റിപ്പബ്ലിക്കൻ സ്‌ഥാനാർത്ഥിയായ അമേരിക്കയുടെ മുൻപ്രസിഡണ്ട് ഡൊണൾഡ് ട്രംപിനെതിരെയുള്ള വധ ശ്രമവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ലോകം ഞെട്ടലോടെയാണ് കണ്ടത്.
ഇങ്ങനെയൊക്കെ സംഭവിക്കുവാൻ സാധ്യതയുണ്ടെന്ന് പലരും ചിന്തിച്ചിട്ടുണ്ടെങ്കിലും വളരെ ഹീനമായ ഒരു പ്രവർത്തി ഒരു ഇരുപതുകാരൻ നടപ്പാക്കുവാൻ തുനിഞ്ഞിറങ്ങിയത് അക്ഷരാർത്ഥത്തിൽ മനുഷ്യരാശിക്ക് നടുക്കമായി.
അമേരിക്കയുടെ ചരിത്രമെടുത്തു നോക്കിയാൽ പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ ആരംഭം വരെ അമേരിക്കൻ പ്രസിഡന്റുമാർക്കെതിരെയുള്ള വധശ്രമങ്ങളും ഗൂഢാലോചനകളും നിരവധിയാണ്.
കൊലപാതകശ്രമം നേരിട്ട ആദ്യ പ്രസിഡൻ്റായിരുന്നു ആൻഡ്രൂ ജാക്‌സൺ. 1835 ജനുവരി 30-ന്, കാപ്പിറ്റോളിലെ ഈസ്റ്റ് പോർട്ടിക്കോയിൽവെച്ച് റിച്ചാർഡ് ലോറൻസ് എന്ന അക്രമി രണ്ട് തവണ അദ്ദേഹത്തെ വെടിവെക്കാൻ ശ്രമിച്ചു. പക്ഷെ രണ്ട് തോക്കുകളും ജാമായി. അങ്ങനെ വെടിയുതിർക്കാതെ ആ വധശ്രമം പരാജയപ്പെട്ടു.
ഇതിനു മുൻപ് വധ ശ്രമത്തിനു ഇരയായക്കപ്പെട്ട മൂന്ന് പ്രസിഡൻ്റുമാർക്ക് പരിക്കേറ്റിട്ടുണ്ട്: 1981 ൽ റൊണാൾഡ് റെയ്ഗനെ വധിക്കാൻ ജോൺ ഹിങ്ക്ലി ജൂനിയർ ശ്രമം നടത്തുകയും റെയ്ഗന് പരുക്ക് പറ്റുകയും ചെയ്തു. മുൻ പ്രസിഡണ്ടായിരുന്ന തിയോഡോർ റൂസ്വെൽറ്റിനെ വധിക്കാൻ 1912-ൽ ലസ്ന ജോൺ ഷ്രാങ്ക് എന്നയാൾ ഉദ്യമിച്ചു. രണ്ട് വട്ടം പ്രസിഡന്ടായിരുന്ന ടെഡി റൂസ്വെൽറ്റ് വാശിപ്പുറത്ത് മൂന്നാം വട്ടം മത്സരിക്കുമ്പോഴായിരുന്നു അത്. തെരെഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തിരിക്കെയാണ് എബ്രഹാം ലിങ്കൺ, 1865 , എബ്രഹാം ഗാർഫീൽഡ്, 1881, വില്യം മക്കിൻലി, 1901, ജോൺ എഫ്. കെന്നഡി, 1963, എന്നിവരെ അക്രമികൾ കൊലപ്പെടുത്തിയത്
വിജയിച്ചതും പരാജയപ്പെട്ടതുമായ പല കൊലപാതക ശ്രമങ്ങളും അമേരിക്കയുടെ ചില നയങ്ങളോടുള്ള പ്രതിഷേധ പ്രകടനങ്ങൾ കൂടിയായിരുന്നു. എന്നിരുന്നാലും, അത്തരം എല്ലാ ആക്രമണങ്ങൾക്കും രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നില്ല. പല തരം മാനസിക പ്രശനങ്ങളുണ്ടായിരുന്നവരും ഭ്രാന്തുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതിയവരുമെല്ലാം ഈ ആക്രമണകാരികളുടെ ലിസ്റ്റിൽ പെട്ടിട്ടുണ്ട്. എന്നാൽ ചരിത്രകാരനായ ജെയിംസ് ഡബ്ല്യു. ക്ലാർക്ക് അഭിപ്രായപ്പെടുന്നത് കൊലപാതകശ്രമങ്ങൾ നടത്തിയവരിൽ ഭൂരിഭാഗവും വിവേകശാലികളും രാഷ്ട്രീയ പ്രേരിതരും ആയിരുന്നു എന്നാണ്.
അതേസമയം ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസിന്റെ ലീഗൽ മാന്വൽ അവകാശപ്പെടുന്നത് അക്രമികളിൽ വലിയൊരു ഭൂരിപക്ഷത്തിനും സ്കിസൊഫ്രേനിയ പോലെയുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ്. .
ചില കൊലയാളികൾ, പ്രത്യേകിച്ച് മാനസികരോഗികൾ, സ്വന്തം നിലയിൽ മാത്രം ആക്രമണം നടത്തിയപ്പോൾ മറ്റുചിലർ ഗൂഡലോചനയുടെ ഭാഗമായുള്ള രാഷ്ട്രീയ അജണ്ടകൾ പിന്തുടർന്നു വന്നവരായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തവരിൽ ഭൂരിഭാഗവും അറസ്റ്റു ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.
നേരിട്ട് അക്രമിച്ചിട്ടില്ലങ്കിലും എല്ലാക്കാലത്തും ആരിൽ നിന്നെങ്കിലും നേരിട്ടോ അല്ലാതെയോ ഉള്ള ഭീഷണികൾ അമേരിക്കൻ പ്രസിഡന്റുമാർക്ക് സ്ഥിരം വന്നിട്ടുള്ളതായി കാണുന്നു.
ഒരു സാധാരണ പൗരന്റെ ജീവന് നേരെ പോലും ഉണ്ടാകുന്ന ഭീഷണി കുറ്റകരമായ നിയമലംഘനമായിട്ടാണ് അമേരിക്കയിലെ നീതിന്യായ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്ങിനെയാകുമ്പോൾ അമേരിക്കൻ പ്രസിഡന്റിന് നേരെ മുഴക്കുന്ന വധ ഭീഷണി എത്ര പ്രാധാന്യത്തോടെ ആകും എടുക്കുക!
രാഷ്ട്രീയ വിഷയങ്ങളിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള വാക്‌പോര് പോലും ഗൗരവകരമായി എടുത്ത് അതിലൊരാൾ പോലീസിന്റെ നോട്ടപ്പുള്ളിയായ സംഭവം ഡാളസിൽ നടന്നത് ഇതിനു ഉത്തമോദാഹരണമാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ നടന്ന ഈ സംഭവം ആദ്യം കേട്ടപ്പോൾ ചിരി വന്നു പോയെങ്കിലും അതനുഭവിച്ച കുടുംബത്തിനു അതത്ര തമാശയായിരുന്നില്ല.
സദ്ദാം ഹുസൈൻ കുവൈറ്റ് ആക്രമിച്ച സമയം. ജോർജ് ബുഷ് ഒന്നാമൻ പ്രസിഡന്റായിരുന്ന സമയം. അമേരിക്കയെ പിന്തുണച്ചും തള്ളിപ്പറഞ്ഞും ലോകരാജ്യങ്ങൾ! അറബ് വിരുദ്ധതയും അമേരിക്കൻ വിരുദ്ധതയും ആൾക്കാരുടെ തർക്കവിഷയങ്ങളവുകയാണ്.
ഒരു ദിവസം അപ്പന് ഒരു ബന്ധുവിന്റെ ഫോൺ കോൾ! “തങ്കച്ചൻ അറിഞ്ഞാരുന്നോ? നമ്മടെ ജോണിന്റെ മോനില്ലേ സജി!? അവനെയിന്നു പോലീസുകാര് ജോലിയിൽ വന്നു ചോദ്യം ചെയ്തെന്നു! വെറും പൊലീസല്ല, സാക്ഷാൽ എഫ്. ബി. ഐ”!.
എന്താണ് കാരണമെന്നുള്ള ചോദ്യത്തിനുള്ള മറുപടി കേട്ട് ഞെട്ടിയത് അപ്പൻ മാത്രമായിരുന്നില്ല. എനിക്ക് ചിരി വന്നെങ്കിലും പുറത്തു കാണിച്ചില്ല.
ഈ പറഞ്ഞ ജോൺ അങ്കിളിന്റെ മകൻ സജി നാട്ടിൽ നിന്നും വന്നിട്ട് ഒന്ന് ഒന്നര വര്ഷമായിക്കാണും. മെലിഞ്ഞു ഉണങ്ങിയിരിക്കുന്ന ഒരു നീളക്കാരൻ പൊടിമീശപ്പയ്യൻ. സജിയെ ഹൈസ്‌കൂളിൽ ചേർക്കുന്ന കാര്യമൊക്കെ ചോദിക്കാൻ അങ്കിൾ എന്നോട് തിരക്കിയത് ഓർമ്മയുണ്ട്. അപ്പനും ജോൺ അങ്കിളും ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. സജി വന്നു കഴിഞ്ഞു തന്റെ പെൻഷന്റെ പേപ്പറുകൾ ശരിയാക്കാൻ അങ്കിൾ നാട്ടിലേക്കു പോയ സമയമാണ്. അമ്മയോടും ചേട്ടനോടുമൊപ്പമാണ് സജിയുടെ താമസം. രാവിലെ സ്‌കൂളും വൈകിട്ട് ഒരു മരുന്ന് കമ്പനിയിലെ പാർട്ട് ടൈം ജോലിയും കഴിഞ്ഞു സജി തിരിച്ചു വരുന്നത് ഒരു നേരത്താണ്. അപ്പൻ കുറച്ചു നാൾ സജിക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു കൊടുത്തിരുന്നു. ഇംഗ്ലീഷ് പറഞ്ഞും പഠിച്ചുമൊക്കെ വരുന്നതേയുള്ളു. എല്ലാവരെയും പോലെ ആദ്യകാല വിഷമങ്ങളിൽകൂടി കടന്നു പോവുകയാണ് അവരും.
അപ്പൻ അറിഞ്ഞ വിവരങ്ങളുടെ നിജസ്ഥിതി അറിയുവാൻ സജിയുടെ അമ്മയെ വിളിക്കുമ്പോൾ അവർ പറഞ്ഞ കഥ ഇങ്ങിനെ.
“ഒന്നും പറയണ്ട തങ്കച്ചാ! ഇവന് പണ്ട് മുതലേ ഒള്ള സ്വഭാവമാ ആവശ്യത്തിനും അനാവശ്യത്തിനും കാണുന്നവരോടെല്ലാം തർക്കിക്കുക എന്നുള്ളത്!
നാട്ടിൽ ഇവൻ വെല്യ പാർട്ടിക്കാരനായിരുന്നു. കൊടി പിടിച്ചു അതിലെ നടന്നതിനാണു നന്നാകട്ടെന്നും വെച്ച് അങ്ങേര് അവനെ ഉന്തിക്കേറ്റി ഇങ്ങോട്ടു കൊണ്ട് വന്നത്! ഇവടേം അവന്റെ പണി ഇതൊക്ക തന്നെ! ജോലിക്ക് പോയവന് മര്യാദക്കതും ചെയ്തേച്ചു വീട്ടിപ്പോന്നാ പോരെ ?! ദേണ്ടെ കെടക്കുന്നു! അവര് അവനെ ജോലിന്നു പറഞ്ഞും വിട്ടെന്നാ തോന്നുന്നേ!”
സജിയുടെ അമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
“അവൻ എന്നാ കാണിച്ചിട്ടാ പൊന്നമ്മേ ? എന്നാ പറ്റി? പൊന്നമ്മ വെപ്രാളപ്പെടാതെ”. അപ്പൻ പൊന്നമ്മയാന്റിയോട് ആശ്വാസം പറഞ്ഞു. കാര്യങ്ങൾ തിരക്കി.
“ഓ എന്നാ പറയാനാ! .. ഈ ചെറുക്കൻ ജോലിയിലുള്ള ഒരു സായിപ്പുമായി സദാം ഹുസ്സൈന്റേം കുവൈറ്റ് യുദ്ധത്തിന്റെയും കാര്യങ്ങൾ പറഞ്ഞു തർക്കവും വഴക്കുമായി. സായിപ്പൊരു പഴേ എക്സ് മിലിട്ടറിയും കൂടാരുന്നു. ഒന്നും രണ്ടും പറഞ്ഞു തർക്കം മൂത്തു. സദാം ഹുസ്സയിനെ തട്ടിക്കളയണോന്നോ മറ്റോ ആ സായിപ്പ് പറഞ്ഞപ്പോ ഇവൻ പറയുവാ “അങ്ങനാണേൽ നിങ്ങടെ അമേരിക്കൻ പ്രസിഡണ്ടിനേം തട്ടിക്കളയാണോന്നു”!
അത്രേ ഉണ്ടായൊള്ളന്നാ അവൻ പറയുന്നേ! ജോലി കഴിഞ്ഞിറങ്ങമ്പോ ദേ വന്നേക്കുന്നു രണ്ടു മൂന്നു പോലീസുകാരും എഫ് ബി ഐയിന്നോ, എവിടുന്നൊക്കെയാണോ എന്റെ പൊന്നമ്മച്ചിയെ എനിക്കൊന്നും അറിയാൻ മേല! അവര് അവനെ ഒരു മുറി കൊണ്ടിരുത്തി ചോദ്യങ്ങളൊക്ക ചോദിച്ചു. തിരിച്ചും മറിച്ചും കൊറേ കാര്യങ്ങളൊക്ക തിരക്കി. അവൻ അമേരിക്കൻ പ്രസിഡന്റിനെ കൊല്ലുമെന്ന് സായിപ്പിനോട് പറഞ്ഞു എന്നതാണ് അവർ പറയുന്ന കുറ്റം. എന്നാ അങ്ങിനെ അവൻ പറഞ്ഞിട്ടുമില്ല. പിന്നെ അവൻ നടന്നതൊക്കെ അവരോടു പറഞ്ഞേച്ചും വന്നു ഇവിടിരിപ്പൊണ്ട്. കേസ് ഒന്നുമില്ല. അവര് ശെരിക്ക് വിരട്ടി. ഇനി മേലാൽ ജോലിയിലിരുന്നു രാഷ്ട്രീയം പറയരുതെന്നു പറഞ്ഞു. മൂന്നു ദിവസം സസ്‌പെൻഷൻ കൊടുത്തേക്കുവാന്നാ പറഞ്ഞെ! ആർക്കറിയാം! ഇനിഎന്നാ നൂലാമാലയൊക്കെയാണോ വരാൻ പോണേ!”
സജിയുടെ അമ്മ പറഞ്ഞു നിർത്തി.
എല്ലാവര്ക്കും ഞെട്ടലുണ്ടായിക്കിയ ഒരു സംഭവം ആയിരുന്നു അത്. എന്തായാലും സജിയുടെ ചേട്ടൻ ഇടപെട്ടു അവർ ഒരു അറ്റോർണിയെ കാണുകയും മൂന്നു ദിവസത്തെ സസ്പെൻഷന് ശേഷം സജിയെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. കേസ് ഒന്നും ചാർജ് ചെയ്തില്ല. വർഷങ്ങൾക്ക് ശേഷം സജി അമേരിക്കൻ നേവിയിൽ ചേരുകയും റിട്ടയര്മെന്റിനു ശേഷം കുടുംബവുമായി ഫ്ളോറിഡയിലേക്ക് താമസം മാറുകയും ചെയ്തു. സജി ഇന്ന് ബിസിനസ് നടത്തി ജീവിക്കുന്നു.
രാഷ്ട്രിയം, മതം, ജാതി ഈ വിഷയങ്ങളൊക്ക ആളും തരവും കണ്ടു സംസാരിക്കേണ്ടിയിടങ്ങളിൽ മാത്രം സംസാരിക്കുക എന്നുള്ള ഒരു ഗുണപാഠം സജിയുടെ ഈ പ്രശ്‌നം ഞങ്ങളെ പഠിപ്പിച്ചു. ജോലിയിലും മറ്റ് പൊതു ഇടങ്ങളിലും കൂടെയുള്ളവരോട് ഇത്പോലെയുള്ള വെല്ലുവിളികൾക്കും വിവാദങ്ങൾക്കും പോകാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസിലാക്കി തരുന്നതായിരുന്നു ഈ സംഭവം.
എന്തായാലും ഇതിലൊരല്പം വർണ്ണ വിവേചനത്തിന്റെയും വംശ വെറിയുടെയും പ്രശ്‌നം കൂടിയുണ്ടെന്നുള്ളതും പറയാതെ വയ്യ. ഇന്നും ഇത് പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ നമ്മുടെ മലയാളി സമൂഹത്തിൽ നിന്നും കേൾക്കാറുണ്ട്. പുതുതായി വരുന്നവർക്ക് അമേരിക്കയുടെ ചില രീതികളും, മര്യാദകളും പഠിപ്പിച്ചു കൊടുക്കുന്ന ഓറിയെന്റേഷൻ ക്ലാസുകൾ മലയാളി സംഘടനകൾ സംഘടിപ്പിക്കേണ്ടത് അത്യാവശ്യം ആണെന്നാണ് എന്റെ അഭിപ്രായം. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ വരുന്നവർ ഇന്ന് ധാരാളം. അവർക്കൊക്ക തീർച്ചയായും ഈ തരം ക്ലാസുകൾ ഉപകാരപ്പെടും.
എന്തായാലും അമേരിക്കയുടെ മുൻ പ്രസിഡന്റ് ട്രംപിന് നേരെ നടന്ന ഹീനകൃത്യത്തേക്കുറിച്ചു പറഞ്ഞു വന്നപ്പോളാണ് ഈ സംഭവം ഓർമ്മയിൽ വന്നത്. ട്രംപിന് നേരെ അങ്ങിനെ ഒരിക്കലും സംഭവിക്കരുതായിരുന്നു. വളരെ നിർഭാഗ്യകരം എന്നല്ലാതെ എന്ത് പറയാൻ. ധാരാളം സംശയങ്ങളും കൺസ്പിറസി തിയറികളും ഇതു സംബന്ധിച്ചു ഉരുത്തിരിയുന്നുണ്ടെങ്കിലും ഈ ഒരു സംഭവത്തോടെ അദ്ദേഹത്തിന്റെ വിജയ സാധ്യത കൂടിയതായിട്ടാണ് മാധ്യമങ്ങളുടെ പൊതുവെയുള്ള അഭിപ്രായം! കാത്തിരുന്നു കാണുക തന്നെ.
Read: https://emalayalee.com/writer/14