ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനെ സന്ദർശിച്ചു. മോസ്കോ നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചുവന്ന പരവതാനി വിരിച്ചാണ് മോദിയെ റഷ്യ സ്വീകരിച്ചത്. ഈ സന്ദർശനത്തെ പാശ്ചാത്യ രാജ്യങ്ങൾ, പ്രത്യേകിച്ച് അമേരിക്ക, നിശിതമായി വിമർശിച്ചു. അതിനു കാരണമുണ്ട്.
ഒന്ന്, യുക്രെയിനിലെ കീവിൽ ഏറ്റവും വലിയ പീഡിയാട്രിക് ഹോസ്‌പിറ്റൽ റഷ്യൻ ബോംബിങ്ങിൽ അന്ന് രാവിലെ തകർന്ന് നിരവധി കുട്ടികൾ മരണമടഞ്ഞു. രണ്ട്, നാറ്റോ സഖ്യത്തിന്റെ സമ്മേളനം ആരംഭിക്കുന്ന ദിവസം. അന്ന് തന്നെ നരേന്ദ്ര മോദി പുട്ടിനെ സന്ദർശിച്ചതിനു വലിയ അർഥവ്യാപ്തിയാണ് പാശ്ചാത്യ ലോകം നൽകിയത്. യഥാർത്ഥത്തിൽ ഈ സന്ദർശനം എത്രയോ നാളുകൾക്കു മുൻപേ തീരുമാനിച്ചതാണ് എന്ന് എല്ലാവർക്കും അറിയാം. എങ്കിലും, കുട്ടികളുടെ ആശുപത്രി റഷ്യ ബോംബ് ചെയ്തതിനെ പല ലോകരാഷ്ട്രങ്ങളും അപലപിച്ചപ്പോൾ ഇന്ത്യ റഷ്യൻ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. എന്നാൽ ഈ ബോംബിങ് റഷ്യ ചെയ്തിട്ടില്ലെന്നാണ് റഷ്യ പറയുന്നത്.
ഇത്രയും പാശ്ചാത്യ രാജ്യങ്ങളെ ചൊടിപ്പിച്ചു കൊണ്ട് ഈ റഷ്യൻ സന്ദർശനം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നോ? പ്രത്യേകിച്ച് അമേരിക്കയുമായി ഇന്ത്യക്കുള്ള ബന്ധം ഊഷ്‌മളമായി വളർന്നു വരുമ്പോൾ. പാശ്ചാത്യ രാജ്യങ്ങൾ എന്ത് കൊണ്ടാണ് ഈ സന്ദർശനത്തെ ഇത്രയധികം വിമർശിക്കുന്നത്? അതിനു കാരണമുണ്ട്. റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചപ്പോൾ അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. റഷ്യയെ സാമ്പത്തികമായി തകർക്കുക എന്നതായിരുന്നു ലക്‌ഷ്യം.
ലോകരാഷ്ട്രങ്ങൾ ഇതനുസരിച്ചു റഷ്യയുമായുള്ള ബിസിനസ് കാര്യങ്ങൾ നിർത്തി വച്ചു. റഷ്യയുടെ ഏറ്റവും വലിയ വിദേശ നാണ്യ സമ്പാദനം എണ്ണ കയറ്റുമതിയിലൂടെയാണ്. പാശ്ചാത്യ രാജ്യങ്ങൾ ഏറ്റവും കൂടുതൽ ഇക്കാര്യത്തിൽ ആശ്രയിച്ചിരുന്നത് റഷ്യയെ ആണ്. ഉപരോധത്തോടെ അവർക്ക് എണ്ണ ഇറക്കുമതി ചെയ്യാനാവാതെ വന്നു. ശ്വാസം മുട്ടിയ റഷ്യയ്ക്ക് ഇന്ത്യ അവസരോചിതമായി ഉയർന്നു തുണയായി വന്നു. റഷ്യൻ ക്രൂഡ് ഓയിൽ വളരെ താണ വിലയ്ക്ക് ഇന്ത്യ വാങ്ങി ശുദ്ധീകരിച്ചു പാശ്ചാത്യ രാജ്യങ്ങൾക്കു വിൽക്കാൻ തുടങ്ങി. യുക്രെയിൻ യുദ്ധം ആരംഭിക്കുന്നതിനു മുൻപ് പ്രതിവർഷം 4 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് റഷ്യയിൽ നിന്നും ഇന്ത്യ നടത്തിയിരുന്നത്. എന്നാൽ ഇന്ന് അത് 65 ബില്യൺ ഡോളറായി ഉയർന്നത് മുഖ്യമായും ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെയാണ്. പ്രതിദിനം 12 ലക്ഷത്തിലധികം ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. അമേരിക്ക ഇതിനെ വിമർശിച്ചെങ്കിലും ഇന്ത്യ കുലുങ്ങിയില്ല. ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് വാഷിങ്ടണിൽ ചില കോൺഗ്രസ് അംഗങ്ങൾ വാദിച്ചെങ്കിലും വൈറ്റ് ഹൗസ് അതിനു വലിയ വില കൊടുത്തില്ല.
ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുന്നത് നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷമാണ്. അതിനു കാരണം ചൈനയുടെ അതിവേഗമുള്ള വളർച്ചയാണ്. ഏഷ്യയിൽ ചൈനയുടെ ഭീഷണിയിൽ പല രാജ്യങ്ങളും ആശങ്കാകുലരാണ്. സൂപ്പർ പവർ ആയി വളർന്ന ചൈനയെ നേരിടാൻ അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹായം കൂടിയേ തീരൂ. അതുകൊണ്ടു തന്നെ ഇന്ത്യയെ പിണക്കേണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. ഈ അവസരം മുതലെടുത്താണ് ഇന്ത്യ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വൻതോതിൽ ഇറക്കുമതി ആരംഭിച്ചത്. റഷ്യയുമായി ഇന്ത്യ കൂടുതൽ അടുക്കേണ്ടത് തന്ത്രപരമായി ചൈനയെ നേരിടുന്നതിന് ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. വൻകിട ന്യൂക്ലിയർ എനർജി പവർ പ്ലാന്റുകൾ റഷ്യൻ സഹായത്തോടെ ഇന്ത്യയിൽ നിർമ്മിച്ചുകൊണ്ടിരിക്കയാണ്. പ്രതിരോധ മേഖലയിൽ ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ ഇറക്കുമതി റഷ്യയിൽ നിന്നാണ്.
ആക്രമണ സ്വഭാവമുള്ള ചൈനയുമായി 2100 മൈൽ അതിർത്തി പങ്കിടുന്ന ഇന്ത്യയ്ക്ക് പ്രതിരോധം ശക്തിപ്പെടുത്തിയേ മതിയാവൂ. ഒപ്പം തന്നെ അമേരിക്കയുടെ സ്വാധീനം ലോകരാഷ്ട്രങ്ങൾക്കു മുൻപിൽ കുറയ്ക്കാനായി ചൈന റഷ്യയുമായി കൂടുതൽ അടുക്കുന്നതും ഇന്ത്യയ്ക്ക് അവഗണിക്കാനാവില്ല. ഇന്ത്യ, റഷ്യയെ ആപത്തിൽ സഹായിക്കുന്ന ഒരു നല്ല സുഹൃത്തായിട്ടാണ് കാണുന്നത്. 1971 ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ പാക്കിസ്ഥാനെ സഹായിക്കാനായി അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്‌സൺ ഏഴാം കപ്പൽപ്പടയെ ഇന്ത്യൻ മഹാസമുദ്രത്തിലേക്കു നീക്കിയപ്പോൾ ശക്തമായി താക്കീതു നൽകി പിടിച്ചു നിർത്തിയത് റഷ്യയുടെ ഭരണാധികാരിയായിരുന്ന ബ്രെഷ്നേവ് ആണ്.. അത് ഇന്ത്യയ്ക്ക് മറക്കാനാവില്ല. എന്നാൽ പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ കളിത്തൊട്ടിലായി മാറിക്കഴിഞ്ഞപ്പോൾ അതിനു തടയിടാൻ ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്ക മുൻപോട്ടു വന്നു. ആ ബന്ധം നാൾക്കു നാൾ മെച്ചപ്പെട്ടു. ഇന്ന് ഇന്ത്യ അമേരിക്കയുടെ ഒരു നല്ല സുഹൃത്താണ്. ഇന്ത്യയുടെ ഈ സന്ദർശനത്തെപ്പറ്റി യുക്രെയിൻ പ്രെസിഡന്റ് വോളോഡിമിർ സെലിൻസ്‌ക്കി പറഞ്ഞത്, ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലിനെ ആശ്ലേഷിക്കുന്നതു കാണുന്നത് നിരാശപ്പെടുത്തുന്നു’ എന്നാണ്.
ഓരോ രാജ്യങ്ങളും അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അമേരിക്കയും റഷ്യയും യുക്രെയിനും എല്ലാം ചെയ്യുന്നത് അതാണ്. ഇന്ത്യയും അതിന്റെ നിലനിൽപ്പിനും ഉന്നമനത്തിനും വേണ്ടത് എന്താണോ അത് ചെയ്യുന്നു. എന്നാൽ മറ്റു പല രാഷ്ട്രങ്ങളെയും അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യ ഒട്ടുമിക്ക രാജ്യങ്ങളുമായും നല്ല ബന്ധത്തിലാണെന്നുള്ളതാണ് ശ്രദ്ധേയം. അറബ് രാജ്യങ്ങളുമായും ഇസ്രായേലുമായും അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായും എല്ലാം നല്ല വ്യക്തി ബന്ധം സൂക്ഷിക്കാൻ നരേന്ദ്ര മോദിക്ക് സാധിക്കുന്നു എന്നത് അദ്ദേഹത്തിന്റെ നയതന്ത്ര ചാരുതയാണ് കാണിക്കുന്നത്. ഇന്ത്യയുടെ ഈ സുദൃഢമായ വിദേശനയം രാജ്യ പുരോഗതിക്കു സഹായകമാവുമെന്ന കാര്യത്തിൽ സംശയമില്ല.