനെയുണ്ട് നവകേരളം കൊട്ടിഘോഷിക്കുന്ന വായനാവസന്തം ?
( തുടരും )