Image

ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമങ്ങൾ: അവ പൗരസ്വാതന്ത്ര്യത്തിന് എത്രമാത്രം ഭീഷണിയാണ്? (ജോർജ് എബ്രഹാം)

Published on 12 July, 2024
ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമങ്ങൾ: അവ പൗരസ്വാതന്ത്ര്യത്തിന്  എത്രമാത്രം ഭീഷണിയാണ്? (ജോർജ് എബ്രഹാം)

2024 ജൂൺ 30 തിങ്കളാഴ്ച, ഒന്നര  നൂറ്റാണ്ടോ അതിലധികമോ വർഷങ്ങളായി രാജ്യത്ത് നിലനിന്നിരുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങളെ മാറ്റിമറിച്ച്, പുതിയ നിയമ സംഹിത  പ്രാബല്യത്തിലായി . 163 വർഷം പഴക്കമുള്ള ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരം 'ഭാരതീയ ന്യായ സൻഹിത', 126 വർഷം പഴക്കമുള്ള 'ക്രിമിനൽ പ്രൊസീജ്യർ കോഡ്' ബി പകരം  'ഭാരതീയ നാഗരിക സുരക്ഷാ സൻഹിത'. ഇന്ത്യൻ എവിഡൻസ് ആക്ടിന്  പകരം 'ഭാരതീയ സാക്ഷ്യ അധീനിയം' .  

അവ   ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമായി.  പുതിയ നിയമം ഐപിസിയെ 511-ൽ നിന്ന് 358 സെക്ഷനുകളായി ചുരുക്കുകയും 20 കുറ്റകൃത്യങ്ങൾ കൂടുതലായി  ചേർക്കുകയും ചെയ്യുന്നു.  ഇത് ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളെ ഗണ്യമായി മാറ്റുന്നു.

പുതിയ നിയമങ്ങൾ  ഇപ്പോഴും ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നതെങ്കിലും, ഹിന്ദി ഭ്രാന്തർ   അത്  ഹിന്ദിയിലാക്കി  ദക്ഷിണേന്ത്യക്ക് ഒരു സന്ദേശം നൽകാനുള്ള  അവസരം നഷ്ടപ്പെടുത്തില്ലെന്നു കരുതാം . കേരളത്തിലെ ഗ്രാമീണ ജനതയുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും വിരുദ്ധമായതിനാൽ  എൻഎച്ച്എം (ദേശീയ ആരോഗ്യ ദൗത്യം) കേന്ദ്രങ്ങൾക്ക് ‘ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ’ എന്ന് പേരിടണമെന്ന കേന്ദ്രത്തിൻ്റെ അഭ്യർത്ഥന പാലിക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനാലാണ് അടുത്തിടെ കേരളത്തിന് കേന്ദ്ര ഫണ്ട് നിഷേധിച്ചത്.  സാമ്പത്തിക ദാരിദ്ര്യം മൂലം  ഡൽഹിയിലെ ഹിന്ദി മേൽക്കോയ്മക്കാരുടെ ഭീഷണിക്ക് കേരളം ഒടുവിൽ കീഴടങ്ങി എന്നതാണ് കഥ. തമിഴ്‌നാട്  ധൈര്യം കാട്ടിയിരുന്നില്ലെങ്കിൽ   ഇന്ത്യൻ ജനാധിപത്യത്തിൻ്റെ  നിർണായക സങ്കൽപ്പമായ ഫെഡറലിസത്തെ തകർത്ത് രാജ്യം  ഏകഭാഷ കോയ്മയിലേക്കു മാറുമായിരുന്നു എന്ന് വ്യക്തം..

കൊളോണിയൽ കാലത്തെ ഈ നിയമങ്ങൾ മാറ്റിയെഴുതുന്നത് കൊണ്ട് ഇന്ത്യയിൽ കോടതി സംവിധാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പരിഹരിക്കാനാവില്ല. ഇന്ന്, 34 ദശലക്ഷം കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്നു. 1.7 ദശലക്ഷം ഹൈക്കോടതികളിലും 18,122 കേസുകൾ സുപ്രീം കോടതിയിലും കെട്ടിക്കിടപ്പുണ്ട് . നടപടിക്രമങ്ങളിലെ കാലതാമസം, ഇടയ്‌ക്കിടെ മാറ്റിവയ്ക്കൽ, ബുദ്ധിമുട്ടുള്ള നിയമനടപടികൾ, തെളിവുകൾ സമർപ്പിക്കുന്നതിലെ കാലതാമസം എന്നിവയെല്ലാം വർദ്ധിച്ചുവരുന്ന പ്രതിസന്ധിക്ക് കാരണമായി കണക്കാക്കപ്പെടുന്നു.

ഇന്ത്യൻ കോടതി സംവിധാനത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ഏറ്റവും പഴയ കേസ് 38 വർഷം പഴക്കമുള്ളതാണ്. ‘വൈകുന്ന നീതി എന്നാൽ  നീതി നിഷേധമാണ്’ എന്ന പഴഞ്ചൊല്ലിന് ഇന്ത്യൻ സമൂഹത്തിൻ്റെ നീതിന്യായ മണ്ഡലത്തിൽ യാതൊരു പ്രസക്തിയുമില്ല എന്നതാണ് സത്യം .

തീർപ്പുകൽപ്പിക്കാത്ത ഈ കേസുകൾ അതിവേഗം ട്രാക്ക് ചെയ്യാനും ഈ കേസിൽ കുടുങ്ങി കിടക്കുന്നവരെ  സഹായിക്കുന്നതിനും പകരം, അവയിൽ ഭൂരിഭാഗവും IPC പ്രകാരം ഫയൽ ചെയ്തിരിക്കുന്നതിനാൽ, ആശയക്കുഴപ്പവും കൂടുതൽ കാലതാമസവും ഉണ്ടാകുവാൻ കാരണമാകുന്നു. . ജൂൺ 30-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പഴയ നിയമത്തിന് കീഴിലും അതിനു ശേഷമുളളവ പുതുതായി സൃഷ്ടിച്ച നിയമങ്ങളുടെ പരിധിയിലും വരുന്നതിനാൽ രണ്ട് സമാന്തര  സമ്പ്രദായത്തിൽ  പ്രവർത്തിക്കുക എന്നതാണ് കോടതികളുടെ  ഏറ്റവും വലിയ വെല്ലുവിളി. ഈ പുതിയ വ്യവസ്ഥകളെല്ലാം കോടതികൾ   വ്യാഖ്യാനിക്കേണ്ടി വന്നേക്കാം. അതുവഴി നടപടിക്രമങ്ങൾ കൂടുതൽ വൈകിപ്പിക്കും.

ഈ ബില്ലുകൾ ഒരിക്കലും പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അവലോകനത്തിനായി അയച്ചിട്ടില്ല. പകരം   ഒരു അനുബന്ധ അജണ്ടയായി സമർപ്പിക്കുകയും സ്പീക്കർ സസ്‌പെൻഡ് ചെയ്തതിനെത്തുടർന്ന് 146 പാർലമെൻ്റംഗങ്ങൾ ഹാജരില്ലാതിരുന്നപ്പോൾ പാസാക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ നിയമങ്ങൾ നടപ്പാക്കേണ്ട സംസ്ഥാന സർക്കാരുകളുമായോ രാജ്യത്ത് ലഭ്യമായ പ്രഗത്ഭരായ ഭരണഘടനാ വിദഗ്ധരുമായോ  കൂടിയാലോചന  ഉണ്ടായിട്ടില്ല. ഭരിക്കുന്നവരുടെ  ധാർഷ്ട്യവും സ്വേച്ഛാധിപത്യ വഴികളും ഒരിക്കൽ കൂടി ഇത് കാണിക്കുന്നു.

എന്തുകൊണ്ടാണ് ഇന്ത്യയിലുടനീളമുള്ള അഭിഭാഷകരും നിയമജ്ഞരും ഈ നിയമങ്ങൾ നടപ്പാക്കുന്നതിൽ അസ്വസ്ഥരായിരിക്കുന്നത്? പുതിയ വ്യവസ്ഥകൾ പഠിച്ച്   രണ്ട് തരം  നിയമ പുസ്തകങ്ങൾ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യുന്നതിനു പുറമെ, ഇത് ഇന്ത്യൻ പൗരന്മാരുടെ പൗരസ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും ഗുരുതരമായ ആശങ്കയുണ്ട്. പ്രമുഖ കോൺഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ   മനീഷ് തിവാരി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ  സാം പിട്രോഡയുമായി അടുത്തിടെ നടത്തിയ പോഡ്‌കാസ്റ്റിൽ തൻ്റെ ആശങ്കകൾ സംഗ്രഹിച്ചു: “ക്രിമിനൽ നിയമം നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനഘടകം   പ്രഥമ വിവര റിപ്പോർട്ട്  (എഫ്ഐആർ) ആണ്.  എല്ലാ പരാതികളും പ്രഥമ വിവര റിപ്പോർട്ടായി (എഫ്ഐആർ) എഴുതി  രജിസ്റ്റർ ചെയ്യണമെന്ന് ലളിതകുമാരിയുടെ കേസിൽ ഇന്ത്യയിലെ സുപ്രീം കോടതി വ്യക്തമായി പറഞ്ഞു. ആ വിധി    രാജ്യത്തെ   17000 പോലീസ് സ്റ്റേഷനുകളിൽ   പോലീസിൻ്റെ വിവേചനാധികാരം  പൂർണ്ണമായും എടുത്തുകളഞ്ഞു.   എല്ലാ പരാതികളും എഫ്ഐആർ എഴുതി  രജിസ്റ്റർ ചെയ്യപ്പെടുന്ന സ്ഥിതി വന്നു.

എന്നാൽ പുതിയ നിയമം പോലീസിന് വിവേചനാധികാരം നൽകുന്നു (BNSS-ൻ്റെ വകുപ്പ് 1733). മൂന്ന് മുതൽ ഏഴ് വർഷം വരെ ശിക്ഷ കിട്ടാവുന്ന  കുറ്റകൃത്യങ്ങൾക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്നത്  ഇനിമേൽ പോലീസിൻ്റെ വിവേചനാധികാരത്തിലാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരും  ദുർബ്ബല വിഭാഗങ്ങളിൽ നിന്ന് വരുന്നവരും അല്ലെങ്കിൽ  ഗ്രാമപ്രദേശങ്ങളിൽ ദൂരെ താമസിക്കുന്നവരും   പോലീസ് സ്റ്റേഷനുകളുടെ ദയാദാക്ഷിണ്യത്തിലായിരിക്കും എന്നതാണ് ഇതിൻ്റെ പ്രായോഗിക പ്രത്യാഘാതങ്ങൾ. സ്റ്റേഷന്റെ  ചുമതലയുള്ള ഒരു സബ് ഇൻസ്പെക്ടറുടെ  ദയാദാക്ഷിണ്യത്തിലായിരിക്കും അവരുടെ ജീവിതങ്ങൾ.

പുതിയ നിയമത്തിലെ മറ്റൊരു വലിയ പ്രശ്‌നം പ്രതിയെ എത്രകാലം പോലീസ് കസ്റ്റഡിയിൽ പാർപ്പിക്കാമെന്നതാണ്. പ്രമുഖ നിയമജ്ഞനും മുൻ സുപ്രീം കോടതി ജഡ്ജിയുമായ  അന്തരിച്ച വി.ആർ. കൃഷ്ണയ്യർ പ്രസിദ്ധമായി പറഞ്ഞത് 'ജാമ്യം, ജയിലല്ല' എന്നാണ്. (ബെയിൽ നോ ജയിൽ). നിലവിലെ നിയമം അനുസരിച്ച്, പോലീസ് ഒരാളെ അറസ്റ്റ് ചെയ്താൽ,   പരമാവധി 15 ദിവസം പോലീസ് കസ്റ്റഡിയയിൽ വയ്ക്കാം.  അതിനുശേഷം,  ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയക്കുന്നു.  16-ാം ദിവസം നിങ്ങൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

പുതിയ നിയമം ഒരു വ്യക്തിയെ ചെറിയ കുറ്റങ്ങൾക്ക് 60 ദിവസവും വലിയ കുറ്റകൃത്യങ്ങൾക്ക് 90 ദിവസവും  വരെ പോലീസ് കസ്റ്റഡിയിൽ  സൂക്ഷിക്കാൻ അനുവദിക്കുന്നു. അതിനാൽ, 60-ഓ 90-ഓ ദിവസത്തിനുള്ളിൽ ജാമ്യാപേക്ഷ സമർപ്പിക്കുമ്പോഴെല്ലാം, അന്വേഷണത്തിനായി കൂടുതൽ സമയം  ആവശ്യമാണെന്ന് പോലീസിന് പറയാനാകും. തൽഫലമായി,   ഒരാൾക്ക് 60 അല്ലെങ്കിൽ 90 ദിവസങ്ങൾക്ക് മുമ്പ് ജാമ്യം ലഭിക്കാനുള്ള സാധ്യത വിദൂരമായിരിക്കും.

പ്രതികൾക്ക്  കൈവിലങ്ങ്  ഇടുന്നത് ഇനിമേൽ  പോലീസിൻ്റെ വിവേചനത്തിന്  വിട്ടിരിക്കുകയാണ്. കൈവിലങ് മനുഷ്യൻ്റെ അന്തസ്സിന് മേലുള്ള കടന്നാക്രമണമാണെന്ന് സുപ്രീം കോടതി ഒരിക്കൽ പറഞ്ഞു. പൗരാവകാശ പ്രവർത്തകർക്കും  രാഷ്ട്രീയ എതിരാളികൾക്കുമെതിരെ ഈ പുതിയ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുമെന്നത്തിനു സാധ്യത കൂടുതലാണ്.  അവരെ അപമാനിക്കുന്നതിനും താഴ്ത്തിക്കെട്ടുന്നതിനും  ഇത് ഉപയോഗിക്കാമല്ലോ.

കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമങ്ങൾ മനുഷ്യാവകാശ പ്രവർത്തകർക്ക് എല്ലായ്പ്പോഴും ആശങ്കയുണ്ടാക്കുന്നതായിരുന്നു. കാരണം വിദ്യാർത്ഥി പ്രകടനക്കാരെപ്പോലും ആ ക്രൂരമായ വ്യവസ്ഥകൾ ഉപയോഗിച്ച് ജയിലിലടച്ചു. പുതിയ നിയമത്തിൽ രാജ്യദ്രോഹം എന്ന വാക്ക്  നീക്കം ചെയ്യുന്ന പുതുക്കിയ നിയമത്തിൽ  നാല് വ്യത്യസ്ത പ്രവർത്തനങ്ങളെ  രാജ്യദ്രോഹപരമായി കാണുന്നു: അട്ടിമറി പ്രവർത്തനങ്ങൾ, വിഘടനവാദ പ്രവർത്തനങ്ങൾ, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്തൽ, സായുധ കലാപം എന്നിങ്ങനേ .

ഈ വ്യവസ്ഥകളുടെ പ്രധാന പ്രശ്നം യഥാർത്ഥത്തിൽ  അട്ടിമറി പ്രവർത്തനം  എന്നത്  എന്താണെന്നതാണ്! രാഷ്ട്രീയ വിമർശനങ്ങളെ നിശ്ശബ്ദമാക്കാൻ മുൻകാലങ്ങളിൽ ഈ നിയമം എളുപ്പത്തിൽ  ഉപയോഗിച്ചിരുന്നു. ഒരു വേദിയിൽ നിന്നുള്ള   പൊതു പ്രസംഗം,  അല്ലെങ്കിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് അശ്രദ്ധമായി ഫോർവേഡ് ചെയ്യൽ എന്നിവ ഇന്ത്യയുടെ 'ഐക്യത്തിനും അഖണ്ഡതയ്ക്കും' അപകടമുണ്ടാക്കുമോ? ഫെഡറലിസത്തെ അനുകൂലിക്കുകയും ഇപ്പോഴത്തെ  ഗുജറാത്ത് - അനുകൂല ഭരണത്തിനെതിരെ സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയെ വിഘടനവാദിയായി കണക്കാക്കാമോ?  ഈ മേഖലകൾ നന്നായി നിർവചിക്കപ്പെട്ടിട്ടില്ല. അതിനാൽ  ഇന്ത്യൻ പൗരൻ്റെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള മൗലികാവകാശം ഇതുവഴി ഇല്ലാതാവുകയും ചെയ്തേക്കാം.

ഭീകരതയെ നേരിടാൻ ഇതിനകം തന്നെ കർശനമായ ചട്ടങ്ങൾ ഉള്ളപ്പോൾ തന്നെ  ടെററിസത്തെ  ഈ നിയമത്തിൽ ഉൾപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യവും നിരവധി അഭിഭാഷകർ  ഉന്നയിക്കുന്നു . 1967-ലെ ഇന്ത്യയുടെ "ഭീകരവിരുദ്ധ നിയമപ്രകാരം ഒരാളെ അറസ്റ് ചെയ്യാൻ  സർക്കാരിൻ്റെ മുൻകൂർ അനുമതി വേണം. അയാളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുൻപ് ഒരു സ്വതന്ത്ര അധികാരി  എല്ലാ തെളിവുകളും പരിശോധിക്കേണ്ടതും ആവശ്യമാണ്. പുതിയ ക്രിമിനൽ ചട്ടത്തിൽ  അത്തരം ഒരു സംരക്ഷണവും ഉൾക്കൊള്ളുന്നില്ല. പുതിയ നിയമം  ഭീകരപ്രവർത്തകരായി  കണക്കാക്കുന്നത്  ഇന്ത്യയിലോ ഏതെങ്കിലും വിദേശ രാജ്യത്തോ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നവരെയാണ്.  അത്തരം ആളുകളുടെ സ്വത്ത് കണ്ടുകെട്ടാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.   കറൻസി കള്ളക്കടത്ത് പോലും തീവ്രവാദ പ്രവർത്തനമായി കണക്കാക്കും.

തിവാരി തുടർന്നു പറഞ്ഞു, “ആരെങ്കിലും എന്തെങ്കിലും വിരോധാഭാസമായി പറയുകയോ എന്തെങ്കിലും തമാശ പറയുകയോ ചെയ്താൽ അത് അപകീർത്തികരമായി മാറും. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും പുതിയ നിയമം  വലിച്ചെറിഞ്ഞു. ഈ ബിൽ വ്യവസ്ഥകൾ ഓരോന്നും  പരിശോധിക്കുന്നതിന് എല്ലാ പാർട്ടികളിൽ നിന്നുമുള്ള പ്രഗത്ഭരായ നിയമജ്ഞരെ ഉൾപ്പെടുത്തി പാർലമെൻ്റിൻ്റെ ഒരു സംയുക്ത സമിതിയെ   രൂപീകരിക്കണം. ഈ നിയമങ്ങൾ പ്രകൃത്യാ  വിനാശകരവും അവ നടപ്പിലാക്കുന്നതിൽ ക്രൂരവുമാണ്.   കൂടാതെ അവ ഈ രാജ്യത്ത്   പോലീസ് ഭരണകൂടത്തിന് അടിത്തറയിടും . ജാമ്യ നിയമങ്ങൾ പോലുള്ള ചില വ്യവസ്ഥകളിലുള്ള  അവ്യക്തത  കാരണം പോലീസിന് വിപുലമായ മേൽകൈ നൽകുകയും ചെയ്യും.

വധശിക്ഷയ്‌ക്കുള്ള അധിക വ്യവസ്ഥകൾക്കൊപ്പം, കുറ്റവാളിയുടെ മനംമാറ്റത്തേക്കാൾ   പ്രതികാരത്തിൽ  ലക്ഷ്യമിട്ടാണോ പുതിയ നിയമം എന്ന ചോദ്യവും ഉയർന്നുവരുന്നു. പഴയ രാജ്യദ്രോഹ നിയമങ്ങൾക്കു പകരമുള്ള പുതിയ നിയമങ്ങൾ പഴയതിനേക്കാൾ കൂടുതൽ ഭീകരമായി  തോന്നുന്നു.  ബി.ജെ.പി  അവസരം ഉപയോഗിച്ചു ഹിന്ദു ദേശീയതയുടെ  പദ്ധതിയുമായി ഒത്തുപോകുന്ന  കൂടുതൽ ക്രൂരമായ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചതായി തോന്നുന്നു. അവ പുനഃപരിശോധിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്നില്ലെങ്കിൽ, പൗരസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും കടുത്ത ഭീഷണിയായേക്കാം, അത് ആത്യന്തികമായി രാജ്യത്തിൻ്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ തുരങ്കം വച്ചേക്കാം.
 

Join WhatsApp News
(ഡോ .കെ) 2024-07-12 16:45:13
“ഭാരതീയ ന്യായ സംഹിത” എന്ന് ശരിയായി എഴുതു .
Mathai Chettan 2024-07-13 06:30:34
ജോർജ് എബ്രഹാമിന് മത്തായി ചേട്ടൻ കട്ട സപ്പോർട്ട് തരുന്നു. വയസ്സനായ മത്തായി ചേട്ടൻറെ സപ്പോർട്ട് കൊണ്ട് ജോർജ് എബ്രഹാം ഒരുപക്ഷേ നിനച്ചത് സാധിക്കുകയില്ല ആയിരിക്കാം. എങ്കിലും ജോർജ് എബ്രഹാം വസ്തുതകൾ എഴുതുന്നുണ്ട്. ഭാരതം എന്ന ബിജെപി പേരിനേക്കാൾ ലോകരും നമ്മളെല്ലാം കൂടുതലായി അറിയപ്പെടുന്നത് " India, ഇന്ത്യക്കാർഎന്നൊക്കെയാണ്. ബിജെപിക്കാർ സുൽത്താൻബത്തേരിയെ ഗണപതിവട്ടം എന്നൊക്കെ മാറ്റുന്നു. . കഷ്ടം. താമസിയാതെ Godse യാണ് ശരി ഗാന്ധി അല്ല എന്ന് അവർ പറഞ്ഞു കൊണ്ട് നടക്കും. India ഇന്ത്യ മുന്നണിയെ ഈ മത വിഘടനവാദികൾ " ഇണ്ടി മുന്നണി" Indi munnani എന്ന് വിളിച്ച് അവഹേളിക്കുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഈ വയസനായ മത്തായി ചേട്ടൻ രാഹുൽ ഗാന്ധി എന്ന് ഇന്ത്യൻ പ്രൈം മിനിസ്റ്റർ ആകും? അപ്പോൾ ഒരു സൂര്യോദയം ആയിരിക്കും എന്ന് ചിന്തിക്കുകയാണ്? ദൈവമേ അത് കണ്ടിട്ട് മത്തായി ചേട്ടനെ അങ്ങ് എടുക്കാവൂ എന്ന് പ്രാർത്ഥിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക