വാഷിങ്ടൺ: പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും തീവ്ര തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ ബൈഡൻ ഇല്ലാത്ത ബാലറ്റിനെകുറിച്ചും വലിയ ഊഹാപോഹങ്ങൾ നടക്കുന്നു. ഹാരിസാണ് പ്രസിഡന്റ് സ്ഥാനാർഥി എങ്കിൽ അവർക്കൊപ്പം ആരുടെ പേരായിരിക്കും ഉണ്ടാവുക എന്ന പ്രവചനത്തിന്റെ തിരക്കിലാണ് ഒരു വിഭാഗം.
മറു വശത്തു ബൈഡനു പകരം മുൻ പ്രഥമ വനിത മിഷേലിനെ പിന്താങ്ങി ഒരു കൂട്ടർ മുന്നോട്ടു പോകുന്നു. മിഷേലും ട്രംപും മത്സരിച്ചാൽ ബൈഡനും ട്രംപും മത്സരിക്കുന്നതിനെ കാൾ കൂടുതൽ വോട്ടുകൾ ഡെമോക്രാറ്റിക് സ്ഥാനാർഥിക്കു ലഭിക്കുമെന്ന് ഒരു സർവ്വേ കണ്ടെത്തി. 55 % രജിസ്റ്റേർഡ് വോട്ടർമാർ മിഷേലിനെ പിന്തുണക്കുമ്പോൾ ബൈഡന്റെ പിന്തുണ 38 % ആണ്.
തനിക്കു പകരം മറ്റൊരു സ്ഥാനാർഥി എന്ന പ്രസ്താവം കേൾക്കാനോ അതിനു മറുപടി പറയുവാനോ ബൈഡൻ ആഗ്രഹിക്കുന്നില്ല എന്നാണ് ബൈഡന്റെ ഈയിടെയുള്ള പൊട്ടിത്തെറി വ്യക്‌തമാക്കിയത്. 'എനിക്കെതിരെ മത്സരിക്കുവാനോ?', ബൈഡൻ ചോദിച്ചു. 'ആർക്കാണ് ഇങ്ങനെ ചെയ്യുവാൻ കഴിയുക? (ഡെമോക്രാറ്റിക്) കൺവെൻഷനിൽ ധൈര്യം ഉണ്ടെങ്കിൽ എന്നെ എതിർക്കേട്ടെ' എന്നും തുടർന്ന് പറഞ്ഞു. ഇത് ഒരു തരം അഹന്ത ആയി നിരീക്ഷകർ വ്യാഖാനിച്ചു.
ബൈഡൻ പിൻവാങ്ങിയാൽ ഹാരിസിനായിരിക്കും നറുക്കു വീഴുക എന്ന് ധാരാളം ആരാധകർ വിശ്വസിക്കുന്നു. പാർട്ടിയിലെ ഒരു വിഭാഗവും ഇതേ ചിന്താഗതിക്കാരാണ്. എന്നാൽ വോട്ടർമാർ ബഹു ഭൂരിപക്ഷമായി ഹാരിസിന് വോട്ട് ചെയ്യുമോ എന്ന് സംശയിക്കുന്നവർ ഉണ്ട്. ഈ പ്രശ്നത്തിൽ വലിയ സർവ്വേകളും വിവരങ്ങളും ദിനങ്ങളിൽ ഉണ്ടാകും എന്ന് കരുതുന്നു. ഹാരിസാണ് പ്രസിഡന്റ് സ്ഥാനാര്ഥിയെങ്കിൽ വിപി സ്ഥാനാർത്ഥിയായി ഗവേര്ണര്മാരായ റോയ് കൂപ്പേരോ (നോർത്ത് കരോലിന),ആൻഡി ബാഷെറോ (കെന്റക്കി), ജോഷ് ഷാപിറോയോ (പെൻസിൽവാനിയ) പരിഗണിക്കപ്പെടും എന്നാണ് കരുതുന്നത്. കൂപ്പറിനാണ് ഏറെ സാദ്ധ്യത. ഒരു സതേൺ മിതവാദി ആയി അറിയപ്പെടുന്ന ഇയാൾ റിപ്പബ്ലിക്കനുകളോടൊപ്പവും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പിൽ നോർത്ത് കരോലിന നേടാൻ കൂപ്പറുടെ നോമിനേഷൻ സഹായിക്കും എന്ന് വിശ്വസിക്കുന്നവരുണ്ട്. കെന്റക്കി ഗവർണർ ബാഷിറിന് വലിയ സാധ്യത പലരും കല്പിക്കുന്നില്ല. ഷാപിറോയ്ക്ക് ഒരു ജനുവരി പോൾ പിന്തുണ കണ്ടെത്തിയിരുന്നു. ഭരണകൂടത്തിന്റെ അംഗീകാരം വർധിപ്പിക്കുവാൻ ഈ നോമിനേഷൻ സഹായിക്കും എന്ന് ധാരാളം പേര് കരുതുന്നു.
വൈസ് പ്രസിഡന്റ് ഹാരിസ് ടൈറ്റ് ലിപ്ഡ് ആണ്. അവർക്കറിയാം രഹസ്യമായി നടത്തുന്ന സംഭാഷണങ്ങൾ പോലും വളരെ വേഗം പുറത്തു ചർച്ച ചെയ്യപ്പെടുമെന്ന്. ബൈഡൻ തന്റെ തീരുമാനം വൈകിക്കുന്നതിനാൽ ഒരു തുറന്നു പറച്ചിലിന് സമയം ആയില്ല എന്ന് അവരും കരുതുന്നു.
ഡൊണാൾഡ് ട്രംപിന്റെ വിപി സ്ഥാനാർഥി ആരായിരിക്കും എന്ന ചർച്ച അടുത്ത് തന്നെ അവസാനിക്കും. കാരണം പാർട്ടി കൺവെൻഷന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. കൺവെൻഷന്റെ കാര്യ പരിപാടികളെ കുറിച്ചും സംബന്ധിക്കുന്ന വി ഐ പി കളെക്കുറിച്ചും ചില വിവരങ്ങൾ പാർട്ടി പുറത്തു വിട്ടു. എന്നാൽ പ്രതീക്ഷിക്കാത്ത ചില അതിഥികൾ കൺവെൻഷനിൽ പങ്കെടുക്കും എന്ന് ട്രംപ് പറഞ്ഞു.