Image

രാത്രികളുടെ രാത്രി ( മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-18: അന്ന മുട്ടത്ത്)

Published on 22 July, 2024
രാത്രികളുടെ രാത്രി ( മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-18: അന്ന മുട്ടത്ത്)

മീനച്ചിലാറിന്റെ തീരത്തെ ബംഗ്ലാവില്‍ താമസിക്കുന്ന തര്യച്ചന്‍ മുതലാളിയുടെ മകനാണ് ബാബു. ആറ്റിനക്കരെ അടുത്ത കാലത്തു വന്നു താമസമാക്കിയ തയ്യല്‍ക്കാരി സാറാമ്മയില്‍ തര്യച്ചന് യൗവനകാലത്ത് ഒരു കുട്ടി ജനിച്ചിരുന്നു. ആ കുട്ടി ഇപ്പോള്‍ ഒരു യുവസുന്ദരിയാണ്. ലീല. ആ രക്തബന്ധം അറിയാതെ ബാബുവും ലീലയും പ്രണയബദ്ധരായി.
മകളുടെ പ്രണയബന്ധം അറിഞ്ഞ സാറാമ്മ അവളെ അതില്‍നിന്നും മോചിപ്പിക്കുവാന്‍ നാടുവിടാന്‍ തീരുമാനിക്കുന്നു. ലീലയുടെ കൂട്ടുകാരി ചെല്ലമ്മയുടെ സഹോദരന്‍ ജോണിച്ചന് മൂന്നാറില്‍ എസ്റ്റേറ്റും വസതികളും ഉണ്ട്. അവിടെ ജോലിയും താമസസൗകര്യവും തരപ്പെടുത്താമെന്ന് ജോണിച്ചന്‍ പറഞ്ഞു.
ഇതിനിടെ തനിക്ക് ലീലയെ വിവാഹം കഴിച്ചുതരണമെന്ന അഭ്യര്‍ത്ഥനയുമായി ബാബു എത്തി. എന്നാല്‍ അവര്‍ തമ്മിലുള്ള രക്തബന്ധം അറിയാമായിരുന്ന സാറാമ്മ വ്യക്തമായ ഒരു മറുപടി പറഞ്ഞില്ല.
അന്ന് സാറാമ്മ വിവരങ്ങളൊക്കെ കാണിച്ച് തര്യച്ചന് ഒരു കത്തയയ്ക്കുന്നു. അപ്പോഴാണ് തന്റെ പൂര്‍വ്വകാമുകി അയല്‍വക്കത്തു താമസിക്കുന്ന വിവരം തന്നെ അയാള്‍ അറിഞ്ഞത്. തര്യച്ചന്‍ സാറാമ്മയോടും മാപ്പു ചോദിക്കുന്നു. തങ്ങളുടെ മകളെ ആ പ്രണയബന്ധത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുന്നു.
പിറ്റേന്ന് ബാബു ലീലയെ തേടി വരുമ്പോഴേക്കും അവര്‍ തങ്ങളുടെ വാടകവീട് ഒഴിഞ്ഞിരുന്നു. ലീലയുടെ കൂട്ടുകാരി ചെല്ലമ്മയുടെ സഹോദരന്‍ ജോണിച്ചന്റെ എസ്റ്റേറ്റിലേക്കായിരുന്നു അവര്‍ താമസം മാറ്റിയത്.
ലീലയെ ഒരു സഹോദരിയായി കാണാന്‍ തര്യച്ചന്‍ മകനെ ഉപദേശിച്ചു. അവളെ മറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സാറാമ്മയും അവനു കത്തെഴുതി. നിരാശനായ ബാബു ഒടുവില്‍ ചെല്ലമ്മയെ വിവാഹം കഴിക്കുന്നു. എങ്കിലും അവന്‍ അസന്തുഷ്ടനായിരുന്നു.
ആ വിവാഹവാര്‍ത്ത അറിഞ്ഞ ലീലയുടെ മാനസികനിലയും തെറ്റി. അമ്മയോടു പിണങ്ങിയ അവള്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷയായി.
ബാബുവിന്റെയും ചെല്ലമ്മയുടെയും ദാമ്പത്യജീവിതത്തിലും പാളിച്ചകള്‍ ഏറെയായിരുന്നു. ഭര്‍ത്താവിന്റെ മനസ്സില്‍ മറ്റൊരു സ്ത്രീ കൂടി ഉണ്ടെന്ന അറിവും അയാളുടെ അവഗണനയും അവളുടെ മനസ്സിന്റെയും താളം തെറ്റിച്ചു.
മൂന്നാറില്‍നിന്ന് അപ്രത്യക്ഷയായ ലീലയും നാട്ടിലെത്തി. ബാബുവുമായും ചെല്ലമ്മയുമായും തര്യച്ചനുമായുമൊക്കെയുള്ള അവളുടെ കൂടിക്കാഴ്ചകള്‍ അന്തരീക്ഷം കൂടുതല്‍ സംഘര്‍ഷഭരിതമാക്കി.
ലീല മൂന്നാറിലേക്കു മടങ്ങിയതിനു പിന്നാലെ ചെല്ലമ്മ വിഷം കഴിച്ചു. ആശുപത്രിയിലെത്തിയ അവള്‍ക്ക് ഡോക്ടര്‍ വിത്സന്റെ സ്‌നേഹപൂര്‍വ്വമായ പരിചരണങ്ങള്‍ ആശ്വാസം പകര്‍ന്നു.
ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ജോണിച്ചന്‍ ലീലയ്ക്ക് തന്റെ ഓഫീസില്‍ ജോലി കൊടുത്തു. എന്നാല്‍ ദുരുദ്ദേശ്യം മനസ്സിലാക്കിയ അവള്‍ അവനെ ചെരുപ്പൂരി അടിച്ചിട്ട് അവിടെ നിന്നും രക്ഷപ്പെട്ടു.
ചെല്ലമ്മയെ പരിചരിക്കാനെത്തിയ ഡോക്ടര്‍ വിത്സന് തന്റെ ഭാര്യയുമായി അതിരുവിട്ട ബന്ധമുണ്ടെന്ന് ബാബു സന്ദേഹിച്ചു. അയാള്‍ ചെല്ലമ്മയെ കാറില്‍ കയറ്റി ഡോക്ടറുടെ വീട്ടിലെത്തി അവളെ അവിടെ ഇറക്കുന്നു.
ബാബുവിന്റെ തെറ്റിദ്ധാരണ ഡോക്ടറെയും സ്തബ്ധനാക്കി.
ഒരു പെരുമഴയത്തു തന്നെ ചെല്ലമ്മ തന്റെ വീട്ടിലേക്കു തിരിച്ചു നടന്നു. തന്റെ താലിമാല അഴിച്ചെടുത്ത് അത് മകന് ഇഷ്ടമുള്ള പെണ്ണിന്റെ കഴുത്തിലണിയിക്കട്ടെ എന്നു പറഞ്ഞ് തര്യച്ചനെ ഏല്പിച്ചു.
ലീലയെ തേടിപ്പോകാനായിരുന്നു ബാബുവിന്റെ ഉദ്ദേശ്യം. എന്നാല്‍ അമ്മയും എസ്റ്റേറ്റുടമ ജോണിച്ചനും കൂടി തനിക്കൊരു വിവാഹം നിശ്ചയിച്ചെന്നും അതില്‍ വന്നു സംബന്ധിക്കണമെന്നും പറഞ്ഞ് ലീലയുടെ കത്ത് അവനു ലഭിക്കുന്നു.
ആ വിവാഹത്തിനു മുമ്പ് എസ്റ്റേറ്റിലെത്തുന്നതിനുവേണ്ടി ബാബു കാറുമെടുത്ത് കുതിക്കുന്നു.
ബാബുവും ലീലയുമായുള്ള രക്തബന്ധം അവനെ അറിയിക്കാന്‍ ഇനി വൈകിക്കൂടാ എന്ന ഉദ്ദേശ്യത്തോടെ തര്യച്ചനും അവനെ പിന്തുടര്‍ന്നു.
അതിനകം ലീലയും ടോമിയുമായുള്ള വിവാഹം നടന്നിരുന്നു. എന്നാല്‍ ജോണിച്ചന്‍ അവര്‍ക്ക് ഒരു കെണിയും ഒരുക്കിവച്ചിരുന്നു. തക്കസമയത്ത് എത്തിച്ചേര്‍ന്ന ബാബു ജോണിച്ചന്റെ ബലാത്സംഗ ശ്രമത്തില്‍ നിന്ന് ലീലയെ രക്ഷിക്കുന്നു.
ഒടുവില്‍ കഥാപാത്രങ്ങളത്രയും തര്യച്ചന്റെ വീട്ടില്‍ എത്തിച്ചേരുന്നു. അവിടെ വച്ച് ചെല്ലമ്മയെയും ഡോക്ടറെയും പറ്റിയുള്ള ബാബുവിന്റെ സംശയങ്ങള്‍ അകലുന്നു.
ലീലയെ കൂട്ടിക്കൊണ്ടുപോകാന്‍ നവവരന്‍ ടോമിയും സാറാമ്മയുംകൂടി എത്തിയതോടെ ചെല്ലമ്മയ്ക്കും സമാധാനമായി.
ചെല്ലമ്മ പിണങ്ങി അഴിച്ചുവച്ച താലിമാല ഒരിക്കല്‍ക്കൂടി ബാബു അവളുടെ കഴുത്തില്‍ അണിയിക്കുന്നു.
ബാബുവും ലീലയും സഹോദരങ്ങളാണെന്ന സത്യവും അവിടെ പരസ്യമാകുന്നു. തര്യച്ചന്‍ തന്റെ വമ്പിച്ച സ്വത്തിന്റെ പകുതി മകള്‍ക്കു നല്‍കുന്നതായും പ്രഖ്യാപിച്ചു.
ഇനി അവശേഷിക്കുന്നത് അവരൊക്കെ അവധിക്കുവച്ച ആ പ്രണയ രാത്രി മാത്രം! രാത്രികളുടെ രാത്രി!

Read: https://emalayalee.com/writer/285


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക