പുഞ്ചിരി ചുണ്ടോടു ചേർന്നു നിൽക്കുന്ന പോൽ
പൂമണം പൂവോടു ചേർന്നിടും പോൽ,
വാക്കോടതിന്നർത്ഥം ചേർന്നു രമിക്കും പോൽ
നാക്കോടു ചേർന്നിടു മക്ഷരം പോൽ,
ശൈശവം പൈതലെ പുൽകി നിൽക്കുന്ന പോൽ
ശൈലവും മാനവും ചേർന്നിടും പോൽ,
അലമാല യാഴിയോ ടൊട്ടി നിൽക്കുന്ന പോൽ
അല്ലികൾ അലരൊത്തു നിന്നിടും പോൽ,
മധുരം മധുവോടു ചേർന്നു നിൽക്കുന്ന പോൽ
മതിയോടു പൂനിലാവെന്നതു പോൽ,
ഹരിതാഭ ചേലിൽ വസന്തത്തോടെന്ന പോൽ
കരിമുകിൽ മാനത്തോടെന്നതു പോൽ,
ശൈത്യം ശിശിരത്തോ ടെന്നതു പോൽ, ഓമൽ
ശൈശവം പൈതലോടെന്നതു പോൽ,
ശൈലമാകാശത്തെ തൊട്ടു നിൽക്കുന്ന പോൽ,
ശൈലിയിൽ ലക്ഷ്യാർത്ഥ മെന്നതു പോൽ,
നൃത്തം മയിലോടു ചേർന്നു നീല്കുന്ന പോൽ
വൃത്തം കവിതയോ ടെന്നതു പോൽ,
കൂജനം കോകില കണ്ഠത്തോടെന്ന പോൽ
കൂരിരുൾ രാവിനോ ടെന്നതു പോൽ,
സാദരം ഞാനുമെൻ ജീവനാം കൃഷ്ണാ! നിൻ
പാദ പദ്മങ്ങളിൽ ചേർന്നു നിൽപ്പു!
ജന്മം നീയെത്ര തന്നാലും അടിയനാ
ജന്മം നര ജന്മ മാകേണമേ!
..........................
28 -5 - 2017