ചേമ്പില
ചൂടിയൊരു ബാലകൻ
പള്ളിക്കൂടത്തിണ്ണയിൽ
വിറച്ചു നിന്നു....
ചേമ്പില ചൂടി വന്നൊര-
ദ്ധ്യാപകൻ
അവനെ ചേർത്തുപിടിച്ചിങ്ങനെ
പറഞ്ഞു :
നീ വലുതാവുമ്പോൾ
ഒരു നൈലോൺ
തുണിക്കുട പിടിച്ച്
വരുന്നൊരു
അദ്ധ്യാപകനാവണം.......
കാലമൊരുപാട്
കർക്കിടക പെയ്ത്തും
കാലവർഷവും
കടന്നുപോയിരിക്കുന്നു...
കരിമൂടിയൊരു
കർക്കിടക
കറുപ്രഭാതത്തിൽ
കൽപ്പടികൾ
കയറിയവൻ കണ്ടു നിന്നു;
പ്രഥമ ഗുരു ഉറങ്ങുന്നത്
കണ്ടു നിന്നു...
മഴത്തുള്ളി തെറിക്കുന്നൊരു
മഴക്കോട്ടണിഞ്ഞ്
പ്രഥമാദ്ധ്യാപകനായി
തൊഴുതുനിന്നു -...
കടുത്ത വർഷ മേഘം
കുത്തൊഴുക്കുന്നു
അന്തൃ ദർശനം
കടൽക്കണ്ണ് കവിയുന്നു ....
പടിയിറങ്ങുമ്പോൾ
ഉള്ളെഴുത്തു ഫലകത്തിൽ
രണ്ടു വാക്കിങ്ങനെ
തെളിഞ്ഞെഴുന്നു:
ഗുരവേ നമ: